സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Mar 1st, 2019

ഈ സമയത്ത് വേണ്ടത് മെച്ചപ്പെട്ട വിവേകമാണ്.

Share This
Tags

im

ഇമ്രാന്‍ഖാന്‍

പ്രിയപ്പെട്ട പാക്കിസ്താന്‍കാരേ,

.ഇന്നലെ മുതല്‍ നടന്നുവരുന്ന സാഹചര്യങ്ങളെക്കുറിച്ച് ഞാന്‍ നിങ്ങളെ വിശ്വാസത്തിലെടുക്കുകയാണ്. നോക്കൂ, പുല്വാമയ്ക്ക് ശേഷം, അതേക്കുറിച്ചുള്ള ഇന്ത്യ ആഗ്രഹിക്കുന്ന ഏതുതരം അന്വേഷണത്തിനും നാം തയ്യാറാണെന്ന് നമ്മള്‍ ഇന്ത്യയ്ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. പുല്വാമയില്‍ അവര്‍ക്ക് ജീവനഷ്ടം ഉണ്ടായിട്ടുണ്ട്. അവിടത്തെ ജനങ്ങളുടെ വേദന എത്രയാണെന്ന് എനിക്ക് മനസ്സിലാകും – കാരണം, കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയ്ക്ക് നമ്മള്‍ 70,000 ജീവനഷ്ടങ്ങള്‍ കണ്ടിരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ സന്ദര്‍ശിച്ച നിരവധി ആശുപത്രികളില്‍ കണ്ടത് ബോംബ് സ്‌ഫോടനത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട അനേകം ഇരകളെയാണ്; നടക്കാന്‍ കഴിയാത്തവര്‍, കാഴ്ച്ച നഷ്ടപ്പെട്ടവര്‍. ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍, പരിക്കേറ്റവര്‍, ഇവരൊക്കെ കടന്നുപോകുന്ന മാനസികാവസ്ഥ എനിക്ക് മനസ്സിലാകും. അതുകൊണ്ടാണ് ഇന്ത്യ ആഗ്രഹിക്കുന്ന ഏത് തരം അന്വേഷണത്തിനും വേണ്ട സഹായം നല്‍കാം എന്ന് നാമവരെ അറിയിച്ചത്. ലോകത്ത് എവിടേക്കെങ്കിലുമാകട്ടെ, ആക്രമണങ്ങള്‍ നടത്തുവാന്‍ വേണ്ടി നമ്മുടെ മണ്ണ് ഉപയോഗിക്കുക എന്നത് പാക്കിസ്താന്റെ താല്പര്യത്തിനു നിരക്കുന്നതല്ല എന്നതിനാലാണ് നാം അങ്ങനെ നിലപാടെടുത്തത്. പുറത്തുനിന്നുള്ളവരെയും അത്തരം കാര്യങ്ങള്‍ക്ക് പാക്കിസ്താന്റെ മണ്ണ് ഉപയോഗിക്കുവാന്‍ അനുവദിക്കാന്‍ കഴിയില്ല. അപ്പോള്‍ ഇക്കാര്യത്തില്‍ ഒരു തര്‍ക്കത്തിനും ഇടമില്ല – നാം തയ്യാറായിരിക്കുന്നു. പൂര്‍ണ്ണമായും സഹകരിക്കാന്‍ നാം തയ്യാറായിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളപ്പോള്‍ അത് തള്ളിക്കൊണ്ടുള്ള നടപടികള്‍ ഇന്ത്യ എടുക്കേണ്ടതുണ്ടോ? അത്തരത്തിലുള്ള നടപടികള്‍ അവര്‍ കൈക്കൊണ്ടാല്‍ പ്രതികരിക്കാന്‍ നാം നിര്‍ബന്ധിതരാകും – സ്വന്തം രാജ്യത്ത് മറ്റൊരു രാജ്യത്തിന്റെ അത്തരം നീക്കങ്ങള്‍ അനുവദിക്കുവാന്‍ ഒരു പരമാധികാര രാജ്യത്തിനും സാധിക്കുന്നതല്ല. വിധി തീരുമാനിക്കുന്ന ജഡ്ജിയും സമിതിയും നടപ്പിലാക്കുന്നതുമെല്ലാം അവരായിരിക്കുമെന്ന സ്ഥിതി നമുക്ക് അനുവദിക്കാന്‍ കഴിയുന്നതല്ല. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് വരുന്നു എന്നതിനാല്‍ അവര്‍ അത്തരം നടപടികളെടുക്കുമെന്നാണ് ഞാന്‍ സംശയിച്ചത്. അതിനാല്‍ അത്തരത്തിലുണ്ടായാല്‍ നാം അതേ മട്ടില്‍ മറുപടി പറയുമെന്ന് ഞാന്‍ ഇന്ത്യയെ അറിയിച്ചു. അങ്ങനെ, ഇന്നലെ രാവിലെ, അവര്‍ നടപടികളെടുത്തപ്പോള്‍ ഞാന്‍ ആര്‍മി ചീഫ്, വ്യോമസേന ചീഫ് എന്നിവരോട് സംസാരിച്ചു. പാക്കിസ്താന് ഏറ്റ ക്ഷതം എന്ത്, എത്രയെന്ന് ആ സമയത്ത് തിട്ടമായില്ല എന്നതിനാല്‍ നാം ഉടനടി എതിര്‍നടപടികള്‍ക്ക് മുതിര്‍ന്നില്ല. നഷ്ടം എത്രയെന്ന് കണക്കാക്കാതെ ഇന്ത്യക്കെതിരെ നടപടികള്‍ കൈക്കൊള്ളുകയും അവരുടെ ആളുകളെ കൊല്ലുകയും ചെയ്തിരുന്നുവെങ്കില്‍ അത് പാക്കിസ്താന്റെ ഭാഗത്തുനിന്നും ഉണ്ടാകുമായിരുന്ന നിരുത്തരവാദപരമായ പ്രവൃത്തിയായേനെ. നമുക്ക് ജീവനഷ്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല താനും. കാര്യങ്ങള്‍ തീര്‍ച്ചപ്പെടുത്തിയ ശേഷം, ഇന്ന് നാം വേണ്ട നടപടികള്‍ കൈക്കൊണ്ടു.
.
യാദൃശ്ചികമായ നാശനഷ്ടങ്ങളും ജീവാപയങ്ങളും ഉണ്ടാകില്ല എന്ന് എപ്പോഴും ഉറപ്പുവരുത്തുക എന്നതായിരുന്നു നമ്മുടെ പദ്ധതി. നമുക്ക് ഇന്ത്യയോട് പറയേണ്ടതായി ഉണ്ടായിരുന്നത് ഇത്ര മാത്രമായിരുന്നു – നിങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്ത് കടന്നുകയറാമെങ്കില്‍, ഞങ്ങള്‍ക്കും നിങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും നടപടികള്‍ കൈക്കൊള്ളുകയും ചെയ്യാം. ഇത് മാത്രം.
.
പാക്കിസ്താന്‍ തിരിച്ചടിക്കവെ രണ്ട് ഇന്ത്യന്‍ മിഗ് വിമാനങ്ങള്‍ -അതിര്‍ത്തി കടന്നു. നാം അവയെ വെടിവച്ചിട്ടു. പൈലറ്റുമാര്‍ നമ്മുടെ പക്കലുണ്ട്.
.
ചോദ്യം നാം ഇവിടെ നിന്ന് എങ്ങോട്ട് എന്നതാണ്. അത് വളരെ പ്രധാനവുമാണ്.
.
ഈ സമയത്ത് നാം വിവേകവും സ്ഥിരബുദ്ധിയും കാണിക്കുക എന്നത് വളരെ പ്രധാനമാണ്.
.
ലോകത്തുണ്ടായ എല്ലാ വലിയ യുദ്ധങ്ങളിലും കണക്കുകൂട്ടലുകള്‍ പിഴച്ചിട്ടേയുള്ളൂ. യുദ്ധം ആരംഭിച്ചിട്ടുള്ളവരാരും ആ യുദ്ധം പിന്നെങ്ങനെയായിത്തീരുമെന്ന് ചിന്തിച്ചിട്ടില്ല. ഒന്നാം ലോകയുദ്ധം അല്പമാസങ്ങള്‍ കൊണ്ട് അവസാനിക്കുമെന്നാണ് കരുതിയത് – അത് ആറു വര്‍ഷങ്ങള്‍ നീണ്ടു. രണ്ടാം ലോകയുദ്ധത്തില്‍ റഷ്യ പിടിക്കണമെന്ന് ഹിറ്റ്‌ലര്‍ കരുതിയ ഒരു ഘട്ടമുണ്ടായിരുന്നു. നീക്കത്തിന് റഷ്യന്‍ ശീതകാലം മൂലമുണ്ടായ കാലതാമസത്തെക്കുറിച്ച് അവര്‍ മുന്‍കൂട്ടി ചിന്തിച്ചില്ല. അത് അയാളുടെ തകര്‍ച്ചയ്ക്ക് കാരണമായി. അതേപോലെ ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ പതിനേഴ് വര്‍ഷം അഫ്ഘാനിസ്ഥാനില്‍ അകപ്പെട്ടുപോകുമെന്ന് അമേരിക്ക എപ്പോഴെങ്കിലും കരുതിയിരിക്കുമോ? വിയറ്റ്‌നാം യുദ്ധം അത്ര നീളുമെന്ന് അമേരിക്ക ചിന്തിച്ചുകാണുമോ?
.
യുദ്ധങ്ങളില്‍ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമെന്നാണ് ലോകചരിത്രം നമ്മോട് പറയുന്നത്. എനിക്ക് ഇന്ത്യാ ഗവണ്മെന്റിനോട് ചോദിക്കാനുള്ളത് ഇതാണ് – നമ്മുടെ രണ്ട് പേരുടെ പക്കലുമുള്ള ആയുധങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കണക്കുകൂട്ടലിലെ ഒരു പിഴയെങ്കിലും നാമിരുവര്‍ക്കും താങ്ങാനാകുമോ? സ്ഥിതി വഷളായാല്‍ എന്താണ് സംഭവിക്കുക എന്ന് നമ്മള്‍ രണ്ട് കൂട്ടരും ചിന്തിക്കേണ്ടതല്ലേ? അത് എന്റെയോ നരേന്ദ്രമോദിയുടെ നിയന്ത്രണത്തില്‍ നില്‍ക്കില്ല.
.
അതുകൊണ്ടാണ്, ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്. ഞങ്ങള്‍ തയ്യാറാണ് – പുല്വാമയിലെ ദുരന്തം കാരണം നിങ്ങളനുഭവിക്കുന്ന വ്യഥയെപ്പറ്റി ഞങ്ങള്‍ പറഞ്ഞുകഴിഞ്ഞു… ഭീകരതയെക്കുറിച്ചുള്ള ഏതെങ്കിലും തരം ചര്‍ച്ചകള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന് ഞങ്ങള്‍ തയ്യാറാണ്.
.
ഒരിക്കല്‍ കൂടി ഇത് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഈ സമയത്ത് വേണ്ടത് മെച്ചപ്പെട്ട വിവേകമാണ്. നാം കൂടിയിരിക്കുകയും നമ്മുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>