സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Apr 16th, 2019

അംബേദ്കറുടെ പേരില്‍ വീണ വോട്ടുചോദിക്കുമ്പോള്‍

vvv

മന്‍സൂര്‍ കൊച്ചുകടവ്

താങ്കളുടെ ഇലക്ഷന്‍ പ്രചരണവുമായി ബന്ധപ്പെട്ടു ബാബാസാഹിബ് അംബേദ്കറുടെ ചിത്രം ഉപയോഗിച്ചുകൊണ്ടുള്ള പോസ്റ്റര്‍ കാണുകയുണ്ടായി. ലോകസഭയിലേക്ക് നടക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ ഒരു ഇടതുപക്ഷ, സ്ത്രീ പ്രതിനിധിയായ താങ്കള്‍ അംബേദ്കറെ പരാമര്‍ശിക്കുന്നത് അങ്ങേയറ്റം സന്തോഷം തരുന്ന കാര്യമാണ്. എന്നിരുന്നാലും ചില വസ്തുതകള്‍ കൂടി തങ്ങളുമായി പങ്കുവെക്കണം എന്നു കരുതുന്നു.

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിക്കുന്ന കാലത്ത് അംബേദ്കര്‍ നടത്തിയ ചില പരാമര്ശങ്ങളുണ്ട്. അതില്‍ ഒന്നിന്റെ തര്‍ജമ താഴെ കൊടുക്കുന്നു,

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭ കാലത്ത് തന്നെ അത് എത്തിപ്പെട്ടത് ചില ബ്രാഹ്മണരുടെ (Brahmin Boys) കയ്യിലാണ്. അവര്‍ മഹാരാഷ്ട്രയിലെ കീഴ്ജാതിയായ മാരത കമ്മ്യൂണിറ്റിയിലും ദളിതര്‍ക്കുമിടയിലും അവരുടെ ആതിപത്യത്തിനായി ശ്രമിക്കുന്നു. എന്നാല്‍ അവര്‍ക്ക് മഹാരാഷ്ട്രയില്‍ ഒരു വളര്‍ച്ചയും ഉണ്ടാക്കിയെടുക്കാനായി സാധിച്ചില്ല. കാരണം അവരില്‍ അധികവും ഒരു ബ്രാഹ്മണ കൂട്ടമാണ്. ഇന്ത്യയില്‍ കമ്മ്യൂണിസം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യയ്ക്ക് പറ്റിയ വലിയ പാളിച്ച തന്നെയായിരുന്നു ആ ബ്രാഹ്മണരെ വിശ്വസിച്ച് പ്രസ്ഥാനത്തെ അവരെ ഏല്‍പ്പിച്ചത്. അല്ലെങ്കില്‍ റഷ്യയ്ക്ക് ഇന്ത്യയില്‍ കമ്മ്യൂണിസം നടപ്പാക്കുവാന്‍ ആഗ്രഹം ഉണ്ടായിരിക്കുകയില്ല, അതുമല്ലെങ്കില്‍ അവര്‍ ഇന്ത്യന്‍ സാഹചര്യങ്ങളെ തിരിച്ചറിഞ്ഞിരുന്നില്ല.

ബാബാ സാഹിബ് അംബേദ്കര്‍ അന്ന് പറഞ്ഞ ഈ പരാമര്‍ശം ഞാന്‍ ഇവിടെ എഴുതിയത് ഇത് ഇപ്പോഴും പ്രസക്തമായത് കൊണ്ടുതന്നെയാണ്.

ഇന്ന് ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ്ഗം നേരിടുന്ന, നേരിട്ടിലുള്ള പ്രധാന പ്രശം അവരുടെ സ്വത്വത്തിന്റെ പേരിലുള്ള അസമത്വങ്ങള്‍ തന്നെയായിരുന്നു. അതില്‍ ദളിതര്‍, മത ന്യൂനപക്ഷങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ – അങ്ങിനെ വലിയ ഒരു നിര തന്നെയുണ്ട്. സാമൂഹികപരമായും സാമ്പതികപരമായും രാഷ്ട്രീയപരമായും ഈ വിഭാഗങ്ങള്‍ സ്വാതന്ത്ര്യം കിട്ടി എഴുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും അവരുടെ പിന്നോക്കാവസ്ഥയില്‍ നിന്നും മുക്തമാവാന്‍ സാധിച്ചിട്ടില്ല. ഇന്നും സാമൂഹ-അധികാരങ്ങള്‍ കയ്യാളുന്നത് പുരുഷ – ബ്രാഹ്മണിക്കല്‍ ഹെജ്മണി തന്നെയാണ്.

ഈ പിന്നോക്ക വിഭാഗങ്ങള്‍ക്ക് (ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഒഴികെ) ഇന്ന് കുറച്ചെങ്കിലും സാമൂഹിക പ്രാധിനിത്യം കിട്ടിയിട്ടുണ്ടെങ്കില്‍ അത് അംബേദ്കര്‍ വിഭാവനം ചെയ്ത സംവരണം മൂലമാണ്. ‘സാമൂഹിക അടിസ്ഥാനത്തില്‍ അധികാരത്തിന്റെ തുല്ല്യ വിഭജനം’ എന്നതാണ് ആത്യന്തികമായ സംവരണ തത്വം. ഇവിടെ സാമൂഹികപരമായി പിന്നോക്കാ അവസ്ഥ അനുഭവിക്കുന്ന സമുദായങ്ങള്‍ക്ക് ആനുപാതിക അടിസ്ഥാനത്തില്‍ അവര്‍ക്ക് അര്‍ഹമായ പദവികള്‍ കൊടുക്കുന്നു. അതൊരിക്കലും അവരുടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വേണ്ടിയല്ല.

എന്നാല്‍ അംബേദ്കറിന്റെ സംവരണ തത്വത്തെ അപ്പാടെ അട്ടിമറിക്കുന്ന സമീപനമാണ് നാളിതുവരെയായി വീണാ ജോര്‍ജ് പ്രതിനിധാനം ചെയ്യുന്ന ഈ ഇടതുപക്ഷ പാര്‍ട്ടി കൈക്കൊണ്ടു പോന്നിട്ടുള്ളത്. അനുപാതത്തിലും രണ്ടോ മൂന്നോ മടങ് സ്ഥാനമാനങ്ങള്‍ കയ്യാളുന്ന കേരളത്തിലെ സവര്‍ണര്‍ക്ക് വേണ്ടി ആദ്യമായി സംവരണം കൊണ്ടുവരുന്നത് ഈ ഇടതുപക്ഷ സര്‍ക്കാര്‍ ആയിരുന്നു. മാത്രവുമല്ല അത്തരം ഒരു സംവരണ അട്ടിമറി നടത്തുവാന്‍ സംഘപരിവാര്‍ നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരിനെ പാര്‍ട്ടി സെക്രട്ടറി വെല്ലുവിളിക്കുകയും, പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ സവര്‍ണര്‍ക്ക് വേണ്ടി സംവരണം കൊണ്ടുവന്നപ്പോള്‍ അതിനെ കൈപൊക്കി പിന്താങ്ങുകയും ചെയ്തവരാണ് നമ്മുടെ ഇടതുപക്ഷ എംപിമാര്‍.

സവര്‍ണരിലും പാവപ്പെട്ടവര്‍ ഉണ്ടെന്നാണ് കേരളത്തില്‍ സാമ്പത്തിക സംവരണം കൊണ്ടുവന്നതിന് പിന്നാലെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. ഒരു വലിയ വിഭാഗം പിന്നോക്ക ജനത തെരുവുകളിലും, അടുക്കി വെച്ചപോലെ ലക്ഷം വീടുകളിലും താമസിക്കുമ്പോള്‍ ഒരു നമ്പൂതിരിയോ മറ്റേതെങ്കിലും സവര്‍ണ കുടുംബമോ ഒരു ചെറ്റ കുടിലില്‍ താമസിച്ചാല്‍ അത് മാത്രം വലിയൊരു വാര്‍ത്തയാകുന്ന ഈ നാട്ടില്‍, അതേ കണ്‌സപ്റ്റില്‍ നിന്ന് കൊണ്ടുതന്നെവേണം നമ്മുടെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതും കേള്‍ക്കാന്‍.

നമ്മള്‍ ബസ്സില്‍ കണ്ടിട്ടില്ലേ ‘സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍’ എന്നു. ആ ചെറിയൊരു ഉദാഹരണം മതിയാവും എന്തിനാണ് സംവരണം എന്നു മനസ്സിലാക്കാന്‍. എന്നാല്‍ അവിടെ ‘ദരിദ്രരായ പുരുഷന്‍മാര്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍’ എന്ന് എഴുതി വെച്ചാല്‍, അത്തരം ഒരു നിയമം ഇറങ്ങിയാല്‍ എത്രത്തോളം അപഹാസ്യമായിരിക്കും ആ നടപടി, ഒന്ന് ഓര്‍ത്തു നോക്കിയേ. അതുപോലെ തന്നെയാണ് സവര്‍ണര്‍ക്ക് വേണ്ടി നമ്മുടെ കേരള, കേന്ദ്ര സര്‍ക്കാരുകള്‍ കൈക്കൊണ്ട നടപടികള്‍.

ഇത്രയൊക്കെ പറയേണ്ടി വന്നത് ഈ ഇടത് പ്രസ്ഥാനം പോലും എത്രത്തോളം സവര്‍ണ വല്‍ക്കരിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ്. ഇനിയുള്ള കാലത്തിലെങ്കിലും തിരുത്തലുകള്‍ നടക്കേണ്ടതുണ്ട്. മാര്‍ക്‌സിസം സാമ്പത്തികവാദത്തില്‍ മാത്രം ഊന്നിയ ഒരു ആശയവാദമല്ലെന്നു തെളിയിക്കേണ്ടത് വീണാ ജോര്‍ജിനെ പോലെയുള്ള യുവ രാഷ്ട്രീയ പ്രവര്‍ത്തകരാണ്. പ്രിയപ്പെട്ട വീണാ ജോര്‍ജിന് എല്ലാവിധ വിജയാശംസകളും നേരുന്നു.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>