സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Apr 4th, 2019

ലൂസിഫറും കേരള പോലീസും

Share This
Tags

lucifer

കേരള പോലീസ് അസോസിയേഷന്‍ കൗതുകകരമായ ഒരു പരാതി മുഖ്യമന്ത്രിക്കു നല്‍കിയതായി വാര്‍ത്ത കണ്ടു. പൃഥീരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയുടെ പരസ്യത്തിനെതിരെയാണ് പരാതി. സിനിമയില്‍ മോഹന്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പോലീസുകാരന്റെ നെഞ്ചില്‍ കാലുവെച്ച് എന്തോ പറയുന്ന ചിത്രം പോലീസിനെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ അത് പിന്‍വലിക്കണമെന്നാവശ്യ.ം സിനിമയില്‍ നിന്ന് അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നറിയില്ല.
ഏതാനും വര്‍ഷം മുമ്പ് ഏറെ ഹിറ്റായ ദൃശ്യം എന്ന സിനിമ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം കൊടുക്കുമെന്നും കുറ്റകൃത്യങ്ങള്‍ക്കും അവ മറച്ചുവെക്കാനും പ്രേരിപ്പിക്കുമെന്ന് അന്നത്തെ ഡിജിപിയായിരുന്ന സെന്‍കുമാര്‍ പറഞ്ഞിരുന്നു. അടുത്തയിടെ പുറത്തിറങ്ങിയ ജോസഫ് എന്ന സിനിമ ഡോക്ടര്‍മാരെ കുറിച്ചും അവയവമാറ്റത്തെ കുറിച്ചും തെറ്റായ സന്ദേശം നല്‍കുമെന്ന് ഐഎംഎ പരാതിപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക്ുമുമ്പ് ഏറെ ജനപ്രീതി നേടിയ പ്രശസ്തചിത്രം പൊന്മുട്ടയിടുന്ന താറാവിന്റെ ആദ്യപേര് പൊന്മുട്ടയിടുന്ന തട്ടാന്‍ എന്നായിരുന്നു. തട്ടാന്മാര്‍ പരാതി കൊടുത്താണ് പേരു മാറ്റിയത്. ഇത്തരം സംഭവങ്ങള്‍ പലതും ആവര്‍ത്തിച്ചിട്ടുണ്ട്.
ലൂസിഫറിലേക്കു തിരിച്ചുവരാം. മലയാളത്തിലെ എത്രയോ സിനിമകളില്‍ മമ്മുട്ടി, സുരേഷ് ഗോപി, മോഹന്‍ ലാല്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന എത്രയോ പോലീസ് കഥാപാത്രങ്ങള്‍ കുറ്റവാളികളേയും നിരപരാധികളേയും തെറി വിളിക്കുകയും നിയമവിരുദ്ധമായി മര്‍ദ്ദിക്കുകയും കൊന്നുകളയുകയും ചെയ്യുന്ന രംഗങ്ങളുണ്ട്. എത്രയോ സിനിമകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വില്ലന്മാരാണ്. ഇന്ദ്രന്‍സ്, ജഗതി തുടങ്ങിയവരവതരിപ്പിച്ച കോമാളികളായ പോലീസുകാരുടെ രംഗങ്ങളുമുണ്ട്. ഇനി സിനിമ വിടുക. ലൂസിഫറില്‍ കണ്ടപോലെ പോലീസിനെ അക്രമിക്കാന്‍ സാധാരണക്കാര്‍ക്ക് പറ്റില്ലെന്നാര്‍ക്കുമറിയാം. അഥവാ ചെയ്താല്‍ അവരുടെ പിന്നത്തെ അവസ്ഥ ഊഹിക്കാവുന്നതാണ്. എന്നാല്‍ സംഘടിതരായ എത്രയോ ശക്തികള്‍ അതു ചെയ്തിരിക്കുന്നു. അടുത്തയിടെ തിരുവനന്തപുരത്ത് പോലീസുകാരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നല്ലോ. പിന്നീട് സംഭവിച്ചതോ? പോലീസുകാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇക്കാര്യത്തില്‍ അസോസിയേഷന്‍ ഇടപെട്ടതായി അറിയില്ല. കേരളത്തിലെ ലോക്കപ്പുകളില്‍ പോലീസ് നടത്തുന്ന താണ്ഡവങ്ങളെ തുടര്‍ന്ന് എത്രയോ പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ജീവച്ഛവങ്ങളായിരിക്കുന്നു. എന്നിട്ടും നിശബ്ദരായ അസോസിയേഷനാണ് ലൂസിഫറിന്റെ പരസ്യത്തിന്റെ പേരില്‍ രംഗത്തുവന്നിരിക്കുന്നത്. ഇതൊന്നും പോലീസിനെ കുറിച്ച് ജനങ്ങള്‍ക്കൊരു സന്ദേശവും നല്‍കുന്നില്ല, അവര്‍ക്ക് പോലീസിനെ കുറിച്ച് നന്നായറിയാം എന്ന് ഇവര്‍ക്കെന്താണാവോ മനസ്സിലാവാത്തത്?
ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ പോലീസിനെതിരായ പരാതികള്‍ വര്‍ദ്ധിക്കുതായി പോലീസ് കംപ്ലെയന്‍സ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സര്‍ക്കാരിനു മുന്നില്‍ ചൂണ്ടികാണിക്കാറുണ്ട്. എന്നാല്‍ ആത്മവീര്യത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പോലീസിനു കവചമൊരുക്കുന്നത്. അടുത്ത കാലത്തായി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ ലിസ്റ്റ് ആരേയും ഞെട്ടിപ്പിക്കുന്നതാണ്. ലോക്കപ്പ് കൊലപാതകങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നു. ലോക്കപ്പുകളില്‍ സി സി ടി വി കാമറ സ്ഥാപിക്കണമെന്ന ആവശ്യം പോലും ഇപ്പോഴും നടപ്പായിട്ടില്ല. ദളിതുകളും ദുര്‍ബ്ബലുമായവര്‍ തന്നെയാണ് പീഡനങ്ങള്‍ക്ക് ഏറ്റവും വിധേയരാകുന്നവര്‍. ട്രാന്‍സ്ജെന്റര്‍ സൗഹൃദ സംസ്ഥാനമെന്നു പറയുമ്പോഴും അവരെ കേരളത്തില്‍ വെച്ചേക്കില്ല എന്ന തീരുമാനത്തിലാണെന്നു തോന്നുന്നു പോലീസ്. ജനകീയ സമരങ്ങളോടുള്ള സമീപനം പുതുവൈപ്പിനിലും ജിഷ്ണുവിന്റെ അമ്മക്കുനേരെയുള്ള അക്രമത്തിലും മറ്റും പോലീസ് വ്യക്തമാക്കി കഴിഞ്ഞു. വര്‍ഗ്ഗീസ് വധത്തിനു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ അരങ്ങേറുന്നു ഇതിനൊക്കെ പുറമെയാണ് ആരുമറിയാതെ സ്റ്റേഷനുകളില്‍ അരങ്ങേറുന്ന പീഡനപരമ്പരകള്‍. ഇപ്പോളും ലോക്കപ്പ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നു. ലോക്കപ്പ് മര്‍ദ്ദനവും പീഡനവും സര്‍ക്കാരിന്റെ പോലീസ് നയമല്ല എന്ന പതിവുപല്ലവിയാണ് ഏതു സര്‍ക്കാരും പറയുക. സര്‍ക്കാരിന്റെ പോലീസ് നയം എന്താണെന്നത് ഇവിടെ പ്രസക്തമല്ല. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങള്‍ ഓരോ പൗരനും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതാണിവിടെ നിഷേധിക്കപ്പെടുന്നത്. സദാചാരപോലീസിംഗ് അനുവദിക്കില്ല എന്നു പറയുമ്പോഴും പോലീസ് തന്നെ സദാചാരപോലീസാകുന്ന സംഭവങ്ങളും നിരന്തരം അരങ്ങേറുന്നു. യുഎപിഎക്ക് എതിരാണെന്നു അവകാശപ്പെടുമ്പോഴും രാഷ്ട്രീയതാല്‍പ്പര്യത്തോടെ അത് പ്രയോഗിക്കുന്നു. പലപ്പോഴും പോലീസിനു വീഴ്ച പറ്റി എന്നു സമ്മതിച്ചാലും ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കാറില്ല.
ഇവിടെ നിലനില്‍ക്കുന്നത് രാജ്യഭരണമല്ല, ജനാധിപത്യമാണെന്ന വസ്തുതയാണ് അതിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്നെ മറക്കുന്നത്. അാേസസിയേഷനും അതു മറക്കുന്നു. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത പോലീസ് ആക്ടിലും മറ്റു സംവിധാനങ്ങളിലും ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. ഇന്നും പോലീസ് സ്റ്റേഷനില്‍ ഭയത്തോടെയല്ലാതെ കയറി പോകുവാന്‍ ധൈര്യമുള്ളവര്‍ കുറയും. ബ്രിട്ടനില്‍ അതെല്ലാം മാറിയെന്നത് വേറെ കാര്യം. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം എന്നൊക്കെ പറയുമ്പോഴും നിര്‍ഭാഗ്യവശാല്‍ അങ്ങനെ മാറ്റാന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുപോലും താല്‍പ്പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പോലീസില്‍ വലിയൊരു ഭാഗം ക്രിമിനലുകളാണെന്നു മുന്‍ ഡിജിപി സെന്‍കുമാര്‍ പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. സ്വാധീനമില്ലാത്തവരുടെ കേസുകളോട് പലപ്പോഴും പോലീസ് ഉദാസീനരാണെന്ന് വാളയാര്‍ സംഭവവുമായി ബന്ധപ്പെട്ട് ശ്രീലേഖ ഐ പി എസും പഞ്ഞു. എ കെ ആന്റണിയുടെ കാലത്താണ് ലോകത്തുതന്നെ അപൂര്‍വ്വമായ രീതിയില്‍ ആദിവാസികള്‍ക്കുനേരെ വെടിയുയര്‍ത്തിയത്. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളും മറക്കാറായിട്ടില്ലല്ലോ. മകന്റെ ജഡത്തിനെന്തുപറ്റി എന്നറിയാന്‍ ദശകങ്ങള്‍ അലഞ്ഞിട്ടും മറുപടി ലഭിക്കാതെ വിടപറഞ്ഞ ആ പിതാവിനെ മറക്കാന്‍ അത്രപെട്ടന്നു കഴിയുമോ?
മുത്തങ്ങയില്‍ ആദിവാസികളെ മര്‍ദ്ദിക്കുന്നതു കണ്ട് വേദനിച്ച ഐസക് ആന്റണി എന്ന പോലീസുകാരന്‍ ജനാധിപത്യത്തിലെ പോലീസ് എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പോലീസിന്റെ ഉദ്ഭവം മുതല്‍ ഇന്നു നിലനില്‍ക്കുന്ന പോലീസ് ആക്ടിന്റെ പരിമിതികള്‍ വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.. 50 വര്‍ഷം മുമ്പു പാസ്സായ പോലീസ് ആക്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. അതാകട്ടെ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ പഴയ ആക്ടിന്റെ ചുവടുപിടിച്ചത്. അതിന്റെ ലക്ഷ്യം എന്തായിരുന്നു എന്നു വ്യക്തം. അടിച്ചമര്‍ത്തുക എന്നതുതന്നെ. കമ്യൂണിസ്റ്റുകാര്‍ പറയാറുള്ളപോലെ പോലീസ് എന്നും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം തന്നെ. കുറ്റം തെളിയിക്കാന്‍ ആധുനിക രീതികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും കാര്യമായ നടപടികള്‍ ഇന്നുമില്ല. അതിനുള്ള മാര്‍ഗ്ഗം മര്‍ദ്ദനമാണെന്നുതന്നെയാണ് ഭൂരിഭാഗം പോലീസും ഇന്നും കരുതുന്നത്. മമ്മുട്ടിയും സുരേഷ്ഗോപിയും പൃഥ്വീരാജും അഭിനയിക്കുന്ന ആക്ഷന്‍ ഹീറോ ബിജുമാര്‍ പോലീസില്‍ ഇനി ഉണ്ടാകാന്‍ പാടില്ല. അതിനനുസൃതമായി ജനാധിപത്യസംവിധാനത്തിനനുസൃതമായി പോലീസ് ആക്ട് പൊളിച്ചെഴുതുകയാണ് ഉടന്‍ ചെയ്യേണ്ടത്. അതിനായാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും ജനാധിപത്യവാദികളും പോരാടേണ്ടത്. അതിനെയാ്ണ് പോലീസ് അസോസിയേഷനും പിന്തുണക്കേണ്ടത്. അല്ലാതെ ഇത്തരം ബാലിശമായ പരാതികള്‍ നല്‍കുകയല്ല.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>