സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Feb 28th, 2019

യുദ്ധമല്ല, അയല്‍നാട്ടുകാരുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലമാണ് വേണ്ടത്…

Share This
Tags

ii

വീണ്ടുമൊരു യുദ്ധകാഹളം. ഒരു യുദ്ധത്തിലും ആരും ജയിക്കില്ലെന്നും എല്ലാവരും പരാജയപ്പെടുകയേ ഉള്ളു എന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിന്റെ പാതയിലേക്കു നീങ്ങൂന്നത്. ഇന്നോളമുണ്ടായ യുദ്ധങ്ങള്‍ എന്തെങ്കിലും നേട്ടം നല്‍കിയോ എന്ന പരിശോധന സത്യസന്ധമായി നടത്തുകയാമെങ്കില്‍ ഒരു ഭരണാധികാരിയും അത്തരമൊരു നീക്കത്തിനു പിന്നേയും മുതിരില്ല. എന്നാല്‍ യുദ്ധങ്ങള്‍ ഉണ്ടാക്കുന്ന ദുരന്തങ്ങളേക്കാള്‍ വലുതായി മറ്റു പല നേട്ടങ്ങളേയും കാണുന്നവര്‍ക്ക് അത് മനസ്സിലാകില്ല.
ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തിന്റേയും വിജയത്തിന്റേയും ബാക്കിപത്രമായി ഇന്നും തുടരുകയാണ് ഇന്ത്യാ – പാക് വൈര്യം. കാലം മാറിയതോടെ യൂറോപ്പിലും മറ്റും അയല്‍ രാജ്യങ്ങള്‍ സന്തോഷത്തോടെ ജീവിക്കുകയും പരസ്പരം സന്ദര്‍ശിക്കാന്‍ വിസപോലും ആവശ്യമില്ലാത്ത കാലത്തേക്കു കടക്കുകയും ചെയ്യുമ്പോളാണ് നമ്മളിവിടെ തികച്ചും പ്രാകൃതമായ രീതിയില്‍ പരസ്പരം കൊന്നൊടുക്കുന്നത്. ഒരിക്കലും അവസാനിക്കാത്ത വിധത്തിലുളള പകയുടെ കാരണമായി കാശ്മീര്‍ എന്ന പ്രദേശവും നിലനില്‍ക്കുന്നു. ആധുനികകാലത്ത് എന്തും പരിഹരിക്കേണ്ടത് രാഷ്ട്രീയമായിട്ടായിരിക്കണം, സൈനികമായാകരുത് എന്ന പ്രാഥമികസത്യം പോലും അറിയാത്തവരാണ് പല യുദ്ധങ്ങള്‍ക്കുശേഷവും ഇനിയും യുദ്ധത്തിനായി മുറവിളി കൂട്ടുന്നത്. യുദ്ധങ്ങില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗമോ, ജീവിക്കാനായി സൈന്യത്തില്‍ ചേര്‍ന്നവരും.
ഇന്ത്യ – പാക് വിഭജനം തന്നെ ലക്ഷങ്ങളുടെ മരണങ്ങളുടേയും പാലായനത്തിന്റേയും ബാക്കിപത്രമായിരുന്നു. 1947-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യനിയമത്തില്‍ ഉള്‍ക്കൊള്ളിക്കാതിരുന്ന നാട്ടുരാജ്യങ്ങള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം ഇന്ത്യയോടോ പാകിസ്താനോടോ ഒപ്പം ചേരാനോ, സ്വതന്ത്രമായി നിലനില്‍ക്കാനോ ഉള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നു എന്നാല്‍ കാശ്മീരിന്റഎ കാര്യത്തില്‍ അതുപാലിക്കാതിരുന്നതാണ് ഇന്നും തുടരുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. 1946 ഓഗസ്റ്റ് 16 നടന്ന കല്‍ക്കട്ട കൂട്ടക്കുരുതിക്കുശേഷം, ഇരുവിഭാഗത്തിലുമുള്ള നേതാക്കള്‍ ഭാവിയിലുണ്ടായേക്കാവുന്ന ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങളെ ഓര്‍ത്ത് ഭീതിതരായിരുന്നു. കല്‍ക്കട്ട കൂട്ടക്കുരുതിയില്‍ ഏതാണ്ട് 5000 ഓളം ആളുകള്‍ മരിച്ചു. തുടര്‍ന്ന് വടക്കേ ഇന്ത്യയിലും, ബംഗാളിലും വ്യാപകമായ തോതില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. വിഭജനതീരുമാനം വേഗത്തിലാക്കാന്‍ ഇത്തരം കലാപങ്ങള്‍ കാരണമായി. ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യന്‍ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ചത് ജൂണ്‍ തേഡ് പ്ലാന്‍ അഥവാ മൗണ്ട്ബാറ്റണ്‍ പദ്ധതി അനുസരിച്ചാണ്. 1947 ജൂണ്‍ 3 ന് ഒരു പത്രസമ്മേളനത്തില്‍ വെച്ച് മൗണ്ട്ബാറ്റണ്‍ പ്രഭുവാണ് ഇത് പ്രഖ്യാപിച്ചത്. ഓരോരാജ്യത്തിനും സ്വയംനിര്‍ണയാവകാശം തത്ത്വത്തില്‍ അംഗീകരിച്ചിരുന്നു. അതിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകണമെന്ന് തീരുമനിക്കുന്നവര്‍ക്ക് അതിനും ഇന്ത്യന്‍ യൂണിയനില്‍ ചേരണമെന്നുള്ളവര്‍ക്ക് അതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും. പഞ്ചാബിലേയും ബംഗാളിലേയും ഹിന്ദുക്കളും മുസ്ലീങ്ങളും വിഭജനത്തിനായി വോട്ട് രേഖപ്പെടുത്തണം. ഭൂരിപക്ഷം വിഭജനത്തിനായി വോട്ട് ചെയ്താല്‍ അതു നടപ്പാക്കും. സിന്ധിന് സ്വയം തീരുമാനമെടുക്കാം. വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ നാട്ടുരാജ്യങ്ങളും ബംഗാളിലെ സില്‍ഹട്ട് ജില്ലയും ഹിതപരിശോധനയിലൂടെ തീരുമാനമെടുക്കും.
ഇന്ത്യ 1947 ആഗസ്ത് 15 ന് സ്വതന്ത്രമാകും. ബംഗാളിന്റെ സ്വാതന്ത്ര്യവും യാഥാര്‍ത്ഥ്യമാകണം. പഞ്ചാബ്, ബംഗാള്‍, ആസ്സാം എന്നീ പ്രവിശ്യകള്‍ വിഭജിക്കേണ്ടി വന്നാല്‍ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ സ്വതന്ത്ര്യവും നിഷ്പക്ഷവുമായ ഒരു അതിര്‍ത്തിനിര്‍ണ്ണയക്കമ്മീഷനെ രൂപീകരിക്കുന്നതാണ്.
അധികാരക്കൈമാറ്റം നടന്നുകഴിഞ്ഞാല്‍ അന്നുമുതല്‍ നാട്ടുരാജ്യങ്ങളുടെമേല്‍ ബ്രിട്ടീഷ് ഗവണ്മെന്റിന് അധീശാധികാരം ഉണ്ടായിരിക്കുന്നതല്ല. അവയ്ക്ക് ഇന്ത്യന്‍ യൂണിയനിലോ പാകിസ്താനിലോ ചേരാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. തികച്ചും പുരോഗമനപരമെന്നു തോന്നാവുന്ന ഈ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടതാണ് കോടികള്‍ പട്ടിണി കിടക്കുമ്പോളും ലക്ഷകണക്കിനു കോടികള്‍ ആയുധങ്ങള്‍ക്കായി ചിലവാക്കുന്ന അവസ്ഥയിലേക്ക് ഇരു രാജ്യങ്ങളേയും എത്തിച്ചത്. തങ്ങളുടെ നിലനില്‍പ്പിനായി ഇരു രാജ്യത്തേയും ഭരണാധികാരികള്‍ ഈ ശത്രുത എന്നു ഉപയോഗിച്ചുപോന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇന്നും നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്കു കാരണം ഈ വിഭജനമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. ബ്രിട്ടീഷ് വൈസ്രോയിയും മൗണ്ട് ബാറ്റണും എല്ലാം ഇന്ത്യാ വിഭജനത്തിന്റെ പേരില്‍ ധാരാളം കുറ്റപ്പെടുത്തലുകള്‍ക്ക് ഇരകളായിട്ടുണ്ട്. വിഭജനത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒട്ടും സൗഹാര്‍ദ്ദപരമായിരുന്നില്ല. കലാപങ്ങളും, യുദ്ധങ്ങളും കൊണ്ട് കലുഷിതമായിരുന്നു അതിര്‍ത്തി പ്രദേശങ്ങള്‍. ജമ്മൂ-കാശ്മീര്‍ പ്രദേശമായിരുന്നു ഏറ്റവും കൂടുതല്‍ പ്രശ്‌നസങ്കീര്‍ണ്ണമായിരുന്നത്. മൂന്നു യുദ്ധങ്ങളാണ് ജമ്മു കാശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായത്. സാങ്കേതികമായി ഈ യുദ്ധങ്ങളില്‍ ഇന്ത്യ ജയിച്ചിരിക്കാം. എന്നാല്‍ ധാര്‍മ്മികമായും രാഷ്ട്രീയമായും ആരെങ്കിലും ജയിച്ചോ? ഇല്ല എന്നതാണ് വാസ്തവം. അതേസമയം പതിനായിരങ്ങലെ കൊന്നൊടുക്കിയ 3 യുദ്ധങ്ങള്‍ക്കുശേഷവും കാശ്മീര്‍ സംഘര്‍ഷഭരിതമായി തുടരുന്നു. ജനങ്ങള്‍ പട്ടിണി കിടക്കുകയാണെങ്കിലും ഇരു രാജ്യങ്ങളും ലക്ഷകണക്കിനു കോടികള്‍ പ്രതിരോധത്തിനും ആക്രമണത്തിനുമായി ചിലവാക്കുന്നു. ഇരു രാജ്യങ്ങളും നിരന്തരമായി ഭീകരാക്രമണത്തിനു വിധേയമാകുന്നു. എന്നാലും പ്രശ്‌നം രാഷ്ട്രീയമായി പരിഹരിക്കാനുള്ള ഒരു നീക്കവും ഇരു ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. സമാധാനങ്ങള്‍ക്കുപകരം കൊലകളെ കുറിച്ചാണ് ഇരു കൂട്ടരും സംസാരിക്കുന്നത.് ഒപ്പം ഇരുവശത്തേയും അധികാരികള്‍ക്ക് രാഷ്ട്രീയമുതലെടുപ്പിനുള്ള അവസരവും ലഭിക്കുന്നു. ഒപ്പം തങ്ങളുടെ രാജ്യങ്ങളില്‍ യുദ്ധമില്ലാതാക്കുകയും, എന്നാല്‍ മറ്റുരാജ്യങ്ങളില്‍ യുദ്ധസാഹചര്യം നിലനിര്‍ത്തുകയും ചെയ്യുന്ന ആയുധകച്ചവടക്കാര്‍ക്കും.
തീര്‍ച്ചയായും ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കണം. അതിനായി ഇരു രാജ്യങ്ങളും പരസ്പരം കൈ കോര്‍ക്കുകയാണ് വേണ്ടത്. അതിനു തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മോദിയും തയ്യാറാകണം. കാരണം ഇരുവരും അതിന്റെ ഇരകളാണ്. എന്നാല്‍ നടക്കുന്നത് കൊമ്പുകോര്‍ക്കലാണ്. ഇതവസാനിപ്പിച്ചേ പറ്റൂ. യുദ്ധം ഒന്നിനും പരിഹാരമല്ല. യൂറോപ്യന്‍ രാജ്യങ്ങളോ പോലെ അയല്‍ക്കാര്‍ ഒന്നിച്ചുനില്‍ക്കേണ്ടവരാണ്. പോരടിക്കേണ്ടേവരല്ല. അയല്‍നാട്ടുകാരുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാവുന്ന കാലമാണ് ഉണ്ടാകേണ്ടത്. അതു തിരിച്ചറിഞ്ഞു വിവേകത്തോടെയുള്ള നടപടികള്‍ ഇരുരാജ്യത്തേയും ഭരണാധികാരികളില്‍ നിന്നു പ്രതീക്ഷിക്കാമോ? കാത്തിരുന്നു കാണാം…

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>