ആരോഗ്യമേഖലയില്‍ ജനങ്ങള്‍ ഇടപെടുന്നു

ചികിത്സാപ്പിഴവുമൂലം മാത്യൂഭൂമി ന്യൂസ് കാമറാമാന്‍ മരിച്ച സംഭവം കേരളത്തിലെ ചികിത്സാ മേഖലയും ആരോഗ്യരംഗവും നേരിടുന്ന വെല്ലുവിളികള്‍ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നിരിക്കുന്നു. പണം എല്ലാം നിയന്ത്രിക്കുകയും മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന ഏറ്റവും ഭീകരമായ കച്ചവട മേഖലയായി ആരോഗ്യരംഗം മാറിയിരിക്കുന്നു. ഡോക്ടര്‍മാരുടെ സംഘടനപോലും അതിനു കൂട്ടുനില്‍ക്കുന്നു. നിയമം പോലും നിസ്സഹായരാകുന്നു. രോഗികളുടെ മുഴുവന്‍ അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ചികിത്സാരംഗത്തെ അവകാശലംഘനങ്ങള്‍, ചികിത്സാപിഴവുകള്‍, സാമൂഹികനിയന്ത്രണ സാധ്യതകള്‍ എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച് 30-ാം തിയതി തൃശൂരില്‍ നടക്കുന്ന […]

chikilsa

ചികിത്സാപ്പിഴവുമൂലം മാത്യൂഭൂമി ന്യൂസ് കാമറാമാന്‍ മരിച്ച സംഭവം കേരളത്തിലെ ചികിത്സാ മേഖലയും ആരോഗ്യരംഗവും നേരിടുന്ന വെല്ലുവിളികള്‍ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നിരിക്കുന്നു. പണം എല്ലാം നിയന്ത്രിക്കുകയും മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന ഏറ്റവും ഭീകരമായ കച്ചവട മേഖലയായി ആരോഗ്യരംഗം മാറിയിരിക്കുന്നു. ഡോക്ടര്‍മാരുടെ സംഘടനപോലും അതിനു കൂട്ടുനില്‍ക്കുന്നു. നിയമം പോലും നിസ്സഹായരാകുന്നു. രോഗികളുടെ മുഴുവന്‍ അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ചികിത്സാരംഗത്തെ അവകാശലംഘനങ്ങള്‍, ചികിത്സാപിഴവുകള്‍, സാമൂഹികനിയന്ത്രണ സാധ്യതകള്‍ എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച് 30-ാം തിയതി തൃശൂരില്‍ നടക്കുന്ന സെമിനാര്‍ ശ്രദ്ധേയമാകുന്നത്.
ആനയറ കുടവൂര്‍ പുളിക്കല്‍ ലെയ്ന്‍ ദേവിശ്രീയില്‍ റജിമോന്‍ (32) ആണ് ചികിത്സാ പിഴവിന്റെ അവസാന ഇര. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ഇദ്ദേഹം മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തളര്‍ച്ച ബാധിച്ചാണ് റജിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിത്. എന്നാല്‍ റജിക്ക് കാര്യമായ ചികിത്സ കിട്ടിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അയിഷ ഇ.സി.ജി.യും രക്തപരിശോധനയും നടത്താന്‍ നിര്‍ദേശിച്ചു. പരിശോധനയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രിപ്പ് നല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഒരു മണിക്കൂറിന് ശേഷം ശരീരം തളരുന്നതായി കണ്ട സുഹൃത്തുക്കള്‍ ഡോക്ടറെ വിവരമറിയിച്ചു. ഡോക്ടര്‍ എത്തി ഇഞ്ചക്ഷന്‍ നല്‍കിയതോടെ മരണം സംഭവിക്കുകയായിരുന്നു.
സാധാരണഗതിയില്‍ ആരുമറിയാതെ പോകുമായിരുന്ന സംഭവം. റജിമോന്‍ മാധ്യമപ്രവര്‍ത്തകനായിരുന്നതിനാല്‍ മാത്രമാണ് വിഷയം ആളിപടര്‍ന്നത്. ബന്ധുക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പരാതിയെ തുടര്‍ന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ ഇടപെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അയിഷയെ സസ്‌പെന്‍ഡ് ചെയ്തു. മരണകാരണം അന്വേഷിച്ച ബന്ധുക്കളോടും സുഹൃത്തുക്കളോടും ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതായി പരാതിയുണ്ട്. ഇവര്‍ക്കുനേരെ കൈയിലിരുന്ന കുറിപ്പ് വലിച്ചെറിഞ്ഞതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മരണകാരണം വിശദീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. നടപടിയെടുത്ത് അന്വേഷണം പ്രഖ്യാപിക്കാതെ മൃതദേഹം ആശുപത്രിയില്‍ നിന്ന് മാറ്റില്ലെന്ന നിലപാടില്‍ ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും ഉറച്ചുനിന്നതിനെ തുടര്‍ന്നാണ്
മന്ത്രി ആശുപത്രിയിലെത്തി നടപടിയെടുത്തത്. എന്നാല്‍ അന്വഷണവിധായമായ സസ്‌പെന്‍ഷന്‍ പോലും അംഗീകരിക്കില്ല എന്ന് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുകയായിരുന്നു. നമ്മുടെ സംഘടിതശക്തി എത്രമാത്രം ജനവിരുദ്ധമാകുമെന്നതിന് ഏറ്റവും വലിയ ഉദാഹരണം.
ജീവിതത്തിന്റെ സമസ്തമേഖലകളിലും അഴിമതിയും അനാസ്ഥയും കൊടികുത്തി വാഴുകയാണെന്ന് നമുക്കറിയാം. തങ്ങളും അതില്‍നിന്ന് വ്യത്യസ്ഥരല്ല എന്ന് പല ഡോക്ടര്‍മാരും പറയാറുണ്ട്. എന്നാല്‍ ഡോക്ടര്‍മാര്‍ മനുഷ്യജീവന്‍ വെച്ചാണ് പന്താടുന്നത്. പകരം നടക്കുന്നത് കോടികളുടെ അനധികൃതവും അനാവശ്യവുമായ ബിസിനസാണ്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മാത്രമല്ല, സര്‍ക്കാര്‍ ഡോക്ടര്‍മാരും വ്യത്യസ്ഥരല്ല. മരുന്നുകമ്പനികളുടെ ദല്ലാളന്മാരാണ് മിക്കവരും.ആവശ്യമില്ലാത്ത മരുന്നുകള്‍, പരിശോധനകള്‍.. സാധാരണക്കാരാകട്ടൈ ഡോക്ടറെ കാണുന്നത് ദൈവമായി. ആ വിശ്വാസത്തെയാണ് അവര്‍ ചൂഷണം ചെയ്യുന്നത്. വാസ്തവത്തില്‍ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ആള്‍ദൈവങ്ങളില്‍നിന്നും കാര്യമായി വ്യത്യസ്ഥമല്ല ഇത്. കോടികള്‍ ചിലവഴിച്ച് മക്കളെ ഡോക്ടറാക്കിയത് ഇതിനാണെന്നാണ് അവരുടെ മാതാപിതാക്കള്‍ ന്യായീകരിക്കുന്നത്.
എല്ലാ വിഭാഗങ്ങളും സംഘടിതരായ കാലമാണല്ലോ. സംഘടിതരല്ലാത്ത അപൂര്‍വ്വം വിഭാഗങ്ങളില്‍ പെട്ടവരാണ് രോഗികള്‍. പലയിടത്തുനിന്ന് വരുന്നവര്‍. ഏതാനും ദിവസം ആശുപത്രികളില്‍ കിടക്കുന്നവര്‍. പിന്നെ പിരിഞ്ഞു പോകുന്നവര്‍. അല്ലെങ്കില്‍ മരിച്ചുപോകുന്നവര്‍. ചികിത്സാ ചിലവില്‍ വീടും കുടിയും നഷ്ടപ്പെട്ട് തെരുവിലാകുന്നവര്‍. അവരെ സംഘടിപ്പിക്കല്‍ എളുപ്പമല്ല. എന്നലത് അനിവാര്യമായിരിക്കുന്നു. ഓരോ ആശുപത്രി കേന്ദ്രീകരിച്ചും രോഗികളെ സംഘടിപ്പിക്കാനുള്ള ശ്രമം നടക്കണം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടിയന്തിരമായി ഏറ്റെടുക്കേണ്ട കടമയാണിത്. സ്വകാര്യബസിന്റേയും ഓട്ടോ – ടാക്‌സികളുടേയും മറ്റും ചാര്‍ജ്ജ് സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ അറവുശാലകളായ സ്വകാര്യ ആശുപത്രികളില്‍ ഒരു നിയന്ത്രണവുമില്ല. മറുവശത്ത് സര്‍ക്കാര്‍ ആശുപത്രികളാകട്ടെ പരിമിതികളാല്‍ വട്ടം തിരിയുന്നു. അവിടേയും തട്ടിപ്പുകള്‍ക്ക് കുറവില്ല. അടുത്തു പരിചയമുള്ള ഒരു മെഡിക്കല്‍ റപ്പ് ഉണ്ടെങ്കില്‍ ഇതിന്റെയെല്ലാം വ്യക്തമായ ചിത്രം ലഭിക്കും. തങ്ങളുടെ ഉല്‍പ്പന്നങ്ങളെ പ്രമോട്ട് ചെയ്യാന്‍ എന്തൊക്കെയാണ് അവര്‍ ചെയ്തുകൊടുക്കുന്നതെന്ന് സത്യസന്ധമായി പറയാന്‍ ആവശ്യപ്പെട്ടാല്‍ മതി.
ആരോഗ്യത്തിനായി ഏറെ പണം ചിലവഴിക്കുന്നവാരണല്ലോ മലയാളികള്‍. വിപണിയിലിറങ്ങുന്ന ഏതൊരു മരുന്നിന്റേയും ആദ്യപരീക്ഷണശാല കേരളം തന്നെ. അനാവശ്യ മരുന്നുകള്‍ ഏറ്റവും അധികം വാങ്ങി കഴിക്കുന്നവര്‍ നാമാണ്. അനാവശ്യമായ പരിശോധനകള്‍ നടത്തുന്നവരും. ഗര്‍ഭം പോലും നമുക്ക് അസുഖമാണ്. വന്‍തുക വാങ്ങി ചികത്സിക്കുന്നത് അവകാശമായി ഇവര്‍ കാണുമ്പോള്‍ പണം കൊടുക്കുന്നവര്‍ക്ക് ഉപഭോക്താവിന്റെ അവകാശമുണ്ടെന്നംഗീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല. ചുരുങ്ങിയപക്ഷം വാങ്ങുന്ന പണത്തിനു ഒരു റസീറ്റ് നല്‍കണ്ടേ? നല്‍കുന്ന കുറിപ്പടി രോഗിക്കു മനസ്സിലാകുന്ന രീതിയില്‍ എഴുതി തരണമെന്ന ആവശ്യം പോലും ഇവരംഗീകരിക്കുന്നില്ല. രോഗവിവരം വ്യക്തമായി പറയണമെന്നുണ്ട്. എന്നാല്‍ അതവര്‍ പലപ്പോഴും പറയാറില്ല. ഡോക്ടര്‍ ഒരു മരുന്നെഴുതുമ്പോള്‍ ഞാന്‍ ഈ മരുന്ന് എന്തിനു കഴിക്കണം എന്നൊരു മറുചോദ്യമുന്നയിക്കാനുള്ള അവകാശം രോഗിക്കുണ്ട്. എന്നാല്‍ ഉന്നയിച്ചാല്‍ എന്താണുണ്ടാകുക? സംഘടിത ശക്തികള്‍ അസംഘടിതര്‍ക്കുനേരെ നടത്തുന്ന കടന്നാക്രമണമല്ലാതെ മറ്റെന്താണിത്? എന്നാല്‍ രോഗികള്‍ക്ക് സംഘടിതരാകാന്‍ എളുപ്പമല്ല. ഡോക്ടര്‍മാര്‍ക്കാകട്ടെ ഐ എം എയുടെ എല്ലാ സംരക്ഷണവും ലഭിക്കുന്നു.  ഏതെങ്കിലും ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം വന്നാല്‍ മറ്റു ഡോക്ടര്‍മാര്‍ രക്ഷിക്കുന്നു. കാരണം അവരുടെ റിപ്പോര്‍ട്ടനുസരിച്ചാകുമല്ലോ നടപടി. സാധാരണഗതിയില്‍ ഒരു ഡോക്ടര്‍ക്കും മറ്റൊരു ഡോക്ടര്‍ക്കെതിരെ പരാതി നല്‍കില്ലല്ലോ.

ഈ സാഹചര്യത്തിലാണ് പ്രൊഫഷണലുകളേയും നിയമവിദഗ്ദരേയും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ചുകൊണ്ട് 30ന് രാവിലെ ാേ0 മുതല്‍ സാഹിത്യ അ്ക്കാദമിയില്‍ വിപുലമായ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സെമിനാര്‍ സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്യും. ചികിത്സാരംഗത്തെ അവകാശലംഘനവും ചികിത്സാപിഴവുകളും എന്ന വിഷയത്തില്‍ ഡോ. ബി. ഇക്ബാല്‍ ആമുഖപ്രഭാഷണം നടത്തും. ഡോ. പ്രിന്‍സ്, അഡ്വ. രശ്മി വി. ശബളിമ, ടി.കെ. വാസു എന്നിവര്‍ അനുഭവങ്ങള്‍ വിവരിക്കും. മരുന്നു പരീക്ഷണത്തിലെ അധാര്‍മ്മിക പ്രവണതകള്‍ എന്ന വിഷയത്തില്‍ അഡ്വ. ജോര്‍ജ്ജ് പുലിക്കുത്തിയിലും മരുന്നു വ്യാപാരത്തിലെ അപാകതകള്‍ എന്ന വിഷയത്തില്‍ ഇ.ബി. സലീഷും ചികിത്സാരംഗത്തെ അവകാശലംഘനങ്ങളും, ചികിത്സാപിഴവുകളും- നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളും പരിമിതികളും എന്ന വിഷയത്തില്‍ ഡോ.ബിന്ദുമോള്‍ സി.വി, ഡോ. ബിസ്മിഗോപാലകൃഷ്ണന്‍, അഡ്വ. മിനി. ടി.ബി എന്നിവരും ചികിത്സാരംഗത്തെ അവകാശലംഘനങ്ങളും ചികിത്സാപിഴവുകളും സാമൂഹിക നിയന്ത്രണം എന്ന ആശയം എന്ന വിഷയത്തില്‍ ഡോ. എ.കെ. ജയശ്രീ, ഡോ. കെ.പി. അരവിന്ദന്‍ എന്നിവരും സാമൂഹിക നിയന്ത്രണം ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ എന്ന വിഷയത്തില്‍ കെ. വേണു, സജീവന്‍ അന്തിക്കാട് എന്നിവരും സംസാരിക്കും. തുടര്‍ന്ന് പരിഗണനയിലിരിക്കുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ സാമൂഹിക നിയന്ത്രണ സാധ്യതകളും പരിമിതികളും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടക്കും. ആരോഗ്യമേഖലയിലെ ജനങ്ങളുടെ ഇടപെടലിന്റെ ആരംഭമായി ഈ സംരംഭം മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply