ക്ഷേത്രപ്രവേശനവിളംബരവാര്‍ഷികവും ആഘോഷിക്കുമ്പോള്‍

ഒരുകാലത്തും പതിവില്ലാത്ത രീതിയില്‍ നാടെങ്ങും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികമാഘോ ഷിക്കുകയാണ് സര്‍ക്കാര്‍. ജില്ലാ ഭരണ വൃന്ദത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സാംസ്‌കാരികം, പുരാവസ്തു – പുരാരേഖ, വിദ്യാഭ്യാസം, സാമൂഹ്യനീതി എന്നീ വകുപ്പുകളുമായും കേരള ലളിതകലാ അക്കാദമി, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഡിടിപിസി എന്നിവയുമായും സഹകരിച്ചാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിവിധ സാംസ്‌കാരിക, സര്‍വീസ് സംഘടനകളുടെ സജീവമായ പങ്കാളിത്തവും പരിപാടികളിലുണ്ട്. ചിത്രപ്രദര്‍ശനവും ചരിത്രപ്രദര്‍ശനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങളും പ്രഭാഷണങ്ങളും നവോത്ഥാനത്തെ പ്രമേയമാക്കിയുള്ള ലഘുലേഖ വിതരണവുമൊക്കെ ഇതിന്റെ ഭാഗമായി […]

kk

ഒരുകാലത്തും പതിവില്ലാത്ത രീതിയില്‍ നാടെങ്ങും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികമാഘോ ഷിക്കുകയാണ് സര്‍ക്കാര്‍. ജില്ലാ ഭരണ വൃന്ദത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സാംസ്‌കാരികം, പുരാവസ്തു – പുരാരേഖ, വിദ്യാഭ്യാസം, സാമൂഹ്യനീതി എന്നീ വകുപ്പുകളുമായും കേരള ലളിതകലാ അക്കാദമി, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഡിടിപിസി എന്നിവയുമായും സഹകരിച്ചാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിവിധ സാംസ്‌കാരിക, സര്‍വീസ് സംഘടനകളുടെ സജീവമായ പങ്കാളിത്തവും പരിപാടികളിലുണ്ട്. ചിത്രപ്രദര്‍ശനവും ചരിത്രപ്രദര്‍ശനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങളും പ്രഭാഷണങ്ങളും നവോത്ഥാനത്തെ പ്രമേയമാക്കിയുള്ള ലഘുലേഖ വിതരണവുമൊക്കെ ഇതിന്റെ ഭാഗമായി നടക്കുന്നു. ഈ വര്‍ഷം പതിവില്ലാതെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനുള്ള കാരണം പ്രതേകിച്ച് പറയേണ്ടതില്ല. പകല്‍ പോലെ വ്യക്തമാണ്. ഇന്നത്തെ സാഹചര്യത്തിന്റെ പേരിലെങ്കിലും നമ്മുടെ ഭരണാധികാരികളും നേതാക്കളുമൊക്കെ ഇന്നോളം ചെയ്തിട്ടില്ലാത്ത വിധം നവോത്ഥാനനായകരെ കുറിച്ചും മുന്നേറ്റങ്ങളെ കുറിച്ചുമെല്ലാം പഠിക്കാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. അതേസമയം ശബരിമല വിഷയത്തില്‍ പ്രസംഗിക്കാനാവശ്യമായ കാര്യങ്ങളല്ലാതെ നവോത്ഥാനം നേരിടുന്ന പുതിയ വെല്ലുവിളികളെ കുറിച്ചോ മുന്നോട്ടുപോക്കിനെ കുറിച്ചോ ഇവരാരും ഗൗരവമായി പഠിക്കുന്നില്ല എന്നതാണ് വസ്തുത.
ക്ഷേത്രപ്രവേശനവിളംബരത്തിന്റെ കാര്യം തന്നെയെടുക്കുക. തിരുവതാംകൂറിലെ അവര്‍ണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണല്ലോ അത്. തിരുവതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബര്‍ 12നു പുറത്തിറങ്ങിയ വിളംബരം പൊതുവില്‍ വിലയിരുത്തപ്പെടുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം സജീവമായ അവര്‍ണ്ണരുടെ പോരാട്ടങ്ങളും വൈക്കം സത്യാഗ്രഹമടക്കമുള്ള പ്രക്ഷോഭങ്ങളുമായിരുന്നു വിളംബരം പുറത്തിറങ്ങാന്‍ പ്രധാന കാരണം. ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ മഹാരാജാവില്‍ ചെലുത്തിയ പ്രേരണയും അതിനു കാരണമായി. കൂടാതെ അവര്‍ണ്ണ വിഭാഗങ്ങള്‍ കൂട്ടമായി മതംമാറ്റത്തിനു തയ്യാറാകുന്നു എന്ന വിവരവും ക്ഷേത്രങ്ങളിലെ അയിത്തത്തിനു വിരാമമിടാന്‍ കാരണമായി. ഹിന്ദുമതം ഉപേക്ഷിച്ചുപോരാന്‍ ദളിതരോട് അക്കാലത്ത് അംബേദ്കര്‍ ആഹ്വാനം ചെയ്തിരുന്നു. അവര്‍ണ്ണര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കി ക്രൈസ്തവ മിഷണറിമാരും മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചു. 1932-ല്‍ സി പി മുന്‍കൈ എടുത്ത് അധഃകൃതജനങ്ങളുടെ ക്ഷേത്രപ്രവേശനത്തെപ്പറ്റി പഠിക്കാന്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, മഹാദേവ അയ്യര്‍, നമ്പി നീലകണ്ഠ ശര്‍മ്മ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒരു കമ്മറ്റി ഉണ്ടാക്കിയിരുന്നു. അവരുടെ റിപ്പോര്‍ട്ട് തിരിച്ചായിട്ടും മഹാരാജാവ് വിളംബരമിറക്കുകയായിരുന്നു.
ശബരിമലവിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കം നടത്തുന്ന പ്രസംഗങ്ങള്‍ മുഖ്യമായും ഇത്തരം നവോത്ഥാന പ്രക്രിയകളെ പരാമര്‍ശിക്കുകയും അവയുടെ തടര്‍ച്ചയായി ഇടതുപക്ഷരാഷ്ട്രീയം വളരുകയും കേരളം വളരെ മുന്നോട്ടുപോകുകയും ചെയ്തു, എന്നാല്‍ ഇപ്പോളതിനെ പുറകോട്ടടിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നു, അതിനാല്‍ ഈ നവോത്ഥാന ചരിത്രത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളണം എന്നിങ്ങനെ പോകുന്നു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ലഘുലേഖയുടേയും ഉള്ളടക്കം അതാണ്. എന്നാല്‍ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് എത്രയോ പുതിയ പഠനങ്ങള്‍ നടന്നിരിക്കുന്നു. ഒരു വശത്ത് നവോത്ഥാനം എന്നു വിളിക്കപ്പെടുന്ന കാലഘട്ടത്തേയും മുന്നേറ്റങ്ങളേയും പ്രതികൂട്ടില്‍ നിര്‍ത്തുന്ന ചിന്തകള്‍ സജീവമാണ്. കേരളത്തിലെ പൊതുഹിന്ദു നിര്‍മിതി തന്നെ സാമൂഹിക പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയില്‍ ക്ഷേത്ര പ്രവേശനത്തിന് ശേഷം ഉണ്ടായ ഒന്നുമാത്രമാണന്നും ബ്രാഹ്മണ മേല്‍ജാതി ആചാരങ്ങളെ പരിഷ്‌കരിച്ചു കീഴാള ജാതികളെ ഹിന്ദുവല്‍ക്കരിക്കുന്ന പ്രക്രിയയിലൂടെ ആണത് രൂപപ്പെട്ടതെന്നുമുള്ള വിമര്‍ശനങ്ങള്‍ വ്യാപകമാണ്. ഒരു കാലത്തും ഹിന്ദുക്കളല്ലാതിരുന്ന ദളിത് വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ഹിന്ദു എന്ന ഒരു പുതിയ മതസമുദായത്തെ കേരളത്തില്‍ നിര്‍മിക്കുകയായിരുന്നു അതിലൂടെ സംഭവിച്ചത്. പൊതുനിരത്തുകളിലൂടെ യാത്രചെയ്യാനും പൊതു വിദ്യാലയങ്ങലില്‍ പഠിക്കാനുമുള്ള അവകാശത്തിനായി പോരാടിയ അയ്യങ്കാളി എന്തുകൊണ്ട് ക്ഷേത്രപ്രവേശനത്തിനായി പോരാടിയില്ല എന്ന് ഈ നിലപാടുയര്‍ത്തിപിടിക്കുന്നവര്‍ ചോദിക്കുന്നു. നാരായണഗുരു പ്രതിഷ്ഠിച്ചതാകട്ടെ ഈഴവ ശിവനെയായിരുന്നു.
തീര്‍ച്ചയായും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍്ക്കുകയല്ല. ആധുനിക കാലത്ത് എന്തിന്റെ പേരിലായാലും ഒരു വിഭാഗത്തിനു നേരെ അയിത്തം പാടില്ല. ആചാരങ്ങളും വിശ്വാസങ്ങളും ആകാം. എന്നാല്‍ അവയാണോ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളാണോ പ്രധാനം എന്ന ചോദ്യമുയര്‍ന്നാല്‍ രണ്ടാമത്തേതാണ് പ്രധാനം എന്നു പറയേണ്ടിവരും. പക്ഷെ നവോത്ഥാനത്തെ ഇത്രയും ലളിതമായി കാണുന്ന രീതി ഗുണം ചെയ്യില്ല. പിന്നീട് ആ ധാര കൈവിട്ടു എന്നൊക്കെ ലളിതമായി പറയുന്നതിലും കാര്യമില്ല. ഇപ്പോള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ 1956 കേരള രൂപീകരണത്തിനുശേഷം ഒരു നവോത്ഥാന സംഭവവും നടന്നതായി പറയുന്നില്ല. അതിനെ ഇനിയെങ്കിലും ഗൗരവമായി വിലയിരുത്താനും സ്വയംവിമര്‍ശനം നടത്താനും തയ്യാറാകുന്നതും കാണാനില്ല. അത് കേരളത്തെ നയിച്ച പ്രമുഖരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടിന്റെ പ്രശ്‌നം തന്നെയാണ്. അല്ലായിരുന്നെങ്കില്‍ ഗുരുവിനുശേഷം പേരിനുപുറകിലെ സവര്‍ണവാലുകള്‍ മുറിക്കലും മിശ്രഭോജനത്തിനുശേഷം മിശ്രവിവാഹങ്ങളും ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവും ഇവിടെ നടപ്പാകേണ്ടതായിരുന്നു. ഒന്നുമുണ്ടായില്ലല്ലോ. എന്തിന്? ക്ഷേത്രങ്ങളില്‍ പൂജാരികളായോ കലാകാരന്മാരായോ മറ്റേതെങ്കിലും സ്ഥാനത്തോ അവര്‍ണ്ണര്‍ക്കോ സ്ത്രീകള്‍ക്കോ സ്ഥാനമുണ്ടോ? സവര്‍ണരിലെ അബ്രാഹ്മണ ജാതിവിഭാഗങ്ങള്‍ക്കോ പട്ടികജാതിപിന്നാക്ക ജനവിഭാഗങ്ങള്‍ക്കോ ശ്രീകോവില്‍ പ്രവേശനം ഇപ്പോഴും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. നമ്മുടെ ക്ഷേത്രങ്ങളില്‍ കാലാകാരന്മാര്‍ക്ക് ജാതിയുടെ പേരില്‍ തങ്ങളുടെ കലോപാസന സമര്‍പ്പിക്കാന്‍ അവസരം നിഷേധിക്കുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുകയാണല്ലോ. സാക്ഷാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിയുടെ പേരില്‍ കല്ലൂര്‍ ബാബുവെന്ന ഇലത്താള കലാകാരനെ പഞ്ചവാദ്യ സംഘത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് അടുത്തയിടെയാണ്. തന്ത്രിയുടെ വാക്കാണ് അവസാനത്തേത് എന്നു പറഞ്ഞ് ദേവസ്വം അധികൃതര്‍ അതിനെ ന്യായീകരിച്ചു. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന പല ക്ഷേത്രങ്ങള്‍ക്കുമുന്നിലും കാണുന്ന ബോര്‍ഡ് കാര്‍ക്കിച്ചു തുപ്പുന്നത് നമ്മുടെ കപടമായ പ്രബുദ്ധതക്കുനേര്‍ക്കാണ്. ആഹിന്ദുക്കള്‍ക്ക്‌പോകാവുന്ന ഏക ക്ഷേത്രമായിട്ടും കോചതിവിധിക്കുശേഷം പോകാന്‍ ശ്രമിച്ച യുവതിക്കെതിരെ മതത്തിന്റെ പേരുപറഞ്ഞ് ആക്ഷേപിക്കുന്നവരില്‍ ഈ പുരോഗമനവാദികളും വിപ്ലവകാരികളുമെല്ലാമുണ്ട്. എല്ലാ മാറ്റങ്ങള്‍ക്കും തുടക്കമിടുന്നത് ആക്ടിവിസ്റ്റുകളാണെന്ന ചരിത്രം മാറ്റിവെച്ച് ആക്ടിവിസ്റ്റുകള്‍ക്ക് വരാനുള്ള സ്ഥലമല്ല ശബരിമല എന്ന വാദവും ഇതേ വിപ്ലവകാരികള്‍ പറയുന്നു. കോടതിവിധിക്കനുകൂലമായി ഇത്രമാത്രം ഘോരഘോരം പ്രസംഗിക്കുന്ന നേതാക്കളുടെ പ്രസ്ഥാനങ്ങളിലെ ലക്ഷകണക്കിനു വരുന്ന സ്ത്രീ അനുഭാവികളില്‍േ ഒരാള്‍ പോലും ഈ വെല്ലുവിളി ഏറ്റടുക്കാന്‍ തയ്യാറാകുന്നുമില്ല. ഈ സാഹചര്യത്തില്‍ ഈ വാചകകസര്‍ത്തുകളെല്ലാം ആത്മാര്‍ത്ഥമാണെന്നും രാഷ്ട്രീയമാണെന്നും കരുതാന്‍ ബുദ്ധിമുട്ടുണ്ട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply