ഇറോം ശര്‍മിള പറയേണ്ടിയിരുന്നത്

സിവിക് ചന്ദ്രന്‍ പത്തു വര്‍ഷം മുമ്പായിരുന്നു ആ യാത്ര. ഒരു പൂക്കാരിയടക്കം ഇരുപതോളം പേര്‍. ചേര്‍ത്തലയില്‍നിന്ന് ഇംഫാലിലേക്ക്. ചേര്‍ത്തലയില്‍നിന്നായത് അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി ചേര്‍ത്തല നിയോജകമണ്ഡലത്തില്‍ നിന്നായതിനാല്‍. യാത്ര ഇംഫാലിലേക്കായത് പട്ടാളാതിക്രമ നിയമത്തിനെതിരേ അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കുന്ന ഇറോം ശര്‍മിള ഇംഫാല്‍ ജയിലിനോടനുബന്ധിച്ച ആശുപത്രിയിലായതിനാല്‍. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമായൊരു നാടകം കൂടെയുണ്ടായിരുന്നു. കര്‍ഫ്യൂവും ബ്ലാക്കൗട്ടും പ്രഖ്യാപിക്കപ്പെട്ടിരുന്നതിനാലും ഇറോം ശര്‍മിളയെ കാണാന്‍ അനുവദിക്കപ്പെടാത്തതിനാലും ഒരാഴ്ച ഞങ്ങള്‍ ഇംഫാലില്‍ കുടുങ്ങിക്കിടക്കേണ്ടിവന്നു. എന്നിട്ടും ആശുപത്രിയിലേക്ക് ഒളിച്ചുകടന്ന് ഞങ്ങളവരെ സന്ദര്‍ശിക്കുക തന്നെ […]

iromസിവിക് ചന്ദ്രന്‍

പത്തു വര്‍ഷം മുമ്പായിരുന്നു ആ യാത്ര. ഒരു പൂക്കാരിയടക്കം ഇരുപതോളം പേര്‍. ചേര്‍ത്തലയില്‍നിന്ന് ഇംഫാലിലേക്ക്. ചേര്‍ത്തലയില്‍നിന്നായത് അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി ചേര്‍ത്തല നിയോജകമണ്ഡലത്തില്‍ നിന്നായതിനാല്‍. യാത്ര ഇംഫാലിലേക്കായത് പട്ടാളാതിക്രമ നിയമത്തിനെതിരേ അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കുന്ന ഇറോം ശര്‍മിള ഇംഫാല്‍ ജയിലിനോടനുബന്ധിച്ച ആശുപത്രിയിലായതിനാല്‍. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമായൊരു നാടകം കൂടെയുണ്ടായിരുന്നു. കര്‍ഫ്യൂവും ബ്ലാക്കൗട്ടും പ്രഖ്യാപിക്കപ്പെട്ടിരുന്നതിനാലും ഇറോം ശര്‍മിളയെ കാണാന്‍ അനുവദിക്കപ്പെടാത്തതിനാലും ഒരാഴ്ച ഞങ്ങള്‍ ഇംഫാലില്‍ കുടുങ്ങിക്കിടക്കേണ്ടിവന്നു. എന്നിട്ടും ആശുപത്രിയിലേക്ക് ഒളിച്ചുകടന്ന് ഞങ്ങളവരെ സന്ദര്‍ശിക്കുക തന്നെ ചെയ്തു. ജനലഴികള്‍ക്കിടയിലൂടെ അവരുടെ വിരലില്‍ തൊട്ടതിന്റെ ആത്മീയാനുഭവം ഇപ്പോഴും എന്റെ വിരല്‍ത്തുമ്പത്തുണ്ട്. പ്രണയത്തിനും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് തോറ്റശേഷം വിശ്രമത്തിനുമായി കേരളത്തിലെത്തിയതാണ് ഇറോം ശര്‍മിള. അവരെപ്പോയി കാണാനും അവരെക്കുറിച്ചു പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കോപ്പി നല്‍കാനും അവരെക്കുറിച്ച് നൂറുകണക്കിന് വേദികളില്‍ അവതരിപ്പിച്ച നാടകം കാണിക്കാനും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ക്കിപ്പോള്‍ ആവശ്യം വിശ്രമമാണ്; തല്‍ക്കാലം അവര്‍ വിശ്രമിക്കട്ടെ. എന്നിട്ടും കേരളത്തിലെത്തിയ അന്നു മുതല്‍ അവര്‍ മാധ്യമ വെളിച്ചങ്ങള്‍ക്കിടയില്‍ പെട്ടുപോയി. പിന്നെ സ്വീകരണങ്ങളില്‍നിന്നു സ്വീകരണങ്ങളിലേക്ക്. ഇതിനിടയില്‍ കണ്ണാടിയിലൊന്നു സ്വന്തം മുഖം നോക്കാന്‍ പോലും ഇടം കിട്ടിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.16 വര്‍ഷം സമ്പൂര്‍ണമായും അന്നപാനാദികള്‍ നിരസിച്ച് അവര്‍ പൊരുതിയത് പട്ടാളാതിക്രമ കരിനിയമത്തിന് (എഎഫ്എസ്പിഎ) എതിരായിരുന്നു. കശ്മീര്‍ മുത ല്‍ ഏഴു കിഴക്കന്‍ സംസ്ഥാനങ്ങള്‍ വരെ അക്ഷരാര്‍ഥത്തില്‍ പട്ടാളാതിക്രമങ്ങള്‍ക്കു കീഴിലാണ്. അതിനവര്‍ക്കു ലഭിക്കുന്ന നിയമസംരക്ഷണമാണ് എതിര്‍ക്കപ്പെടുന്നത്. ഇന്ത്യയുടെ ആഭ്യന്തരാഭിനിവേശത്തിനെതിരേ ഇന്ത്യന്‍ പട്ടികളേ പുറത്തുപോവൂ എന്ന് അതിര്‍ത്തിപ്രദേശങ്ങള്‍ ഗര്‍ജിക്കുന്നത് പട്ടാളാതിക്രമങ്ങള്‍ കൊണ്ടു കൂടിയാണ്. പൗരനെന്നാല്‍ വെറുമൊരു വോട്ടറോ പ്രജയോ അല്ല, ജനാധിപത്യാവകാശങ്ങളുള്ള മനുഷ്യന്‍ കൂടിയാണ്. അതുകൊണ്ട് ഇറോം ശര്‍മിളയുടെ പോരാട്ടം പ്രതിനിധീകരിക്കുന്നത് പ്രാഥമിക പൗരാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തെയാണ്. കേരളത്തില്‍ അഭയംതേടുമ്പോള്‍, കേരളത്തിലെ മുഖ്യമന്ത്രിയെ അടക്കം കാണുമ്പോള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന യുഎപിഎ അടക്കമുള്ള കരിനിയമങ്ങള്‍ക്കെതിരേ കൂടി ഇറോം ശര്‍മിള ശബ്ദമുയര്‍ത്തേണ്ടതുണ്ടായിരുന്നു. മലയാളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കരിനിയമങ്ങള്‍ തുറന്നുകാട്ടാനും പൊതുജനാഭിപ്രായം സ്വരൂപിക്കാനും ആ ശ്രമം മാത്രം സഹായകമാവുമായിരുന്നു. ജനകീയനേതാക്കള്‍ എന്തേ മുഖ്യധാരയിലെ പൊതുതിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാത്തതെന്നു പൊതുവെ ചോദിക്കപ്പെടാറുണ്ട്. ഇറോം ശര്‍മിളയുടെ ദയനീയമായ തിരഞ്ഞെടുപ്പു പരാജയമാണ് ആ ചോദ്യത്തിനുള്ള അവസാനത്തെ മറുപടി. നര്‍മദയില്‍നിന്ന് മേധാപട്കറും കൂടംകുളത്തുനിന്ന് ഉദയകുമാറും ഇതേ തോല്‍വിയിലൂടെ നേരത്തേ കടന്നുപോയവരാണ്. ജനകീയ സമരങ്ങളുടെയും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെയും രസതന്ത്രങ്ങള്‍ വേറെയാണെന്നാണ് ഇതു തെളിയിക്കുന്നത്. അതുകൊണ്ട് സി കെ ജാനു നിയമസഭയിലെത്തുകയോ പിണറായി വിജയ ന്‍ ജനകീയസമരങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാനിടയില്ല. ഈ നില തുടരുന്നിടത്തോളം നമുക്ക് രാഷ്ട്രീയകക്ഷികള്‍ മാത്രമല്ല, ജനകീയ പ്രസ്ഥാനങ്ങളുമുണ്ടാവും. രണ്ടു കൂട്ടരും പരസ്പര സമ്മര്‍ദം ചെലുത്തുന്നതും തുടരും. ലാറ്റിനമേരിക്കയിലെ പോലെ ഇവര്‍ പരസ്പരമൊരു ഹാര്‍മണി കണ്ടെത്തുക മാത്രമാവാം നമ്മുടെ മുന്നിലെ പോംവഴി.ഇറോം ശര്‍മിളയെ നേരിട്ടുകാണാനുള്ള ഞങ്ങളുടെ യാത്രയ്ക്കിടയിലാണ് അരുന്ധതീറോയി മാവോവാദികള്‍ക്കുവേണ്ടി പരസ്യമായി രംഗത്തുവന്നത് എന്ന് ഓര്‍മിക്കുന്നു. അതെ, ഇന്ത്യയുടെ പ്രതിപക്ഷമാവാന്‍ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികള്‍ കൂടാതെ രണ്ടുകൂട്ടര്‍ ശ്രമിക്കുന്നുണ്ട്. നിലവിലുള്ള ഭരണകൂടത്തെ സായുധമായി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോവാദികളും ജനാധിപത്യ ഇന്ത്യയുടെ അജണ്ടയില്‍ തങ്ങള്‍ക്കിടം ലഭിക്കാന്‍ ജനാധിപത്യപരമായി തന്നെ പൊരുതുന്ന നവസാമൂഹിക പ്രസ്ഥാനങ്ങളും. ആദ്യത്തേത് അക്രമത്തെ ആദര്‍ശവല്‍ക്കരിക്കുമ്പോ ള്‍ (അധികാരം തോക്കിന്‍കുഴലിലൂടെ എന്നാണല്ലോ മാവോയിസ്റ്റ് മുദ്രാവാക്യം) ജനാധിപത്യത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഇടം ലഭിക്കാന്‍ വേണ്ടി നിരായുധരായി പൊരുതുകയാണ് രണ്ടാമത്തെ കൂട്ടര്‍. ചോര വീഴ്‌ത്തേണ്ടിവരുകയാണെങ്കി ല്‍ അതു മറ്റൊരാളുടേതാവില്ല, സ്വന്തം ചോരതന്നെയായിരിക്കും എന്നു ശഠിക്കുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളുമായാണ് ഒരു ജനാധിപത്യ ഭരണകൂടം യഥാര്‍ഥത്തില്‍ സംഭാഷണത്തിനൊരുങ്ങേണ്ടത്. ജനാധിപത്യത്തില്‍ ജനാധിപത്യപരമായ ഇടങ്ങളുണ്ട് എന്നു സ്ഥാപിക്കേണ്ടത് ജനാധിപത്യത്തിന്റെ തന്നെ ആവശ്യമാണല്ലോ. അതുകൊണ്ട് ഇറോം ശര്‍മിളയുടെ നിരാഹാരസമരത്തെ തന്നെ വച്ച് അരുന്ധതിയുമായി ഒരു സംവാദത്തിലേര്‍പ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. സി കെ ജാനുവും സാറാജോസഫും ഞാനും ചേര്‍ന്ന് അരുന്ധതിക്കെഴുതിയ തുറന്ന കത്ത് പക്ഷേ, ഒരു സംവാദത്തിന്റെ തുറവിയിലേക്കു നയിക്കപ്പെട്ടില്ല എന്നതു നിര്‍ഭാഗ്യകരം.ഒരു ദേവതയോ രക്തസാക്ഷിയോ അല്ല ഞാന്‍, വെറുമൊരു മനുഷ്യസ്ത്രീ എന്നു നിരാഹാര സമരത്തിനിടയില്‍ പ്രഖ്യാപിച്ച, തന്റെ പ്രണയം തുറന്നുപറഞ്ഞ ഇറോം ശര്‍മിള മരണത്തെയും ജീവിതത്തെയും സംബന്ധിച്ച ചില പുനരാലോചനകള്‍ക്കു കൂടി അവസരം നല്‍കുകയുണ്ടായി. 70, 80കള്‍ വരെ ആഘോഷിക്കപ്പെട്ടിരുന്നത് ഒരു റാഡിക്കല്‍ ഏതു മരണം തിരഞ്ഞെടുക്കുന്നു എന്നതാണ്. ഹിമാലയത്തേക്കാ ള്‍ മഹത്തായ മരണമോ പക്ഷിത്തൂവലിനേക്കാള്‍ ലഘുവായ മരണമോ? എന്നാലിപ്പോള്‍ നമുക്ക് ഉറക്കെ ചോദിക്കാനുള്ളത് മറ്റൊരു ചോദ്യമാണ്. ഏതു ജീവിതമാണു നാം തിരഞ്ഞെടുക്കുന്നത്? ഹിമാലയത്തേക്കാള്‍ മഹത്തായ ജീവിതമോ പക്ഷിത്തൂവലിനേക്കാള്‍ ലഘുവായ ജീവിതമോ? ഏതു മരണം എന്നതിലല്ല തിരഞ്ഞെടുപ്പ്, ഏതു ജീവിതം എന്നതിലാണ്. രക്തസാക്ഷിത്വത്തിന്റെ ആദര്‍ശവല്‍ക്കരണത്തിനെതിരേ ഒരുപ്രതി ആലോചന തുടങ്ങിവയ്ക്കാന്‍ ഇറോം ശര്‍മിളയുടെ സാന്നിധ്യം മലയാളികളെ സഹായിക്കേണ്ടതായിരുന്നു.ഛെ, ഇത്രയും ത്യാഗം സഹിച്ച ഒരു ഇതിഹാസത്തെ നിരസിച്ചുകളഞ്ഞല്ലോ നന്ദികെട്ട വടക്കുകിഴക്കന്‍ പരിഷകള്‍ എന്ന പരിഹാസം കേരളത്തില്‍ പ്രബലമാണ്. കക്ഷിരാഷ്ട്രീയം ബലികൊടുത്ത എത്രയോ വിപ്ലവകാരികളാണ് കേരളത്തിലുള്ളതെന്ന് ഇറോം ശര്‍മിളയോട് തിരിച്ചാരെങ്കിലും പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല. ഒരു അലൂമിനിയം പാത്രവും കള്ളിമുണ്ടും മാത്രം സ്വന്തമായുണ്ടായിരുന്ന ആര്‍ സുഗതനെ കെട്ടിവച്ച കാശുപോലും തിരിച്ചുനല്‍കാതെ തോല്‍പിച്ച ജനതയാണ് മലയാളികളെന്ന് ആലപ്പുഴക്കാരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. തൂക്കുമരത്തിനു കീഴില്‍നിന്ന് ഇറങ്ങിവന്ന കെ പി ആര്‍ ഗോപാലന് എത്ര അനാഥമായ വാര്‍ധക്യമാണ് കേരളം നല്‍കിയതെന്ന് കണ്ണൂരുകാരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. അടിയോരുടെ പെരുമന്‍ എന്ന് ദശകങ്ങളായി ഘോഷിക്കപ്പെടുന്ന എ വര്‍ഗീസിനെ വെറുമൊരു ക്രിമിനല്‍ എന്നു ചാപ്പയടിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ കാലത്തുമാണ് ഇറോം ശര്‍മിള കേരളത്തിലുള്ളത്. വിശ്രമിക്കാനും തന്റെ സ്വകാര്യപൊതു ജീവിതങ്ങള്‍ പുനപ്പരിശോധിക്കാനുമായി കേരളത്തിലെത്തിയ ആ പെണ്‍കുട്ടിക്ക് ഒന്നു വെറുതെയിരിക്കാന്‍ ഇടം നല്‍കിയില്ല എന്നതിന്റെ പേരില്‍ നാം മലയാളികള്‍ പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഞാന്‍ ഭയപ്പെടുന്നു. മാധ്യമ ആള്‍ക്കൂട്ട ഓളങ്ങളില്‍പ്പെട്ടുപോയി പറയേണ്ടതൊന്നും പറയാനില്ല എന്നതില്‍ ഇറോം ശര്‍മിളയും പശ്ചാത്തപിക്കേണ്ടിവരും.

ജനശക്തി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply