കേരളം നേരിടുന്ന വെല്ലുവിളി

ക്രമസമാധാനത്തിന്റെ പേരില്‍ കേരളത്തില്‍ കേന്ദ്ര ഇടപെടലിനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്നു വ്യക്തം. പ്രധാന മന്ത്രിയുടേയും  മറ്റുപല ബിജെപി നേതാളുടേയും പ്രസ്താവനകള്‍ നല്‍കുന്ന സൂചന അതാണ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതിവിധി മുതലാരംഭിച്ച ഈ ശ്രമം രണ്ടാം തിയതിയിലെ ഹര്‍ത്താലോടെയും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളോടേയും കൂടുതല്‍ ശക്തമായിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ഈ നീക്കം തിരിച്ചറിയാത്ത അക്രമികളെ തെരുവില്‍ നേരിടാനാണ് ഭരണത്തിനു നേതൃത്വവും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന സിപിഎം ചെയ്യുന്നത്. പോലീസിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ സ്വന്തം പോലീസില്‍ വിശ്വാസമില്ലെന്നു കൂടിയാണ് പാര്‍ട്ടി […]

hhh

ക്രമസമാധാനത്തിന്റെ പേരില്‍ കേരളത്തില്‍ കേന്ദ്ര ഇടപെടലിനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്നു വ്യക്തം. പ്രധാന മന്ത്രിയുടേയും  മറ്റുപല ബിജെപി നേതാളുടേയും പ്രസ്താവനകള്‍ നല്‍കുന്ന സൂചന അതാണ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതിവിധി മുതലാരംഭിച്ച ഈ ശ്രമം രണ്ടാം തിയതിയിലെ ഹര്‍ത്താലോടെയും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളോടേയും കൂടുതല്‍ ശക്തമായിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ഈ നീക്കം തിരിച്ചറിയാത്ത അക്രമികളെ തെരുവില്‍ നേരിടാനാണ് ഭരണത്തിനു നേതൃത്വവും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന സിപിഎം ചെയ്യുന്നത്. പോലീസിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ സ്വന്തം പോലീസില്‍ വിശ്വാസമില്ലെന്നു കൂടിയാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. കേന്ദ്രനടപടികള്‍ക്ക് സഹായകരമായ അന്തരീക്ഷമാണ് അതിലൂടെ സിപിഎമ്മും ഒരുക്കുന്നതെന്ന് പറയാതെ വയ്യ.
തീര്‍ച്ചയായും 1959ലെ അന്തരീക്ഷം ഒരുക്കിയെടുക്കാന്‍ തന്നെ സംഘപരിവാര്‍ ശ്രമിക്കുന്നത്. അന്ന് ക്രിസ്ത്യന്‍സംഘടനകളും എന്‍എസ്എസും കോണ്‍ഗ്രസ്സുമാണ് ഇത്തരം നീക്കത്തിനു പുറകിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോളത് സംഘപരിവാറും എന്‍എസ്എസുമാണെന്ന വ്യത്യാസമേയുള്ളു. കോണ്‍ഗ്രസ്സുകാര്‍ ഉരുണ്ടുകളിക്കുന്നതായാണ് കാണുന്നത്. സമരങ്ങള്‍ക്കു കാരണമായ അന്നത്തെ വിഷയത്തിനും ഇന്നത്തെ വിഷയത്തിനും ചെറിയതോതിലെങ്കിലും സമാനതയുണ്ട്. അന്നത്തെ പ്രധാന വിഷയം മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലായിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തമായിട്ടുണ്ടായിരുന്ന സഭ സ്വാഭാവികമായും തെരുവിലിറങ്ങാതിരിക്കില്ലല്ലോ. തുടര്‍ന്ന് സംസ്ഥാനത്തു നടന്നത് ഇന്നത്തേതിനു സമാനമായ കലാപങ്ങള്‍ തന്നെയായിരുന്നു. തങ്ങളുടെ കണ്ണില്‍ കരടായ കമ്യൂണിസ്റ്റ് മന്ത്രിസഭയെ മറിച്ചിടുക കോണ്‍ഗ്രസ്സിന്റേയും ആവശ്യമായിരുന്നു. വളരെ പെട്ടന്നായിരുന്നു ഇന്ന് പിണറായിയടക്കം നവോത്ഥാനനായകനായി കൊണ്ടാടുന്ന മന്നത്തുപത്മനാഭന്‍ നേതൃത്വത്തിലെത്തുന്നതും വിമോചന സമരം ശക്തമാകുന്നതും. ജനാധിപത്യത്തിന്റെ ശക്തനായ വക്താവായിരുന്ന നെഹ്‌റുവിനെ വരെ പാട്ടിലാക്കാന്‍ സമരത്തിനും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും സാധിച്ചു. സിപിഎമ്മാകട്ടെ ഇന്നത്തെ പോലെ പലയിടത്തും തെരുവിലിറങ്ങുകയും ചെയ്തു. ഇതിന്റെയെല്ലാം അന്തിമഫലമായിരുന്നു ജനാധിപത്യസംവിധാനത്തെ വെല്ലുവിളിച്ച് അന്നത്തെ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ട നടപടി. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യാമായിട്ടായിരുന്നു ഈ നപടി കേരളത്തില്‍ പ്രയോഗിച്ചതെങ്കില്‍ പിന്നീട് പലവട്ടം പല സംസ്ഥാനങ്ങളിലും ഇതാവര്‍ത്തിച്ചു. ഫെഡറല്‍ എന്നവകാശപ്പെടുന്ന നമ്മുടെ ഭരണസംവിധാനം എത്രമാത്രം കേന്ദ്രീകൃതമാണെന്നായിരുന്നു ഈ സംഭവങ്ങള്‍ വെളിവാക്കിയത്.
അത്തരത്തിലൊരു നടപടി ഇന്നു സാധ്യമല്ല എന്നു വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. ശരിയായിരിക്കാം. എങ്കിലും ജനാധിപത്യ സംവിധാനത്തിന്റെ സംരക്ഷണത്തിനായി തികഞ്ഞ കരുതല്‍ ആവശ്യമാണ്. ഏറ്റവും അപകടകരമായ മതവികാരങ്ങളാണ് ഇപ്പോളും ഉപയോഗിക്കുന്നതെന്നത് കാര്യങ്ങളെ രൂക്ഷമാക്കുന്നു. എല്ലാ ജനാധിപത്യവിശ്വാസികളേയും അണിനിരത്തിയാണ് ഇത്തരമൊരു സാധ്യതയെ നേരിടേണ്ടത്. എന്നാല്‍ അവിടെയാണ് ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടി പരാജയപ്പെടുന്നത്. ജനാധിപത്യസംവിധാനത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും തങ്ങളുടെ നേതാവാണ് മുഖ്യമന്ത്രിയെന്നും മറന്നാണ് പലയിടത്തും അക്രമികളെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ശ്രമം നടക്കുന്നത്. എങ്കിലിവിടെ പോലീസെന്തിനാണ്? അക്രമിക്കാന്‍ വരുന്നവരെ ആത്മരക്ഷാര്‍ത്ഥം തിരിച്ചടിക്കുക മാത്രമാണ് ചെയ്യുന്നതെന്ന അവകാശവാദവും തെറ്റാണ്. പലയിടത്തും രാത്രിയുടെ മറവില്‍ സംഘപരിവാറുകാരെപോലെതന്നെ ബോബേറുകള്‍ നടത്താനും സിപിഎം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. പ്രകടനത്തിനു നേരെ കെട്ടിടത്തിനു മുകൡ നിന്ന് കല്ലെറിഞ്ഞതാണ് ഒരാളുടെ മരണത്തിനു കാരണമായതെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. എന്തിനേറെ, പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ സംസ്ഥാന സെക്രട്ടറി തന്നെ ആവശ്യപ്പെടുന്നു. കേരളത്തെ സംഘര്‍ഷഭൂമിയാക്കുക എന്നത് സംഘപരിവാറിന്റെ ലക്ഷ്യമാണെന്നു തിരിച്ചെറിയുകയാണെങ്കില്‍ ഇത്തരത്തിലുള്ള തിരിച്ചടികളല്ല, ശക്തമായ പോലീസ് നടപടികളാണ് ഉണ്ടാകുക.
എന്തായാലും കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണ്ണറോട് കേരളത്തിലെ സംഭവങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണില്‍ കാര്യങ്ങള്‍ വിശദീകരിച്ച ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള നടപടി കേന്ദ്രത്തില്‍ നിന്നുണ്ടായാല്‍ തന്നെ അതിനെതിരെ ശക്തമായ പ്രതിരോധം കേരളത്തില്‍ നിന്നുണ്ടാകാനിടയില്ല എന്നാണ് മുന്‍കാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ആരു ഭരിച്ചാലും കേന്ദ്രത്തിനു മുന്നില്‍ പിച്ചച്ചട്ടിയുമായി നിന്ന ചരിത്രമാണ് നമ്മുടേത്. അതിന്റെ അവസാന ഉദാഹരണമാണ് പ്രളയവുമായി ബന്ധപ്പെട്ട നമ്മെ പരമാവധി ദ്രോഹിച്ചിട്ടും കാര്യമായ പ്രതിഷേധമൊന്നും ഇല്ലാതിരുന്നത്. മുമ്പൊക്കെ ഇടതുപക്ഷമെങ്കിലും ഭരണവും സമരവും ഒന്നിച്ച് എന്നു പറയാറുണ്ട്. എന്നാല്‍ കാലക്രമേണ അവരും അതുപേക്ഷിച്ചു. ബംഗാളും തമിള്‍നാടും ബീഹാറുമൊക്കെ പലപ്പോളും കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടുകള്‍ എടുക്കുമ്പോളും കേരളം അക്കാര്യത്തില്‍ വളരെ പുറകിലാണ്. കേരളത്തിനു വേണ്ടി ശക്തമായ നിലപാടെടുക്കുന്ന പ്രാദേശിക പ്രസ്ഥാനങ്ങളുടെ കുറവും വളരെ പ്രകടമാണ്. വാസ്തവത്തില്‍ സിപിഎം അത്തരത്തിലൊരു പ്രാദേശിക പാര്‍ട്ടിയാണ്. എന്നാലത് അംഗീകിരിക്കാതെ അഖിലേന്ത്യാതാല്‍പ്പര്യങ്ങളാണ് അവര്‍ക്കു മുഖ്യം. ഈ സാഹചര്യത്തില്‍ കേരളത്തിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം കേന്ദ്രം കാണിച്ചാല്‍ പോലും അതഭുതപ്പെടാനില്ല.
ഇതിനേക്കാളേറെ ഗൗരവമായ മറ്റൊരു വിഷയവും കേരളം ഇപ്പോള്‍ നേരിടുന്നു. അത് അന്താരാഷ്ട്രതലത്തില്‍ നാം നേരിടുന്ന തിരിച്ചടിയാണ്. പ്രളയസമയത്തെ പ്രവര്‍ത്തനങ്ങളില്‍ നാം ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ടു എന്നാണല്ലോ അവകാശവാദം. ശരിയായിരിക്കാം. എന്നാല്‍ ശബരിമല വിഷയത്തോടെ പ്രളയാനന്തരപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സ്തംഭിച്ചു എന്നതാണ് വസ്തുത. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വളരെ പതുക്കെയാണ് മുന്നോട്ടുപോകുന്നത്. ദുരിതാശ്വാഫണ്ടിലേക്കുള്ള വരവും വളരെ കുറഞ്ഞു. ദുരിതബാധിതര്‍ക്ക് പ്രഖ്യാപിക്കപ്പെട്ട സഹായമൊന്നും കിട്ടാനിടയില്ല. മറുവശത്ത് ലോകം ഇപ്പോള്‍ കേരളത്തെ നോക്കുന്നത് പുച്ഛത്തോടെയാണ്. ലിംഗനീതിയില്ലാത്ത, അന്ധവിശ്വാസ ജഡിലമായ, അക്രമികള്‍ നിറഞ്ഞാടുന്ന പ്രദേശമായാണ് ലോകത്തിനും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും മുന്നില്‍ കേരളത്തിന്റെ സ്ഥാനം. യുഎന്‍ അടക്കം പരോക്ഷമായി ഇതു പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലേക്കുള്ള വിനോദസഞ്ചാരികള്‍ക്ക് ബ്രിട്ടനും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നു. കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗമായ ടൂറിസത്തെ ഇത് ഗൗരവമായി ബാധിക്കുമെന്നുറപ്പ്. മറുവശത്ത് ഇന്ത്യയില്‍ തന്നെ ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയുമടക്കമുള്ള പാര്‍ട്ടികളുടെ നേതൃത്വം കേരളത്തിലവരെടുക്കുന്ന നിലപാടുകളെ അംഗീകരിക്കുന്നില്ല. തുടക്കത്തില്‍ സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്തവര്‍ പോലും പിന്നീട് പുറകോട്ടുപോകുകയായിരുന്നു. കക്ഷിരാഷ്ട്രീയ താല്‍പ്പര്യവും വോട്ടുരാഷ്ട്രീയവുമാണ് അതിനു കാരണമെന്നത് വളരെ വ്യക്തം. നമ്മുടെ സര്‍ക്കാരും പോലീസുമാകട്ടെ അവസാന നിമിഷമാണ് വിധി നടപ്പാക്കാനുള്ള ആര്‍ജ്ജവം കാണിച്ചതെന്നതും പറയാതെ വയ്യ. അതാകട്ടെ ചില യുവതികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍.
തീര്‍ച്ചയായും നമ്മുടെ ജനാധിപത്യവും മതേതരത്വവുമൊക്കെ അപകടത്തിലാണ്. അപ്പോളും ഈ സംഭവങ്ങള്‍ മൂലം ചില ഗുണങ്ങളുണ്ടായി. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ പ്രബുദ്ധതയും സാക്ഷരതയുമൊക്കെ എത്രയോ മിഥ്യയാണെന്ന് ബോധ്യമാകാന്‍ ഈ സംഭവവികാസങ്ങള്‍ സഹായകരമായി. ഇന്നോളം നവോത്ഥാനത്തെ കുറിച്ചം ലിംഗനീതിയെകുറിച്ചും ജാതീയ പീഡനങ്ങളെ കുറിച്ചും സവര്‍ണ്ണാധിപത്യത്തെ കുറിച്ചുമൊക്കെ മിണ്ടാത്തവര്‍ അതു മിണ്ടാന്‍ തുടങ്ങി. അംബേദ്കറേയും അയ്യങ്കാളിയേയും കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അതുപോലെ ഹര്‍ത്താലുകളുടെ പേരില്‍ നടന്നിരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ നിരവധി പേര്‍ രംഗത്തിറങ്ങാന്‍ തയ്യാറായി. രം തൊട്ടുമുന്നിലെത്തിയിരിക്കുന്ന ഫാസിസത്തെ പ്രതിരോധിക്കാന്‍ ഈ തിരിച്ചറിവുകള്‍ സഹായിക്കുമെങ്കില്‍ അത്രയും നന്ന് എന്നു മാത്രം പറയാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply