സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Apr 2nd, 2019

ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കുക : കേരളത്തെ ജനാധിപത്യവല്‍ക്കരിക്കുക

vvv

CITIZENS AGAINST VIOLENCE IN PUBLIC LIFE, KERALA

രാജ്യമാകെയും അതിന്റെ ഭാഗമായി കേരളവും അതിനിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ജീവിക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ മൗലികാവകാശവും നിലനില്‍ക്കണം.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ആള്‍ക്കൂട്ടക്കൊലകളുടെ വിളയാട്ടഭൂമിയായി ഉത്തരേന്ത്യ മാറിയിരിക്കുന്നു. കേരളവും സമീപ വര്‍ഷങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ വിളഭൂമിയായി തീര്‍ന്നിട്ടുണ്ട്. ഓരോ രാഷ്ട്രീയ കൊലപാതകവും തിരിച്ചടിക്കുള്ള ഇന്ധനമാക്കി മാറ്റുകയാണ് കേരളത്തില്‍.
സാക്ഷരതയിലും രാഷ്ട്രീയബോധ്യത്തിലും മുന്‍പന്തിയിലാണ് എന്ന് അഭിമാനംകൊള്ളുന്ന മലയാളികള്‍ തങ്ങളുടെ ജനാധിപത്യബോധത്തിന്റെ പരിമിതികളെ കുറിച്ചുകൂടി ചിന്തിക്കേണ്ട ഘട്ടമാണിത്. കേരളത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തന രംഗത്തെ മുഖ്യവിപത്തായി ജനങ്ങള്‍ കാണുന്നത് പെരുകിവരുന്ന അക്രമോത്സുകതയാണ്. വര്‍ഗീയ രാഷ്ട്രീയത്തിന്റെ മുന്‍കൈയില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ മാത്രമല്ല രാഷ്ട്രീയകക്ഷികള്‍ നേരിട്ടുനടത്തുന്ന അക്രമങ്ങളും കേരളത്തില്‍ ജനങ്ങളുടെ സൈ്വരജീവിതത്തെ വെല്ലുവിളിക്കുകയാണ്. നിരന്തരം ആവര്‍ത്തിക്കുന്ന കൊലപാതകങ്ങള്‍ ഇവിടത്തെ രാഷ്ട്രീയസംസ്‌കാരം എത്രമാത്രം അധമമായിക്കഴിഞ്ഞു എന്നതിന്റെ സാക്ഷ്യപത്രമാണ്. കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ ആയിരത്തിലേറെ രാഷ്ട്രീയപ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എല്ലാ രാഷ്ട്രീയകക്ഷികളുടെയും നേതാക്കളുള്‍പ്പെടെ കൊലപാതകരാഷ്ട്രീയത്തിന്റെ ഇരകളായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സിപിഐഎമ്മിന്റെയും ആര്‍എസ്എസ്-ബിജെപിയുടെയും നേതാക്കളും പ്രവര്‍ത്തകരുമാണ്. സിപിഐഎമ്മിന്റെയും ബിജെപിയുടെയും ശക്തികേന്ദ്രങ്ങളില്‍ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും പ്രവര്‍ത്തിക്കാനാവാത്ത പരിതസ്ഥിതിയുണ്ട്. പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണവിധേയമാകുകയും അവരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും ബന്ധുക്കള്‍പോലും ഭീഷണികള്‍ക്കു വിധേയമാക്കപ്പെടുകയും ചെയ്യുന്നു.
കേരളത്തില്‍ കൊലക്കത്തിക്കിരയായ രാഷ്ട്രീയനേതാക്കളില്‍ അഴീക്കോടന്‍ രാഘവന്‍ തൊട്ട് ജയകൃഷ്ണന്‍ മാസ്റ്ററും, കെ വി സുധീഷും, അഭിമന്യുവും വരെയുള്ള നീണ്ട നിരയുണ്ട്. ഇവരെല്ലാവരും തന്നെ ജീവിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ ശേഷിയുള്ളവരായിരുന്നു.
സിപിഐഎം വിട്ട് പുതിയ പ്രസ്ഥാനം രൂപീകരിച്ച ടി പി ചന്ദ്രശേഖരനെ അമ്പത്തൊന്നു വെട്ടുവെട്ടിയാണ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്. സിപിഐഎം നേതാവിന്റെ വാഹനത്തിന് കല്ലെറിഞ്ഞു എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥിയായ അരിയില്‍ ഷുക്കൂറിനെ ആള്‍ക്കൂട്ടക്കൊലയ്ക്ക് വിധേയനാക്കിയത്. കാസര്‍ക്കോട്ടെ പെരിയയില്‍ കൃപേഷിനെയും ശരത്്ലാലിനെയും നടുറോഡില്‍ വെട്ടിക്കൊന്നു. മനുഷ്യത്വത്തിന്റെ കണികപോലും അവശേഷിക്കാത്ത ക്രിമിനലുകള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തിരിക്കുന്നു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കുന്നവര്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പരിതസ്ഥിതി ജനാധിപത്യസംസ്‌കാരത്തിന് നിരക്കാത്തതാണ്. സംവാദത്തിന്റെയും ആശയപരമായ ഏറ്റുമുട്ടലുകളുടെയും വേദിയായി രാഷ്ട്രീയപ്രവര്‍ത്തനത്തെ മാറ്റിത്തീര്‍ക്കേണ്ടത് ഏതൊരു ജനാധിപത്യവാദിയുടെയും കടമയാണ്. അക്രമപ്രവര്‍ത്തനങ്ങെളയും രാഷ്ട്രീയഎതിരാളികളെ കൊലക്കത്തിക്കിരയാക്കുന്നതിനെയും എതിര്‍ക്കുന്നതിന് എല്ലാ ജനാധിപത്യവാദികള്‍ക്കും ചുമതലയുണ്ട്. നമ്മുടെ നാട്ടിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയസംസ്‌കാരം സൃഷ്ടിക്കാന്‍ നമുക്കെല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഏതു തലത്തിലുമുള്ള അക്രമത്തിനുമെതിരെ ജനാധിപത്യ മനസ്സാക്ഷി ഉണര്‍ന്നേ മതിയാകൂ. കേരളത്തെ ജനാധിപത്യപ്രവര്‍ത്തനങ്ങളുടെ ശവപ്പറമ്പാക്കി മാറ്റുന്നതിനെതിരേ പ്രതിഷേധം ഉയരണം. മനുഷ്യത്വത്തിന്റെ അടിത്തറയിലുള്ള ഒരു നവരാഷ്ട്രീയം വളര്‍ത്തിയെടുക്കാന്‍ എല്ലാ ജനാധിപത്യവാദികളും പൊതുവേദിക്ക് രൂപം നല്‍കേണ്ടതുണ്ട്.
പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മിതി സുതാര്യവും മാനവികതയില്‍ ഊന്നിയുള്ളതുമാവണം. അത്തരം ഒരു സംസ്ഥാനമാക്കി കേരളത്തെ പുനര്‍നിര്‍മിക്കുമെന്ന പ്രതിജ്ഞ ജനങ്ങള്‍ എടുക്കേണ്ടതുണ്ട്. ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ ഉറപ്പുവരുത്തുക എന്നതിനോടൊപ്പം രാഷ്ട്രീയ കൊലപാതകങ്ങളില്ലാത്ത കേരളം സൃഷ്ടിക്കുക എന്നതും പരമപ്രധാനമാണ്.
അതിനാല്‍ ഈ ജനവിധി അത്തരമൊരു ദ്വിമുഖ ലക്ഷ്യം ഉറപ്പുവരുത്തുന്നതാവണം. അതിനെ ആധാരമാക്കിയുള്ള ഒരു നവ രാഷ്ട്രീയ സംസ്‌കാരം വളര്‍ന്നു വരണം. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന സംവാദങ്ങളും അതിന്റെ ഭാഗമായ ജനവിധിയും അക്രമരാഷ്ട്രീയത്തെയും രാഷ്ട്രീയ കൊലപാതകങ്ങളുടെ പിന്നിലുള്ള മരണ വ്യാപാരികളെയും തിരസ്‌കരിക്കുന്നതായിരിക്കണം.

Unite Against Violence! We lose only the knives and gain a new Kerala

കെ വേണു – ചെയര്‍മാന്‍. എന്‍ പി ചേക്കുട്ടി – കണ്‍വീനര്‍

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>