സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Mar 16th, 2019

തെരഞ്ഞെടുപ്പും അരാഷ്ട്രീയ ചര്‍ച്ചകളും

eee

എന്താണ് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ എന്ന വിഷയങ്ങളാണ് ചാനലുകളെല്ലാം ചര്‍ച്ച ചെയ്യുന്നത്? പല ചര്‍ച്ചകളും അവതാരകരുടെ നിയന്ത്രണത്തില്‍ നിന്നു വിട്ടുപോകുന്നു. പലതും അക്രമാസക്തമാകുന്നു. വരുന്ന ലോകസഭാതെരഞ്ഞടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിയാതെ, മലയാളിക്ക് ശാപമായി മാറിയ കക്ഷിരാഷ്ട്രീയ അന്ധത മാത്രമാണ് മിക്ക ചര്‍ച്ചകളേയും നിയന്ത്രിക്കുന്നത് എന്നതാണ് ഖേദകരം. സ്വന്തം പാര്‍ട്ടിയുടെ തെറ്റുകളെ ന്യായീകരിക്കാനും എതിരാളികളുടെ ശരികളെ പോലും എതിര്‍ക്കാനുമുള്ള വികാരമാണ് എവിടേയും കാണുന്നത്. ഫലത്തില്‍ അരാഷ്ട്രീയമാകുന്ന ചര്‍ച്ചകള്‍.
ലോകസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം അഖിലേന്ത്യാ രാഷ്ട്രീയമാണ്. എന്നാലതല്ല മിക്കവാറും ചര്‍ച്ചകളില്‍ പ്രതിഫലിക്കുന്നത്. മണ്ഡലത്തിനായി നിലവിലെ എംപി ഇത്രകോടി ചിലവാക്കി എന്ന് ഒരു കൂട്ടര്‍ അവകാശപ്പെടുമ്പോള്‍ അതു നുണയാമെന്ന് എതിരാളികള്‍ പറയുന്നതാണ് സ്ഥിരം പല്ലവി. ആ പണം ഉപയോഗിച്ച് ഇതെല്ലാം ചെയ്‌തെന്ന് ഒരുപക്ഷവം ഇതെല്ലാം ചെയ്തില്ലെന്ന് മറുപക്ഷവും പറയുന്നു. വാസ്തവത്തില്‍ ഈ ചര്‍ച്ചക്കെന്താണ് പ്രസക്തി? എം പി ഫണ്ട് സ്വന്തം പോക്കറ്റില്‍ നിന്നാണ് എംപിമാര്‍ ചിലവാക്കുന്നതെന്നാണ് പലരും ധരിച്ചിരിക്കുന്നത്. ജനങ്ങളുടെ പണം മണ്‍ലത്തിലെ വികസനകാര്യങ്ങള്‍ക്ക് ചിലവാക്കുക എന്നത് ജനപ്രതിനിധികളുടെ ഏറ്റവും പ്രാഥമികമായ ഉത്തരവാദിത്തം മാത്രമാണ്. അതിനായി കനത്ത വേതനവും പറ്റുന്നവരാണ്. എന്നാല്‍ തങ്ങളുടെ ഔദാര്യം പോലെയാണ് എംപിമാരത് ആഘോഷിക്കുന്നത്. അതിന്റെ പേരില്‍ നാട്ടിലെല്ലാം ഉയരുന്ന ബോര്‍ഡുകള്‍ നിരോധിക്കേണ്ട കാലമൊക്കെ അതിക്രമിച്ചിരിക്കുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്ന് ശബരിമല പ്രശ്‌നമാണ്. വാസ്തവത്തില്‍ അതുമായി ബന്ധപ്പെട്ട് മൂന്നു മുന്നണികളിലെ നേതാക്കള്‍ തമ്മിലും അണികള്‍ തമ്മിലുള്ള ഗുസ്തിയില്‍ ഒരര്‍ത്ഥവുമില്ല. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ താല്‍പ്പര്യമില്ലെന്നാണ് മൂന്നുമുന്നണികളുടേയും നിലപാട് എന്നവര്‍തന്നെ എത്രയോ തവണ ആവര്‍ത്തിച്ചു പറഞ്ഞു. അവരുടെയൊന്നും പ്രവര്‍ത്തകര്‍ അതിനായി ശ്രമിച്ചിട്ടുമില്ല. ശ്രമിച്ചവരെ ആക്ടിവിസറ്റുകള്‍ എന്നാക്ഷേപിക്കാനും ആക്ടിവിസം എന്നു പറയുന്നത് വൃത്തികെട്ട എന്തോ ആണെന്നു സ്ഥാപിക്കാനും മൂന്നുകൂട്ടരും മത്സരിക്കുകയായിരുന്നു. പ്രായോഗികമായ ചില കാര്യങ്ങളില്‍ മാത്രമായിരുന്നു അന്തരം. പ്രതിപക്ഷമായതിനാല്‍ എന്‍ഡിഎയും യുഡിഎഫും ശബരിമല സ്ത്രീപ്രവേശനം അനുവദിക്കില്ല എന്നു പറഞ്ഞ് സമരം ചെയ്തു. എന്‍ഡിഎ സമരം അക്രമാസക്തമായി എന്നു മാത്രം. മറുവശത്ത് ഭരണപക്ഷമായതിനാല്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചു. എന്നാലതിനായി കാര്യമായി ഒന്നും തന്നെ ചെയ്തില്ല എന്നുമാത്രമല്ല, മല കയറാന്‍ വന്ന സ്ത്രീകളെ ഉപദേശിച്ച് തിരിച്ചുവിടാനാണ് ശ്രമിച്ചത്. ഇത്രക്കു നേരിയ വ്യാത്യസത്തിന്റെ പേരിലാണ് ചാനലുകളില്‍ ആളുകള്‍ പരസ്പരം കടിച്ചുകീറുന്നത്.
മറ്റൊന്നു സ്ഥാനാര്‍ത്ഥികളുടെ കാര്യമാണ്. തീര്‍ച്ചയായും നമ്മുടെ ജനാധിപത്യസംവിധാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും പ്രാധാന്യമുണ്ട്. പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യുകയും അവര്‍ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന സംവിധാനമല്ലല്ലോ നമ്മുടേത്. മറിച്ച് വ്യക്തികള്‍ക്ക് പരമപ്രാധാന്യം കൊടുക്കുന്ന സംവിധാനവും അല്ല. പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും പ്രധാനമാകുന്ന സംവിധാനമാണ്. അതിനാല്‍തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുമുമ്പ് ജനാഭിപ്രായം ്‌രിയുന്ന സംവിധാനം അനിവാര്യമാണ്. എന്നാലത് ഇവിടെയില്ല. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ നിശ്ചയിക്കുമെന്ന് ജനാധിപത്യസംവിധാനത്തില്‍ ജനങ്ങളോട് അഹന്തയോടെ നേതാക്കള്‍ പറയുന്നത് കേള്‍ക്കാന്‍ രസമാണ്. അങ്ങനെയാണ് യാതൊരു നൈതികതയുമില്ലാതെ വിജയം എന്ന ഒറ്റ ലക്ഷ്യത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും പ്രഖ്യാപിച്ച് എല്‍ഡിഎഫ് ലിസ്റ്റ് തന്നെ പരിശോധിക്കുക. രാഷ്ട്രീയമായി ഒരിക്കലും ശരിയല്ലാത്ത പലരും ആ ലിസ്റ്റിലുണ്ട്. പരിസ്ഥിതി വിരുദ്ധരായ രണ്ടുപേരും സ്ത്രീപീഡനകേസില്‍ കുറ്റാരോപിതനെ ന്യായീകരിച്ചയാളും കൊലകേസില്‍ കുറ്റാരോപിതനും ഒരു ന്യായീകരണവുമില്ലാതെ 6 എംഎല്‍മാരും രണ്ടും മൂന്നും വട്ടം മത്സരിച്ചവരും ആ ലിസ്റ്റിലുണ്ട്. നവോത്ഥാനത്തിന്റെ കാലത്തും സവര്‍ണ്ണാധിപത്യം വ്യക്തമാണ്. ദളിതര്‍ക്ക് സംവരണ സീറ്റുമാത്രം. ആദിവാസിക്കോ ട്രാന്‍സ്‌ജെന്റിനോ സീറ്റില്ല. സ്ത്രീസംവരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോളും അവര്‍ക്ക് 2 സീറ്റുമാത്രം. ബിജെഡിയും തൃണമൂലും 33ഉം 41ഉം ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കു മാറ്റിവെക്കുമ്പോളാണ് ലിംഗനീതിയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരും വനിതാമതില്‍ തീര്‍ത്തവരും 10 ശതമാനത്തിലൊതുക്കിയത്. തീര്‍ച്ചയായും എന്‍ഡിഎ, യുഡിഎഫ് ലിസ്റ്റും ഗുണപരമായി വ്യത്യസ്ഥമാകാന്‍ സാധ്യതയില്ല. എന്നാല്‍ ഈ വിഷയം അതിന്റെ ഗൗരവത്തോടെ ഉന്നയിക്കാന്‍ തല പാര്‍ട്ടികള്‍ക്ക് പണയം വെച്ചവര്‍ക്കാകുന്നില്ല. മറിച്ച് ആരെ നിര്‍ത്തിയാലും കണ്ണടച്ച് പിന്തുണക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
കേരളസര്‍ക്കാരിന്റെ വിലയിരുത്തലായും ഈ തെരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കുന്നതും കാണാനുണ്ട്. ഒരര്‍ത്ഥവുമില്ലാത്ത ആ വാദഗതിയെകുറിച്ചെന്തുപറയാന്‍? ആ വിലയിരുത്തല്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലാകാം.
തുടക്കത്തില്‍ പറഞ്ഞപോലെ ഏറ്റവും പ്രധാനം കേന്ദ്രരാഷ്ട്രീയം തന്നെ. അക്കാര്യത്തിലും മലയാളികള്‍ ഇരുട്ടില്‍ തപ്പുകതന്നെയാണ്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങലില്‍ നിന്ന് വ്യത്യസ്ഥമാണ് കേരളരാഷ്ട്രീയം. മിക്കവാറും സ്ഥലങ്ങലില്‍ എന്‍ഡിഎ ഒരു വശത്തും അവരെ എതിര്‍ക്കുന്നവര്‍ മറുവശത്തും മുഖാമുഖം അണിനിരക്കുകയാണ്. അതിനാല്‍തന്നെ രാജ്യത്ത് ഹിന്ദുരാഷ്ട്രീയം വേണോ മതേതരരാഷ്ട്രീയം വേണോ, ഫാസിസം വേണോ ജനാധിപത്യം വേണോ എന്ന ചോദ്യത്തിന് എളുപ്പത്തില്‍ മറുപടി നല്‍കാന്‍ വോട്ടര്‍മാര്‍ക്കു സാധിക്കുന്നു. എന്നാല്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ വര്‍ഗ്ഗീയശക്തികള്‍ ഇവിടെ മൂന്നാംസ്ഥാനത്താണ്. മിക്കവാറും ഒരു സീറ്റും അവര്‍ക്ക് ലഭിക്കാനുമിടയില്ല. ഈ സാഹചര്യത്തില്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ട് എള്‍ഡിഎഫോ യുഡിഎഫോ എന്ന ചോദ്യമാണ് ഉയരുന്നത്. തീര്‍ച്ചയായും ഈ മത്സരത്തിന് ഒരു സൗഹാര്‍ദ്ദ സ്വഭാവമുണ്ട്. എന്നാലതംഗീകരിക്കാന്‍ ഇരുകൂട്ടരും തയ്യാറാകുന്നില്ല. ഇരുകൂട്ടരും ശക്തമായി മത്സരിക്കണമെന്നതില്‍ സംശയമില്ല. രണ്ടുകൂട്ടരും ഒന്നിക്കണമെന്നതാണ് ബിജെപിയുടെ ആവശ്യം. അതവര്‍ക്ക് നേട്ടമാകും. മറ്റു സംസ്ഥാനങ്ങളില്‍ ഒന്നിച്ചു നില്‍ക്കുമ്പോളും കേരളത്തില്‍ ശക്തമായി മത്സരിക്കുക തന്നെയാണ് വേണ്ടത്. എന്നാല്‍ ആത്യന്തികമായി ഒരു സൗഹൃദരാഷ്ട്രീയം ഇരു കൂട്ടര്‍ക്കുമിടയിലുണ്ടല്ലോ. തെരഞ്ഞെടുപ്പിനുശേഷം അതു പ്രകടമാകുകയും ചെയ്യും. എന്നാല്‍ പലപ്പോളും ഇവരുടെ പോരാട്ടം എന്‍ഡിഎയെ സഹായിക്കുന്നതായി മാറുന്നു. സിപിഎമ്മിന്റെ ഭാഗത്തുനിന്നാണ് അത്തരം നീക്കം കൂടുതല്‍ കാണുന്നത്. കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ന്ന നാശമാണ് അവരുടെ കേരളനേതാക്കള്‍ പലരും ആഗ്രഹിക്കുന്നത്. അവസാനം വടക്കന്‍ ബിജെപിയില്‍ പോയപ്പോളുള്ള ആഹ്ലാദത്തില്‍ പോലും അത് പ്രകടമാണ്. കോണ്‍ഗ്രസ്സ് ഇല്ലാതായാല്‍ ബിജെപിയുമായി മുഖാമുഖം നില്‍ക്കാമെന്നാണ് അവരില്‍ ചിലരെങ്കിലും ആഗ്രഹിക്കുന്നതെന്നു വ്യക്തം. ആത്യന്തികമായി അത് തങ്ങളുടേയും നാശത്തിനു കാരണമാണെന്നു അവര്‍ തിരിച്ചറിഞ്ഞാല്‍ നന്ന്. ശക്തമായതും എന്നാല്‍ സൗഹാര്‍ദ്ദപരവുമായ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പില്‍ ഇരുപക്ഷവും നടത്തേണ്ടത്. എന്നാല്‍ പരസ്പരം കടിച്ചുകീറി ബിജെപിയെ സഹായിക്കുന്ന ശൈലിയാണ് ചാനല്‍ ചര്‍ച്ചകളിലടക്കം എവിടേയും കാണുന്നത്.
തീര്‍ച്ചയായും വളരെ പ്രസക്തമായ മറ്റൊരു വിഷയം രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലകളാണ്. അതിലും മുന്നില്‍ സിപിഎമ്മും ബിജെപിയുമാണ്. അതിനെ കേവലം ഒറ്റപ്പെട്ട വിഷയങ്ങളായി കാണാനാവില്ല. ഇരുവിഭാഗങ്ങളുടേയും രാഷ്ട്രീയമായി അത് ബന്ധപ്പെട്ടുകിടക്കുന്നു. ആത്യന്തികമായി ഇരുകൂട്ടരും ജനാധിപത്യത്തിലും തെരഞ്ഞെടുപ്പിലുമെല്ലാം എത്രത്തോളം വിശ്വസിക്കുന്നു എന്നു പരിശോധിക്കണം. ഹിന്ദുത്വരാഷ്ട്രം ആത്യന്തികലക്ഷ്യമായി കാണുന്നവരും തൊിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം കിനാവു കാണുന്നവരും ജനാധിപത്യത്തില്‍ പങ്കെടുക്കുന്നത് നിവൃത്തി കേടുകൊണ്ടാണ്. അതിനാല്‍തന്നെ ജനാധിപത്യത്തില്‍ അനിവാര്യമായ പ്രതിപക്ഷബഹുമാനവും സംവാദാത്മകമായ അന്തരീക്ഷവും ഇവര്‍ക്കറിയില്ല. സ്വാഭാവികമായും എത്തുക അറുംകൊലകളില്‍തന്നെ. അതാണ് കേരളത്തില്‍ സംഭവിക്കുന്നത്. മതഫാസിസത്തോടൊപ്പം രാഷ്ട്രീയഫാസിസവും കൂടിയതാണ് ബിജെപിയെങ്കില്‍ രാഷ്ട്രീയഫാസിസത്തിന്റെ രൂപമാണ് സിപിഎം. ഈ ജനാധിപത്യവിരുദ്ധമായ നിലപാടുകളെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ചോദ്യം ചെയ്യാനാണ് വോട്ടര്‍മാര്‍ തയ്യാറാവേണ്ടത്. എന്നലതും നടക്കുന്നില്ല. ആരാണ് കൂടുതല്‍ കൊന്നത്, ആര്‍ക്കാണ് കൂടുതല്‍ രക്തസാക്ഷികള്‍ എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. ഇത്തരത്തില്‍ ഒട്ടും രാഷ്ട്രീയപ്രബുദ്ധതയില്ലാത്ത ചര്‍ച്ചകളാണ് രാഷ്ടരീയപ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ കാണുന്നത്. അഥവാ നമ്മള്‍ തികച്ചും അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു എന്നതാണ് വസ്തുത.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>