ഈ ദുരന്തം നല്‍കുന്ന പാഠം

ഈ തലമുറയെന്നല്ല, അറിയാവുന്നിടത്തോളം മുന്‍തലമുറകളും കടന്നുപോകാത്ത രീതിയിലുള്ള ദുരന്തത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ നേരിട്ടുള്ള പരിചയം മലയാളികള്‍ക്കില്ല. അതിനാല്‍ തന്നെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പരിചയകുറവ് പ്രകടമാണ്. അതേസമയം എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവെച്ച് മലയാളികള്‍ ഒന്നടങ്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളീല്‍ സജീവമാണ്. ഏതുവിഷയത്തേയും കക്ഷിരാഷ്ട്രീയ കണ്ണുകളിലൂടെ കാണുന്ന സ്ഥിരം മനോഭാവം ഇപ്പോെങ്കിലും നമ്മള്‍ ഉപേക്ഷിച്ചിരിക്കുന്നു. അത്രയും നന്ന്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും, ഇന്ത്യയുടെതന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രകൃതിദുരന്തങ്ങളുടേതായ വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കേള്‍ക്കാറുണ്ട്. പക്ഷെ അതൊന്നും സ്വന്തം […]

kkk

ഈ തലമുറയെന്നല്ല, അറിയാവുന്നിടത്തോളം മുന്‍തലമുറകളും കടന്നുപോകാത്ത രീതിയിലുള്ള ദുരന്തത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ നേരിട്ടുള്ള പരിചയം മലയാളികള്‍ക്കില്ല. അതിനാല്‍ തന്നെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പരിചയകുറവ് പ്രകടമാണ്. അതേസമയം എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവെച്ച് മലയാളികള്‍ ഒന്നടങ്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളീല്‍ സജീവമാണ്. ഏതുവിഷയത്തേയും കക്ഷിരാഷ്ട്രീയ കണ്ണുകളിലൂടെ കാണുന്ന സ്ഥിരം മനോഭാവം ഇപ്പോെങ്കിലും നമ്മള്‍ ഉപേക്ഷിച്ചിരിക്കുന്നു. അത്രയും നന്ന്.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും, ഇന്ത്യയുടെതന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രകൃതിദുരന്തങ്ങളുടേതായ വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കേള്‍ക്കാറുണ്ട്. പക്ഷെ അതൊന്നും സ്വന്തം പ്രശ്‌നമായി നമുക്ക് തോന്നാറില്ല. യുദ്ധങ്ങളുടേയോ പാലായനങ്ങളുടേയോ ദുരന്തങ്ങളുടേയോ വലിയ ചരിത്രമൊന്നും നമുക്കില്ല. ആ പരിചയകുറവ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പ്രകടമാണ്. പോലീസിനോ മറ്റു സംവിധാനങ്ങള്‍ക്കോ കാര്യമായി ഒന്നും ചെയ്യാനാവുന്നില്ല. അതിനവരെ കുറ്റപ്പെടുത്താനാവില്ലതാനും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക നമുക്ക് സൈന്യം തന്നെയാണ്. അതേസമയം ചാനലുകളും സോഷ്യല്‍ മീഡിയയും ഇക്കാര്യത്തില്‍ മാതൃകാപരനമായ ഇടപെടലാണ് നടത്തുന്നത്. ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറമെന്‍മാരുമാണ് ഒരുപക്ഷെ ഈ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും അഭിനന്ദനാര്‍ഹമായ രീതിയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ചാനലുകളെ ആവശ്യത്തിനും അനാവശ്യത്തിനും വിമര്‍ശിച്ചവരുടെയല്ലാം വായടപ്പിച്ചിരിക്കുകയാണവര്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും അവര്‍ക്കു പുറകെയാണ് നീങ്ങുന്നത്. സമീപകാലത്ത് വളരെ മോശം ഇടപെടലുകള്‍ നടത്തിയ സാമൂഹ്യമാധ്യമങ്ങള്‍ ഈ വിഷയത്തില്‍ അഭിനന്ദനാര്‍ഹമായ രീതിയിലാണ് ഇടപെടുന്നതെന്നും പറയാതെവയ്യ.
ഒരുകാര്യം പക്ഷെ പറയാതെവയ്യ. അടുത്തകാലത്തൊന്നും ഇത്തരത്തിലുള്ള പേമാരി കേരളം കണ്ടിട്ടില്ലെങ്കിലും കണക്കുകള്‍ നോക്കിയാള്‍ നമുക്ക് താങ്ങാവുന്നതിനേക്കാള്‍ ഭീകരമൊന്നുമല്ല അത്. പ്രകൃതിദുരന്തങ്ങളെല്ലാം മനുഷ്യനിര്‍മ്മിതമാണെന്ന നിലപാട് ശരിയല്ല എന്നതില്‍ സംശയമില്ല. സുനാമിയും ഓഖയും ഇതുപോലുള്ള രൂക്ഷമായ പേമാരിയൊന്നും മനുഷ്യന്‍ പ്രകൃതിയോടുചെയ്യുന്ന ദ്രോഹങ്ങള്‍ക്കുള്ള മറുപടിയാണെന്നു പറയാനാകില്ല. പ്രകൃതിയുടെ അനന്തമായ ചരിത്രത്തില്‍ ഇതനേക്കാള്‍ എത്രയോ ഭയാനകമായ ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പരിസ്്ഥിതി മൗലികവാദം വികസനമൗലികവാദത്തേയും മറ്റെല്ലാ മൗലികവാദങ്ങളേയും പോലെ അപകടകരം തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ പെയ്ത പേമാരിയെ ഉള്‍ക്കൊള്ളാനും മെരുക്കാനും കേരളത്തിനു പറ്റാതിരുന്നതിനു കാരണം മനുഷ്യനിര്‍മ്മിതികള്‍ തന്നെയാണ്. പ്രകൃതിയോടിണങ്ങിയുള്ള വികസനമാണ് നമ്മള്‍ സൃഷ്ടിച്ചിരുന്നെങ്കില്‍ ഇതൊരു ഭീകര ദുരന്തമാകുമായിരുന്നില്ല. പേമാരിയില്‍ നമുക്ക് നിയന്ത്രണമില്ലെങ്കിലും അതേതുടര്‍ന്നുള്ള ദുരന്തങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നു. അവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് നമ്മള്‍ തന്നെയാണ്. എല്ലാം പറയുന്ന കൂട്ടത്തില്‍ ഈ അവസരത്തില്‍ തന്നെ അതും പറയാതിരുന്നാല്‍ വരും തലമുറകളോടു ചെയ്യുന്ന വഞ്ചനയായിരിക്കുമത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ആര്‍ക്കും മനസ്സിലാകുന്ന രണ്ടു ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാം. ഒന്ന് പശ്ചിമഘട്ട പര്‍വ്വതനിരകളുമായി ബന്ധപ്പെട്ടും രണ്ട് സമതലങ്ങളിലെ നീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ടും. ഇപ്പോള്‍ നടന്ന ദുരന്തങ്ങളില്‍ ഏറ്റവും രൂക്ഷമായത് ഉരുള്‍പൊട്ടലുകളായിരുന്നല്ലോ. നമ്മുടെ പര്‍വ്വതനിരകള്‍ എത്രമാത്രം പരിസ്ഥിതി ലോലപ്രദേശങ്ങളണെന്നതിനു ഇതിനേക്കാള്‍ വലിയ തെളിവ് മറ്റെന്തുവേണം? ഇതുപക്ഷെ അംഗീകരിക്കാന്‍ നമ്മുടെ മുഖ്യധാരാരാഷ്ട്രീയം തയ്യാറാകുന്നില്ല എന്നതാണ് ഖേദകരം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനാല്‍, ആവര്‍ത്തനവിരസത നേരിടുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടുള്ള മുഖ്യധാരാകേരളത്തിന്റെ സമീപനം തന്നെ പരിശോധിച്ചാല്‍ ഇതു ബോധ്യപ്പെടുമല്ലോ. ശരിയാണ്. പശ്ചിമഘട്ടം വെട്ടിപിടിച്ച് കൃഷിചെയ്യാനാരംഭിച്ച അധ്വാനത്തെ ആഘോഷിച്ചവരാണ് നാം. അക്കാലഘട്ടത്തില്‍ അതു തെറ്റാണെന്നു പറയാന്‍ തക്ക ദീര്‍ഘദൃഷ്ടി ആര്‍ക്കുമുണ്ടായിരുന്നില്ല. കേരളചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട അധ്യായം തന്നെയായിരുന്നു ഈ കുടിയേറ്റം. എന്നാല്‍ ഇന്നതല്ലല്ലോ അവസ്ഥ. ഇത്രമാത്രം കുടിയേറ്റം താങ്ങാനുള്ള കരുത്ത് പശ്ചിമഘട്ടത്തിനില്ല എ്ന്നു പകല്‍പോലെ വ്യക്തമായി. അതിന്റെ ശക്തമായ പ്രഖ്യാപനമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. എന്നാലതിനെ എങ്ങനെയാണ് നാം നേരിട്ടത് എന്നതിനു വര്‍ത്തമാനകാല ചരിത്രം സാക്ഷി. പശ്ചിമഘട്ടം കയ്യേറി തകര്‍ത്തു തരിപ്പണമാക്കിയ നൂറുകണക്കിനു ക്വാറികള്‍ക്കൊപ്പമാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമുദായിക സംഘടനകളും നിന്നത്. എതിര്‍ത്തു പറഞ്ഞവരെല്ലാം വികസനവിരുദ്ധരും കര്‍ഷകവിരുദ്ധരുമായി ചിത്രീകരിക്കപ്പെട്ടു. ഇന്നിതാ ആരാണ് ശരിയെന്നു വ്യക്തമായിരിക്കുന്നു. ഓരോ ഉരുള്‍പ്പൊട്ടലും പ്രഖ്യാപിക്കുന്നത് അതാണ്. ഇനിയെങ്കിലും ഗാഡ്ഗിലിനോട്് നമ്മളെടുത്ത നിലപാടു പുനപരിശോധിക്കണം. ഇതു പറയേണ്ട സമയം ഇതുതന്നെയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കി കേരളത്തെ രക്ഷിക്കുമെന്ന് പ്രഖ്യാപിക്കാന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ട സമയമാണിത്.
മറ്റൊന്നു നെല്‍വയല്‍ നീര്‍ത്തട സംരക്ഷണമാണ്. സാമാന്യം ജലസമൃദ്ധിയുള്ള കേരളത്തില്‍ ആ ജലത്തെ സ്വീകരിക്കുന്നത് വയലുകളും നീര്‍ത്തടങ്ങളുമാണെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. എന്നാല്‍ വികസനത്തെ കുറിച്ചുള്ള തല തിരിഞ്ഞ വിശ്വാസങ്ങള്‍ ഇവയെ ഏറെക്കുറെ ഇല്ലാതാക്കി. അവശേഷിക്കുന്ന പാടങ്ങളും നീര്‍ത്തടങ്ങളും സംരക്ഷിക്കാനായി പാസാക്കിയ നിയമം പോലും ഭേദഗതി ചെയത് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ മഹാദുരന്തം സംഭവിച്ചിരിക്കുന്നത്. സ്വന്തം പാത നഷ്ടപ്പെട്ട ജലപ്രവാഹം മറ്റെന്താണ് ചെയ്യുക? വയലുകള്‍ മാത്രമല്ല, നദികളും നാം കയ്യേറി. സത്യത്തില്‍ സ്വന്തം ഭൂമിയാണ് ഇപ്പോള്‍ നദികള്‍ തിരിച്ചുപിടിക്കുന്നത്. പക്ഷെ അതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്നതില്‍ ഭൂരിപക്ഷവും ഈ വികസനത്തിന്റെ വേട്ടക്കാരല്ല, ഇരകളാണെന്നു മാത്രം. അതോടൊപ്പം പ്രസക്തമാണ് ഡാമുകളുടെ വിഷയവും. ഡാമുകളാണ് ദേവാലയങ്ങള്‍ എന്നു ഒരു ഘട്ടത്തില്‍ നാം കരുതി. പ്രതേകിച്ച് വൈദ്യുതോല്‍പ്പാദനത്തിനും ജലസേചനത്തിനും. അവിടേയും കാലം മാറുന്നത് നാം തിരിച്ചറിയുന്നില്ല. ഈ രണ്ടാവശ്യത്തിനും ഇന്ന ഡാമുകളേക്കാള്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. ഈയവസരത്തിലെങ്കിലും ഡാമുകളുടെ പ്രസക്തി പുനപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകം മുുവന്‍ ആ ദിശയിലാണ് ചിന്തിക്കുന്നത്. കവിഞ്ഞ മാസം ലാവോസിലുണ്ടായ ഡാം ദുരന്തവും നല്‍കുന്ന സൂചന മറ്റൊന്നല്ല. എന്നാല്‍ നമ്മുടെ ആവശ്യം അതിരപ്പിള്ളിയാണ്.
ഈ ദുരന്തം കേരളത്തിനു നല്‍കുന്ന സന്ദേശങ്ങള്‍ നിരവധിയാണ്. അതില്‍ പ്രധാനം വികസനവും പരിസ്ഥിതിയുമായുള്ള ബന്ധത്തില്‍ ശരിയായ നിലപാടെടുക്കുക എന്നതാണ്. പരിസ്ഥിതി തകര്‍ത്തുള്ള ഒരു വികസനവും നമുക്കാവശ്യമില്ല. എളുപ്പം മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ നെല്‍പ്പാടങ്ങള്‍ നശിപ്പിച്ചല്ല ദേശീയപാതക്ക് ബൈപാസ് ഉണ്ടാക്കേണ്ടത്. എല്ലാ മേഖലയിലും ഇത്തരത്തിലുള്ള കര്‍ശനമായ നിലപാടെടുക്കാന്‍ നാം തയ്യാറാകണം. പശ്ചിമഘട്ടവും നീര്‍ത്തടങ്ങളും വയലുകളും തീരദേശവും സംരക്ഷിക്കപ്പെടണം. ഇവയെല്ലാം സംരക്ഷിച്ചുള്ളതായിരിക്കണം വരുംകാല വികസനം. അഥവാ അതാണ് വികസനമെന്നംഗീകരിക്കാനെങ്കിലും ഈ ദുരന്തവേളയില്‍ നാം തയ്യാറാകണം. അല്ലാത്തപക്ഷം ഇനിയും ഇത്തരമൊരു ദുരന്തം നേരിടാന്‍ കേരളം ബാക്കിയുണ്ടാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply