സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Feb 20th, 2019

പ്രീതാഷാജി – പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല, അവ സ്ത്രീകളിലൂടെ മുന്നോട്ടുപോകുന്നു

pp

കേരളത്തില്‍ സ്ത്രീകള്‍ സമരചരിത്രം രചിക്കുകതന്നെയാണ്. സമീപകാല കേരള സമരചരിത്രം സ്ത്രീകളുടേതാണ്. മൂന്നാര്‍, നഴ്‌സ്, കന്യാസ്ത്രീ, സിനിമാതാരങ്ങള്‍, ചിത്രലേഖ, ശബരിമല പോരാളികള്‍ എന്നിങ്ങനെ ഈ പട്ടിക നീളുന്നു. അതിനിടയില്‍ തന്നെയാണ് പ്രീതാഷാജിയുടെ സ്ഥാനവും. സര്‍ഫാസി എന്ന സാമ്പത്തിക ഭീകരനിയമത്തിനെതിരെ ചുരുക്കം ചിലരുടെ പിന്തുണയോടെ വര്‍ഷങ്ങളായി അവര്‍ നടത്തി. പോരാട്ടം വിജയത്തിന്റെ ഘട്ടത്തിലെത്തിയിരിക്കുന്നു. ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ കുടിയിറങ്ങേണ്ടി വന്ന പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിക്ക് വീട് തിരികെ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ ഉത്തരവിറങ്ങി എട്ടുവര്‍ഷത്തിലേറെ കഴിഞ്ഞ് നടത്തിയ ലേല വില്‍പനയ്ക്ക് നിയമസാധുതയില്ലെന്ന് ആരോപിച്ച് പ്രീതയുടെ ഭര്‍ത്താവ് എം.വി. ഷാജി സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് സാങ്കേതികമായി ഉത്തരവ് വന്നിരിക്കുന്നത്. എന്നാല്‍ പ്രത്യക്ഷമായും നിയമപരമായും അവര്‍ നടത്തിയ പോരാട്ടമാണ്, നിരവധിപേരെ ദുരിതങ്ങളിലേക്കും ആത്മഹത്യകളിലേക്കും നയിച്ച ഈ കരിനിയമത്തിനെതിരായ അവരുടെ വിജയത്തിന്റെ ചാലകശക്തി.
2018 ഫെബ്രുവരിയില്‍് പ്രീതയും കുടുംബവും വീടൊഴിഞ്ഞ് താക്കോല്‍ വില്ലേജ് ഓഫീസറെ ഏല്‍പ്പിച്ചിരുന്നു. തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസര്‍ എത്തി വീട് പൂട്ടുകയും ചെയ്തിരുന്നു. പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. 43.35 ലക്ഷം രൂപ ബാങ്കിന് നല്‍കി പ്രീതയ്ക്ക് സ്വത്ത് കൈവശമാക്കാം. ഒരു ലക്ഷം രൂപ നേരത്തെ ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നും അല്ലാത്തപക്ഷം പുതിയ നിയമനടപടി എടുക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
ബാങ്കുകള്‍ക്കും അതുമായി ബന്ധപ്പെട്ട് വളര്‍ന്നു വരുന്ന മാഫിയകള്‍ക്കും വേണ്ടി നടപ്പായ സാമ്പത്തിക കരിനിയമമാണ് സര്‍ഫാസി. 2002 ല്‍ വാജ്പേയി സര്‍ക്കാരിന്റ കാലത്താണ് സര്‍ഫാസി നിയമം പാസാക്കിയത്. യുപിഎ സര്‍ക്കാരും ഈ നിയമത്തിന് അനുകൂലമായിരുന്നു. ആഗോള മൂലധന ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ക്കും അനുസൃതമായിരുന്നു ഈ നിയമം. വായ്പയെടുത്താല്‍ മൂന്ന് മാസം ഗഡു മുടങ്ങുകയോ, കുടിശിക വരികയോ ചെയ്താല്‍ വായ്പയുടെ കാലാവധി പോലും പരിഗണിക്കാതെ ബാങ്കുകള്‍ക്ക് കിടപ്പാടത്തെ നിഷ്‌ക്രിയാസ്തി ആയി പ്രഖ്യാപിച്ച് നേരിട്ട് പിടിച്ചെടുക്കാനും സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനും സര്‍ഫാസി അമിതാധികാരം നല്‍കുന്നു. സിവില്‍ കോടതിയില്‍ പോകാനുള്ള 34-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തു.
ഇത്തരത്തില്‍ സര്‍ഫാസി നിയമത്തിന്റെ ഇരയായ പ്രീത ഷാജിയുടെ സമരമാണ് പൊതുസമൂഹത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് കൊണ്ടുവന്നത്. ശക്തമായ സമരമുറകളുമായി മുന്നോട്ട് പോയ ഒരു സാധാരണ കുടുംബത്തിന്റെ പ്രതിരോധമായിരുന്നു പ്രീത ഷാജിയുടെ സര്‍ഫാസി വിരുദ്ധ സമരം. പ്രീതയുടെ ബന്ധുവിന് വായ്പ എടുക്കാനായി ജാമ്യം നിന്നതാണ് ആ കുടുംബം സര്‍ഫാസി നിയമത്തിന്റെ ഇരയാകുവാന്‍ കാരണമായത്. 1994 ല്‍ ആണ് ഇടപ്പള്ളി ലോര്‍ഡ്കൃഷ്ണ ബാങ്കില്‍ നിന്ന് ബന്ധുവായ സാജന്‍ രണ്ടു ലക്ഷം രൂപ വായ്പയെടുത്തത്. അതിന് ഇവരുടെ രണ്ടരകോടി വിലവരുന്ന ഭൂമി ഈടായി നല്‍കുകയായിരുന്നു. എന്നാല്‍ സാജന് ലോണ്‍ തിരിച്ചടച്ചില്ല. അയാളുടെ വര്‍ക്ക് ഷോപ് നഷ്ടത്തിലായി. പലിശ പോലും അടക്കാതെ വായ്പ പലിശക്ക് മേല്‍ കൂട്ട് പലിശയായികൊണ്ടിരുന്നു.
അതിനിടെ ലോര്‍ഡ് കൃഷ്ണ ബാങ്കിനെ സെഞ്ചൂറിയന്‍ ബാങ്ക് ഏറ്റെടുക്കുകയും 1998 ല്‍ സെഞ്ചൂറിയന്‍ ബാങ്കിനെ എച് ഡി എഫ് സി ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു. രണ്ടു ലക്ഷമാണ് വായ്പയെടുത്തതെങ്കില്‍ ജപ്തി നടപടികളുമായി 2014 ല്‍ ബാങ്ക് മുന്നോട്ട് വരുന്നത് 2 കോടി 70 ലക്ഷം രൂപ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടായിരുന്നു. വീടും സ്ഥലവും ഓണ്‍ലൈന്‍ ആയി ബാങ്ക് അധികൃതര്‍ ലേലത്തിന് വെക്കുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പട് ഒരു അറിയിപ്പും കുടുംബത്തിണ് ലഭിച്ചില്ല. വീടും സ്ഥലവും ലേലത്തില്‍ പിടിച്ച രതീഷ് നാരായണന്‍ എന്നയാള്‍ പ്രീത ഷാജിയേയും കുടുംബത്തെയും ഒഴിപ്പിക്കാനായി വന്നപ്പോഴാണ് ഈ കാര്യങ്ങള്‍ അവര്‍ അറിയുന്നത്. 38,00,000 രൂപയ്ക്കാണ് രതീഷ് വീടും സ്ഥലവും ലേലത്തില്‍ പിടിച്ചത്. അയല്‍ വാസികളും എറണാകുളം കേന്ദ്രീകരിച്ച് രൂപം കൊണ്ടിരുന്ന സര്‍ഫാസി വിരുദ്ധ സമിതി പ്രവര്‍ത്തകരും രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് രതീഷ് മടങ്ങിപ്പോയി. അതതുടര്‍ന്ന് ഷാജിയുടെ മാതാവ് ഹൃദയം തകര്‍ന്ന് മരിക്കുകയുണ്ടയി.
പരാതികളും നിവേദനങ്ങളുമായി പലസ്ഥലങ്ങളിലും കയറി ഇറങ്ങിയെങ്കിലും ഒരു ഗുണവുമുണ്ടായില്ല. തുടര്‍ന്ന് പ്രീത ഹൈക്കോടതിയില്‍ സങ്കടഹര്‍ജി നല്‍കി. മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. തുടര്‍ന്നും നടപടിയാകാത്തതിനെത്തുടര്‍ന് വീടിനുമുമ്പില്‍ കട്ടിലില്‍ കിടന്നു സമരം തുടങ്ങി. അതേസമയം രതീഷ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. കോടതി നിര്‍ദ്ദേശപ്രകാരം 2019 ജൂലൈ 9ന് വീണ്ടും വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. ദേഹത്തു മണ്ണെണ്ണ ഒിച്ച് കത്തിക്കുമെന്നു പ്രഖ്യാപിച്ചായിരുന്നു ജനങ്ങള്‍ ആ നീക്കത്തെ പ്രതിരോധിച്ചത്. പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. പ്രീതാഷാജിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സമരത്തിന് എത്തിയ സര്ഫാസി നിയമത്തിന്റെ ഇരകളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സമരസമിതി പ്രവര്‍ത്തകരായ പി ജി മാനുവലിനെയും വി സി ജെന്നിയെയും ജപ്തി നടപടി തടഞ്ഞു എന്നതിന്റെ പേരില്‍ അറസ്‌റ് ചെയ്തു. രാത്രി ഒരു മണിക്കാണ് ഇവരെ അറസ്‌റ് ചെയ്തത്.
പിന്നീട പ്രീത വീട്ടുമുറ്റത്ത് ഒരു ചിത ഒരുക്കി അനശ്ചിതകാല നിരാഹാര സമരം തുടങ്ങി. പി ടി തോമസായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. എം എല്‍ എ മാരായ വി കെ ഇബ്രാഹിംകുഞ്ഞ്, പി ടി തോമസ്, എം സ്വരാജ് എന്നിവര്‍ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചു. ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി വാക്കുകൊടുത്തു. നിരാഹാര സമരം ആരംഭിച്ചതിന്റെ 19-ാം ദിവസം അസിസ്റ്റന്റ് കളക്ടര്‍ പ്രീതയെക്കാണാന്‍ എത്തുകയും മുഖ്യമന്ത്രീയുടെ വാഗ്ദാനം അറിയിക്കുകയും ചെയ്തു. തുടര്‍ന്നു പ്രീത സമരം അവസാനിപ്പിച്ചു.
അതേസമയം ബാങ്ക് വായ്പാ പണം ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയി. തങ്ങളുടെ പേരിലുള്ള പതിനെട്ടര സെന്ററില്‍ ഏഴു സെന്റ് സെന്റ് നല്‍കാമെന്ന് പ്രീത ഷാജിയും കുടുംബവും മുമ്പേ ബാങ്കിനെ അറിയിച്ചിരുന്നു എന്നാല്‍ ബാങ്കിനത് സ്വീകാര്യമായില്ല. പിന്നീട് വീണ്ടും 50 ലക്ഷം തരാമെന്നും വീടും സ്ഥലവും തിരികെ നല്‍കണമെന്നും ആ കുടുംബം ആവശ്യപ്പെട്ടു. വസ്തു ലേലത്തില്‍ പിടിച്ച രതീഷ് നാരായണന്‍ ഒന്നേകാല്‍ കോടി രൂപയാണ് ആവശ്യപ്പെട്ടത്.
ഇതൊക്കെയാണെങ്കിലും കോടതിയില്‍ നിന്നും പ്രതികൂല ഉത്തരവ് വന്നതോടെ പ്രീത ഷാജിക്ക് തല്‍ക്കാലം വീടുവിട്ടൊഴിയേണ്ടി വന്നു. തുടര്‍ന്ന് കുടിയിറക്കപ്പെട്ട പ്രീത ഷാജിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍ഫാസി വിരുദ്ധ ജനകീയ സമിതി ജനകീയ പ്രതിരോധ കണ്‍വേഷന്‍ സംഘടിപ്പിച്ചു. പ്രീത ഷാജിയുടെ സമരം നീതിക്ക്് വേണ്ടിയുള്ളതാണെന്നു വനിതാ കമ്മീഷന്‍ അംഗം എം സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. അഞ്ചു സെന്റ് ഭൂമിയോ അതില്‍ കുറവോ ഉള്ളവരെ സര്‍ഫാസി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുടിയൊഴിപ്പിക്കലിനെതിരെ നിയമസഭ പ്രമയം പാസാക്കി. എന്നിട്ടും നീതിക്കായി കാത്തിരിക്കുകയായിരുന്നു പ്രീത. അതിനിടയിലാണ് ആശ്വാസകരവും ഇതേ അവ്ശത നേരിടുന്ന നിരവധി കുടുംബങ്ങള്‍ക്ക് പ്രചോദനവുമായി ഈ വിധി വന്നിരിക്കുന്നത്. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല, അവ സ്ത്രീകളിലൂടെ മുന്നോട്ടുപോകുന്നു എന്നാണ് ഈ വിധി കേരളത്തിനു നല്‍കുന്ന സന്ദേശം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>