സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Mar 30th, 2019

രമ്യയും ബിജുവും മലയാളിയുടെ സവര്‍ണ്ണസ്വത്വവും

ala

വിവാദങ്ങളാല്‍ സമ്പുഷ്ടമാണ് പൊതുവില്‍ കേരളത്തിലെ രാഷ്ട്രീയരംഗം. തെരഞ്ഞെടുപ്പു വേളകളാണെങ്കില്‍ പറയാനുമില്ല. അത്തരമൊരു വിവാദമാണ് ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ രമ്യാ ഹരിദാസും പി കെ ബിജുവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഈ വിവാദം വെറുതെ അവഗണിച്ചു തള്ളേണ്ടതല്ല. ശക്തമായ രാഷ്ട്രീയം അതിനുപുറകിലുണ്ട് എന്നതാണ് വസ്തുത. ആ രാഷ്ട്രീയമാകട്ടെ പൊതുവില്‍ മലയാളികള്‍ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്നതാണ്. എന്നാലിപ്പോള്‍ അവ ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.
കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപാ നിശാന്തിന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. തന്റെ മണ്ഡലമായ ആലത്തൂരില്‍ മത്്‌സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് തെരഞ്ഞടുപ്പു പ്രചാരണവേളയില്‍ പാട്ടുപാടുന്നതിനെതിരെയായിരുന്നു ടീച്ചറുടെ പോസ്റ്റ്്. പോസ്റ്റിലെ ‘പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്.’ എന്ന വരികളാണ് വിവാദത്തിനു തിരികൊളുത്തിയത്. ജെ എന്‍ യുവിലെ സാക്ഷാല്‍ കനയ്യ കുമാര്‍ ആസാദി ആസാദി എന്ന ഗാനം പാടി വോട്ടു ചോദിക്കുന്ന സമയത്തുതന്നെയാണ് ഇടതുപക്ഷ സഹയാത്രികയുടെ ഈ പോസ്റ്റ്. തെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലെല്ലാം കലയും സാഹിത്യവും സംഗീതവുമൊക്കെ ഉപയോഗിച്ചിട്ടുള്ള ഒരു പ്രസ്ഥാനത്തിനെ പിന്തുണക്കാനാണ് ടീച്ചര്‍ ഇതു പറഞ്ഞതെന്നതും കൗതുകകരം. നാടന്‍ പാട്ടുകളും സംഗീതവുമൊക്കെ ഇപ്പോളും ദളിതരുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അവര്‍ മറന്നു. അടുത്തയിടെ പാര്‍ട്ടി സമ്മേളനത്തില്‍ പാട്ടുപാടി ഡാന്‍സ് കളിച്ച ശ്രീമതി ടീച്ചറുടെ പടം വളറെ വൈറലായിരുന്നു. രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാതിരുന്ന ഇന്നസെന്റ്, മുകേഷ് പോലുള്ളവരുടെ ജനപ്രതിനിധികളാക്കിയ പ്രസ്ഥാനമാണ് തന്റേതെന്നും ടീച്ചര്‍ മറന്നു.
സ്വാഭാവികമായും ഈ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിലെ യുവ ദളിത് ആക്ടിവിസ്റ്റുകളില്‍ നിന്നുയര്‍ന്നത്. ”പാട്ടും, നാടകവും ഇഴ ചേര്‍ത്താണ് അടിസ്ഥാന വര്‍ഗ്ഗത്തെ നിങ്ങള്‍ ചേര്‍ത്ത് പിടിച്ചത്. നിങ്ങള്‍ പണ്ട് പകുത്തൊരിന്ത്യ ഇന്നിതാ പുതിയ ചെങ്കോടിയേന്തി എന്ന് പാടിയും, യുഗങ്ങള്‍ നീന്തി നടക്കും ഗംഗയില്‍ വിരിഞ്ഞു താമര മുകുളങ്ങള്‍ എന്നും പാടിയും, നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതല്ലേ പൈങ്കിളിയെ എന്നും പാടിത്തന്നെയാണ് പറയരെയും, പുലയരെയും, കുറവരേയും, ഈഴവരെയും ഒക്കെ നിങ്ങള്‍ ചേര്‍ത്തുപിടിച്ചതു. പിന്നിപ്പോഴെങ്ങനെയാണ് പാട്ടിനോട് അയിത്തം ആയതു. കെ എസ് ജോര്‍ജിന്റെ പാട്ടു കൊണ്ടു വളര്‍ന്ന പാര്‍ട്ടി പിന്നീട് എങ്ങനെ ആയിരുന്നു അദ്ദേഹത്തോട്. അത് തന്നെയാണ് ഇപ്പോള്‍ രമ്യയുടെ പാട്ടിനോടും കാണിക്കുന്നത്.” എന്നായിരുന്നു മൃദുലാദേവി പ്രതികരിച്ചത്. രേഖാരാജ്, ധന്യാമാധവന്‍ തുടങ്ങിയവരൊക്കെ രംഗത്തുവന്നു. എന്നാലതേസമയത്തുതന്നെ സോഷ്യല്‍ മീഡിയയില്‍ രമ്യക്കെതിരായ അക്രമണം ശക്തമായിരുന്നു. രമ്യ ഹരിദാസ് ദരിദ്രയാണ് എങ്കില്‍ സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയില്‍ അപേക്ഷിക്കണമെന്നു വരെയുള്ള ഉപദേശങ്ങള്‍ വന്നു. രമ്യയെ അടച്ചാപേക്ഷിച്ചും പി കെ ബിജുവിനെ വാനോളം ഉയര്‍ത്തിയുമുള്ള പോസ്റ്റുകള്‍ നിറഞ്ഞു. അതോടെ ദളിത് വിരുദ്ധതയില്‍ തങ്ങളും മോശമല്ല എന്ന് കോണ്‍ഗ്രസ്സുകാരും തെളിയിച്ചു. ബിജുവിന്റെ ഡോക്ടറേറ്റ് കോപ്പിയടിയാണെന്നുവരെ അനില്‍ അക്കര പറഞ്ഞു. ബിജുവിന്റെ ജാതിസ്വത്വത്തെ കടന്നാക്രമിച്ച് നിരവധി പേര്‍ തങ്ങളുടെ സവര്‍ണ്ണ മനസ്സ് പ്രകടമാക്കി. മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണനെ കുറിച്ച് അദ്ദേഹം ആ പദവിയില്‍ ഇരിക്കുമ്പോള്‍ പോലും ജന്‍മനാട്ടില്‍ ജാതീയമായ തമാശയുടെ രൂപത്തില്‍ അടക്കം പറച്ചില്‍ പതിവായിരുന്നത്രെ. ലോകത്തെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടിവന്നാലും അതിനെക്കാള്‍ ഈ സമൂഹത്തില്‍ പല മടങ്ങ് ഉയര്‍ന്നു നില്‍ക്കുന്ന ജാതി പ്രിവിലേജ് എന്നതാണ് ഒരിക്കല്‍ കൂടി വെളിവാകുന്നത്. ഇ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചിറ്റയം ഗോപകുമാറും കൊടിക്കുന്നില്‍ സുരേഷുമൊക്കെ ഇത്തരം ആക്ഷേപങ്ങള്‍ പലപ്പോളും കേട്ടിട്ടുണ്ട്. എന്തിനേറെ, പിണറായിയെ കുറിച്ച് ചെത്തുകാരന്റെ മകന്‍ മുഖ്യമന്ത്രിയായാല്‍ എന്ന വാചകം പോലും നാം കേട്ടതാണല്ലോ.
വാസ്തവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ വേറെയായിരുന്നു. എന്തുകൊണ്ട എല്ലാ മുന്നണികളും സംവരണ സീറ്റുകളിലൊികെ മറ്റൊരു സീറ്റിലും ദളിതരെ നിര്‍ത്തുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. സുരേഷ് കൊടിക്കുന്നിലിനേയും പി കെ ബിജുവിനേയും മറ്റും ജനറല്‍ സീറ്റുകളില്‍ മത്സരിപ്പിച്ച് സംവരണ സീറ്റുകളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ കൊണ്ടുവരികയല്ലേ വേണ്ടത്.? കോട്ടയം നിവാസിയായ ബിജുവിനെ ഇനിയും ആലത്തൂര്‍ എന്ന സംവരണ സീറ്റില്‍ തന്നെ മത്സരിപ്പിക്കണോ? അതിനു തയ്യാറാകാത്തതുതന്നെ നല്‍കുന്ന സൂചന എന്താണ്? ഇതുതന്നെയാണ് വനിതാ സംവരണത്തിലും കാണുന്നത്. നിവൃത്തിയില്ലാത്തതിനാല്‍ മാത്രമാണ് രണ്ടുപേരെയെങ്കിലും ഈ മുന്നണികള്‍ മത്സരിപ്പിക്കുന്നത്. വനിതാ സംവരണബില്ലിനെ അനുകൂലിക്കുന്നു എന്നവകാശപ്പെടുന്നവരാണിവര്‍ എന്നതു മറക്കരുത്. ആദിവാസികളുടെ കാര്യം പറയാനുമില്ല. എന്തുകൊണ്ട് സി കെ ജാനുവിനേയോ പി കെ ജയലക്ഷ്മിയേയോ മറ്റോ വയനാട്ടില്‍ മത്സരിപ്പിക്കുന്നില്ല? അതിനായി വയനാടിനെ പട്ടികവര്‍ഗ്ഗ മണ്ഡലമായി പ്രഖ്യാപിക്കേണ്ടിവരും.
മറ്റൊരു പ്രധാന വിഷയം കൂടി ചര്‍ച്ച വിഷയമാക്കേണ്ടതുണ്ട്. ജാതീയമായ അധിക്ഷേപത്തിനെതിരെ ഇവര്‍ക്കൊപ്പം നില്‍ക്കുമ്പോളും കേരളത്തിലെ ദളിതരും ആദിവാസികളുമൊക്കെ നേരിടുന്ന സാമൂഹ്യ – സാമ്പത്തിക – ജാതീയ പീഡനങ്ങള്‍ക്കെതിരെ ജയിച്ചുപോകുന്ന ദളിത് ജനപ്രതിനിധികള്‍ എന്തു ചെയ്തു എന്ന ചോദ്യമാണത്. മുത്തങ്ങ, ചെങ്ങറ, വടയമ്പാടി, പേരാമ്പ്ര, ഗോവിന്ദാപുരം, അരിപ്പ, അട്ടപ്പാടി, വിനായകന്‍ പോലെ എത്രയോ സംഭവങ്ങളില്‍ ഇവരാരെങ്കിലും ശക്തമായി ഇടപെട്ടിട്ടുണ്ടോ? സംസ്ഥാനത്ത് ഇപ്പോള്‍ ശക്തമായി നടക്കുന്ന ദളിത് – ആദിവാസി ഭൂസമരങ്ങളോട് ഐക്യപ്പെടാനും ഇവര്‍ തയ്യാറായിട്ടുണ്ടോ? ഈ വിവാദവുമായി ബന്ധപ്പെട്ടുതന്നെ 10 വര്‍ഷം എംപിയായ പി കെ ബിജുവിനോട് ആലത്തൂര്‍ സ്വദേശിനിയായ ലക്ഷ്മി സുധീര്‍ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. മണ്ഡലത്തിന്റെ വികസനത്തിനായി ഏറെ ചെയ്തു എന്നവകാശപ്പെടുന്ന ബിജുവിനോട് കടപ്പാറ ഊരില്‍ 22 കുടുംബങ്ങള്‍ മരിച്ചടക്കുന്നതു പോലും കുടിലിന്റെ അടുക്കള കുഴിച്ചാണെന്ന് ബിജു അറിഞ്ഞിട്ടുണ്ടോ? 2016 ജനുവരി 15 മുതല്‍ അവര്‍ സമരത്തിലാണെന്നും 16 ഏക്കറോളം വരുന്ന മൂര്‍ത്തിക്കുന്ന് വനഭൂമി അവര്‍ പിടിച്ചെടുത്ത് അതില്‍ കുടില്‍ കെട്ടിയാണ് വസിക്കുന്നതെന്നും, എണ്ണിയാലൊടുങ്ങാത്ത കേസുകള്‍ അവരുടെ മേല്‍ ഭരണകൂടം ചാര്‍ത്തിക്കൊടുത്തിട്ടുണ്ടെന്നും ബിജുവിനറിയാമോ? മന്ത്രി എ.കെ. ബാലന് നിവേദനം കൊടുക്കാന്‍ പോയ ഊരുമൂപ്പന്‍ വേലായുധനടക്കമുള്ളവരെ മവോയിസ്റ്റാണെന്ന് പറഞ്ഞ് പൊലീസ് ഉടുമുണ്ടഴിച്ച് പരിശോധിച്ചത് ബിജു കേട്ടിട്ടുണ്ടോ? എപ്പഴെങ്കിലും ഈ ഊര് ബിജു സന്ദര്‍ശിച്ചിട്ടുണ്ടോ? കുണ്ടനം കുളമ്പ് ഊരിനേക്കുറിച്ച് ബിജു കേട്ടിട്ടുണ്ടോ? അവിടെ അച്ഛന്റെ മൃതദേഹം തലച്ചുമടായി കൊണ്ടു പോയി സംസ്‌കരിച്ച രാജുവിനേക്കുറിച്ച് കേട്ടിട്ടുണ്ടോ? പോത്തുണ്ടി ഡാം നിര്‍മാണ സമയത്ത് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത ആദിവാസികള്‍ വസിക്കുന്ന നെന്മാറ വെള്ളപ്പാറക്കുന്ന് പ്രദേശത്തെ കുറിച്ചറിയാമോ? പാറക്കെട്ടില്‍ കുടിലുകള്‍ക്കുള്ളില്‍ കഴിയുന്ന ഇവര്‍ക്ക് വീടില്ല, ശുചി മുറിയില്ല, വെള്ളമില്ല. ഒരു വിരലെങ്കിലും ഇവര്‍ക്കു വേണ്ടി കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ചലിപ്പിച്ചിട്ടുണ്ടോ? ഈ ഊരുകളിലേക്ക് വോട്ടു ചോദിച്ചു വരാന്‍ ധൈര്യമുണ്ടോ? സ്വന്തം വംശത്തിന് വേണ്ടി അധികാരികള്‍ക്കു മുന്നില്‍ വായ് തുറക്കാത്ത നിങ്ങളാണോ കീഴാള വര്‍ഗ്ഗ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുമെന്നും പോരാടുമെന്നും വീമ്പിളക്കുന്നത് എന്നിങ്ങനെ പോകുന്നു അവരുടെ ചോദ്യങ്ങള്‍. മുഖ്യധാരാ സമൂഹവും പ്രസ്ഥാനങ്ങളും വ്യക്തികളും ഇപ്പോളും ദളിതരെ എങ്ങനെ കാണുന്നു, ദളിത് സമൂഹത്തില്‍ നിന്നുതന്നെ ജനപ്രതിനിധികളായി പോകുന്നവര്‍ തങ്ങളുടെ സമൂഹത്തിനുവേണ്ടി എന്തുചെയ്യുന്നു എന്ന ഗൗരവപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരമാണ് ജാതീയമായ അധിക്ഷേപങ്ങളുമായി മലയാളി തന്റെ സവര്‍ണ്ണ സ്വത്വം വെളിപ്പെടുത്തുന്നത് എന്നതാണ് ദുരന്തം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>