ടിപി വധകേസ് തേഞ്ഞുമായുന്നു

ടിപി വധകേസിലെ പ്രതികള്‍ ജയിലില്‍ സ്മാര്‍ട്ട് ഫോണും ഫെയ്‌സ് ബുക്കുമൊക്കെ ഉപയോഗിച്ചതായ റിപ്പോര്‍ട്ട് വലിയ കോലാഹലമായിരിക്കുകയാണല്ലോ. സോളാറിനുശേഷമുള്ള എറ്റവും വിവാദ വിഷയമായി സംഭവം മാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെതിരെ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ പടയൊരുക്കം സജീവമായി. ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്താവിഭവം അതായിരുന്നു. കെ സുധാകരനും കെ മുരളീധരനുമൊക്കെ തിരുവഞ്ചൂരിനെതിരെ രണ്ടും കല്‍പ്പിച്ചാണ് രംഗത്തെത്തിയിട്ടുള്ളത്. വിട്ടുകൊടുക്കാന്‍ തിരുവഞ്ചൂരും തയ്യാറല്ല. എന്നാല്‍ വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്കു ഒരു കാര്യം വ്യക്തം. മുരളീധരന്‍ പറഞ്ഞപോലെ ടിപി വധകേസിലെ പ്രതികളൊന്നും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല […]

chandra

ടിപി വധകേസിലെ പ്രതികള്‍ ജയിലില്‍ സ്മാര്‍ട്ട് ഫോണും ഫെയ്‌സ് ബുക്കുമൊക്കെ ഉപയോഗിച്ചതായ റിപ്പോര്‍ട്ട് വലിയ കോലാഹലമായിരിക്കുകയാണല്ലോ. സോളാറിനുശേഷമുള്ള എറ്റവും വിവാദ വിഷയമായി സംഭവം മാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെതിരെ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ പടയൊരുക്കം സജീവമായി. ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്താവിഭവം അതായിരുന്നു.
കെ സുധാകരനും കെ മുരളീധരനുമൊക്കെ തിരുവഞ്ചൂരിനെതിരെ രണ്ടും കല്‍പ്പിച്ചാണ് രംഗത്തെത്തിയിട്ടുള്ളത്. വിട്ടുകൊടുക്കാന്‍ തിരുവഞ്ചൂരും തയ്യാറല്ല. എന്നാല്‍ വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്കു ഒരു കാര്യം വ്യക്തം. മുരളീധരന്‍ പറഞ്ഞപോലെ ടിപി വധകേസിലെ പ്രതികളൊന്നും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല എന്നതാണത്. അതിനായി കോണ്‍ഗ്രസ്സും സിപിഎമ്മും ധാരണയിലായി കഴിഞ്ഞിരിക്കുന്നു എന്ന ആരോപണത്തില്‍ ഇനി സംശയത്തിനടിസ്ഥാനമില്ല.
കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തെ സംബന്ധിച്ച് സംഭവബഹുലമായ ദിനമാണ് കടന്നുപോയത്. തിരുവഞ്ചൂരിന്റെ കോഴിക്കോട് ജയില്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ അരങ്ങേറിയത്. ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവെക്കണമെന്ന് ഐ ഗ്രൂപ്പിന്റെ പ്രബലനും കണ്ണൂര്‍ എം.പിയുമായ കെ.സുധാകരന്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂരിന്റെ മുഖം വികൃതമാണ്. കണ്ണാടി തകര്‍ക്കാതെ മുഖം മിനുക്കണം. അല്ലാത്ത പക്ഷം ആഭ്യന്തര മന്ത്രിയെ മാറ്റുന്ന കാര്യം മുഖ്യമന്ത്രിയും പാര്‍ട്ടി ആലോചിക്കണം. അല്‍പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രി കുടപിടിക്കും എന്നൊരു ചൊല്ലുണ്ട്. ആ നിലയിലേക്ക് തിരുവഞ്ചൂര്‍ തരംതാഴരുത്. പാര്‍ട്ടി സ്വന്തമല്ലെന്ന് തോന്നാത്ത മന്ത്രിക്ക് നിലനില്‍പില്ല. മന്ത്രിസ്ഥാനം കിട്ടുന്നത് കുടുംബപാരമ്പര്യം കൊണ്ടല്ലെ. സി.പി.എമ്മിനെ സഹായിക്കാനാണോ ആഭ്യന്തര വകുപ്പെന്നും അദ്ദേഹം ചോദിച്ചു. അതിനിടെ ആഭ്യന്തര മന്ത്രി നടപ്പാക്കേണ്ടത് പാര്‍ട്ടിയുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അജന്‍ഡയാവണമെന്നും അദ്ദേഹം പറഞ്ഞുവെച്ചു. മന്ത്രിക്ക് ജനങ്ങലോടല്ല, പാര്‍ട്ടിയോടാണ് കൂറുവേണ്ടതെന്ന് സാരം.
സത്യത്തില്‍ ടിപി വധകേസിനെ കുറിച്ച് സുധാകരന്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ട്. ടി.പി കേസില്‍ മോഹനന്‍ മാസ്റ്റര്‍ക്ക് അപ്പുറത്തേക്ക് അന്വേഷണം പോയില്ല. അക്കാര്യത്തില്‍ സി.പി.എമ്മുമായി രഹസ്യധാരണ വ്യക്തമാണ്. എന്തുകൊണ്ടാണ് ടി.പി കേസില്‍ സി.ബി.ഐ അന്വേഷണം നടത്താത്തത്. ഉന്നത നേതൃത്വത്തിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ പോലീസ് ചട്ടം വരെ മാറ്റി. അന്വേഷണം അട്ടിമറിച്ചത് ഗൂഡാലോചനയിലേക്ക് അന്വേഷണം തിരിയാതിരിക്കാനാണ്. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് 10 എം.എല്‍.എമാര്‍ ടി.പി കേസ് പ്രതികളെ കണ്ടതും സുധാകരന്‍ ചൂണ്ടികാട്ടി.
തീയില്‍ കുരുത്ത താന്‍ വെയിലത്ത് വാടില്ലെന്ന് സുധാകരന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി. അഡ്ജസ്റ്റമെന്റ് രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ല. ആര്‍ക്കും കടന്നെത്താന്‍ കഴിയാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒന്നില്‍ നിന്നാണ് ടി.പി വധക്കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് പ്രതികള്‍ക്ക് അനുകൂല നടപടിയെടുക്കുന്നവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ വിശ്വാസ്യത നിങ്ങള്‍ തന്നെ തീരുമാനിക്കണമെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഈ തര്‍ക്കങ്ങളൊക്കെ തുടരുമ്പോള്‍ സിപിഎം നേതാക്കള്‍ പൊതുവില്‍ നിശബ്ദരാണ്. സ്വാഭാവികമായും ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്തുന്ന സാദാ പ്രസ്താവന മാത്രം ചില നേതാക്കളില്‍ നിന്നുണ്ടായി.
കേരള രാഷ്ട്രീയത്തെ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുന്നവര്‍ക്ക് സമീപകാല സംഭവങ്ങളുടെ ഗതി നിര്‍ണ്ണയിക്കാന്‍ കഴിയുന്നില്ല എന്നത് വസ്തുതയാണ്. എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞുനാറുന്നു. ചക്കിട്ടപ്പാറ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറല്ല. മുന്‍മന്ത്രിയും സിപിഎം നേതാവുമായ എളമരം കരിം പ്രതികൂട്ടിലാകാനിടയുണ്ടെന്നറിഞ്ഞിട്ടും. സോളാര്‍ സംഭവത്തില്‍ നാമമാത്രമായ സമരം മാത്രം സിപിഎമ്മും എല്‍ഡിഎഫും തുടരുന്നു. കണ്ണൂരില്‍ സ്വയം നിയന്ത്രണം വിട്ട ആരോ മുഖ്യമന്ത്രിയെ കല്ലറിഞ്ഞതു ശരി. പക്ഷെ ആ കല്ല് സിപിഎം നേതൃത്വത്തിനെതിരെയാണെന്നും നിരീക്ഷണമുണ്ട്. ലാവ്‌ലിനില്‍ പിണറായി കുറ്റവിമുക്തനായി. പാര്‍ട്ടി പ്ലീനത്തിലൂടെ തന്റെ സിംഹാസനം അദ്ദേഹം അരക്കിട്ടുറപ്പിച്ചു. വിഎസിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായിയെ അഭിനന്ദിച്ചു. ടിപി വധകേസിലെ പ്രതികള്‍ വിഐപികളാകുന്നു. എല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ എവിടേയോ എന്തോ കല്ലുകടി. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും സിപിഎമ്മിലെ ഒരു വിഭാഗവും രഹസ്യധാരണയിലാണോ? ആ ധാരണയില്‍ ടിപി വധകേസ് തേഞ്ഞുമാഞ്ഞുപോകുമോ? ആ ദിശയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതിനെതിരെയാണ് ഐ ഗ്രൂപ്പിന്റെ പടയൊരുക്കം. എന്നാല്‍ അതധികം മുന്നോട്ടുപോകാനിടയില്ല. എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു എങ്കില്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല. അതിന്റെ ഭാഗമായി തല്‍ക്കാലം അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ ചാണ്ടിക്കും കഴിയുമായിരിക്കും. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും തുല്ല്യദൂരമാണല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply