സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Mar 27th, 2019

നന്ദി രാഹുല്‍! തെരഞ്ഞെടുപ്പ് ചര്‍ച്ചകളെ അര്‍ത്ഥവത്താക്കിയതില്‍…

RRകെ സഹദേവന്‍

ആത്മാര്‍ത്ഥമായിട്ടായാലും അല്ലെങ്കിലും പൗരന്മാരുടെ അടിസ്ഥാന വരുമാനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ വാഗ്ദാനം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് പുതിയൊരു മാനം നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലെ 25കോടി പൗരന്മാര്‍ക്ക് അടിസ്ഥാന വരുമാനം 12000രൂപ ഉറപ്പുവരുത്തുമെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈയൊരും വാഗ്ദാനം നടപ്പിലാക്കുന്നതിനായി പ്രതിവര്‍ഷം 3.6ലക്ഷം കോടി രൂപയുടെ അധിക ബാദ്ധ്യത സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരും. ഇന്ത്യയുടെ മൊത്തം ആഭ്യന്തര മൊത്തോല്‍പാദനത്തിന്റെ 2%ത്തോളം വരുമിത്.
സാര്‍വ്വത്രിക അടിസ്ഥാന വരുമാനം (Universal Basic Income) എന്ന ആശയത്തോട് അടുത്ത് നില്‍ക്കുന്ന ഒരു പദ്ധതിയാണ് രാഹുല്‍ ?ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതുരീതിയിലാണ് ഇത് നടപ്പിലാക്കാന്‍ പോകുന്നത്, വരാനിരിക്കുന്ന അധികച്ചെലവ് കണ്ടെത്തുന്നതെങ്ങിനെ തുടങ്ങിയ വിശദാംശങ്ങളൊന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായില്ല.
ഒരേസമയം ആശയം ആശങ്കയും ഈ പദ്ധതി മുന്നോട്ടുവെക്കുന്നുണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് വലിയ തോതില്‍ സഹായകമാകുന്ന ഈ പദ്ധതി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള പലവിധത്തിലുള്ള സൗജന്യങ്ങളെയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെയും അതെങ്ങിനെ ബാധിക്കാനിരിക്കുന്നു എന്നത് പ്രധാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ മേഖലകളിലെ നിലവിലുള്ള വിവിധങ്ങളായ ക്ഷേമ പദ്ധതികള്‍ തുടര്‍ന്നുകൊണ്ടുപോകുമോ എന്നു തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ആത്യന്തികമായി നവലിബറല്‍ സാമ്പത്തിക നയങ്ങളുട വക്താക്കളെന്ന നിലയില്‍ സൗജന്യങ്ങള്‍ വെട്ടിക്കുറക്കാനുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങളെ ചോദ്യങ്ങളൊന്നും കൂടാതെ സ്വീകരിക്കുന്ന പാര്‍ട്ടിയാണ് രാഹുല്‍ ഗാന്ധിയുടേത്.
ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ പൗരന്മാര്‍ക്ക് ലഭ്യമായിരിക്കേണ്ട പല അടിസ്ഥാന സൗകര്യങ്ങളും നാള്‍ക്കുനാള്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഈ ചോദ്യം വളരെയധികം പ്രസക്തമാണ്. അതുപോലെ രണ്ടാം യുപിഎകാലത്ത് നടപ്പിലാക്കിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലുള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികളുടെ അവസ്ഥയെന്തായിരിക്കും എന്നതും പ്രധാനമാണ്.
രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം പ്രായോഗികമല്ലെന്നാണ് ബിജെപി പറയുന്നത്. ഇതിലെ പരിഹാസ്യത അറിയണമെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനകത്ത് മാത്രം ബിജെപി സര്‍ക്കാര്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ സൗജന്യങ്ങളുടെയും അവരുടെ കടം എഴുതിത്തള്ളലിന്റെയും കണക്കെടുത്താല്‍ മതിയാകും. 3.6ലക്ഷം കോടിയാണ് അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന ഈ പദ്ധതിക്കായി ചെലവഴിക്കേണ്ട തുക. അതേസമയം ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ കടം എഴുതിത്തള്ളിയതിന്റെ പേരില്‍ പൊതുഖജനാവില്‍ വന്ന നഷ്ടം ഏതാണ്ട് 3 ലക്ഷം കോടി രൂപയാണ്.
ലിബറല്‍ സാമ്പത്തിക നയങ്ങളെ ഒരേപോലെ പിന്തുണക്കുന്ന ബിജെപിയും കോണ്‍?ഗ്രസ്സും വന്‍കിട കോര്‍പ്പറേറ്റുകളോടുള്ള സമീപനത്തില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. എങ്കില്‍ കൂടിയും രാഹുലിന്റെ പ്രഖ്യാപനം രാഷ്ട്രീയ ചര്‍ച്ചകളെ തൊഴില്‍, സാമ്പത്തിക മേഖല, ദാരിദ്യം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് നയിക്കാന്‍ പര്യാപ്തമായിട്ടുണ്ട് എന്ന് ആശ്വസിക്കാം. 90കള്‍ തൊട്ട് സംഘപരിവാര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന മതം, അതിദേശീയത തുടങ്ങിയ വിഷയങ്ങള്‍ അവര്‍ക്ക് പോലും ഉന്നയിക്കാന്‍ പറ്റാത്തവിധത്തില്‍ അപ്രസക്തമാക്കിയിരിക്കുന്നു എന്നതു തന്നെ വലിയ നേട്ടമായി കണക്കാക്കേണ്ടതുണ്ട്.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>