ഗൗരി ലങ്കേഷ് – ഇനിയാര്?

ഫാസിസം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴത്തെ ഇര ഗൗരി ലങ്കേഷ്.. അടുത്തതാര്? കാത്തിരിക്കാം. എല്ലാ വിമതത്വങ്ങളേയും വൈവിധ്യങ്ങളേയും ഇല്ലാതാക്കി ഏകശിലാവസ്ഥയിലേക്കും അതുവഴി ഫാസിസത്തിലേക്കും രാജ്യത്തെ നയിക്കുന്നവരാണ് ഇന്ന് ഭരണത്തിലിരിക്കുന്നത്. വര്‍ഗ്ഗീയ പ്രത്യയശാസ്ത്രമാണ് ഈ ഫാസിസത്തിന്റെ അടിത്തറയെന്നത് ലോകചരിത്രത്തില്‍ തന്നെ ഇതിനെ വ്യത്യസ്ഥവും കൂടുതല്‍ ഭീതിദവുമാക്കുന്നു. അവിടെ ന്യൂനപക്ഷങ്ങള്‍ക്കോ ദളിതര്‍ക്കോ ആദിവാസികള്‍ക്കോ കലാകാരന്മാര്‍ക്കോ ചിന്തകര്‍ക്കോ യുക്തിവാദികള്‍ക്കോ വേറിട്ട രീതിയില്‍ ചിന്തിക്കുന്നവര്‍ക്കോ സാമൂഹ്യനീതിക്കായി ശബ്ദിക്കുന്നവര്‍ക്കോ ്സ്ഥാനമില്ല. ഗാന്ധിവധത്തെ തുടര്‍ന്ന് തിരിച്ചടിയുണ്ടാകുകയും ദശകങ്ങളോളം മേല്‍കൈ കി്ട്ടാതിരിക്കുകയും ചെയ്ത ഈ ശക്തികള്‍ അടിയന്തരാവസ്ഥക്കെതിരായ […]

xy

ഫാസിസം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴത്തെ ഇര ഗൗരി ലങ്കേഷ്.. അടുത്തതാര്? കാത്തിരിക്കാം.

എല്ലാ വിമതത്വങ്ങളേയും വൈവിധ്യങ്ങളേയും ഇല്ലാതാക്കി ഏകശിലാവസ്ഥയിലേക്കും അതുവഴി ഫാസിസത്തിലേക്കും രാജ്യത്തെ നയിക്കുന്നവരാണ് ഇന്ന് ഭരണത്തിലിരിക്കുന്നത്. വര്‍ഗ്ഗീയ പ്രത്യയശാസ്ത്രമാണ് ഈ ഫാസിസത്തിന്റെ അടിത്തറയെന്നത് ലോകചരിത്രത്തില്‍ തന്നെ ഇതിനെ വ്യത്യസ്ഥവും കൂടുതല്‍ ഭീതിദവുമാക്കുന്നു. അവിടെ ന്യൂനപക്ഷങ്ങള്‍ക്കോ ദളിതര്‍ക്കോ ആദിവാസികള്‍ക്കോ കലാകാരന്മാര്‍ക്കോ ചിന്തകര്‍ക്കോ യുക്തിവാദികള്‍ക്കോ വേറിട്ട രീതിയില്‍ ചിന്തിക്കുന്നവര്‍ക്കോ സാമൂഹ്യനീതിക്കായി ശബ്ദിക്കുന്നവര്‍ക്കോ ്സ്ഥാനമില്ല. ഗാന്ധിവധത്തെ തുടര്‍ന്ന് തിരിച്ചടിയുണ്ടാകുകയും ദശകങ്ങളോളം മേല്‍കൈ കി്ട്ടാതിരിക്കുകയും ചെയ്ത ഈ ശക്തികള്‍ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ പങ്കെടുത്ത് തിരിച്ചുവരുകയും പിന്നീട് വര്‍്ഗ്ഗീയവികാരങ്ങള്‍ അഴിച്ചുവിട്ട് പടിപടിയായി, ജനാധിപത്യരീതിയില്‍ തന്നെ അധികാരത്തിലെത്തുകയും ചെയ്തു. ബാബറി മസ്ജിദും മുംബൈ കലാപവുമൊക്കെ അതിന്റെ ആദ്യപടികളായിരുന്നു. പുതിയ സഹസ്രാബ്ദമാകട്ടെ ഇത്തരം അക്രമങ്ങളുടെ വാര്‍ത്തകളാല്‍ കൂടുതല്‍ കൂടുതല്‍ ഭീതിദമാകുകയാണ്. അത്തരത്തിലുള്ള ഏതാനും സംഭവങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഓരോര്‍മ്മപ്പെടുത്തലിനായി മാത്രം.

2002ലാണ് ഏറെ കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യ നടന്നത്. അഹമദാബാദില്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. ഗോധ്രയില്‍ സബര്‍മതി എക്‌സ്‌പ്രെസില്‍ അയോദ്ധ്യാ സന്ദര്‍ശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കര്‍സേവകര്‍ ഉള്‍പ്പെടെ 58 പേര്‍ തീവണ്ടി കത്ത്ി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് കലാപം ആരംഭിച്ചത്. കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് നിരീക്ഷകര്‍ പറയുന്നു. കലാപങ്ങളില്‍ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്ക് അതിനേക്കാള്‍ ഏറെയാണ്.

തുടര്‍ന്നാണ് കൃസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ കാണ്ടമാല്‍ കലാപം നടന്നത്. തൊണ്ണൂറിലേറെ ആദിവാസി/ദളിത് ക്രൈസ്തവരാണ് ഔദ്യാഗിക കണക്കുകള്‍ പ്രകാരം കാണ്ടമാലില്‍ ക്രൂരമായി വധിക്കപ്പെട്ടത്. അരലക്ഷത്തിലേറെ പേര്‍ പിറന്ന മണ്ണില്‍ നിന്ന് പാലായനം ചെയ്തു. അവരില്‍ വലിയൊരു വിഭാഗം ഇനിയും തിരിച്ചെത്തിയിട്ടില്ല. നാല്‍പ്പതിലധികം സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു. അവരില്‍ കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു. 350ഓളം കൃസ്ത്യന്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു, ആറായിരത്തിഅഞ്ഞൂറോളം വീടുകള്‍ അഗ്‌നിക്കിരയാകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു.

വര്‍ഗ്ഗീയകലാപങ്ങള്‍ തന്നെയാണ് ഫാസിസ്റ്റുകള്‍ മിക്കപ്പോഴും തങ്ങളുടെ ലക്ഷ്യം നേടാനുപയോഗിക്കുന്നത്. ചെറുതും വലുതുമായി ഇത്തരം സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നു. അവയില്‍ അടുത്തുണ്ടായതാണ് മുസാഫര്‍ നഗര്‍ കലാപം. 2013ലാണ് അവിടെല്‍ മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ കലാപം നടന്നത്. കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000 പേര്‍ നാടുവിടുകയും ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് കലാപം ആസൂത്രണം ചെയ്തതെന്നാണ് പൊതുവിലയിരുത്തല്‍.

ഫാസിസറ്റുകള്‍ അടുത്തകാലത്തായി തങ്ങളുടെ അക്രമങ്ങള്‍ക്ക് പ്രതീകമായി ഉപയോഗിക്കുന്നത് ഗോമാതാവെന്നു വിളിക്കുന്ന പശുവിനെയാണ്. 2015 സപ്തംബര്‍ 28 ന് ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗര്‍ ജില്ലയിലെ ദാദ്രിയില്‍ പശുവിനെ മോഷ്ടിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് മദ്ധ്യവയസ്‌കനായ മുഹമ്മദ് അക്ലക്കിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണ് ദാദ്രി സംഭവം എന്നറിയപ്പെടുന്നത്. അഖ്‌ലഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലൂടെ പിന്നീട് തെളിഞ്ഞു. രാജ്യമെങ്ങും ബീഫ് ഫെസ്റ്റിവലുകളടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് ഈ സംഭവം തുടക്കം കുറിച്ചു. നിരവധി എഴുത്തുകാരും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

ബീഫ് കൊലകള്‍ രാജ്യത്തിന്റെ പല ഭാഗത്തും ആവര്‍ത്തിക്കുകയാണ്. ബീഫ് കൈവശം വെച്ചിട്ടുണ്ടെന്നാരോപിച്ച് ഹരിയാനയില്‍ ട്രെയിനില്‍ വെച്ച് ഒരു സംഘം ആളുകള്‍ ജുനൈദ് എന്ന പതിനേഴുകാരനെ കൊലപ്പെടുത്തിയ സംഭവം നടന്നത് അടുത്തയിടെയായിരുന്നു. ഇരുപതോളം പേര്‍ ചേര്‍ന്നാണ് ജുനൈദിനേയും മൂന്ന് സഹോദരങ്ങളേയും ആക്രമിച്ചത്. എന്നാല്‍ പൊലീസ് ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പടിയിലായ രമേശ് എന്നയാള്‍ താന്‍ മദ്യലഹരിയില്‍ മറ്റുള്ളവരുടെ നിര്‍ദേശപ്രകാരം ജുനൈദിനെയും സഹോദരന്‍മാരെയും ആക്രമിക്കുകയായിരുന്നു എന്നാണ് മൊഴി നല്‍കിയത്.

ലോകത്തെ എല്ലാ ഫാസിസ്റ്റുകളും എന്നും എഴുത്തുകാര്‍ക്കും സ്വതന്ത്രചിന്തകര്‍ക്കും എതിരായിരുന്നു. ഇന്ത്യയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. അവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്. കന്നഡ സാഹിത്യകാരനും കന്നട സര്‍വകലാശാലാ മുന്‍ വി.സിയുമായിരുന്ന ഡോ. എം.എം. കല്‍ബുര്‍ഗി 2015 ല്‍ വെടിയേറ്റു മരിച്ചത് അതിലൊന്നു മാത്രം. വിഗ്രഹാരാധനയെ എതിര്‍ത്തതിന് ഇദ്ദേഹത്തിന് ഹിന്ദുത്വ ഭീകരരുടെ വധഭീഷണിയുണ്ടായിരുന്നു. . 2015 ആഗസ്റ്റ് 30 ന് ധാര്‍വാഡിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ട് പേരടങ്ങുന്ന കൊലയാളി സംഘത്തിന്റെ വെടിയേറ്റായിരുന്നു മരണം.

പ്രമുഖ യുക്തിവാദി നേതാവ് നരേന്ദ്ര ദഭോല്‍ക്കറും അക്രമികളുടെ വെടിയേറ്റുമരിച്ചു. രാവിലെ പൂനെ നഗരത്തിലെ ഓംകാരേശ്വര്‍ പാലത്തിന് സമീപം വെച്ച് ബൈക്കിലെത്തിയ അക്രമികള്‍ ദഭോല്‍ക്കറെ വെടിവെച്ചിടുകയായിരുന്നു. അന്ധവിശ്വാസത്തിനും ദുര്‍മന്ത്രവാദത്തിനുമെതിരെ പോരാടിയാണ് ദബോല്‍ക്കര്‍ ശ്രദ്ധയാകര്‍ഷിച്ചത്. മഹാരാഷ്ട്ര നിയമസഭ പാസാക്കിയ അന്ധവിശ്വാസ വിരുദ്ധ ബില്ലിന്റെ പ്രധാന വക്താവ് ഇദ്ദേഹമായിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. പുരോഗമന ചിന്താഗതി പ്രോത്സാഹിപ്പിക്കുന്ന ‘സാധന’ മാസികയുടെ എഡിറ്ററായിരുന്നു.

മഹാരാഷ്ട്ര സ്വദേശിയായ രാഷ്ട്രീയ പ്രവര്‍ത്തകനും ഗ്രന്ഥകാരനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന നേതാവും ബുദ്ധിജീവിയുമായിരുന്ന ഗോവിന്ദ് പന്‍സാരെയും 2015 ഫെബ്രുവരി 16ന് കൊല്ലപ്പെടുകയായിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ മഹാരാഷ്ട്ര ഭരണാധികാരിയായിരുന്ന ശിവജിയെക്കുറിച്ച് വസ്തുനിഷ്ഠമായി രചിച്ച ആരായിരുന്നു ശിവജി എന്ന പുസ്തകത്തിന്റെ രചന കാരണം വര്‍ഗ്ഗീയ തീവ്രവാദികളില്‍ നിന്ന് അദ്ദേഹം ഭീഷണി നേരിട്ടിരുന്നു. ‘ഹു കില്‍ഡ് കാക്കറെ ? എന്ന പുസ്തകം ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അദ്ദേഹം മുന്‍കൈ എടുത്തതും വര്‍ഗീയ തീവ്രവാദികള്‍ക്ക് അദ്ദേഹത്തോട് ശത്രുതയുണ്ടാക്കി.

തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകന്‍.. നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളും അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. മുരുകന്റെ ‘മാതൊരുഭഗന്‍’ ( അര്‍ധനാരീശ്വരന്‍ ) എന്ന നോവലിനെതിരെ നാമക്കലിലെ തിരുച്ചെങ്കോട്ടും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. പുസ്തകത്തിന്റെ പ്രതികള്‍ കത്തിക്കുകയും ഭീഷണിയെത്തുടര്‍ന്ന്, പെരുമാള്‍ മുരുകന്‍ കുടുംബസമേതം നാടുവിട്ടു. മുരുകനെതിരെയുള്ള ക്രിമിനല്‍ കേസ് 2016 ജൂലൈയില്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും സംരക്ഷണം നല്‍കേണ്ട ബാദ്ധ്യത ഭരണകൂടത്തിനുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു. തുടര്‍ന്ന് താന്‍ എഴുത്തിലേക്ക് തിരിച്ചുവരുകയാണെന്ന് മുരുകന്‍ പ്രഖ്യാപിച്ചു.

അടുത്തയിടെ ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഫാസിസത്തിനെതിരായ പ്രതിരോധങ്ങളിലൂടെയാണ്. 2016ന് ജനുവരി 17ന് നടന്ന ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥിയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (എ.എസ്.എ) പ്രവര്‍ത്തകനുമായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയായിരുന്നു സമീപകാലത്ത് രാജ്യത്തുടനീളമുണ്ടായ ദളിത് ഉണര്‍വ്വിന് കാരണമായത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന ജാതിവിവേചനമാണ് രോഹിതിന്റെ ആത്മഹത്യക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

എ.ബി.വി.പി പ്രവര്‍ത്തകരുടെ കൂട്ട മര്‍ദ്ദനത്തിന് പിറകെ കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മെദിനെ കുറിച്ച് ഇനിയും ഒരു വിവരവുമില്ല. ജെ.എന്‍.യുവിലെത്തി 15-ാം ദിവസമാണ് നജീബിനെ കാണാതായത്. ജെ എന്‍ യുവില്‍ സംഘര്‍ഷം നിലനിന്നിരുന്ന സമയമായിരുന്നു അത്. എബിവിപി പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് ഹോസ്റ്റലിലെത്തി ആക്രമിച്ചതിന് പിന്നാലെയാണ് നജീബ് അഹമ്മദിനെ കാണാതായതത്.

വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നാരംഭിച്ച പ്രതിരോധം സമൂഹത്തില എല്ലാ ഭാഗത്തേക്കും വ്യാപിക്കുകയാണ്. ഗുജറാത്തില്‍ നാലു ദളിത് യുവാക്കളെ ഗോസംരക്ഷകര്‍ എന്നവകാശപ്പെട്ടവര്‍ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവം ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പണി മുടക്കിയും സ്ഥാപനങ്ങള്‍ അടച്ചിട്ടും ചത്ത പശുക്കളുടെ ശവങ്ങള്‍ ഗവണ്‍മെന്റ് ഓഫീസുകളുടെ മുന്‍പില്‍ ഉപേക്ഷിച്ചും വന്‍ പ്രകടനങ്ങള്‍ നടത്തിയും ദളിതര്‍ തെരുവിലിറങ്ങി. ജിഗ്നേഷ് മേവാനി എന്ന യുവനേതൃത്വം ഉയര്‍ന്നു വന്നത് ഈ സംഭവത്തോടെയാണ്. തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദളിത് പ്രക്ഷോഭങ്ങളും രാജ്യത്തിന്റഎ പല ഭാഗത്തും നടക്കുന്ന കാര്‍ഷിക കലാപങ്ങളും ദുരന്തങ്ങളിലും പ്രതീക്ഷ നല്‍കുന്നു.

ഫാസിസം ബോധപൂര്‍വ്വം സൃഷ്ടക്കുന്ന പൊതുബോധത്തില്‍ നിരപരാധികളായ പലരും പീഡിപ്പിക്കപ്പെടുന്നു. അതിലൊരാളാണ് അഫ്‌സല്‍ ഗുരു. 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു എന്നാരോപിക്കപ്പെട്ട മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ 2013 ഫെബ്രുവരി 9ന് തൂക്കിലേറ്റുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ അഫ്‌സല്‍ ഗുരുവിനു പങ്കില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെട്ടില്ലെങ്കിലും പൊതുബോധത്തെ തള്ളിക്കളയാന്‍ തങ്ങള്‍ക്കാവില്ല എന്ന് സുപ്രിംകോടതി തന്നെ പരാമര്‍ശിച്ചിരുന്നു.

സംസ്ഥാനത്തും ന്യൂനപക്ഷങ്ങള്‍ക്കും ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്. 2016 നവംബര്‍ 19 ന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് അനില്‍കുമാര്‍ (ഉണ്ണി) എന്ന ഫൈസല്‍ (30) കൊലചെയ്യപ്പെട്ട സംഭവം കാലികമാണ്. ഇസ്‌ലാം മതത്തിലേക്ക് മതം മാറിയതിന്റെ പേരില്‍ വര്‍ഗ്ഗീയമായ വൈരാഗ്യവും ദുരഭിമാനവും ആണ് കൊലപാതകത്തിനു കാരണം. കുടുംബത്തില്‍ നിന്നും കൂടുതല്‍ പേര്‍ ഇസ്ലാമിലേക്ക് പോകുന്നത് തടയാനായിരുന്നു കൊലപാതകം. മതം മാറിയതിന്റെ പേരില്‍ ഹാദിയക്ക് സ്വാഭാവികനീതി നിഷേധിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) നേതാവ്. മദനിയുടെ നീളുന്ന കാരാഗൃഹവാ3സം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശലംഘനമായി വിലയിരുത്തപ്പെടുന്നു. 1998 ലെ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അദ്ദേഹം ഒന്‍പതു വര്‍ഷം വിചാരണത്തടവുകാരനായി തമിഴ്‌നാട്ടില്‍ ജയിലില്‍ കഴിഞ്ഞു. 2007 ഓഗസ്റ്റ് 1ന് കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി വെറുതേ വിട്ടു. പിന്നീട് 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ വിചാരണ തടവുകാരനായി ബംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്. ഈ കേസിലും മദനിക്കെതിരെ തെളിവുകളൊന്നും നിലവിലില്ല എന്നാണ് കരുതപ്പെടുന്നത്. മുസ്ലിം വിഭാഗത്തില്‍ നിന്ന ശക്തമായി ഉയര്‍ന്നുവന്ന ഒരു പ്രസ്ഥാനത്തെ തകര്‍ക്കലായിരുന്നു മദനിയുടെ ജയില്‍വാസത്തിന്റെ ആത്യന്തികലക്ഷ്യം എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

അതെ, പെട്ടെന്ന് ഓര്‍മ്മയിലെത്തിയ ഏതാനും സംഭവങ്ങള്‍ മാത്രം. കണ്‍മുന്നിലെത്തിയിരിക്കുന്ന ഫാസിസ്ത്തിന്റെ നാളുകളെ പ്രതിരോധിക്കാന്‍ ഇത്തരം ഓര്‍മ്മകള്‍ കരുത്താവുമെങ്കില്‍ അത്രയും നന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply