അധ്യാപകര്‍ക്കും വേണം പരീക്ഷ – നീതി ആയോഗ് ശരിയാണ്

നമ്മുടെ വിദ്യാഭ്യാസനിലവാരം ഉയരാത്തതിനു നിരവധി കാരണങ്ങളുണ്ടാകാം. അതിലേറ്റവും പ്രധാനം അധ്യാപകരുടെ നിലവാരമില്ലായ്മയാണ്. നമ്മള്‍ ചെയ്യുന്ന മിക്കവാറും ജോലികളെല്ലാം യാന്ത്രികമായ ആവര്‍ത്തനം മാത്രമായിരിക്കുമ്പോള്‍ അതില്‍ നിന്നു തികച്ചും വ്യത്യസ്ഥമാണ് അധ്യാപനം. ദിനംപ്രതി അപ് ഡേറ്റായി പോകേണ്ട ഒന്നാണത്. അതിനുള്ള എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ചെയ്യുന്ന ജോലിയോട് പ്രതിബദ്ധത ഏറ്റവും കുറവായ വിഭാഗത്തില്‍ പെട്ട മിക്കവാറും അധ്യാപകര്‍ അതിനൊന്നും തയ്യാറാകാത്തതാണ് വിദ്യാഭ്യാസനിലവാരം അനദിനം കുറഞ്ഞുവരാന്‍ പ്രധാന കാരണം. ഒരു കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുന്നിലായിരുന്ന കേരളത്തിന്റെ […]

tt

നമ്മുടെ വിദ്യാഭ്യാസനിലവാരം ഉയരാത്തതിനു നിരവധി കാരണങ്ങളുണ്ടാകാം. അതിലേറ്റവും പ്രധാനം അധ്യാപകരുടെ നിലവാരമില്ലായ്മയാണ്. നമ്മള്‍ ചെയ്യുന്ന മിക്കവാറും ജോലികളെല്ലാം യാന്ത്രികമായ ആവര്‍ത്തനം മാത്രമായിരിക്കുമ്പോള്‍ അതില്‍ നിന്നു തികച്ചും വ്യത്യസ്ഥമാണ് അധ്യാപനം. ദിനംപ്രതി അപ് ഡേറ്റായി പോകേണ്ട ഒന്നാണത്. അതിനുള്ള എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ചെയ്യുന്ന ജോലിയോട് പ്രതിബദ്ധത ഏറ്റവും കുറവായ വിഭാഗത്തില്‍ പെട്ട മിക്കവാറും അധ്യാപകര്‍ അതിനൊന്നും തയ്യാറാകാത്തതാണ് വിദ്യാഭ്യാസനിലവാരം അനദിനം കുറഞ്ഞുവരാന്‍ പ്രധാന കാരണം. ഒരു കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുന്നിലായിരുന്ന കേരളത്തിന്റെ അവസ്ഥ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
എന്തായാലും നീതി ആയോഗ് ഈ വിഷയത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. അധ്യാപകരുടെ നിലവാരം അളക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വര്‍ഷത്തില്‍ മൂന്നുതവണ പരീക്ഷ നടത്തണമെന്ന് നീതി ആയോഗ് നിര്‍ദ്ദേശിച്ചത് അതിന്റെ സൂചനയാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പുറത്തിറക്കിയ ‘സ്ട്രാറ്റജി ഫോര്‍ ന്യൂ ഇന്ത്യ @ 75’ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം. അധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയത്തിലാണ് പരീക്ഷ നടത്താന്‍ നിര്‍ദ്ദേശം. ഇതുവഴി വിഷയത്തിലുള്ള അധ്യാപകരുടെ മികവ് ഉറപ്പുവരുത്താന്‍ കഴിയുമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
സയന്‍സ് പഠനം മാത്രം ഉദാഹരണമായി എടുക്കാം. അനുനിമിഷം എന്തെല്ലാം മാറ്റങ്ങളാണ് ശാസ്ത്രമേഖലയില്‍ ലോകത്തെമ്പാടും നടക്കുന്നത്. എത്രയെത്ര വാര്‍ത്തകളാണ് വിവിധ മാധ്യമങ്ങളില്‍ കൂടി പുറത്തുവരുന്നത്. അവ കണ്ടെത്താനോ പഠിക്കാനോ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനോ മിനക്കെടുന്ന എത്ര അധ്യാപകരുണ്ട്? വര്‍ഷങ്ങള്‍ക്കുമുന്നെ തങ്ങള്‍ പഠിച്ചതില്‍ കൂടുതലായി എനതെങ്കിലും അറിയുന്ന അധ്യാപകരുണ്ടോ? അധ്യാപനവും അധ്യയനവുമൊന്നും ടെക്‌സ്റ്റ് പുസ്തകങ്ങളില്‍ ഒതുങ്ങരുതെന്നാണ് ഡിപിഇപി മുതലുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെല്ലാം പറയുന്നതെങ്കിലും ഇപ്പോളും നടക്കുന്നത് അതു തന്നെയല്ലേ? ഈ അധ്യാപകര്‍ പഠിപ്പിക്കുന്ന കുട്ടികളും കാലത്തിനു എത്രയോ പുറകിലായിരിക്കും. ഇതുതന്നെയാണ് മറ്റെല്ലാ വിഷയങ്ങളിലേയും അവസ്ഥ.
കാലത്തിനനുസരിച്ച് മുന്നോട്ടുപോകുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നാണ് മിക്കവാറും അധ്യാപകര്‍ ധരിച്ചുവെച്ചിരിക്കുന്നത്. എന്നാലതു തെറ്റാണ്. മറ്റെല്ലാ ജോലികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ സമയമാണ് അധ്യാപകര്‍ പഠിപ്പിക്കുന്നത്. ശനി, ഞായര്‍ അവധികള്‍, ഓണം, കൃസ്തുമസ്, മധ്യവേനലവധികള്‍, മറ്റനവധി അവധികള്‍.. ഏതെങ്കിലും ജോലിക്ക് ഇത്രയധികം അവധി ലഭിക്കുമോ? അവധിയല്ലാത്ത ദിവസവും ജോലി ചെയ്യുന്ന സമയമെത്ര തുച്ഛം..!! ബാക്കിസമയമൊക്കെ തങ്ങളുടെ സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണെന്നാണ് ഈ അധ്യാപകര്‍ ധരിച്ചിരിക്കുന്നതെന്നുതോന്നുന്നു. തെറ്റാണത്. ലോകത്തു നടക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനുമാണ് ഇത്രയധികം സമയം അവര്‍ക്കു ലഭിക്കുന്നത്. അതവരുടെ ജോലിയുടെ ഭാഗമാണ്. എന്നാലിതൊന്നും മനസ്സിലാകാത്തവരാണ്, മനസ്സിലായാലും ചെയ്യാത്തവരാണ് മിക്കവാറും പേര്‍. അവിടെയാണ് അധ്യാപകര്‍ക്ക് പരീക്ഷ എന്ന ആശയത്തിന്റെ പ്രസക്തി. ചിലപ്പോളൊക്കെ അധ്യാപകര്‍ക്ക് ക്യാമ്പുകള്‍ നടക്കാറുണ്ട്. എന്നാലതുപോര. പരീക്ഷയെടുത്ത് വിദ്യാര്‍ത്ഥികളെ പോലെ തന്നെ അധ്യാപകരുടെ നിലവാരവും അളക്കണം. അതനുസരിച്ചുവേണം അവര്‍ക്കു പ്രമോഷനോ ഇന്‍ക്രിമെന്റോ നല്‍കാന്‍.
ഔട്ട് പുട്ട് പരിശോധിക്കാനുള്ള സംവിധാനമില്ലാത്തതാണ് നമ്മുടെ സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപങ്ങളിലെ ജീവനക്കാരെ ജോലിയോടോ ജനങ്ങളോടോ ഒരു ഉത്തരവാദിത്തവുമില്ലാത്തവരായി മാറ്റുന്നത്. അവര്‍ക്ക് താല്‍പ്പര്യം വാങ്ങുന്ന വന്‍ വേതനത്തിനോട് മാത്രമാണ്. ഇക്കാര്യത്തിലും മികച്ച ഉദാഹരണം വിദ്യാഭ്യാസരംഗം തന്നെ. അല്ലായിരുന്നെങ്കില്‍ മിക്കവാറും പേര്‍ വന്‍വേതനം വാങ്ങുന്ന അധ്യാപകര്‍ പഠിപ്പിക്കുന്ന സര്‍ക്കാര്‍ – എയ്ഡഡ് സ്ഥാപനങ്ങളില്‍ കുട്ടികളെ വിടാതെ, തുച്ഛം വേതനം ലഭിക്കുന്ന അധ്യാപകര്‍ പഠിപ്പിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് വിടുകയില്ലല്ലോ. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമെന്നു ബോധ്യമായപ്പോളാണല്ലോ അല്‍പ്പസ്വല്‍പ്പം മാറ്റങ്ങള്‍ ഉണ്ടായത്. പ്രാഥമികവിദ്യാഭ്യാസമേഖലയിലെ അവസ്ഥ ഇതാണെങ്കില്‍ ഇതിനേക്കാള്‍ എത്രയോ ദയനീയമാണ് ഉന്നത വിദ്യാഭ്യാസ മേഖല.
പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളാണ് ഇപ്പറഞ്ഞതെങ്കില്‍ മറ്റനവധി വിഷയങ്ങള്‍ വേറെയുമുണ്ട്. പാഠ്യഭാഗം മാത്രം പഠിക്കലല്ലല്ലോ വിദ്യാഭ്യാസം. പുതുതലമുറയില്‍ ആധുനികകാലത്തെ വെല്ലുവിളികള്‍ തിരിച്ചറിയാനും അതിജീവിക്കാനുമുള്ള കരുത്തുണ്ടാക്കുക, മനുഷ്യന്‍ സാമൂഹ്യജീവിയാണെന്ന ബോധം വളര്‍ത്തിയെടുത്ത് സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നരല്ലാതാക്കി മാറ്റുക, സഹജീവികളോട് സ്‌നേഹവും ബഹുമാനവും വളര്‍ത്തിയെടുക്കുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുക, ഭരണഘടനാ മൂല്യങ്ങളും ധാര്‍മ്മികതയും മനസ്സിലാക്കുക, നല്ലൊരു നാളേക്കായി മാനവചരിത്രത്തില്‍ മുന്‍ഗാമികള്‍ ചെയ്ത ത്യാഗങ്ങളും പോരാട്ടങ്ങളും മനസ്സിലാക്കി അവരുടെ പിന്‍ഗാമികളാകുക തുടങ്ങി എത്രയോ കടമകള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. എന്നാലതെ കുറിച്ചെല്ലാം അറിയുന്ന, കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന എത്ര അധ്യാപകര്‍ നമ്മുടെ നാട്ടിലുണ്ടെന്ന് പരിശോധിക്കുന്നത് രസകരമായിരിക്കും.
തീര്‍ച്ചയായും സര്‍ക്കാരുകള്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ അതും നിറവേറ്റപ്പെടുന്നില്ല. ഉദാഹരണമായി നിലവില്‍ കേന്ദ്രവും സംസ്ഥാനങ്ങളും വിദ്യാഭ്യാസത്തിന് നീക്കിവെക്കുന്നത് ജിഡിപിയുടെ മൂന്ന് ശതമാനംവരെ മാത്രമാണ്. അതു മാറ്റണമെന്നും 2022-ഓടെ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് ജി.ഡി.പി.യുടെ ആറു ശതമാനമെങ്കിലും ആക്കണമെന്നും നീതി ആയോഗ് നിര്‍ദ്ദേശിക്കുന്നു. അതൊടൊപ്പം പ്രസക്തമായ മറ്റനവധി നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. കുട്ടികള്‍ കുറവുള്ള സ്‌കൂളുകള്‍ ലയിപ്പിക്കുക, പൊതുവിദ്യാഭ്യാസത്തില്‍ സാമാന്യ (റെഗുലര്‍), സവിശേഷ (അഡ്വാന്‍സ്ഡ്) തലങ്ങളില്‍ പാഠ്യപദ്ധതി തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുക, ഇതിന് ഒമ്പതാം ക്ലാസില്‍ അഭിരുചി പരീക്ഷ നടത്തുക, പത്താംക്ലാസില്‍ പുനഃപരിശോധന നടത്തുക, സെക്കന്‍ഡറിതലം മുതല്‍ വൊക്കേഷണല്‍ കോഴ്സുകളില്‍ ചേരാനുള്ള അവസരം നല്‍കുക, പൊതുവിദ്യാഭ്യാസവുമായി മുന്നോട്ടുപോകാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ മാത്രം അത് തുടരാന്‍ അനുവദിക്കുക, ഒരു കുട്ടിക്കുപോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കുക, എട്ടാം ക്ലാസ് പരീക്ഷയ്ക്കുശേഷമോ ഒമ്പതാംക്ലാസിലെ ആദ്യമാസങ്ങളിലോ ബ്രിഡ്ജ് കോഴ്സുകളോ ട്യൂഷനോ നല്‍കുക, വൊക്കേഷണല്‍ കോഴ്സുകള്‍ സ്‌കൂള്‍തലത്തില്‍ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങള്‍ മാര്‍ഗരേഖ പുറത്തിറക്കക്കുക, അധ്യാപക യോഗ്യതാപരീക്ഷ പ്രീ സ്‌കൂളില്‍ പഠിപ്പിക്കുന്നവര്‍ക്കും 9-12 ക്ലാസുകളില്‍ പഠിപ്പിക്കുന്നവര്‍ക്കും നിര്‍ബന്ധമാക്കുക, ദേശീയതലത്തില്‍ അധ്യാപക രജിസ്ട്രി തയ്യാറാക്കുക, ഇതില്‍നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധ്യാപകരെ തിരഞ്ഞെടുക്കാനവസരം നല്‍കുക, അധ്യാപകര്‍ക്ക് മികവ് വിലയിരുത്തി ഇന്‍ക്രിമെന്റ് നല്‍കുക, അധ്യാപക പരിശീലന സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ സമിതി രൂപീകരിക്കുക, രണ്ടായിരംപേര്‍ക്ക് പഠിക്കാന്‍ കഴിയുന്ന അഞ്ചോ ആറോ ശ്രേഷ്ഠപദവിയുള്ള അധ്യാപക പരിശീലനസ്ഥാപനങ്ങള്‍ സൃഷ്ടിക്കുക എന്നിങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍. ഈ നിര്‍ദ്ദേശങ്ങളില്‍ മിക്കവാറും സ്വാഗതാര്‍ഹമാണ്. ആ ദിശയിലുള്ള നടപടികള്‍ക്കാണ് ഉത്തരവാദിത്തമുള്ളവര്‍ ഇനിയെങ്കിലും ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ ഒന്നിനും കൊള്ളാത്ത ഒരു തലമുറയായിരിക്കും ഇവിടെ രൂപം കൊള്ളാന്‍ പോകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply