കഷ്മീര്‍: വരാനിരിക്കുന്ന കൊടുങ്കാറ്റുകള്‍

അമൃത്‌ലാല്‍ അഗര്‍ ഫിര്‍ദൗസ് ബര്‍ ദു-ള സമീന്‍ അസ്ത് ഒ ഹമിന്‍ അസ്ത് ഒ ഹമീന്‍ അസ്ത് ഒ ഹമീന്‍ അസ്ത് (ഈ ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്, അതിവിടെയാണ്, അതിവിടെയാണ്) -അമീര്‍ ഖുസ്‌റോ കഷ്മീരിനെക്കുറിച്ച് എഴുതിയത് എന്ന് വിശ്വസിക്കപ്പെടുന്നു. കഴിഞ്ഞയാണ്ടില്‍ ഒരു മാര്‍ച്ച് മാസത്തില്‍ ഞാന്‍ ഒരാഴ്ചയോളം ശ്രീനഗറില്‍ താമസിക്കുകയുണ്ടായി. മഞ്ഞുകാലം ഏറെക്കുറെ പിന്‍വാങ്ങി കഴിഞ്ഞിരുന്നു. കഷ്മീര്‍ താഴ്‌വരയെ ഗംഗാ സമതലത്തില്‍ നിന്നും വേര്‍പിരിക്കുന്ന പിര്‍പഞ്ചാല്‍ മലനിരകളുടേയും ശ്രീനഗറിനെ പുതപ്പിക്കാനൊരുങ്ങുന്ന ചെറു പര്‍വ്വതങ്ങളുടേയും മുകള്‍ത്തട്ടിലും ചെരുവുകളിലും […]

kkkഅമൃത്‌ലാല്‍

അഗര്‍ ഫിര്‍ദൗസ് ബര്‍ ദു-ള സമീന്‍ അസ്ത് ഒ ഹമിന്‍ അസ്ത് ഒ ഹമീന്‍ അസ്ത് ഒ ഹമീന്‍ അസ്ത് (ഈ ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്,
അതിവിടെയാണ്, അതിവിടെയാണ്) -അമീര്‍ ഖുസ്‌റോ കഷ്മീരിനെക്കുറിച്ച് എഴുതിയത് എന്ന് വിശ്വസിക്കപ്പെടുന്നു.

കഴിഞ്ഞയാണ്ടില്‍ ഒരു മാര്‍ച്ച് മാസത്തില്‍ ഞാന്‍ ഒരാഴ്ചയോളം ശ്രീനഗറില്‍ താമസിക്കുകയുണ്ടായി. മഞ്ഞുകാലം ഏറെക്കുറെ പിന്‍വാങ്ങി കഴിഞ്ഞിരുന്നു. കഷ്മീര്‍ താഴ്‌വരയെ ഗംഗാ സമതലത്തില്‍ നിന്നും വേര്‍പിരിക്കുന്ന പിര്‍പഞ്ചാല്‍ മലനിരകളുടേയും ശ്രീനഗറിനെ പുതപ്പിക്കാനൊരുങ്ങുന്ന ചെറു പര്‍വ്വതങ്ങളുടേയും മുകള്‍ത്തട്ടിലും ചെരുവുകളിലും കുഴമഞ്ഞിന്റെ സാന്നിധ്യമുണ്ടായിരുന്നു. ചിനാറിലും ഓക്കിലുമൊക്കെ മഞ്ഞുകാലത്തിന്റെ വിളര്‍ച്ച കാണാന്‍ കഴിയുമായിരുന്നു. ഒട്ടുമേ കാറ്റില്ലാത്ത ആ പകലുകളില്‍ മരങ്ങള്‍ ഇല കൊഴിച്ച് മൂകരായി നിലകൊണ്ടു. നിശ്ചല ചിത്രങ്ങളിലും സിനിമയിലുമൊക്കെ കണ്ടുപോന്ന കടുംനീലകള്‍ ശ്രീനഗറിന്റെ ആകാശത്തു നിന്നും ദാള്‍ തടാകത്തിന്റെ ജലപ്പരപ്പില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ഇടവിട്ട് വൈകുന്നേരങ്ങളിലും സന്ധ്യക്കും പെയ്തുകൊണ്ടിരുന്ന മഴ അന്തരീക്ഷത്തില്‍ പൊതുവേ കാണപ്പെട്ട ചാര നിറത്തിന് കടുപ്പം കൂട്ടി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വസന്ത കാലമെത്തും, അപ്പോള്‍ ഇങ്ങനെയല്ല, ഇവിടെങ്ങും പൂക്കളായിരിക്കും, ചിനാറും ബദാം മരങ്ങളും ജ്വലിച്ചു നില്‍ക്കും – എന്റെ സുഹൃത്ത് നജീബ് ഓര്‍മ്മപ്പെടുത്തി. എന്നാല്‍ വസന്തത്തിന്റെ ഒരു ലാഞ്ചനയും ഒരിടത്തും ഞാന്‍ കണ്ടിട്ടില്ല.
പക്ഷേ, അന്ന് ശ്രീനഗര്‍ ശാന്തമായിരുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും കാണപ്പെട്ട പട്ടാളവണ്ടികളും ബങ്കറുകളും ഓര്‍മ്മിപ്പിച്ചത് തൊണ്ണൂറുകളിലെ ദില്ലിയെ മാത്രമാണ്. നഗരത്തെ കുറുകെ മുറിച്ച് ഝലം നദി ശാന്തമായി ഒഴുകിപ്പോന്നു. അന്ന്, ഷുജാത് ബുഖാരി ജീവനുള്ള ഒരു ബൈലൈന്‍ ആയിരുന്നു. ബുഡാന്‍ വാനി എന്ന ചെറുപ്പക്കാരന്‍ തെക്കന്‍ കഷ്മീരില്‍ എവിടെയോ തന്റെ ക്ഷുഭിത യൗവ്വനത്തിന് മൂര്‍ച്ച കൂട്ടുകയായിരുന്നു. ഷോപ്പിയാനിലും അനന്തനാഗിലുമൊക്കെ നടക്കുന്ന വലിയ ഝുലൂസുകളെ കുറിച്ച് (ജാഥകള്‍) സുഹൃത്തുക്കള്‍ പറയുന്നുണ്ടായിരുന്നു. മരണം പോലും തണുത്തുവിറച്ച് ഏതോ മലമടയില്‍ ഒതുങ്ങി പാര്‍ക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു എങ്കിലും, ആ പ്രശാന്തതയുടെ മുള്‍പ്പരപ്പിനടിയില്‍ പോലും അടിയൊഴുക്കുകളുടെ തീവ്രത ഒരാള്‍ക്ക് തിരിച്ചറിയുവാന്‍ കഴിയുമായിരുന്നു. പതിറ്റാണ്ടുകളുടെ ചരിത്രത്തിന്റെ വിങ്ങലുകള്‍ എല്ലായിടത്തും ശ്രദ്ധിച്ചാല്‍ കേള്‍ക്കാമായിരുന്നു. നൂറ്റാണ്ടുകളായി പടയോട്ടങ്ങളും രക്തച്ചൊരിച്ചിലും അടിമച്ചര്‍ത്തലുകളും അനുഭവിച്ചുപോന്ന ഒരു ജനതയുടെ നിസ്സഹായതയും നിലവിളിയും പകയും നിസ്സംഗതയും ഭ്രാന്തന്‍ പ്രകൃതിഭംഗിക്ക് മറയ്ക്കാന്‍ കഴിയുന്നതിനുമപ്പുറമാണല്ലോ. ഒരുപാട് സാമ്രാജ്യങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍ കണ്ട് ഒരു പ്രദേശത്തിന്റെ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് പടയോട്ടങ്ങളുടേയും പാലായനങ്ങളുടേയും ഓര്‍മ്മകളാണെന്നത് അത്ഭുതപ്പെടുത്തേണ്ടതില്ല.
ഒരു വൈകുന്നേരമോര്‍ക്കുന്നു. പഴയ ശ്രീനഗറിന്റെ ജീവനാഡിയായ ലാല്‍ ചൗക്കില്‍ ഒരു കഫേയില്‍ കുറച്ചു പേര്‍ ഒത്തു കൂടി. അവരില്‍ പത്രപ്രവര്‍ത്തകരുണ്ടായിരുന്നു. എഴുത്തുകാരുണ്ടായിരുന്നു, എന്തിന് തീവ്രവാദി ബന്ധമുണ്ടായിരുന്നവര്‍ പോലുമുണ്ടായിരുന്നു. തെക്കന്‍ കഷ്മീരില്‍ ഒരുങ്ങുന്ന പുതിയ മിലിറ്റന്‍സിയെ കുറിച്ച് അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. മഴക്കോള് നിറഞ്ഞ ആ സന്ധ്യയില്‍ കമ്പിളിപ്പുതപ്പുകളിട്ട് നിറയെ പുകയൂതി മനുഷ്യര്‍ നിന്ന ആ മുറിയുടെ നിറപ്പകര്‍ച്ചകളോര്‍ക്കുന്നു. വാന്‍ഗോഗിന്റെ ഉരുളന്‍കിഴങ്ങ് തീനികളിലെ ഇരുട്ട് നിറഞ്ഞ ചാര വെളിച്ചത്തില്‍ ഒട്ടും പ്രത്യാശയുണ്ടായിരുന്നില്ല. എങ്കിലും പുതിയ ചെറുപ്പക്കാര്‍ എന്തും ചെയ്യും എന്നതിനെക്കുറിച്ച് അവര്‍ ആശങ്ക പൂണ്ടു. അവര്‍ക്ക് ഒട്ടുമേ മരണഭയമില്ല, ഒരാള്‍ പറഞ്ഞു. തൊണ്ണൂറുകളിലെ കലാപങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ട് മറ്റൊരാള്‍ പറഞ്ഞത്, ഇവര്‍ തോക്കുകള്‍ക്കായി കാത്തിരിക്കുകയാണ് എന്നാണ്. അയാളുടെ കാഴ്ചപ്പാടില്‍ പാക്കിസ്ഥാന്‍ തോക്കുകള്‍ നല്‍കിയതുകൊണ്ടാണ് തൊണ്ണൂറുകളില്‍ കലാപം ആയുധപ്പോരാട്ടമായത്. തോക്കെടുക്കാന്‍ കഷ്മീരികള്‍ അന്ന് വിമുഖരായിരുന്നു. ഇന്ന് അങ്ങനെയല്ല. പാക്കിസ്ഥാന്‍ ആയുധങ്ങള്‍ നല്‍കാത്തതു കൊണ്ടുമാത്രമാണ് കുട്ടികള്‍ കല്ലേറുകാരായി മാത്രം നില്‍ക്കുന്നത്, അയാള്‍ ആണയിട്ടു പറഞ്ഞു. എത്ര വേഗമാണ് മഴ പെയ്തുതുടങ്ങിയത്!
തൊണ്ണൂറുകള്‍ ജെകെഎല്‍എഫ് ന്റെ കാലമായിരുന്നു. സ്വതന്ത്ര കാശ്മീര്‍ എന്ന മുദ്രാവാക്യത്തിനു പുറകിലായിരുന്നു അവര്‍ അണിനിരന്നത്. ആള്‍ക്കൂട്ട നിബിഢമായ റാലികളിലും തിരഞ്ഞുപിടിച്ച ചില കൊലപാതകങ്ങളിലും കൂടി അവര്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചു. പക്ഷേ, തുടക്കത്തില്‍ തന്നെ അവരുടെ കൈയ്യില്‍ നിന്നും സായുധ കലാപത്തിന്റെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ടു പോയിരുന്നു. എക്കാലത്തും ശ്രീനഗറിലും മറ്റും പതുങ്ങിപ്പാര്‍ത്തിരുന്ന തീവ്ര ഇസ്ലാമിക വിഭാഗങ്ങള്‍ അന്നുതന്നെ കലാപത്തിന് വര്‍ഗ്ഗീയ ഛായ നല്‍കിയിരുന്നു. നന്നേ ചെറിയ നൂനപക്ഷമായ ഹിന്ദു പണ്ഡിറ്റ് വിഭാഗത്തിന് പാലായനം ചെയ്യേണ്ടി വന്നത് അങ്ങനെയാണ്. നൂറ്റാണ്ടുകളുടെ ഒരു സാമുദായിക സ്വത്വത്തിന്റെ വിച്ഛേദനമായിരുന്നു മൂന്നു ലക്ഷത്തോളം പേരുടെ ആ പാലായനം. കഷ്മീരി എന്ന സ്വത്വത്തെ കഷ്മീരി മുസ്ലിം മാത്രമാക്കി മാറ്റിയ ആ ഉച്ചാടന ക്രിയ ജെകെഎല്‍എഫ് ന്റെ തന്നെ രാഷ്ട്രീയ സ്വത്വത്തെ തകര്‍ത്തു. ലാല്‍ ചൗക്കിന്റെ ചില ഭാഗത്തും മാത്രം സ്വാധീനമുള്ള യാസിന്‍ മാലിക്കിന്റേയും മറ്റും സംസാരത്തില്‍ മാത്രമാണ് ചിലപ്പോഴെങ്കിലും കഷ്മീരി ശിശുവിന്റെ തീരാവ്യഥ പരാമര്‍ശിക്കപ്പെടാറുള്ളത്. പൊതുവില്‍ താഴ്‌വരയിലെ മനുഷ്യര്‍ അതിനെകുറിച്ച് സംസാരിക്കാറില്ല. ബുദ്ധിജീവികളില്‍ ചിലരെങ്കിലും ചരിത്രത്തിന്റെ സ്വാഭാവിക പരിണാമമായി അതിനെ വ്യാഖ്യാനിച്ചു കളയാറുണ്ട്. ആഗാ ഷാഹിദ് അലിയുടെ നീറുന്ന വരികളില്‍, അസംഖ്യം പുതുതലമുറ കഷ്മീരി പണ്ഡിറ്റുകളുടെ രചനകളില്‍ ആ പാലായനത്തിന്റെ ചരിത്രം ഇന്ന് ഒരു അടിക്കുറിപ്പായി ഒതുങ്ങുന്നു.
കഷ്മീര്‍ താഴ്‌വരയുടെ ചരിത്രത്തിന്റെ ഒരു ഘട്ടമായിരുന്നു തൊണ്ണൂറുകളില്‍ അവസാനിച്ചത്. മധ്യേഷ്യന്‍ പോരാളികളും അഫ്ഗാനികളും പഞ്ചാബികളും തിസ്റ്റന്‍ യോദ്ധാക്കളുമൊക്കെ ഭരിച്ച ഒരു നാടിന്റെ ഏച്ചു കൂട്ടിയ രൂപമാണ് ഇന്നത്തെ ജമ്മു കഷ്മീര്‍. അതിന്റെ തുടക്കം തന്നെ ഒരു ചതിയില്‍ നിന്നുമാണ്. സിഖ് സാമ്രാജ്യത്തിന്റെ ഛത്രപതിയായിരുന്ന രഞ്ജിത്ത് സിംഗിന്റെ മരണാനന്തരം 1846 ല്‍ അദ്ദേഹത്തിന്റെ പ്രധാന സേനാനായകനായ ഗുലാബ് സിംഗ് എന്ന ജമ്മു – ഡോഗ്ര വംശജന്‍ കമ്പനി സൈന്യത്തെ സഹായിച്ചതിന് പ്രതിഫലമായി 75 ലക്ഷം രൂപയ്ക്ക് വിലയ്ക്കു വാങ്ങിയതാണ് ഇന്നത്തെ ജമ്മു കഷ്മീര്‍. മൂന്നോ നാലോ വ്യത്യസ്ത ഭൂവിഭാഗങ്ങളുടെ ഒരു കൂട്ടിചേര്‍ക്കലായിരുന്നു ഗുലാബ് സിംഗിന്റെ കഷ്മീര്‍ രാജ്യം. തിബറ്റന്‍ പീഠഭൂമിയുടെ തുടര്‍ച്ചയായ ബൗദ്ധരുടെ പ്രദേശം-ലഡാക്ക്; അതിനു വടക്ക് പടിഞ്ഞാറായ ഗിന്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാന്‍ – പാമീര്‍ കവാടം എന്നുവിളിക്കാവുന്ന ഷിയാ മുസ്ലിം അധികമായി പാര്‍ത്തുപോരുന്ന ഒരിടം. ഹിന്ദു-സുന്നി-ഷിയ-ബൗദ്ധ വിശ്വാസങ്ങളുടെ സാംസ്‌കാരിക ചേരുവകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വ്യാപാര പാതകളുടെ ലക്ഷ്യങ്ങള്‍ക്കുമനുസൃതമായി അനേകം പ്രാദേശിയ സംസ്‌കൃതികള്‍ ഈ പ്രദേശത്ത് നിലനിന്നുപോന്നു. ഹിന്ദു വിശ്വാസികളായിരുന്ന ഡോഗ്രോ രാജവംശജര്‍ ആയുധബലത്തില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമായിരുന്ന തങ്ങളുടെ രാജ്യം ഭരിച്ചു – ഒട്ടും അഭിമാനിക്കത്തക്കതായിരുന്നില്ല. ഡോഗ്രകളുടെ ഭരണം. എങ്കിലും അവര്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടപ്പെട്ടവരായിരുന്നു. റഷ്യന്‍ സാമ്രാജ്യത്തിന്റെ അതിര്‍ത്തിയായി കരുതിപ്പോന്നിരുന്ന പാമീര്‍ പീഠഭൂമിയെ തൊട്ടുകിടക്കുന്ന പ്രദേശമെന്ന കാരണത്താല്‍ ഗുലാബ് സിംഗിന്റെ കഷ്മീരിന് വലിയ സൈനിക പ്രാധാന്യമുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും ചിത്രത്തിലേക്ക് സോവിയറ്റ് യൂണിയനും ചൈനയുമൊക്കെ കടന്നുവന്നു. ആ ഇടപെടലുകളുടെ തുടര്‍ച്ച കൂടിയാണ് കഷ്മീരിയെ ചോരപ്പാടുകള്‍.
റഷ്യയുടെ അഫ്ഗാന്‍ അധിനിവേശം, അതിനു ബദലായി അമേരിക്ക പണം കൊണ്ടും ആയുധം കൊണ്ടും നയതന്ത്രം കൊണ്ടും പിന്തുണച്ച ഇസ്ലാമിസ്റ്റു രാഷ്ട്രീയം ഇവയൊക്കെ കഷ്മീരിന്റെ പടിഞ്ഞാറന്‍ പ്രദേശത്തെ അസ്ഥിരപ്പെടുത്തി എന്നു മാത്രമല്ല നിലവിലുള്ള ദേശരാഷ്ട്രങ്ങളുടെ പുറത്ത് നില്‍ക്കുന്ന പുതിയ രാഷ്ട്രീയ ഭാവനകള്‍ക്ക് ഉത്തേജനവും നല്‍കി. ഇതിന്റെ അനുരഞ്ജനം കഷ്മീരിലുമുണ്ടായി ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകള്‍ മുമ്പ് കാശ്മീരില്‍ നിലനിന്നു പോന്ന കഷ്മീരിയത്ത് എന്ന ദേശീയ സ്വത്തിലൂന്നിയ രാഷ്ട്രീയത്തിന്റെ പിന്‍മടക്കത്തിന് സോവിയറ്റ് – അമേരിക്ക ഗ്രേറ്റ് ഗെയിം കാരണമായി.
കഷ്മീരിലെ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ തുടക്കം 1931 ല്‍ മഹാരാജാവിന് നേരെ ഉയര്‍ന്ന പ്രക്ഷോഭമായിരിക്കണം. ജമ്മുവില്‍ ഒരു പോലീസുകാരന്‍ വിശുദ്ധ ഖുറാന്‍ നശിപ്പിച്ചു എന്ന വാര്‍ത്തയായിരുന്നു പ്രക്ഷോഭത്തിനു തുടക്കമിട്ടത്. കഷ്മീര്‍ താഴ്‌വരയില്‍ കലാപത്തിന് വര്‍ഗ്ഗീയ ഛായ കൈവരികയും ശ്രീനഗറില്‍ ജൂലായ് 13 ന് രാജാവിന്റെ പോലീസുകാര്‍ നടത്തിയ വെടിവെയ്പില്‍ 21 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ക്രിസ്റ്റഫര്‍ സ്‌നിഡന്‍ പറയുന്നത് രാജാവിന്റെ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് കലാപം കഷ്മീര്‍ രാജ്യത്തുടനീളം പടര്‍ന്നുവെന്നും ബ്രിട്ടീഷ് സൈനിക ഇടപെടലിനെ തുടര്‍ന്നാണ് കലാപം അടങ്ങിയതെന്നുമാണ സ്‌നിഡന്റെ വാക്കുകളില്‍. മാപ്പിള ലഹളക്കും 1946 ലെ കല്‍ക്കത്ത വര്‍ഗ്ഗീയ ലഹളക്കും ഇടയ്ക്കുള്ള വര്‍ഷങ്ങളിലെ രൂക്ഷമായ വര്‍ഗ്ഗീയ കലാപമായിരുന്നു 1931 ലെ കഷ്മീര്‍ പ്രക്ഷോഭം. ഈ പ്രക്ഷോഭമാണ് അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി ശ്രീനഗറിലെത്തിയ ഷേക്ക് അബ്ദുള്ള എന്ന ചെറുപ്പക്കാരനെ നേതാവാക്കിയത്.
അബ്ദുള്ളയുടെ നേതൃത്വമാണ് പ്രക്ഷോഭത്തെ അതിന്റെ ഹിന്ദു-മുസ്ലിം വൈരത്തില്‍നിന്നു സാധാരണക്കാരായ കഷ്മീരികളുടെ ജനാധിപത്യാവകാശങ്ങളുടെ രാഷ്ട്രീയ സമരമാക്കി മാറ്റിയത്. മുപ്പതുകളില്‍ രൂപം കൊണ്ട് മുസ്ലിംലീഗ് രാഷ്ട്രീയത്തിന് എതിര്‍ ദിശയിലാണ് അബ്ദുള്‍ ഗാഫര്‍ഖാനെപ്പോലെ ഷേയ്ഖ് തന്റെ നാഷണല്‍ കോണ്‍ഫറന്‍സ് രാഷ്ട്രീയം കെട്ടിപ്പടുക്കുന്നത്. മുസ്ലിം കോണ്‍ഫറന്‍സിന്റെ പേര് ഷേയ്ക്ക് നാഷണല്‍ കോണ്‍ഫറന്‍സ് എന്നാക്കി മാറ്റി. വിഭജന രാഷ്ട്രീയത്തിന് ബദലായി ഷേയ്ക്ക് കമ്മ്യൂണിസ്റ്റുകാരുടെ സ്വാധീനത്താല്‍ ”നയാ കഷ്മീര്‍” എന്ന മാനിഫസ്റ്റോ പുറത്തിറക്കി. അതിന്റെ പ്രധാനപ്പെട്ട അജണ്ട ഭൂപരിഷ്‌ക്കരണമായിരുന്നു. രാജാവിലും ഹിന്ദു ജന്മികളിലും നിക്ഷിപ്തമായിരുന്ന കൃഷിഭൂമി പ്രധാനമായും മുസ്ലിം കര്‍ഷകര്‍ക്ക് വീതിച്ചുനല്‍കുക എന്ന വാഗ്ദാനം ഷേയ്ഖിന്റെ രാഷ്ട്രീയത്തെ സോഷ്യലിസ്റ്റ് പാതയിലേക്ക് നയിച്ചു. ഇതേ രാഷ്ട്രീയം തന്നെയാണ് വന്‍കിട ഭൂവുടമകള്‍ നേതൃത്വം നല്‍കിയ പഞ്ചാബിലെ മുസ്ലിം രാഷ്ട്രീയത്തോട് മുഖം തിരിച്ചുനില്‍ക്കാനും ജവഹര്‍ലാല്‍ നെഹ്‌റുജി കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് വിഭാഗത്തോട് അടുക്കാനും ഷേയ്ഖിനെ പ്രേരിപ്പിച്ചത്. 1944 ലെ നയാ കഷ്മീര്‍ മാനിഫെസ്റ്റോ തുടക്കത്തില്‍ ആവശ്യപ്പെട്ടത്

J & K യ്ക്ക് constitutional Monarchy ആണെങ്കില്‍ 1946 ആയപ്പോഴേക്ക് രാജഭരണത്തിനു തന്നെ എതിരായി മാറി. ഇക്കാലത്തെ രാഷ്ട്രീയത്തെ കുറിച്ച് സ്‌നിഡന്‍ എഴുതുന്നത് ഇങ്ങനെ: ”In 1939, the Muslim conference had renamed itself the National Conference to reflect Kashmiris supposed secular nature and to allow non – Muslims to join the political process. In 1941, however, some Muslims who were disgruntled with the National Conference secularism and with Abdullah himself, reinstituted the Muslim conference. Thereafter, the two constituencies competed strongly with each other. The re-creations of the pro-Pakistan Muslim Conference also anticipated the later division of J&K into pro-Pakistan and Pro-India areas.”

അധികാരത്തില്‍ വന്ന അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് നെഹ്‌റുവിന്റെ കോണ്‍ഗ്രസ്സിനെപ്പോലെ സെക്കുലര്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു. മാത്രമല്ല ഇന്ത്യയിലെ ഏറ്റവും സമഗ്രമായ ഭൂപരിഷ്‌ക്കരണത്തിനു തുടക്കമിട്ടത് ഷേയ്ഖാണ്. പട്ടിണിക്കാരുടെ നാടായ കഷ്മീര്‍ ഇന്ന് കേരളം പോലെ പട്ടിണി താരതമ്യേന കുറഞ്ഞ ഒരു പ്രദേശമാണ്. ഭൂപരിഷ്‌ക്കരണം സാധാരണക്കാരായ കഷ്മീരികളുടെ ഇടയില്‍ ഷേയ്ഖിന്റെ സ്വാധീനം വര്‍ദ്ധിപ്പിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിന്റെ സെക്കുലര്‍ രാഷ്ട്രീയത്തെ എതിര്‍ത്ത ജമാഅത്ത് – ഇസ്ലാമി തുടങ്ങി പുരോഹിത വര്‍ഗ്ഗം വരെയുള്ളവര്‍ പ്ലിബിസൈറ്റ് ഫ്രണ്ടിലും പാക്കിസ്ഥാന്‍ വാദത്തിലും തങ്ങളുടെ രാഷ്ട്രീയ ഇടം കണ്ടെത്തി.
പാക്കിസ്ഥാനാകട്ടെ വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവായിട്ടാണ് കാശ്മീരിനെ കണ്ടത്. 1940 കളില്‍ പാക്കിസ്ഥാന്‍ വാദികളുടെ നീക്കങ്ങളില്‍ കഷ്മീര്‍ ഉള്‍പ്പെട്ടിരുന്നില്ല എന്ന ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. വിഭജന കാലത്ത് താഴ്‌വര ശാന്തമായിരുന്നുവെങ്കിലും ജമ്മുപ്രദേശം രൂക്ഷമായ വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ക്ക് കാരണമായി. ഒരുപാട് മുസ്ലീങ്ങള്‍ ജമ്മുവില്‍ കൊല്ലപ്പെടുകയും അനേകായിരങ്ങള്‍ ഇന്ന് അസാദ് കഷ്മീര്‍ എന്ന് പാക്കിസ്ഥാന്‍ വിശേഷിപ്പിക്കുന്ന ഭാഗത്തേക്ക് പലായനം ചെയ്യുകയും ചെയ്തു. വിഭജനത്തിന്റെ ഓര്‍മ്മയുമായി കഴിയുന്ന അസാദ് കഷ്മീരാണ്. കഷ്മീര്‍ ഒരു ഹിന്ദു-മുസ്ലിം പ്രശ്‌നമാണെന്നും വിഭജന രാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യത്തില്‍ കൂടി വേണം അത് പരിഹരിക്കേണ്ടതെന്നും വാദിച്ചു തുടങ്ങിയത്. 1947 ലെ താഴ്‌വരയിലേക്കുള്ള കടന്നുകയറ്റവും അതിക്രമവും പ്രധാനമായും പാക്കിസ്ഥാന്‍ അധിനിവേശ കഷ്മീരില്‍ നിന്നുമായിരുന്നു. പില്‍ക്കാലത്ത്, ഇത് പാക്കിസ്ഥാന്റെ ഔദ്യോഗിക നിലപാടായി മാറി. നെഹ്‌റുവിയന്‍ ഇന്ത്യയുടെ ചേരിചേരാ നയവും ഇടത് ചായ്‌വും അമേരിക്കന്‍-ബ്രിട്ടീഷ് ചേരിയെ പാക്കിസ്ഥാന്‍ പക്ഷക്കാരായി മാറ്റി എന്നു വേണം അനുമാനിക്കാന്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകേണ്ടതാണ് എന്ന നിലപാട് അവര്‍ കൈക്കൊണ്ടത് അതുകൊണ്ടു കൂടിയാണ്. മാത്രമല്ല ചൈനയേയും സോവിയറ്റ് യൂണിയനേയും നിരീക്ഷിക്കാന്‍ ഇതിലേറെ ഭൂമിശാസ്ത്രപരമായി പറ്റിയൊരിടം വേറെയില്ല താനും. ഷേയ്ഖിന്റെ സ്വതന്ത്ര കഷ്മീര്‍ ആഗ്രഹങ്ങളെ പ്രോത്സാഹിപ്പിച്ചും പാക്കിസ്ഥാന്റെ നിലപാടുകള്‍ക്ക് സാധ്യത നല്‍കിയും കഷ്മീര്‍ പ്രശ്‌നത്തെ അവര്‍ അന്താരാഷ്ട്ര പ്രശ്‌നമായിത്തന്നെ നിലനിര്‍ത്തി.
നെഹ്‌റുവാകട്ടെ ഇന്ത്യയുടെ കഷ്മീര്‍ ബന്ധത്തിന് ഷേയ്ഖിന്റെ സമ്മതി മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം കൂടി വേണ്ടതുണ്ട് എന്ന് വിശ്വസിച്ചു. ചരിത്രകാരന്‍ ശ്രീനാഥ് രാഘവന്റെ വാക്കുകള്‍ ശ്രദ്ധിക്കുക : …ഇന്ത്യന്‍ ഭരണകൂടമാകട്ടെ, നാല്പതുകളില്‍ താഴ്‌വരയിലെ നേതൃത്വത്തിന് നല്‍കിയ സ്വയംഭരണ വാഗ്ദാനങ്ങള്‍ ഓരോന്നായി ലംഘിച്ചുകൊണ്ടിരുന്നു. എണ്‍പതുകളില്‍ ഉയര്‍ന്ന ഹിന്ദുത്വരാഷ്ട്രീയം കഷ്മീരി മുസ്‌ലിമിന്റെ ഭീതികളെ വര്‍ദ്ധിപ്പിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഈ ”ഴൃലമ േളമാല” നാലു യുദ്ധങ്ങള്‍ക്കും ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിനും ലക്ഷക്കണക്കിനു മനുഷ്യരുടെ തീരാവേദനക്കും കാരണമായി ഇന്നും തുടരുന്നു.
ദാള്‍ തടാകക്കരയിലെ ഷേയ്ഖിന്റെ ശവകൂടീരത്തില്‍ ഇന്ന് സന്ദര്‍ശകരില്ല. താഴ്‌വരയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അദ്ദേഹം ഇന്ന് കഷ്മീരിനെ ഒറ്റിക്കൊടുത്തയാളാണ്. അവരുടെ ചരിത്രം തുടങ്ങുന്നത് 1980 കളിലാണ്. തൊണ്ണൂറുകളില്‍ താഴ്‌വരയിലെ യൗവ്വനം ബംഗ്ലാദേശില്‍ നിന്നും ആവേശം കൊണ്ട് സായുധ കലാപത്തിനിറങ്ങിയെങ്കില്‍ 9/11 നുശേഷമുള്ള ചെറുപ്പം നോക്കുന്നത് പടിഞ്ഞാട്ടാണ്. പാലസ്തീനിലെ മേഘങ്ങളില്‍ നിന്നുമാണ് തങ്ങളുടെ ആകാശം അവര്‍ സ്വീകരിക്കുന്നത്. വലിയൊരു സൈനിക ശക്തിയെ കല്ലെറിഞ്ഞും മുദ്രാവാക്യം വിളിച്ചും ആള്‍ക്കൂട്ടമായി തെരുവിലിറങ്ങിയും അവര്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നു. ആര്‍ ആര്‍ക്കൊപ്പം എന്നൊക്കെ അറിയാന്‍ കഴിയാത്ത ഗൂഡാലോചനകളുടെ, കുശുകുശുപ്പിന്റെ, ഒറ്റിക്കൊടുക്കലുകളുടെ വലിയൊരു രാഷ്ട്രീയ നാടകമാണ് താഴ്‌വരയില്‍ അരങ്ങേറുന്നത്. 2015 ല്‍ രൂപം കൊണ്ട പി.ഡി.പി – ബി.ജെ.പി സഖ്യം പോലും ഇത്തരം ഒരു നാടകം തന്നെയായിരുന്നു. സാധാരണ മനുഷ്യരുടെ തലയ്ക്ക് മുകളിലൂടെ നടക്കുന്ന ഈ നുണകളുടെ ഒറ്റിക്കൊടുപ്പുകളുടെ രാഷ്ട്രീയം ചെറുപ്പക്കാരെ കുടുക്കാന്‍ കൂടുതല്‍ വിഭ്രാന്തിയിലേക്ക് തള്ളിവിടുന്നു. ഏറ്റവും അധികം മാനസിക രോഗത്തിന് ചികിത്സ നേടേണ്ടി വരുന്നവരുടെ വീട് കൂടിയാണ് ഈ കഷ്മീര്‍ താഴ്‌വര. അജ്ഞാത ജഡങ്ങളുടെ ഖബറുകള്‍ പോലെ തന്നെ ഈ രോഗാവസ്ഥയും നമ്മെ ആകുലപ്പെടുത്തും.
ഇതുവരെ ഇല്ലാതിരുന്ന ഒരു സാന്നിധ്യം കൂടി ഇന്ന് ശ്രീനഗറിലെ ചര്‍ച്ചകളില്‍ കടന്നുവന്നിട്ടുണ്ട്. അയല്‍പക്കത്തെ ഭീമന്‍, ചൈന. ശ്രീനഗറില്‍ നിന്നും തൊട്ടപ്പുറത്താണ് ചൈന പാക്കിസ്ഥാനില്‍ കൂടി പടിഞ്ഞാറന്‍ കടലിലേക്ക്. നിര്‍മ്മിക്കുന്ന ചൈന പാക്കിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ (ഇജഋഇ)എന്ന കച്ചവട ഇടനാഴി. ഈ ഇടനാഴി സംരക്ഷിക്കാന്‍ ചൈന എന്തും ചെയ്യും. അഫ്ഗാനിസ്ഥാനില്‍ പതുക്കെ പതുക്കെ ചൈനീസ് സാന്നിധ്യം വര്‍ദ്ധിക്കുകയാണ്. പാക്കിസ്ഥാന്‍ അധിനിവേശ കഷ്മീരിന്റെ കാര്യം പറഞ്ഞുകൊണ്ടാണ് ഇന്ത്യ ചൈനയുടെ വ്യാപാര ഇടനാഴിയെ എതിര്‍ക്കുന്നത്. ആ ഇടനാഴിയില്‍ ഇടങ്കോലിടാന്‍ ചൈന ദേശ രാഷ്ട്രങ്ങളേയോ, തീവ്രവാദികളെയോ അനുവദിക്കാനിടയില്ല. കഷ്മീര്‍ പ്രശ്‌നം ഒതുക്കിത്തീര്‍ത്താല്‍ അതിന്റെ കച്ചവട ലാഭം ചൈനക്ക് ലഭിച്ചേക്കാം. അപ്പോള്‍ ആരുടെ പക്ഷത്താണ് ചൈന എന്നാണ് ഒരാള്‍ എന്നോടു ചോദിച്ചത്. അഫ്ഗാനിസ്ഥാനിലേക്ക് കണ്ണും നട്ടിരിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ക്കും ചൈന ഒരു പ്രഹേളികയാണ്. വലിയ മാര്‍ക്കറ്റായ ഇന്ത്യയെ ചൈന വെറുപ്പിക്കുമോ? ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തില്‍ ഇടനിലക്കാരാകാന്‍ ബെയ്ജിംഗ് തയ്യാറാണ് എന്നു പറഞ്ഞ് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. ചൈനക്കാര്‍ വെറുതെ ബലൂണുകള്‍ പറത്താറില്ല എന്ന് ഓര്‍മ്മിക്കുന്നത് നന്ന്.
ശ്രീനഗറില്‍നിന്ന് മടങ്ങുന്നതിന് മുന്‍പ് ഒരു മദ്ധ്യാഹ്നം ഞാന്‍ ജമ്മു ആന്‍ഡ് കഷ്മീര്‍ കോലിഷന്‍ ഓഫ് സിവില്‍ സൊസൈറ്റിയുടെ ഓഫീസില്‍ ചെലവിട്ടു. ലാല്‍ചൗക്കില്‍ നിന്നും മാറി നദിക്കരയില്‍ ഒരു പഴയ കെട്ടിടം. മര എടുപ്പുകള്‍ക്ക് മുകളില്‍ സംഘടനയുടെ ജീവനാഡിയായ പര്‍വേസ് ഇംറോസ് എന്ന വയോധികന്‍. താഴ്‌വരയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ പ്രമുഖനാണ് അദ്ദേഹം. കാണാതായ മനുഷ്യരുടെ കേസുകള്‍, താഴ്‌വരയിലെ അണ്‍മാര്‍ക്ക്ഡ് ഖബറുകളുടെ കഥ ഇതൊക്കെ വെളിച്ചത്തുകൊണ്ടുവന്നത് ഈ വക്കീലാണ്. പുതിയ കഷ്മീരിനെക്കുറിച്ച്, മോഡിയുടെ, ആദിത്യനാഥിന്റെ പുതിയ ഇന്ത്യയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു: ”ഇന്ത്യ അതിന്റെ ലിബറല്‍ മുഖംമൂടി ഒടുവില്‍ വേണ്ടെന്നു വെക്കുകയാണ്. കഷ്മീരിലെ മതവാദികള്‍ എക്കാലത്തും വാദിച്ചുപോന്നത് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നും അവിടെ മുസ്‌ലിങ്ങള്‍ക്ക് ഇടമില്ലെന്നുമാണ്. പുതിയ ഇന്ത്യ അതിനെ ശരിവെക്കുന്നു. കഷ്മീരിലെ ലിബറല്‍ സ്വരങ്ങളുടെ ഇടം ഇപ്പോള്‍ കുറച്ചുകൂടി ചുരുങ്ങിയിരിക്കുന്നു” അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന കൊടുങ്കാറ്റുകളെപ്പറ്റി അദ്ദേഹം നിസ്സംഗതയോടെ സംസാരിച്ചു. 90 കളിലെ കലാപകാരികള്‍ സ്വാതന്ത്ര്യം ഇപ്പോള്‍ കിട്ടും എന്നാണ് കരുതിയത്. പുതിയ തലമുറ തലമുറകള്‍ നീളുന്ന കലാപത്തിനെ കുറിച്ചാണ് സംസാരിക്കുന്നത്, ഇംറോസ് സര്‍ പറഞ്ഞുനിര്‍ത്തുന്നു.

പാഠഭേദം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply