സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Jul 25th, 2013

വിവാദ സര്‍ക്കുലര്‍ : മുഖ്യമന്ത്രിക്ക് വി ടി ബല്‍റാമിന്റെ കത്ത്

Share This
Tags

vt

എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ സുതാര്യമാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ ഇറക്കിയ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന്് വിടി ബല്‍റാം എംഎല്‍എ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം

ബഹു. മുഖ്യമന്ത്രി,

എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ ഈയിടെ പുറത്തിറക്കിയ സര്‍ക്കുലര്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. ലക്ഷക്കണക്കിനു രൂപ കോഴയായി വാങ്ങിക്കൊണ്ടാണു പല മാനേജര്‍മാരും ഇത്തരം നിയമനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഏവര്‍ക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണ്. ഈ രംഗത്തെ അഴിമതിയെ നിയന്ത്രിക്കാനുള്ള ബാധ്യതയില്‍ നിന്ന് സര്‍ക്കാരുകള്‍ കാലാകാലങ്ങളായി ഒഴിഞ്ഞുമാറുകയാണെന്ന ആക്ഷേപവും വിദ്യാഭ്യാസ രംഗത്തെ നോക്കികാണുന്ന നിഷ്പക്ഷമതികള്‍ക്കുണ്ട്. ഈയവസ്ഥക്കൊരു മാറ്റമുണ്ടാക്കാനും നിയമനങ്ങളിലെ സുതാര്യത ഉറപ്പുവരുത്താനും പുതിയ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ വലിയൊരളവുവരെ പ്രയോജനകരമായിരിക്കുമെന്നാണു പൊതുവെയുള്ള വിലയിരുത്തല്‍.

ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശ്ശനവുമായി രംഗത്തെത്തിയിരിക്കുന്നത് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളും ചില സമുദായ സംഘടനകളുമാണെന്നത് ശ്രദ്ധേയമാണ്. അഴിമതി നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സ്ഥാപിത താത്പര്യക്കാര്‍ രംഗത്തെത്തുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ അതിനപ്പുറം കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുജനങ്ങള്‍ ഈ സര്‍ക്കുലറിനെ സ്വാഗതം ചെയ്യുകയാണെന്നാണെനിക്ക് തോന്നുന്നത്. പ്രതിപക്ഷ സംഘടനകള്‍ക്കു പുറമേ കെ.എസ്.യു., മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ വിദ്യാര്‍ത്ഥി, യുവജന സംഘടനകളും ഇതേ അഭിപ്രായക്കാരാണ്.

അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ ഈ ജനവികാരത്തെ കാണാതെപോകുന്നത് ഉചിതമല്ല. എന്നാല്‍ ഈ സര്‍ക്കുലറിറക്കിയതുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ നീക്കം നടക്കുന്നതായി ദൗര്‍ഭാഗ്യവശാല്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ആ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചകളുണ്ടായതായി ആക്ഷേപമുണ്ടെങ്കില്‍ത്തന്നെ അത്തരം സാങ്കേതികവും നിയമപരവുമായ നൂലാമാലകളുടെ പേരില്‍ ആ ഉദ്യോഗസ്ഥനെ ബലിയാടാക്കുന്നത് ശരിയായിരിക്കില്ല എന്നാണെന്റെ അഭിപ്രായം. അതിനുപകരം പരക്കെ സ്വാഗതം ചെയ്യപ്പെട്ട ഈ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹാദരങ്ങളോടെ,

വി.ടി. ബല്‍റാം

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>