ഇതു മനുസ്മൃതിയല്ലാതെന്ത്..??

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളം ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണല്ലോ. വ്യക്തമായ തെളിവുകളില്ലാതെ പോലീസും കുഴയുകയാണ്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ശക്തമായ പ്രചരണങ്ങളിം പ്രക്ഷോഭങ്ങളും തുടരുകയാണ്. തീര്‍ച്ചയായും വളരെ പ്രതീക്ഷ നല്‍കുന്നതാണിത്. അപ്പോഴും ഈ പ്രക്ഷോഭങ്ങളെ ഒരു പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടത് അനിവാര്യമാണ്. കാരണം ഈ പ്രക്ഷോഭങ്ങളിലും അറിഞ്ഞോ അറിയാതേയോ മലയാളികള്‍ക്ക് ഹിഡന്‍ അജണ്ടകളുണ്ട് എന്നതുതന്നെയാണ്. അതിലേറ്റവും മുഖ്യം മനുസ്മൃതിതന്നെ. പിന്നെ കേരളത്തിന്റെ അവസ്ഥയില്‍ സ്വാഭാവികമായ കക്ഷിരാഷ്ട്രീയവും. തീര്‍ച്ചയായും മനുസ്മൃതി എന്നു പറയുമ്പോള്‍ പ്രബുദ്ധമലയാളി നെറ്റിചുളിക്കും. കാരണം ആ […]

mmm

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളം ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണല്ലോ. വ്യക്തമായ തെളിവുകളില്ലാതെ പോലീസും കുഴയുകയാണ്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ശക്തമായ പ്രചരണങ്ങളിം പ്രക്ഷോഭങ്ങളും തുടരുകയാണ്. തീര്‍ച്ചയായും വളരെ പ്രതീക്ഷ നല്‍കുന്നതാണിത്. അപ്പോഴും ഈ പ്രക്ഷോഭങ്ങളെ ഒരു പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടത് അനിവാര്യമാണ്. കാരണം ഈ പ്രക്ഷോഭങ്ങളിലും അറിഞ്ഞോ അറിയാതേയോ മലയാളികള്‍ക്ക് ഹിഡന്‍ അജണ്ടകളുണ്ട് എന്നതുതന്നെയാണ്. അതിലേറ്റവും മുഖ്യം മനുസ്മൃതിതന്നെ. പിന്നെ കേരളത്തിന്റെ അവസ്ഥയില്‍ സ്വാഭാവികമായ കക്ഷിരാഷ്ട്രീയവും.
തീര്‍ച്ചയായും മനുസ്മൃതി എന്നു പറയുമ്പോള്‍ പ്രബുദ്ധമലയാളി നെറ്റിചുളിക്കും. കാരണം ആ ഘട്ടമൊക്കെ നാം മറികടന്നു എന്നും സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെല്ലാമെതിരെ പ്രത്യക പീഡനമൊന്നും കേരളത്തിലില്ല എന്നാണല്ലോ പൊതുവിലുള്ള വാദം. മറ്റെല്ലാ മേഖലയിലുമെന്നപോലെ കുറ്റകൃത്യങ്ങളിലും അത്തരത്തിലുള്ള വിവേചനങ്ങള്‍ നിലവിലില്ല എന്നു വാദിക്കുന്നവര്‍ നിരവധിയാണ്. അതിനാല്‍തന്നെ സ്വത്വവാദത്തിനു പ്രസക്തിയില്ല എന്നും എല്ലാവരും മനുഷ്യരാണെന്നും. ഈ വാദങ്ങള്‍ക്ക് ഉപോല്‍ഫലകമായി മറ്റു സംസ്ഥാനങ്ങളെ അപഹസിക്കാനും നമുക്ക് മടിയില്ല. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. ജിഷയുടെ വിഷയത്തില്‍ തെളിഞ്ഞുവരുന്നത് മനുസ്മൃതിയല്ലാതെ മറ്റെന്താണ്? സ്ത്രീകള്‍ക്കും കീഴാളര്‍ക്കും മനുഷ്യാവകാശങ്ങളും തുല്ല്യതയും നിഷേധിക്കുന്ന മനുസ്മൃതി വചനങ്ങളല്ലേ ഈ സംഭവത്തിലും പ്രകടമാകുന്നത്. നിര്‍ഭാഗ്യമെന്നു കരുതട്ടെ ജിഷാവധത്തിനെതിരായ പ്രക്ഷോഭങ്ങളിലും ഈ സാന്നിധ്യം പ്രകടമാണെന്നു കാണാം. മറ്റൊരു പ്രവണത് സംഭവത്തെ സ്ത്രീവിഷയമായി ഒരു വിഭാഗം അംഗീകരിക്കുന്നു, എന്നാല്‍ ജാതിപ്രശ്‌നം കണ്ടില്ലെന്നു നടിക്കുന്നു, മറ്റൊരു വിഭാഗം തിരിച്ചും വാദിക്കുന്നു എന്നതാണ്. ഇതുരണ്ടും ചേര്‍ന്നതിന്റെ ദുരന്തമാണ് ജിഷയും കുടുംബവും നേരിട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം.
രാജ്യത്തിനു മാതൃകയായി എന്ന അവകാശവാദത്തില്‍ കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിലൂടെ ദളിതനു ഒരു നേട്ടവും ലഭിച്ചില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ വീണ്ടും വീണ്ടും പ്രകടമാകുന്നത്. വളരെ പ്രാഥമികമായ ഒരു ഘട്ടം നടപ്പാക്കിയാണ് നാം ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ ഊറ്റം കൊണ്ടത്. എന്നാല്‍ ഭൂമി ലഭിച്ചത് അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്കായിരുന്നില്ല. ഇതേകുറിച്ച് ഇന്ന് നിരവധി പഠനങ്ങള്‍ വന്നുകഴിഞ്ഞു. രണ്ടാം ഘട്ട ഭൂപരിഷ്‌കരണത്തിനായി ശബ്ദമുയര്‍ത്തുകയും പോരാട്ടത്തിനിറങ്ങുകയും ചെയത് ദളിത് – ആദിവാസി സംഘടനകളോടും അവരുടെ പ്രക്ഷോഭങ്ങളോടും ‘പ്രബുദ്ധ’കേരളം സ്വീകരിച്ച നിലപാട് നാം പലപ്പോഴും കണ്ടു. ദളിതന് ഭൂമിക്കോ വിദ്യാഭ്യാസത്തിനോ മാന്യമായ തൊഴിലിനോ അവകാശമില്ല എന്ന മനുസ്മൃതി പ്രമാണം തന്നെയല്ലേ ഇവിടെ നടപ്പായത്..? അവസാനഘട്ടത്തില്‍പോലും ഒരു കൂരക്കായുള്ള ന്യായമായ അവകാശത്തിനുവേണ്ടി അധികാരികളുടേയും ജനപ്രതിനിധികളേയും പലവട്ടം സമീപിച്ച ജിഷയുടെ കുടുംബത്തിനുണ്ടായ അനുഭവങ്ങളും പുറത്തുവന്നു കഴിഞ്ഞു. നിരാംലംബയായ ഈ പെണ്‍കുട്ടിയുടെ അറുംകൊലക്കുശേഷവും അഞ്ചുദിവസത്തെ ബോധപൂര്‍വ്വമായ അവഗണനയാല്‍ തെളിവുകളെല്ലാം നഷ്ടപ്പെട്ടതും നാം കണ്ടു. ജീവിച്ചിരുന്നപ്പോള്‍ നീതി ലഭിക്കാതിരുന്ന ജിഷക്കു മരണത്തിനുശേഷവും നീതി ലഭിച്ചില്ല. അതിനു പ്രധാന കാരണം അവര്‍ ദളിത് ആയതുതന്നെ. അഥവാ ഇന്നും നമ്മെ നയിക്കുന്ന മനുസ്മൃതിയുടെ സ്വാധീനം തന്നെ.
ഇനി സംഭവത്തിന്റെ മറുവശം. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നു പ്രഖ്യാപിക്കുന്ന മനുവചനത്തിന്റെ സ്വാധീനത്തില്‍ നിന്ന് ഇന്നും കേരളം വിമുക്തമാണോ? അല്ലെഹഅകില്‍ നോക്കൂ, ജിഷയുടെ വധത്തില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നവരില്‍ മഹാഭൂരിപക്ഷവും പറയുന്നതെന്താണ്? സ്ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടവരാണ് എന്നല്ലേ.. അതായത് ബാല്യത്തില്‍ പിതാവിനാലും യൗവനത്തില്‍ ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ മകനാലും സംരക്ഷിക്കപ്പെടേണ്ടവള്‍… ഈ സംരക്ഷണം പീഡനത്തിന്റെ മറുവശം തന്നെയല്ലേ..? സ്ത്രീയുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും അംഗീകരിക്കുക മാത്രമല്ലേ നാം ചെയ്യേണ്ടതുള്ളു. അവരെ സംരക്ഷിക്കേണ്ട ആവശ്യമെന്താണ്? അതിനുള്ള അവകാശമെന്താണ്? തമാശയെന്തെന്നുവെച്ചാല്‍, ഈ സംരക്ഷകര്‍തന്നെയല്ലേ മറ്റ് സ്ത്രീകള്‍ക്ക് പേടിസ്വപ്‌നമായി മാറുന്നത്? പ്രതിയെ ഞങ്ങള്‍ക്കു വിട്ടുതരൂ എന്നാക്രോശിക്കുന്ന പുരുഷാരത്തെ തന്നെ നോക്കൂ.. സ്ത്രീകളെ തുല്ല്യരായി അംഗീകരിക്കാതെ, അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ച് ഇത്തരമൊരവസ്ഥ സംജാതമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചവര്‍ തന്നെയല്ലേ ഈ പുരുഷാരം? അവരില്‍ എല്ലാ രാഷ്ട്രീപ്രസ്ഥാനക്കാരേയും കാണാം, എല്ലാ മതവിശ്വാസികളേയും കാണാം… അവിടേയും പ്രതിഫലിക്കുന്നത് തങ്ങള്‍ സംരക്ഷകരാണെന്ന വിശ്വാസമാണ്.
പ്രതികളെ നിയമം ശിക്ഷിക്കട്ടെ. നമുക്ക് ചെയ്യാവുന്നത് മനുസ്മൃതി ചിന്തകളെ ആട്ടിയോടിക്കുകയാണ്. ജീവിതത്തിലെ ഒരു മേഖലയിലും, അതെന്തായാലും സ്ത്രീ എന്ന രീതിയിലുള്ള വിവേചനം അംഗീകരിക്കില്ല എന്ന തീരുമാനമാണ്. നഴ്‌സറി മുതല്‍ അത്തരമൊരു വിവേചനമില്ലാതെ കുട്ടികളെ വളര്‍ത്തുക എന്നതാണ്. അവര്‍ക്ക് പൊതുതെരുവുകള്‍ നിഷേധിക്കുന്ന, രാത്രികള്‍ നിഷേധിക്കുന്ന, സൗഹൃദങ്ങള്‍ നിഷേധിക്കുന്ന, ഇഷ്ടമുള്ള വസ്ത്രധാരണം നിഷേധിക്കുന്ന, കപടമായ സദാചാരസംഹിതകള്‍ അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന, എന്തിനു സ്വന്തം വീട്ടില്‍ പോലും സുര*ിതത്വം നിഷേധിക്കുന്ന എന്തും മനുസ്മൃതിയുടെ തുടര്‍ച്ചതന്നെ. അവമാറ്റാന്‍ തയ്യാറാകാതെ എന്തു ബഹളം വെച്ചാലും ഹിഡന്‍ അജണ്ടകള്‍ തന്നെയാണ് നടപ്പാകുന്നത്.
നിര്‍ഭയയുടെ കൊലപാതകത്തിനുശേഷം ഡെല്‍ഹിയില്‍ നടന്ന പ്രക്ഷോഭങ്ങലുമായി ഈ പ്രക്ഷോഭങ്ങളെ താരതമ്യം ചെയ്യുന്നവരുണ്ട്. ചില സാമ്യങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായൊരു വ്യത്യാസം ഇവ രണ്ടിലുമുണ്ട്. ഡെല്‍ഹിയില്‍ യുവതലമുറ, ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ കൈകോര്‍ത്തായിരുന്നു രംഗത്തുവന്നത്. കൊലയാളികളെ കണ്ടെത്തുക മാത്രമായിരുന്നില്ല അവരുടെ ആവശ്യം, സ്ത്രീകളോടുള്ള എല്ലാ വിവേചനവും അവസാനിപ്പിക്കുക എന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു മുന്നേറ്റമല്ല ഇവിടെ നടക്കുന്നത്. മുകളില്‍ പറഞ്ഞപോലെ രക്ഷാകര്‍ത്താക്കളുടെ സമരമാണ്. പിന്നെ എല്‍ ഡി എഫ് ഭരിച്ചാല്‍ ഇതൊന്നും സംഭവിക്കില്ല എന്ന യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വാദമുന്നയിച്ച് സംഭവത്തെ കക്ഷിരാഷ്ട്രീയവല്‍ക്കുന്നവരും. ഉമ്മന്‍ ചാണ്ടിയാണ് ഈ സംഭവത്തിനു കാരണമെന്നു പറയുന്നത് കേരളയ സമൂഹത്തിന്റെ സ്ത്രീ വിരുദ്ധ – ദളിത് വിരുദ്ധ മനോഭാവവും മനുസ്മൃതിയുടെ സ്വാധീനവും മൂടിവെക്കാന്‍ മാത്രമേ സഹായിക്കു. അതല്ല, ഈ കക്ഷിരാഷ്ട്രീയക്കാരുടെ നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ 50 ശതമാനമെങ്കിലും സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കുമായിരുന്നല്ലോ. സംവരണസീറ്റല്ലാത്ത ഒരിടത്തെങ്കിലും ദളിതനെ മത്സരിപ്പിക്കുമായിരുന്നല്ലോ. ഏറ്റവും പ്രധാനമായ അധികാരത്തിലെ പങ്കാളിത്തം സ്ത്രീകള്‍ക്കും ദളിതര്‍ക്കും നിഷേധിക്കുക വഴി ഇവരെല്ലാം നടപ്പാക്കുന്നത് മനുസ്മൃതി വചനങ്ങളല്ലാതെ മറ്റെന്താണ്..??? ഇന്ത്യയില്‍ പലയിടത്തും മനുവാദരാഷ്ട്രീയത്തിനെതിരെ ശക്തമായിരിക്കുന്ന കീഴാള രാഷ്ട്രീയത്തിലൂടെയെ കേരളീയ സമൂഹത്തിനും മുന്നോട്ടുപോകാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply