കയ്യേറ്റമൊഴിപ്പിച്ചാല്‍ പോര, ഭൂപ്രശ്‌നം പരിഹരിക്കണം

മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സര്‍വ്വകക്ഷി സമ്മേളനത്തിലെ തീരുമാനങ്ങള്‍ പൊതുവില്‍ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. നിലവിലെ നിയമങ്ങള്‍ നടപ്പാക്കുന്നതിന് സര്‍വ്വകക്ഷിയോഗമോ മതമേലധ്യക്ഷന്മാരുടെ യോഗമോ വിളിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തം തന്നെ. മൂന്നാറില്‍ തുടങ്ങിവെച്ച നടപടികള്‍ നിര്‍ത്തിവെച്ച നടപടിക്ക് ഒരു ന്യായീകരണവുമില്ല. എങ്കില്‍ കൂടി ഇനിയെങ്കിലും ശക്തമായി മുന്നോട്ടുപോകുകയാണെങ്കില്‍ നന്ന്. കേരളത്തില്‍ അനിവാര്യമായ രണ്ടാം ഭൂപരിഷ്‌കരണത്തിന് തുടക്കമാകുകയാണെങ്കില്‍ അതും. മൂന്നാറിന്റെ നാശത്തിനു വഴിയൊരുക്കുന്ന എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഒഴിപ്പിക്കലിനെ ഏറ്റവും ശക്തമായി എതിര്‍ത്ത മന്ത്രി എം എം […]

mm

മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സര്‍വ്വകക്ഷി സമ്മേളനത്തിലെ തീരുമാനങ്ങള്‍ പൊതുവില്‍ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. നിലവിലെ നിയമങ്ങള്‍ നടപ്പാക്കുന്നതിന് സര്‍വ്വകക്ഷിയോഗമോ മതമേലധ്യക്ഷന്മാരുടെ യോഗമോ വിളിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തം തന്നെ. മൂന്നാറില്‍ തുടങ്ങിവെച്ച നടപടികള്‍ നിര്‍ത്തിവെച്ച നടപടിക്ക് ഒരു ന്യായീകരണവുമില്ല. എങ്കില്‍ കൂടി ഇനിയെങ്കിലും ശക്തമായി മുന്നോട്ടുപോകുകയാണെങ്കില്‍ നന്ന്. കേരളത്തില്‍ അനിവാര്യമായ രണ്ടാം ഭൂപരിഷ്‌കരണത്തിന് തുടക്കമാകുകയാണെങ്കില്‍ അതും.
മൂന്നാറിന്റെ നാശത്തിനു വഴിയൊരുക്കുന്ന എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഒഴിപ്പിക്കലിനെ ഏറ്റവും ശക്തമായി എതിര്‍ത്ത മന്ത്രി എം എം മണിയില്ലാതെയാണ് തീരുമാനം എന്നതവിടെ നില്‍ക്കട്ടെ. മത സ്ഥാപനങ്ങളുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തിടുക്കപ്പെട്ട് ശ്രമിക്കില്ല എന്നതിനും ഒരു ന്യായീകരണവുമില്ല. വന്‍കിട കയ്യേറ്റങ്ങള്‍ ആദ്യം ഒഴിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും വന്‍കിട എന്നുദ്ദേശിക്കുന്നത് ആരെയാണെന്നു വ്യക്തമല്ല. കാലാവധി കഴിഞ്ഞിട്ടും തോട്ടങ്ങള്‍ കൈവശം വെച്ചിരിക്കുന്ന ടാറ്റയേയും മലയാളം പ്ലാന്റേഷനേയും കുറിച്ചൊന്നും പരാമര്‍ശം കണ്ടില്ല. അനധികൃതമായ് നിര്‍മ്മിക്കപ്പെട്ട റിസോര്‍ട്ടുകളുടെ കാര്യത്തിലും നിശ്ശബ്ദതയാണ്.
ഇടുക്കി ജില്ലയിലേക്കുള്ള കുടിയേറ്റത്തിന് മറ്റു കുടിയേറ്റങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യസ്ഥമായ ചരിത്രമുണ്ട്. രണ്ടാം ലോകമഹായുദ്ധക്കാലം മുതല്‍ ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ കര്‍ഷക കുടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നു. 1950 കളില്‍ ദേവികുളം, പീരുമേട് താലൂക്കുകളിലെ തമിഴരുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാനും ബോധപൂര്‍വം കുടിയേറ്റം ഊര്‍ജ്ജിതമാക്കി. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍വിഭജനം നടത്തിയപ്പോള്‍ ഈ പ്രദേശം അങ്ങനെയാണ് കേരളത്തിനു ലഭിച്ചത്. എന്നാല്‍ പിന്നീട് കയ്യേറ്റങ്ങള്‍ വ്യാപകമായി. അതിനായി മതചിഹ്നങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. തുടര്‍ന്ന് 1977നു മുന്‍പ് കുടിയേറിയവര്‍ക്കെല്ലാം പട്ടയം നല്‍കാനും മറ്റുള്ളവയെ ഒഴിപ്പിക്കാനും തീരുമാനിച്ചു. മുപ്പതു കൊല്ലം മുന്‍പ് എടുത്ത ഈ തീരുമാനം ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. വി എസ് ശ്രമിച്ചപ്പോള്‍ എന്താണുണ്ടായതെന്ന് മറക്കാറായിട്ടില്ലല്ലോ. കഴിഞ്ഞ ദിവസങ്ങളില്‍ അതുതന്നെ ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം അതേ തീരുമാനം തന്നെയാണ് എടുത്തിരിക്കുന്നത്. മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നടപ്പാകാന്‍ ഇടയില്ലാത്ത തീരുമാനം.
സര്‍ക്കാര്‍ തന്നെ നിയമിച്ച രാജമാണിക്യം റിപ്പോര്‍ട്ട് പരാമര്‍ശിക്കാതെ ഈ വിഷയത്തെ കുറിച്ചുള്ള ഏതു ചര്‍ച്ചയും പരിഹാസ്യമാണ്. ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിടക്കാര്‍ അനധികൃതമായും നിയമവിരുദ്ധമായും കൈവശംവച്ചിട്ടുള്ള 5.5 ലക്ഷം ഏക്കറോളം സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കണമെന്നാണ് രാജമാണിക്യം റി്‌പ്പോര്‍ട്ടിന്റെ അന്തസത്ത. കേരളത്തിലെ എത്രയോ ഭൂരഹിതരുടെ ഭൂപ്രശ്‌നം അതുവഴി പരിഹരിക്കാം. എന്നാല്‍ അതേകുറിച്ചൊരു തീരുമാനവും ഉണ്ടായിട്ടില്ല എന്നാണറിവ്. ഈ കൈയേറ്റങ്ങള്‍ക്കെതിരേ സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി കാര്യക്ഷമവും ഫലപ്രദവും വിജയകരവുമായി കേസുകള്‍ നടത്തിവന്നിരുന്ന അഡ്വ. സുശീല ഭട്ടിനെ സ്‌പെഷല്‍ ഗവ. പ്ലീഡര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്തതിനുശഏഷം കാര്യമായൊന്നും സംഭവിച്ചിട്ടുമില്ല. കൂടാതെ വന്‍കിട കൈയേറ്റക്കാര്‍ക്കെതിരേ നാല്‍പ്പതോളം ക്രിമിനല്‍ കേസുകള്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത് ഐ.ജിയുടെ മേല്‍ നോട്ടത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തിയിരുന്നു. അതൊക്കെ ഇപ്പോള്‍ നിഷ്‌ക്രിയമായ അവസ്ഥയിലാണ്. സര്‍ക്കാരിന് അനുകൂലമായി വന്നിട്ടുള്ള ഹൈക്കോടതി ഉത്തരവുകളുടെയും രാജമാണിക്യം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍നിന്നുകൊണ്ട് മുന്നോട്ടുപോയാല്‍ വന്‍കിടക്കാരായ കൈയേറ്റക്കാരില്‍നിന്നു സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാനാകും. എന്നാല്‍ ഭരമപക്ഷമോ പ്രതിപക്ഷമോ ഇക്കാര്യത്തില്‍ ജാഗരൂകരല്ല. തിരുവതാകൂറില്‍ നിലനിന്നിരുന്ന ഭൂനിയമങ്ങളും, ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഏക്ട് 1947ഉം തുടര്‍ന്ന് കേരള ഇടവകൈ ഏക്ട് 1955 ഉം കേരള ഭൂ നിയമം 1964 ഉം കണ്ണന്‍ ദേവന്‍ ഹില്‍ റിസമ്പ്ഷന്‍ ഏക്ട് 1971 ഉം ഫെറ, കമ്പനി നിയമങ്ങളും വിശദമായി വിശകലനം ചെയ്തതിനു ശേഷം, ഈ കമ്പനികള്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും, അതുടനെ പിടിച്ചെടുക്കേണ്ടതാണെന്നുമാണു രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യ സ്വാതന്ത്രമായതിനു ശേഷം, വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഭൂമി കൈവശം വെക്കാന്‍ കഴിയില്ലെന്ന് ഇന്‍ഡിപെന്‍ഡന്‍സ് ആകട് ക്രുത്യമായും പറയുന്നുണ്ട്. 955 ല്‍ പാസ്സാക്കിയ ഇടവകൈ ആക്ടു പ്രകാരം, ആ ഇടവകയില്‍ പെടുന്ന എല്ലാ ഭൂമിയും അന്നത്തെ സര്‍ക്കാര്‍, പൈസ കൊടുത്ത് കൈവശം വാങ്ങിയിരിക്കുന്നു. ആ നിയമപ്രകാരം, ഇന്നും സര്‍ക്കാര്‍, പൂഞ്ഞാര്‍ ഇടവകയിലെ പിന്‍തലമുറക്ക് പൈസ കൊടുത്തുകൊണ്ടിരിക്കുന്നു എന്നാണു രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ ഭൂമി, വിദേശ കമ്പനികള്‍ നിയമവിരുദ്ധമായി കൈവശം വെച്ച് ഉപയോഗിക്കുകയും ക്രയവിക്രയം ചെയ്ത് പൈസ ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. തുടര്‍ന്ന്, കേരള ഭൂനിയമ പ്രകാരം, സര്‍ക്കാര്‍ എല്ലാ ഭൂമിയും ഏറ്റെടുക്കുകയും, തുടര്‍ന്ന്, ഭൂമിയില്‍ നിലനിന്നിരുന്ന പാട്ടബന്ധങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം, ഒരു വിദേശ കമ്പനിക്കും കേരളത്തില്‍ ഭൂമി കൈവശം വെക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്നു മാത്രമല്ല, കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് മാത്രമേ, കൃഷി ചെയ്യുന്ന കുടിയാന്‍ എന്ന അംഗീകാരം ലഭിക്കുകയുള്ളൂ. അതൊരിക്കലും, വിദേശ കമ്പനിക്കോ, ടാറ്റക്കോ ലഭിക്കുന്നതല്ല. 1974 ല്‍ ലാന്‍ഡ് ബോര്‍ഡ് ടാറ്റഫിന്‍ലെക്ക് കണ്ണന്‍ ദേവന്‍ വില്ലേജിലെ അമ്പത്തേഴായിരം ഏക്കര്‍ ഭൂമി അനുവദിക്കുന്നത് കുടിയാന്‍ എന്ന വ്യവസ്ഥയിലാണു. ഇത്, കേരള ഭൂനിയമത്തെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചും റെവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും നേടിയെടുത്തതാണ്.. നിയമത്തിന്റെ ക്രുത്യമായ വിശകലനത്തില്‍ ഇതു നിലനില്‍ക്കുകയില്ല എന്നു തന്നെയാണു, രാജമാണിക്യം റിപ്പോര്‍ട്ട് പറയുന്നത്.
ഭൂമിയില്ലത്ത എല്ലാ ദരിദ്ര ഭൂരഹിത കര്‍ഷകര്‍ക്കും ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഭൂമിയിലെ അവകാശം കൈമാറാനുള്ള, കേരളത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന ഏറ്റവും സുപ്രധാനമായ പോരാട്ടങ്ങള്‍ നടക്കുമ്പോഴാണ് ഈ അനീതി അരങ്ങേറുന്നത്. ഇവരുടെ പ്രതിനിധികളെയൊന്നും ചര്‍ച്ചക്കു വിളിച്ചതുമില്ല. ഭൂരഹിതര്‍ക്കു കൃഷിഭൂമി നല്‍കാതെ കൊച്ചു ഫഌറ്റുകളും മൂന്നുസെന്റ് കോളനികളും നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. അതംഗീകരിക്കാന്‍ ജനാധിപത്യവാദികള്‍ക്കാവില്ല. രണ്ടാം ഭൂപരിഷ്‌കരണമെന്ന അടിസ്ഥാനജനാധിപത്യ വിപ്ലവത്തിനു നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നതാണ് യഥാര്‍ത്ഥ ചോദ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply