സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Mar 25th, 2019

മര്‍ദ്ദിതരുടെ രാഷ്ട്രീയ ആവശ്യം പാര്‍ലമെന്റില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു വോട്ട്

Share This
Tags

g mജി ഗോമതി

2019 ഏപ്രില്‍ 23 നു നടക്കുന്ന പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുകയാണ്. രാഷ്ട്രീയ അധികാരമാണ് മുഴുവന്‍ സാമൂഹിക പുരോഗതിയുടെയും താക്കോലെന്നും രാഷ്ട്രീയ അധികാരത്തിന്റെ കടിഞ്ഞാണ്‍ അസ്പൃശ്യര്‍ നേടാത്തിടത്തോളം കാലം അയിത്തം തുടച്ചു നീക്കാന്‍ കഴിയില്ലെന്നും ഡോ. ബി ആര്‍ അംബേദ്കര്‍ പറഞ്ഞതിന്റെ പൊരുള്‍ കൂടുതല്‍ ബോധ്യപ്പെടുന്നത് ഈ ‘ആധുനിക ജനാധിപത്യ’ കാലഘട്ടത്തിലാണ്. ജാതിയുടെയും പശുവിന്റെയും പ്രണയത്തിന്റെയും നിറത്തിന്റെയും വംശത്തിന്റെയും പേരില്‍ ദലിത് ആദിവാസികള്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു, ബീഫിന്റെയും അപരവല്‍ക്കരണത്തിന്റെയും മറവില്‍ മുസ്ലീംങ്ങള്‍ കൊലചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു, ഉന്നത വിദ്യാഭ്യാസം നേടിയ ദലിത് യുവതയ്ക്ക് അതിജീവിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യേണ്ടി വരുന്നു. പാര്‍ശ്വവല്കൃതരുടെ പ്രാതിനിധ്യവും അവകാശവും സംരക്ഷിക്കുവാനുള്ള സംവരണം അട്ടിമറിക്കാന്‍ ബി ജെ പിയും കോണ്‍ഗ്രസ്സും ഇടതുപക്ഷ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തുന്നു. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയിലെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ക്ക് നീതി ലഭിക്കാത്ത രാഷ്ട്രീയ അധികാര വ്യവസ്ഥിതിയിലും സാമൂഹിക ക്രമത്തിലാണ് നാമിന്നും ജീവിക്കുന്നത് എന്നാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യയിലാകമാനം ആക്രമണങ്ങള്‍ അഴിച്ചുവിടുകയും വര്‍ഗ്ഗീയ കലാപങ്ങളിലൂടെയും അപരവല്‍ക്കരണത്തിലൂടെയും സാമൂഹിക ധ്രുവീകരണം നടത്തി രാഷ്ട്രീയ ശക്തിയായി മാറുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സ്റ്റേറ്റിന്റെ മുഴുവന്‍ സംവിധാനങ്ങളും അവര്‍ ഇതിനായി ഉപയോഗിക്കുകയാണ്.
അടിസ്ഥാന ജനതയുടെ രാഷ്ട്രീയ സാമൂഹിക അധികാരം മര്‍മ്മപ്രധാനമായ രാഷ്ട്രീയ ലക്ഷ്യമായി കണ്ടുകൊണ്ടാണ് ഭരണഘടനയും ജനാധിപത്യവും വിഭാവനം ചെയ്‌തെതെങ്കിലും അധികാരം കൈയ്യാളിയിരുന്ന ജനവിഭാഗങ്ങളും ജാതി മേല്‍ക്കോയ്മ നിലനിര്‍ത്തിയിരുന്ന സംഘടിത സമുദായങ്ങളും തങ്ങളുടെ അധികാര മേല്‍ക്കോയ്മയെ ജനാധിപത്യ അധികാര വ്യവസ്ഥയിലേക്ക് വ്യാപിപ്പിക്കുകകയും പിപുലീകരിക്കുകയുമാണ് ചെയ്തത്. പാര്‍ശ്വവല്‍കൃത ജനവിഭാവങ്ങളെ അടിമത്തത്തില്‍ നിന്ന് രാഷ്ട്രീയ അടിമത്വതിലേക്ക് മാറ്റുന്ന സാഹചര്യമാണ് ബ്രാഹ്മണിക്കല്‍ അധികാരവ്യവസ്ഥ സൃഷ്ടിച്ചത്. പാര്‍ശ്വവത്കൃത ജനതയുടെ പ്രാതിനിധ്യം അധികാര രാഷ്ട്രീയത്തില്‍ ഉറപ്പിച്ചു കൊണ്ടല്ലാതെ ഇന്ത്യയിലെ ആദിവാസികളും ദളിതരും തോട്ടംതൊഴിലാളികളും ദലിത് ക്രിസ്ത്യാനികളും മത്സ്യത്തൊഴിലാളികളും സ്ത്രീകളും ട്രാന്‍സ്‌ജെന്‌ഡേഴ്‌സും അതിപിന്നാക്കാരും മുസ്ലീംങ്ങളും മതന്യൂനപക്ഷങ്ങളും ഭാഷാ ന്യൂനപക്ഷങ്ങളും അടങ്ങുന്ന ജനതയ്ക്ക് നീതിയുക്തമായ ഒരു സാമൂഹികക്രമം രൂപപ്പെടുത്തിയെടുക്കാന്‍ സാധ്യമല്ല.
ഇന്ത്യയിലും കേരളത്തിലും ജനാധിപത്യ വ്യവസ്ഥ നിലവില്‍ വന്നെങ്കിലും മൂന്നാര്‍ ഉള്‍പ്പടെയുള്ള തോട്ടംമേഖലയില്‍ ഇന്നും നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമങ്ങളും അധികാരബന്ധങ്ങളുമാണ്. തോട്ടംതോഴിലാളികളെ പൗരനായി പോലും അംഗീകരിക്കാത്ത, മാനേജുമെന്റുകള്‍ക്ക് പരമാധികാരം നല്‍കുന്ന Plantation Labour Act ആണ് തോട്ടംമേഖലയില്‍ നിലനില്‍ക്കുന്നത്. ബ്രിട്ടീഷുകാര്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ അടിമകളുടെ പൊതുമിനിമം അവകാശങ്ങള്‍ക്കായി നിര്‍മ്മിച്ച നിയമങ്ങളാണ് Plantation Labour Act 1951. ഈ നിയപ്രകാരം തോട്ടംതൊഴിലാളികളുടെ മുഴുവന്‍ അവകാശങ്ങളും നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം തോട്ടം മാനേജുമെന്റുകള്‍ക്കാണ്; ജനാധിപത്യ സര്‍ക്കാരിനല്ല. തോട്ടംമേഖലയില്‍ നിലനില്‍ക്കുന്ന മുഴുവന്‍ അവകാശ ധ്വംസനതിന്റെയും ജാനാധിപത്യ അവകാശ നിഷേധത്തിന്റെയും അടിസ്ഥാന കാരണം കേരളം രൂപീകരിക്കുന്നതിനു മുന്‍പുള്ള ഈ നിയമാണ്. ഈ നിയമം ഭേദഗതി ചെയ്തുകൊണ്ടാല്ലാതെ തൊഴിലാളികളുടെ കൂലി, ബോണസ്, തൊഴില്‍ സംരക്ഷണം, തൊഴില്‍ അവകാശങ്ങള്‍, പൗരാവകാശങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുകയില്ല.

ദിവസവും പത്ത് പന്ത്രണ്ട് മണിക്കൂര്‍ ജോലിയെടുക്കുന്ന തോട്ടം തൊഴിലാളിക്ക് 301 – 325 രൂപയാണ് ഇപ്പോഴും ദിവസക്കൂലി ലഭിക്കുന്നത്. 2015 ലെ ഐതിഹാസികമായ പെണ്‍മ്പിളൈ ഒരുമൈ സമരം കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ടു സമരം ചെയ്യുകയും അത് അംഗീകരിക്കുകയും ചെയ്‌തെങ്കിലും ഇപ്പോഴും നടപ്പിലാക്കാതെ തൊഴിലാളികളെ ഇടതുപക്ഷ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. കേരളത്തിന്റെ പൊതുവിടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 700 – 800 രൂപ ദിവസക്കൂലി ലഭിക്കുമ്പോള്‍ പകലന്തിയോളം പണിയെടുക്കുന്ന തോട്ടംതൊഴിലാളികള്‍ക്ക് നാമമാത്രമായ കൂലിയാണ് ലഭിക്കുന്നത്. തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി നല്‍കാതെ അടിമപ്പണിയും ജാതിതൊഴിലുകളും നിലനിര്‍ത്തുകയാണ് മാനേജുമെന്റുകള്‍ തോട്ടംമേഖലയില്‍ ചെയ്യുന്നത്. സര്‍ക്കാരും എല്ലാ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും മാനേജുമെന്റുകള്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. തൊഴിലാളികള്‍ക്ക് കുറഞ്ഞത് 600 രൂപയെങ്കിലും കൂലി ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടുന്നത്.
തോട്ടംതൊഴിലാളികള്‍ക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമിയോ വീടോയില്ല എന്നതാണ് തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. തോട്ടം ജോലിയില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ തൊഴിലാളികള്‍ ലയങ്ങളില്‍ നിന്ന് ഇറങ്ങിക്കൊടുക്കണം. ഭൂമിയോ വീടോ ഇല്ലാത്തതുകൊണ്ട് എവിടേയ്ക്ക് പോകണമെന്ന് അറിയാത്ത അവസ്ഥ. ഇതിനെ മറികടക്കാന്‍ ലയം വീണ്ടും ലഭിക്കുന്നതിനു ഉന്നത വിദ്യാഭ്യാസം നടത്തിയ മക്കളെവരെ തോട്ടംപണിയ്ക്കും കമ്പനിയില്‍ ജോലിയ്ക്കും വിടേണ്ടുന്ന ഗതികേടിലാണ് തോട്ടംതൊഴിലാളികള്‍. 2009 ല്‍ 4000 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതിനുള്ള രേഖയും ( Form of order of Assignment on registry ) 518 പേര്‍ക്ക് പട്ടയവും ലഭിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും ഭൂമിയെവിടെന്ന് പോലും അറിയില്ല. വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ഭൂമി ലഭിച്ചത്. ചേരികള്‍ക്ക് സമാനമായ ഒറ്റമുറി ലയങ്ങളില്‍ നിന്ന് സമാനമായ സാഹചര്യമുള്ള 350 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ലാറ്റുകളിലേക്ക് തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുവാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. തൊഴിലാളികളുടെ ഭൂമി, വീട് എന്ന ആവശ്യം സര്‍ക്കാര്‍ നിഷേധിക്കുകയാണ്.

അഞ്ചേകാല്‍ ലക്ഷത്തോളം സര്‍ക്കാര്‍ ഭൂമിയാണ് ടാറ്റ – ഹാരിസണ്‍ തുടങ്ങിയ കയ്യേറ്റ മാഫിയകള്‍ അനധികൃതമായും നിയമവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്നത്. ടാറ്റ, ഹാരിസണ്‍ ഉള്‍പ്പടെയുള്ള തോട്ടം കുത്തകകളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി കുത്തകള്‍ കൈയ്യടക്കി വെച്ചിരിക്കുന്ന തോട്ടംഭൂമി ഏറ്റെടുക്കുകയാണ് വേണ്ടത്. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന തോട്ടം ഭൂമിയില്‍ കേരളത്തിലെ തോട്ടം തൊഴിലാളികളെയും ആദിവാസി – ദലിത് ഇത്തരപിന്നാക്ക ഭൂരഹിതരെയും പുനരധിവസിപ്പിക്കണം. കുത്തകള്‍ നിയമവിരുദ്ധമായും അനധികൃതമായും കൈയ്യടക്കി വെച്ചിരിക്കുന്ന തോട്ടംഭൂമിയുടെ പത്തു ശതമാനം വേണ്ടിവരില്ല ഈ അടിസ്ഥാന ജനതയെ പുനരധിവസിപ്പിക്കാനും അവരെ ഭൂമി വിഭാവാധികാരം ഉള്ളവരാക്കി മാറ്റുവാനും. കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തിരിച്ചു പിടിക്കുന്നതിനും തോട്ടംഭൂമിയുടെ പുനര്‍ക്രമീകരണം അടിയന്തിരമാണ്.
പ്രളയാനന്തരം വലിയ നാശനഷ്ടങ്ങളാണ് ഇടുക്കി ജില്ലക്കുണ്ടായത്. നിരവധി കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിഭൂമിയും വീടും ഉപജീവനമാര്‍ഗ്ഗവും നഷ്ടമായി. ഇതില്‍ നിന്ന് കരകയറാന്‍ കഴിയാത്ത കര്‍ഷകര്‍ നിരവധി പേരാണ് ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കാര്‍ഷിക പദ്ധതി ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. തോട്ടം തൊഴിലാളികള്‍ക്ക് ഇ എസ് ഐ പദ്ധതി ഏര്‍പ്പെടുത്തുക, തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുക, വിദ്യാഭ്യാസത്തിനു പ്രത്യേക സ്‌കൂള്‍ – കോളേജുകളും കുട്ടികള്‍ക്ക് പരിമിതമായ ഭൗതിക സാഹചര്യമുള്ള ലയങ്ങളില്‍ നിന്ന് മാറി താമസിച്ചു പഠിക്കുന്നതിനുള്ള ഹോസ്റ്റല്‍ സകര്യങ്ങളും ഒരുക്കുക, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ഹോസ്പിറ്റല്‍ സംവിധാനം ഒരുക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നത്. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മുഴുവന്‍ ജനങ്ങളുടെയും രാഷ്ട്രീയ സംഘടനകളുടെയും സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നു അഭ്യര്‍ത്ഥിക്കുന്നു. സാമൂഹിക ജനാധിപത്യത്തെ സ്ഥാപിച്ചെടുക്കുവാന്‍, മര്‍ദ്ദിതരുടെ രാഷ്ട്രീയ ആവശ്യം പാര്‍ലമെന്റില്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന എന്നെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>