എഴുത്തുകാര്‍ ഏതു ചേരിയില്‍? അതുതന്നെ പ്രശ്‌നം പിണറായി…

എത്രയോ കാലമായി നിരന്തരമായി കേള്‍ക്കുന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായിയും ചോദിച്ചത്. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാനസമ്മേളനത്തിലാണ് കേട്ടു കേട്ടു ക്ലീഷേ ആയ ചോദ്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. സത്യത്തില്‍ യഥാര്‍ത്ഥ എഴുത്തുകാര്‍ക്ക് അതില്‍ സംശയമൊന്നുമില്ല. കക്ഷിരാഷ്ട്രീയത്തിനും ജാതി മത ചിന്തകള്‍ക്കും എല്ലാവിധ പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതരായി അവര്‍ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പമായിരിക്കും. എന്നും പ്രതിപക്ഷത്തായിരിക്കും. എന്നാല്‍ പകകസയോ പിണറായിയോ ഉദ്ദേശിക്കുന്ന പക്ഷം അതല്ല എന്നുറപ്പ്. അത് കൃത്യമായി തങ്ങളുടെ രാഷ്ട്രീയപാര്‍്ട്ടിയുടെ പക്ഷം എന്നതുതന്നെയാണ്. ഉദ്ഘാടനവേദിയില്‍ അണിനിരന്ന പാര്‍ട്ടിനേതാക്കളുടെ […]

pinarayi

എത്രയോ കാലമായി നിരന്തരമായി കേള്‍ക്കുന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായിയും ചോദിച്ചത്. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാനസമ്മേളനത്തിലാണ് കേട്ടു കേട്ടു ക്ലീഷേ ആയ ചോദ്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. സത്യത്തില്‍ യഥാര്‍ത്ഥ എഴുത്തുകാര്‍ക്ക് അതില്‍ സംശയമൊന്നുമില്ല. കക്ഷിരാഷ്ട്രീയത്തിനും ജാതി മത ചിന്തകള്‍ക്കും എല്ലാവിധ പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതരായി അവര്‍ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പമായിരിക്കും. എന്നും പ്രതിപക്ഷത്തായിരിക്കും. എന്നാല്‍ പകകസയോ പിണറായിയോ ഉദ്ദേശിക്കുന്ന പക്ഷം അതല്ല എന്നുറപ്പ്. അത് കൃത്യമായി തങ്ങളുടെ രാഷ്ട്രീയപാര്‍്ട്ടിയുടെ പക്ഷം എന്നതുതന്നെയാണ്. ഉദ്ഘാടനവേദിയില്‍ അണിനിരന്ന പാര്‍ട്ടിനേതാക്കളുടെ നിര അത് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. അടുത്തദിവസം സാമൂഹ്യമാധ്യങ്ങളില്‍ വന്ന, ചുവപ്പുവളണ്ടിയര്‍ വേഷത്തിലുള്ള പുകസയുടെ ഒരു ഭാരവാഹിയുടെ വേഷവും തങ്ങളുടെ പക്ഷത്തെ കുറിച്ച് സംശയാതീതമായി നമ്മോടു പറയുന്നു. തീര്‍ച്ചയായും പാര്‍ട്ടികൊടിയും യൂണിഫോമും ധരിക്കാന്‍ തയ്യാറായ കുറെ എഴുത്തുകാരും രംഗത്തുണ്ട.് എന്നാലവര്‍ യഥാര്‍ത്ഥ എഴുത്തുകാരാണോ എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.
പതിവുപോലെ രാജ്യം നേരിടുന്ന വെല്ലുവിളികളെ ചൂണ്ടികാട്ടി അതിലെഴുത്തുകാര്‍ പ്രതികരിക്കണെന്ന് പ്രത്യക്ഷമായും അതിനായി തങ്ങള്‍ക്കൊപ്പം അണിചേരണമെന്ന് പരോക്ഷമായും പറയുന്ന ഇ എം എസ് മുതലുള്ളവര്‍ പയറ്റിയ തന്ത്രം തന്നെയാണ് പിണറായിയും പയറ്റുന്നത്. ആദ്യഘട്ടത്തില്‍ ഇ എം എസ് അതു തുറന്നുതന്നെ പറഞ്ഞിരുന്നു. കെ പി ജിയുമൊക്കെ മഹാനായ കവിയായത് അങ്ങനെയായിരുന്നു. എന്നാല്‍ മികച്ച എഴുത്തുകാരൊന്നും പാര്‍ട്ടിക്കു കീഴ്‌പ്പെടാന്‍ തയ്യാറാകാതിരുന്നപ്പോഴാണ് ഇ എം എസ് നയം മാറ്റിയത്. അതിനുശേഷമാകട്ടെ ജനങ്ങള്‍ക്കൊപ്പം നിന്ന് മികച്ച എഴുത്തുകാരെല്ലാം തങ്ങളുടെ ആളുകളായി വ്യാഖ്യാനിക്കുന്ന തന്ത്രമാണ് പുകസയും പാര്‍ട്ടിയും തുടരുന്നത്. ഇപ്പോള്‍ സമ്മേളനം നടക്കുന്ന തൃശൂരിലെ സംഗീത നാടക അക്കാദമി ഓഡിറ്റോറിയത്തില്‍ പോയാല്‍ കാണുന്ന പോസ്റ്റര്‍ എക്‌സിബിഷനില്‍ അതു പ്രകടമാണ്. വള്ളത്തോള്‍ പോലും അവിടെ പുകസക്കാരനാണ്. പാര്‍ട്ടിയും പുകസയുമെല്ലാം രൂപപ്പെടുന്നതിനു മുമ്പ് ഉണ്ടായ സാസ്‌കാരിക മുന്നേറ്റങ്ങളും ഇവരുടെ അക്കൗണ്ടിലാണ്. സാമ്രാജ്യത്വത്തിനെതിരെ ലോകത്തെങ്ങും ഹൈന്ദവഫാസിസത്തിനെതിരെ രാജ്യത്തെങ്ങും പോരാടുന്ന എഴുത്തുകാരെപോലും പുകസക്കാരനാക്കാനുള്ള ശ്രമം കണ്ടാല്‍ സഹതാപം തോന്നും. ഒരു കാലത്ത് ലോകത്തിന്റെ വലിയൊരു ഭാഗത്ത് ചുവന്ന യൂണിഫോമിട്ട ഭരണാധികാരികള്‍ എഴുത്തുകാര്‍ക്കെതിരെ നടത്തിയ കടന്നാക്രമണങ്ങള്‍ മാത്രം പോസ്റ്ററുകളിലൊന്നും കാണാനില്ല.
വിഭിന്ന ചേരികള്‍ ലോകത്ത് നിലനില്‍ക്കുന്നിടത്തോളം കാലം എഴുത്തുകാരാ നിങ്ങളേത് ചേരിയില്‍ എന്ന പഴയ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ടെന്ന സാമാന്യ പ്രസ്താവനക്കുകീഴിലാണ് ഇത്തവണയും പതിവു പ്രസ്താവനകള്‍ പുറത്തുവരുന്നത്. സംഘപരിവാര്‍ ശക്തികള്‍ക്കൊഴികെ സാമാന്യനിലയില്‍ ആര്‍ക്കും ശരിയാണെന്നു തോന്നുന്ന വാക്കുകളാണ് പിണറായി ആവര്‍ത്തിക്കുന്നത്. ”ഒരു ചേരിയിലുമില്ലെന്ന് പറയുന്നവര്‍ക്കുനേരെയും നാസിസത്തിന്റെ വാള്‍ വന്നുവീണിട്ടുണ്ട്. എഴുത്തുകാര്‍ വലിയ ത്യാഗം ചെയ്യണമെന്ന് പറയുന്നില്ലെങ്കിലും പ്രതികരിക്കാന്‍ തയ്യാറാവണം. ആയുധത്തേക്കാള്‍ മൂര്‍ച്ചയുണ്ട് എഴുത്തിലെ വാക്കുകള്‍ക്കെന്നതാണ് ഗോവിന്ദ് പന്‍സാരെയുടെയും കല്‍ബുര്‍ഗിയുടെയുമെല്ലാം മരണം വ്യക്തമാക്കുന്നത്. എഴുത്തിനെ ഒരുകൂട്ടര്‍ ഭയക്കുന്നതുകൊണ്ടാണ് പെരുമാള്‍ മുരുകന്മാരുണ്ടായത്.
നാഷ്ണല്‍ ബുക്‌സ് ട്രസ്റ്റിന്റെ തലപ്പത്തുനിന്ന് സേതുവിനെ പുകച്ച് പുറത്തുചാടിച്ച് ആര്‍എസ്എസുകാരനായ ബല്‍ദേവ് ശര്‍മയെ അവരോധിച്ചു. സേതുവിന്റേത് വ്യക്തിപരമായ വിഷയമല്ല. സമൂഹത്തിന്റെ പ്രശ്‌നമായി കാണാന്‍ കഴിയണം. ചരിത്രത്തെയും വിദ്യഭ്യാസത്തെയും സംസ്‌കാരത്തെയും കാവിവത്കരിക്കാന്‍ ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സുദര്‍ശന റാവുവിനെ ഐ.സി.എച്ച്.ആര്‍. ചെയര്‍മാനാക്കിയത് ചരിത്രകാരന്‍ എന്നപേരിലല്ല, ആര്‍എസ്എസുകാരന്‍ എന്ന നിലയ്ക്കാണ്. ആര്‍.എസ.്എസുകാരനാവുക എന്നതാണ് യോഗ്യതയുടെ അളവുകോല്‍. ദേശാഭിമാനത്തിന്റെ മാനദണ്ഡം ഹൈന്ദവതയെ അംഗീകരിക്കുന്നുണ്ടോ എന്നതായി. ജാതിയുടെ പേരിലും ഗോമാംസ ഭക്ഷണത്തിന്റെയും പേരില്‍ അക്രമങ്ങള്‍ പെരുകുന്നു. അടിയന്തരാവസ്ഥയില്‍ പോലും സാഹിത്യകാരന്‍മാരെ കൊന്നൊടുക്കിയിട്ടില്ല. കേരളത്തിലും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് പ്രത്യേകത തകര്‍ക്കുന്നു. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ദൗത്യം പുരോഗമന കലാസാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കണം” എന്നിങ്ങനെ പോകുന്നു പിണറായിയുടെ വാക്കുകള്‍. പാര്‍ട്ടി പറഞ്ഞതുപോലെ എഴുതാത്തതിന്റെ പേരില്‍ ലോകത്തിന്റെ പല ഭാഗത്തും പീഡീപ്പിക്കപ്പെട്ട എഴുത്തുകാരേയും സാംസ്‌കാരിക പ്രവര്‍ത്തകരേയും കുറിച്ച് പക്ഷെ പിണറായി മിണ്ടുന്നില്ല. കേരളത്തില്‍തന്നെ പാര്‍ട്ടിനയങ്ങള്‍ക്കെതിരെ നിലപാടെടുത്തവരെ പുകസയില്‍ നിന്ന് പുറത്താക്കിയ സംഭവങ്ങളുണ്ടല്ലോ. സാഹിത്യം മേല്‍ക്കൂരയാണെന്നും അടിത്തറ സാമ്പത്തികമാണെന്നുമുളള പഴയപല്ലവിയില്‍ പിടിച്ചുതൂങ്ങി, അടിത്തറയുടെ വക്താക്കളായതിനാല്‍ തങ്ങള്‍ക്കൊപ്പം അണിനിരക്കുകയാണ് എഴുത്തുകാര്‍ ചെയ്യേണ്ടതെന്നാണ് പിണറായി പറഞ്ഞുവെച്ചത്.
1937 ഏപ്രില്‍ മാസത്തിലാണു പുകസയുടെ മുന്‍ഗാമിയെന്നവകാശപ്പെടുന്ന ജീവല്‍ സാഹിത്യ സംഘം രൂപീകരിച്ചത്. അന്ന് സ്വാതന്ത്ര്യ സമര തീഷ്ണതയും പുതിയ ലോകത്തിനു വേണ്ടിയുള്ള അന്വേഷണങളുമാണ് സാഹിത്യത്തിന്റെയും ഭാഷയുടേയും മേഖലയില്‍ കൂട്ടായ്മ വേണമെന്ന ആശയത്തിലേക്ക് നയിച്ചത്. കേരളത്തില്‍ ജീവല്‍സാഹിത്യ സംഘം രൂപീകരിക്കുന്നതിനു ഒരു വര്‍ഷം മുന്നേ, ലക്‌നോവില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മോളത്തിനോടനുബന്ധിച്ച് പുരോഗമന എഴുത്തുകാരുടെ സംഘം, സജ്ജാസ് സഹീറിന്റെയും മുല്‍ക്ക്‌രാജ് ആനന്ദിന്റെയും മുന്‍ഷി പ്രെചംന്ദിന്റെയും നേത്രുത്വത്തില്‍ ആരംഭിച്ചിരുന്നു. കേരളത്തില്‍ 1944ഓടെ അത് പുരോഗമന സാഹിത്യ സംഘടനയായി വികസിച്ചു. മനുഷ്യനു ഭാവിയുണ്ടെന്ന എം പി പോളിന്റെ പ്രസ്താവനയോടെ ആരംഭിച്ച പുരോഹമന സാഹിത്യ സംഘം, ഭാഷയുടേയും സംസ്‌കാരത്തിന്റെയും മാനവിക സ്വാതന്ത്ര്യത്തിന്റെയും സാമ്പത്തിക പുനര്‍വിതരണത്തിന്റെയും പ്രശ്‌നങളെ മുന്നോട്ട് വെച്ചു. പ്രസ്തുത പ്രസ്ഥാനത്തിന്റെ ശാഖകളിലൊന്നുമാത്രമാണ് ഇന്നത്തെ പുകസ. എഴുത്തുകാര്‍ പ്രതിപക്ഷത്തായിരിക്കണെന്ന അടിസ്ഥാനതത്വംപോലും വിസ്മരിച്ചാണ് പാര്‍ട്ടിക്കുമുന്നിലിവര്‍ അണനിരക്കുന്നത്. സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്ന സ്ഥാനമാനങ്ങളിലിരുന്ന് തിരസ്‌കൃത ജീവിതങ്ങളെ കുറിച്ച് ഇവരെന്തെഴുതാന്‍? അല്ലെങ്കില്‍ രാജ്യത്തെങ്ങും നടക്കുന്ന ദളിത് – ആദിവാസി – സ്ത്രീ – ന്യൂനപക്ഷ മുന്നേറ്റങ്ങള്‍ക്കൊപ്പമല്ലേ ഇവരണിനിരക്കുക? കേരളത്തില്‍ തന്നെ മുത്തങ്ങോടെയാരംഭിച്ച ദളിത് – ആദിവാസി പോരാട്ടങ്ങള്‍ക്കൊപ്പം എഴുതിയ എത്ര പുകസക്കാരനുണ്ട്? കൂട്ടബലാല്‍സംഗത്തിനിരയായ സ്ത്രീയെ അധിക്ഷേപിച്ച നേതാവുപോലും ഉദ്ഘാടനവേദിയില്‍ ഉണ്ടായിരുന്നു എന്നത് എന്തിന്റെ സൂചനയാണ്? പാര്‍ട്ടി കമ്മിസാറുമാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ എഴുതുകയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക എന്ന നിലയില്‍ നിന്ന് എന്നാണ് ഇവര്‍ പുറത്തുവരിക? ഹൈന്ദവഫാസിസത്തെ എതിര്‍ക്കുന്നു എന്നതിന്റെ പേരില്‍ മാത്രം ന്യായീകരിക്കപ്പെടാവുന്ന തെറ്റല്ല അതെന്ന് എന്നാണിവര്‍ തിരിച്ചറിയാന്‍ പോകുന്നത്? അപ്പോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുക മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ ആയിരിക്കില്ല എന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply