സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Mar 21st, 2019

കേരളത്തിലേത് തീപാറുന്ന ‘സൗഹൃദ’മത്സരം.

pp

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ നടക്കുന്നത് തീ പാറുന്ന പോരാട്ടമാണ്. ഒരിക്കല്‍ കൂടി ഭരണത്തിനായി എന്‍ഡിഎ ശക്തമായി രംഗത്തുണ്ട്. എന്നാലിനിയും മതരാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച് ഓരോ സംസ്ഥാനത്തും സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ മുന്നണികള്‍ എന്‍ഡിഎയെ ചെറുക്കുന്നു. കോണ്‍ഗ്രസ്സ് വിഭാവനം ചെയ്തപോലൊരു വിശാലമുന്നണി അഖിലേന്ത്യാതലത്തില്‍ രൂപപ്പെട്ടില്ലെങ്കിലും മിക്ക സംസ്ഥാനങ്ങളിലും തീ പാറുന്ന പോരാട്ടം തന്നെയാണ് നടക്കുന്നത്. കര്‍ണ്ണാടക മാറ്റി നിര്‍ത്തിയാല്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പക്ഷെ സാഹചര്യം വ്യത്യസ്ഥമാണ്. ഇവിടങ്ങളില്‍ എന്‍ഡിഎ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ അല്ലാത്തതിനാല്‍ മുഖ്യമത്സരം മറ്റു പാര്‍ട്ടികളും മുന്നണികളും തമ്മിലാണ്. അതിനാല്‍തന്നെ പോരാട്ടത്തിനു വീറു കുറവാണ്. ഇവിടങ്ങളില്‍ അഖിലേന്ത്യാ വിഷയങ്ങളേക്കാള്‍ പ്രാധാന്യം പ്രാദേശിക വിഷയങ്ങള്‍ക്കു ലഭിക്കുന്ന സാഹചര്യമാണ്.
തീര്‍ച്ചയായും ഇത്തരമൊരു സാഹചര്യം തന്നെയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. മുന്‍തെരഞ്ഞെടുപ്പുകളേക്കാള്‍ ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്ന് ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളെ എടുത്തു പരിശോധിച്ചാല്‍ തോന്നാം. അതിശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്ന മണ്ഡലങ്ങള്‍ നിരവധിയാണ്. പ്രചരണത്തിനു ഇപ്പോള്‍തന്നെ വീറും വാശിയും വന്നാതായും തോന്നാം. പക്ഷെ സത്യം എന്താണ്? ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പായതിനാല്‍ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട അഖിലേന്ത്യാരാഷ്ട്രീയം കാര്യമായി ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറില്ല. കാരണം അക്കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും തമ്മില്‍ ഒരു തര്‍ക്കമേയുള്ളു. ആര്‍ക്കാണ് മോദിയെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കാനാവുക എന്നതുമാത്രം. കോണ്‍ഗ്രസ്സുകാരെ വിജയിപ്പിച്ചാല്‍ അവര്‍ ബിജിപിയിലേക്കുപോകുമെന്ന് ഇടതുപക്ഷവും ഇടതുപക്ഷത്തെ വിജയിപ്പിച്ചാല്‍ എന്‍ഡിഎക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് എന്താണുറപ്പെന്ന് വലതുപക്ഷവും ചോദിക്കുന്നു. ഈ ചോദ്യം മാത്രമാണ് സമകാലിക ചര്‍ച്ചകളില്‍ ഉയരുന്നത്. ബാക്കിയെല്ലാം അത്രക്കു ഗൗരവമില്ലാത്ത സംസ്ഥാനവിഷയങ്ങള്‍. മാത്രമല്ല വാളയാര്‍ കടന്നാല്‍ ഇരുകൂട്ടരും പരസ്പരം വോട്ടുചോദിക്കുന്നു. അതേസമയം ഇവിടെ ശക്തമായി പോരാടാതെ സാധിക്കുകയുമില്ല. അല്ലെങ്കിലത് ബിജെപിക്കു ഗുണകരമാകും. ഈയര്‍ത്ഥത്തിലാണ് തീപാറുന്ന സൗഹാര്‍ദ്ദമത്സരം എന്ന് കേരളത്തിലെ മത്സരങ്ങളെ വിശേഷിപ്പിക്കുന്നത്.
ഏതാനും ദിവസം മുമ്പുവരെ രാഷ്ട്രീയസാഹചര്യം യുഡിഎഫിനു അനുകൂലമാണെന്നും 15ല്‍പരം സീറ്റുകള്‍ അവര്‍ നേടുമെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ഉണ്ടായ അനശ്ചിതത്വവും തര്‍ക്കങ്ങളും തുടര്‍ന്നതും എന്തവന്നാലും ജയിച്ചേ അടങ്ങൂ എന്ന നിലപാടില്‍ 6 എംഎല്‍എമാരെടക്കം ശക്തരെ രംഗത്തിറക്കി എല്‍ഡിഎഫ് പ്രചാരണം ആരംഭിച്ചതും ടോം വടക്കന്‍ ബിജെപിയിലേക്ക് ചേക്കേറിയതും യുഡിഎഫിനു അല്‍പ്പം ക്ഷീണമായി എന്നതുറപ്പാണ്. മുല്ലപ്പിള്ളിയും വേണുഗോപാലും മാറിനിന്നത് അണികള്‍ക്ക് നല്‍കിയത് നല്ല സന്ദേശമായിരുന്നില്ല. കെ വി തോമസിന്റെ അധികാരമോഹവും വടക്കനു പുറകെ ബിജെപിയിലേക്കു പോകുമെന്ന സൂചന നല്‍കിയതും വടകരയില്‍ മത്സരിക്കാന്‍ ആരും തയ്യാറാകാതിരുന്നതും പ്രശ്‌നത്തെ കൂടുതല്‍ സങ്കിര്‍ണ്ണമാക്കി. അതേസമയം ഇതെല്ലാം എല്ലാ തെരഞ്ഞെടുപ്പിലുമുള്ളതാണെന്നു പറഞ്ഞ് എല്‍ഡിഎഫിന്റെ ലിസ്റ്റിനു ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ലിസ്റ്റുമായി യുഡിഎഫും രംഗത്തിറങ്ങിയതോടെ അന്തരീക്ഷം മാറിയിരിക്കുകയാണ്.
വാസ്തവത്തില്‍ ഇരുവിഭാഗങ്ങളുടേയും സ്ഥാനാര്‍്ത്ഥി പട്ടികയില്‍ സമാനതകള്‍ ഏറെയാണ്. നായര്‍ വിഭാഗത്തില്‍ നിന്ന് 6 പേരെ വീതം മത്സരിപ്പിക്കാന്‍ ഇരു കൂട്ടരും തയ്യാറായിട്ടുണ്ട്. ആറു സിറ്റിംഗ് എംഎല്‍എമാരെയാണ് എല്‍ഡിഎഫ് മത്സരിപ്പിക്കുന്നതെങ്കില്‍ യുഡിഎഫ് മൂന്നുപേരെ മത്സരിപ്പിക്കുന്നു. സ്ത്രീപ്രാതിനിധ്യം കേവലം രണ്ടുവീതം. ദളിത് പ്രാതിനിധ്യം സംവരണസീറ്റുകളില്‍ മാത്രം. പല സം്സ്ഥാനങ്ങളില്‍ നിന്നും ആദിവാസികള്‍ ലോകസഭയിലെത്തുമ്പോള്‍ ഇവിടെയവര്‍ക്ക് സീറ്റുനല്‍കാന്‍ ഇരുകൂട്ടരും തയ്യാറല്ല. ചെറുപ്പക്കാര്‍ക്ക് ഭേദപ്പെട്ട പ്രാതിനിധ്യമുണ്ട്. മിക്കവാറും സിറ്റിംഗ് എംപിമാരും രംഗത്തുണ്ട്. പരിസ്ഥിതി വിരുദ്ധരെന്നറിയപ്പെടുന്ന ജോയ്‌സ് ജോര്‍ജ്ജും അന്‍വറും ഒരു ഭാഗത്തുള്ളപ്പോള്‍ അതിരപ്പിള്ളി പദ്ധതിക്കായി നിലകൊള്ളുന്ന മുരളീധരനും മറ്റും മറുവശത്തുണ്ട്. കൊലപാതകകേസുമുതല്‍ സ്ത്രീപീഡനം വരെയുള്ള കേസുകളില്‍ കുറ്റാരോപിതരും മത്സരിക്കുന്നു. അതേസമയം പ്രകടമായ ഒരു വ്യത്യാസം യുഡിഎഫില്‍ മത്സരിക്കുന്ന വനിതകള്‍ ദളിത് – മുസ്ലിം സമൂഹങ്ങലില്‍ നിന്നുള്ളവരാണെന്നതാണ്. സമകാലിക അവസ്ഥയില്‍ അതു പ്രധാനമാണുതാനും.
തീര്‍ച്ചയായും മിക്ക മണ്ഡലങ്ങളിലും നടക്കുന്നത് തീ പാറുന്ന പോരാട്ടമാണ്. ഇപ്പോള്‍ ഏറ്റവും ചര്‍ച്ചചെയ്യുന്ന വടകര തന്നെ ഉദാഹരണം. പി ജയരാജനെതിരെ കെ മുരളീധരന്‍ അങ്കം പ്രഖ്യാപിച്ചതോടെ അവിടത്തെ മത്സരം ഇരുകൂട്ടര്‍ക്കും പ്രസറ്റീജ് ആയി മാറിയിരിക്കുന്നു. എന്നാലവിടേയും ചര്‍ച്ച ചെയ്യപ്പെടുന്നത് അഖിലേന്ത്യാ രാഷ്ട്രീയമല്ല. അതേസമയം കേരളരാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും പ്രസക്തമായ കൊലപാതകരാഷ്ട്രീയവും ടിപി വധവും ഉന്നയിക്കപ്പെടുമ്പോള്‍ നാലുപതിറ്റാണ്ടുമുമ്പത്തെ അടിയന്തരാവസ്ഥയും അതില്‍ കെ കരുണാകരന്റെ പങ്കുമാണ് എല്‍ഡിഎഫ് ഉന്നയിക്കുന്നത്. അടിയന്തരാവസ്ഥകാലത്തെ ഫാസിസത്തെ കുറിച്ച് ഓര്‍ക്കുന്നതും പറയുന്നതുമൊക്കെ നല്ലതാണ്. മുരളിയുടെ പിതാവായിരുന്ന കരുണാകരന്‍ തന്നെയായിരുന്നു കേരളത്തില്‍ അടിയന്തരാവസ്ഥാ ഭീകരത നടപ്പാക്കിയതെന്നതില്‍ സംശയമില്ല. എന്നാലിതേ കരുണാകരുമായി ഇവരും പിന്നീട് ഐക്യപ്പെട്ടിട്ടില്ലേ..? അടിയന്തരാവസ്ഥാകാലത്ത് മുഖ്യമന്ത്രിയായിരുന്ന അച്യുതമേമോന്റെ പാര്‍ട്ടി ഏതുമുന്നണിയിലാണ്? അടിയന്തരാവസ്ഥയിലെ രക്തസാക്ഷികള്‍ മിക്കവാറും നക്സലൈറ്റുകളായിരുന്നെങ്കില്‍, കൂത്തുപറമ്പില്‍ 5 പേരെ വെടിവെച്ചുകൊല്ലാന്‍ കാരണമായ നേതാവിന്റെ മകനെ മത്സരിപ്പിച്ചത് ആരാണ്? ലോക്കപ്പ് കൊലപാതകങ്ങള്‍ക്ക് കേരളത്തില്‍ ഇനിയും കുറവുണ്ടോ? അടുത്തയിടെ മൂന്നുപേരെയല്ലേ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നത്? അടിയന്തരാവസ്ഥക്കു അനുകൂലമായി വോട്ടുചെയ്തവരാണ് കേരളിയര്‍ എന്നതും നാം മറക്കുന്ു. പോട്ടെ, പല സംസ്ഥാനങ്ങളും അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിച്ച പോലെ കേരള സര്‍ക്കാര്‍ തയ്യാറുണ്ടോ?
വടകരയെ പോലെതന്നെ ശക്തമായ പോരാട്ടങ്ങള്‍ തന്നെയാണ് മിക്ക മണ്ഡലങ്ങളിലും നടക്കുന്നത്. കണ്ണൂരില്‍ കെ സുധാകരനും ശ്രീമതി ടീച്ചറും തമ്മിലുള്ള മത്സരം തീപാറുന്നതാണ്. കാസര്‍ഗോഡാകട്ടെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രംഗപ്രവേശത്തോടെ കൂടുതല്‍ ശ്രദ്ധേയമായി. കോഴിക്കോട് ശക്തനായ എംഎല്‍എ പ്രദീപ് കുമാര്‍, എം കെ രാഘവന് കനത്ത വെല്ലുവിലിയുയര്‍ത്തുന്നു. പാലക്കാടും എറണാകുളത്തും ഇടുക്കിയിലും യുവരക്തങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ആലത്തൂരില്‍ രമ്യാഹരിദാസിനെ ഇറക്കിയുള്ള യുഡിഎഫ് നീക്കം ശ്രദ്ധേയമാണ്.. ചാലക്കുടിയില്‍ ഇക്കുറി ബെന്നി ബഹ്‌നാന്‍, ഇന്നസെന്റിനു ശക്തനായ പോരാളിയാണ്. കോട്ടയത്തും ആലപ്പുഴയിലും ശക്തരായ ജില്ലാ സെക്രട്ടറിമാരെയാണ് സിപിഎം ഇറക്കിയിരിക്കുന്നതെങ്കില്‍ നിരവധി വിവാദങ്ങള്‍ക്കുശേഷം കോട്ടയത്ത് തോമസ് ചാഴിക്കാടനും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു. മാവേലിക്കരയില്‍ കൊടിക്കുന്നിലും ചിറ്റയം ഗോപകുമാറും പത്തനംതിട്ടയില്‍ വീണാജോര്‍ജ്ജും ആന്റോ ആന്റണിയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സമ്പത്തും തമ്മിലുള്ളതുമായ മത്സരങ്ങളും പ്രവചനാതീതമാണ്. എന്‍ കെ പ്രേമചന്ദ്രനും കെ എന്‍ ബാലഗോപാലും ഏറ്റുമുട്ടുന്ന കൊല്ലത്ത് തീ പാറുമെന്നുറപ്പ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തിരുവനന്തപുരത്താകട്ടെ ദേശീയശ്രദ്ധയാകര്‍ഷിച്ച ത്രികോണമത്സരം നടക്കുന്നു. തിരുവനന്തപുരമൊഴിച്ചുള്ള മണ്ഡലങ്ങളിലൊന്നും ജയിക്കാനായല്ല മത്സരിക്കുന്നതെങ്കിലും ശബരിമലക്കുശേഷം ബിജെപിയുടെ സാന്നിധ്യം എന്തു സ്വാധീനമാണ് ചെലുത്തുക എന്നത് ഇരുമുന്നണികളേയും ആശങ്കപ്പെടുത്തുന്നുമുണ്ട്.
ഇത്തരത്തില്‍ പരിശോധിച്ചാല്‍ തീപാറുന്ന പോരാട്ടങ്ങളാണ് മിക്കവാറും മണ്ഡലങ്ങളില്‍ നടക്കുന്നതെങ്കിലും ആത്യന്തികമായി ഇതൊരു സൗഹൃദപോരാട്ടമാണ്. അതിനാലാണ് അഖിലേന്ത്യാ രാഷ്ട്രീയത്തിനുപകരം എം പി ഫണ്ട് വിനിയോഗം, കേസുകള്‍, കേരളസര്‍ക്കാര്‍, പ്രളയം, കൊലപാതകകണക്കുകള്‍, ബിജെപിയിലേക്കുപോയവര്‍ എന്നിങ്ങനെയുള്ള വിഷയങ്ങളിലേക്ക് പ്രചരണം നീങ്ങുന്നത്. എന്നിരുന്നാലും ജനാധിപത്യത്തിലെ മഹത്തായ ഉത്സവത്തില്‍ ആവേശത്തോടെ പങ്കെടുക്കുകയാണ് നമ്മുടെ രാഷ്ട്രീയമായ ഉത്തരവാദിത്തം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>