സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Feb 15th, 2019

ഏഷ്യാനെറ്റ് സര്‍വ്വേ – രാഷ്ട്രീയ പ്രബുദ്ധതയല്ലെങ്കിലും സ്വാഗതാര്‍ഹം.

ss

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് സര്‍വ്വേഫലം അപ്രതീക്ഷിതമാണെന്നു പറയാനാവില്ല. രാഷ്ട്രീയം ഗൗരവപരമായി ശ്രദ്ധിക്കുന്നവര്‍ ഏറെക്കുറെ പ്രതീക്ഷിക്കുന്ന ഫലം തന്നെയാണിത്. അടുത്ത കാലത്തു പുറത്തുവന്ന മറ്റൊരു സര്‍വ്വേഫലവും ഏറക്കുറെ ഇങ്ങനെതന്നൊയായിരുന്നു. പതിവുപോലെ വിജയിക്കുമെന്ന് പ്രവചിക്കപ്പെട്ടവര്‍ ഫലത്തെ സ്വാഗതം ചെയ്യും. മറ്റുള്ളവര്‍ തള്ളിക്കളയും. അതേസമയം ഏതൊരു സര്‍വ്വേക്കും പരിമിതിയുണ്ടെന്ന് ആര്‍ക്കുമറിയാം. രണ്ടായിരമോ മൂവ്വായിരമോ പേരുമായി സംസാരിച്ച് സാമാന്യവല്‍ക്കരിക്കുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാമല്ലോ. മാത്രമല്ല, ഇനിയും തെരഞ്ഞെടുപ്പിന് മൂന്നുമാസത്തോളം ബാക്കി നില്‍ക്കുന്നു. അതിനിടയില്‍ പല മാറ്റങ്ങളും വരാം. എന്നാലും ലോകം ഒന്നാകെ അംഗീകരിച്ചിരിക്കുന്നതും പരീക്ഷിക്കുന്നതുമായ രീതിയില്‍ തന്നെയാണ് ഏഷ്യാനെറ്റും സര്‍വ്വേ നടത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ജനവിധിക്ക് സാധ്യതയെന്നാണ് സര്‍വ്വേഫലം. 14 നും 16 നും ഇടയ്ക്ക് സീറ്റ് യുഡിഎഫ് പിടിക്കാനിടയുണ്ടെന്നാണ് അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ പറയുന്നത്. 44 ശതമാനം വോട്ട് വിഹിതം നേടിയാവും ഭൂരിപക്ഷം സീറ്റുകളും യുഡിഎഫ് നേടുക. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വോട്ട് വിഹിതം 30 ശതമാനമായി കുറയും. മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് കിട്ടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ഒരു സീറ്റില്‍ എന്‍ഡിഎ വിജയിക്കാന്‍ സാധ്യതയുണ്ട്. 18 ശതമാനം വോട്ടുവിഹിതമായിരിക്കും എന്‍ഡിഎക്ക് കിട്ടുക.
സര്‍വ്വേഫലം ശരിയായാലും തെറ്റായാലും മലയാളിയുടെ രാഷ്ട്രീയപ്രബുദ്ധതയില്ലായ്മയിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. അതേസമയം മറ്റൊരര്‍ത്ഥത്തില്‍ അത് സ്വാഗതാര്‍ഹവുമാണ്. വരാന്‍ പോകുന്നത് ലോകസഭാ തെരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പിലെ കേന്ദ്രവിഷയം മോദി തുടരണോ വേണ്ടയോ എന്നതാണെന്ന കാര്യത്തില്‍ സാമാന്യരാഷ്ട്രീയബോധമുള്ള ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. വര്‍ഗ്ഗീയ ഫാസിസം ഒരു ജനതക്കുമുന്നില്‍ പച്ചയായ യാഥാര്‍ത്ഥ്യമായി നില്‍ക്കുമ്പോള്‍ അതിനെ പിന്തുണക്കണോ തള്ളണോ എന്നതു തന്നെയാണ് പ്രശ്‌നം. എന്നാല്‍ സര്‍വ്വേഫലമനുസരിച്ച് പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന മലയാളികള്‍ക്ക് മുഖ്യപ്രശ്‌നം ശബരിമലയാണ്. സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗത്തിന്റേയും അഭിപ്രായമതാണ്. മാത്രമല്ല, ഈ വിഷയത്തില്‍ ഏത് പാര്‍ട്ടിയുടെ നിലപാടിനോടാണ് യോജിപ്പ് എന്ന ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം എന്‍ഡിഎ നിലപാടിനോടാണ് യോജിപ്പ് അറിയിച്ചത്. 25 ശതമാനം പേര്‍ യുഡിഎഫിനും 25 ശതമാനം പേര്‍ എല്‍ഡിഫ് നിലപാടിനോടും ആണ് യോജിപ്പ് എന്നറിയിച്ചു. അതേസമയം ശബരിമല വിഷയം ഏത് പാര്‍ട്ടിക്കാവും നേട്ടമാവുക എന്ന ചോദ്യം വന്നപ്പോള്‍ അത് യുഡിഎഫിനെന്നാണ് 32 ശതമാനം പേരും പങ്കുവച്ചത്. എല്‍ഡിഎഫ് നേട്ടമുണ്ടാക്കും എന്ന് 26 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ എന്‍ഡിഎയ്ക്ക് ശബരിമല വിഷയം രാഷ്ട്രീയനേട്ടമായി മാറും എന്ന് കരുതുന്നത് 21 ശതമാനം പേരാണ്. ശബരിമല വിഷയത്തിലെ എല്‍ഡിഎഫ് നിലപാടാണ് ശരിയെന്ന് 37 ശതമാനം പേരും യുഡിഎഫ് നിലപാടടാണ് ശരിയെന്ന് 43 ശതമാനം പേരും വിശ്വസിക്കുന്നു.
ശബരിമലയല്ല ഈ തെരഞ്ഞെടുപ്പിലെ പ്രധാന പ്രശ്‌നം എന്നു പറഞ്ഞല്ലോ. ഇനി ശബരിമലയാണെന്നു വാദത്തിനു സമ്മതിക്കുക. എങ്കില്‍ ഈ മൂന്നു മുന്നണികളുടേയും നിലപാടുകള്‍ തമ്മില്‍ കാര്യമായ അന്തരമുണ്ടോ? ഇല്ല എന്നതല്ലേ യാഥാര്‍ത്ഥ്യം? യുഡിഎ്ഫും എന്‍ഡിഎയും തമ്മില്‍ പ്രകടമായിപോലും വ്യത്യാസമില്ല. സമരരീതിയില്‍ മാത്രമാണ് വ്യത്യാസം. എല്‍ഡിഎഫിന്റേത് വ്യത്യസ്ഥ നിലപാടാണെന്ന പ്രതീതീ നിലനില്‍ക്കുന്നുണ്ടെന്നത് ശരി. യാഥാര്‍ത്ഥ്യമോ? ഏഷ്യാനെറ്റ് സര്‍വ്വേയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സിപിഎം മുതിര്‍ന്ന നേതാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ പറഞ്ഞത് തങ്ങള്‍ ആചാരങ്ങള്‍ക്ക എതിരല്ല എന്നും എന്നാല്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും വിധി തിരിച്ചാണെങ്കില്‍ അതും നടപ്പാക്കുമെന്നായിരുന്നു. എവിടെയാണ് മൂന്നു നിലപാടും തമ്മില്‍ അന്തരം? കോടതിയലക്ഷ്യമുണ്ടാകരുതെന്നു കാണിക്കാന്‍ മുഖ്യമന്ത്രി സഹമന്ത്രിമാരെപോലും അറിയിക്കാതെ 2 യുവതികളെ മല കയറാന്‍ സഹായിച്ചു എന്നതുമാത്രമാണ് വ്യത്യസ്ഥമായി സംഭവിച്ചത്. മല കയറാന്‍ ശ്രമിച്ച യുവതികളെ ആക്ഷേപിക്കുന്നതില്‍ സംഘപരിവാറുകാരേക്കള്‍ മുന്നില്‍ ദേവസ്വം മന്ത്രിയും പ്രസിഡന്റുമായിരുന്നു എന്നു മറക്കരുത്. ഈ കുറിപ്പെുതുമ്പോള്‍ പോലും ശബരിമലയിലെത്തിയ 2 യുവതികളെ പോലീസ് തിരിച്ചയച്ചതായ വാര്‍ത്ത വരുന്നു. മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരെയെല്ലാം സംഘടിപ്പിച്ച് വനിതാമതില്‍ തീര്‍ത്ത സര്‍ക്കാരിനു പക്ഷെ തിരിച്ചടിയാണ് ഈ സര്‍വ്വേഫലം. പൊതുവില്‍ കേരള ഭരണത്തെ കുറിച്ച് കാര്യമായ പരാതിയില്ലാതിരുന്നിട്ടും ശബരിമല വിഷയമാണ് ഫലത്തെ സ്വാധീനിക്കുന്നതെന്നാണ് ഏഷ്യാനെറ്റ് പറയുന്നത്. എന്തായാലും ഏതര്‍ത്ഥത്തില്‍ പരിശോധിച്ചാലും മലയാളിയുടെ പ്രബുദ്ധതയില്ലായ്മയാണ് ഇതു കാണിക്കുന്നത്. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലും ഇതേ പ്രബുദ്ധതയില്ലായ്മ പ്രകടമാക്കിയവരാണല്ലോ നമ്മള്‍.
അതേസമയം മറ്റൊരര്‍ത്ഥത്തില്‍ ഇത്തരമൊരു ഫലത്തിനു പ്രസക്തിയില്ലെന്നു പറയാനാകില്ല. ആരംഭത്തില്‍ സൂചിപ്പിച്ച പോലെ മോദി തുടരണോ വേണ്ടയോ എന്ന ചോദ്യത്തിന് വേണ്ട എന്ന മറുപടി പറയുന്നവരെ സംബന്ധിച്ച് ഇതു പ്രസക്തം തന്നെയാണ്. തീര്‍ച്ചയായും എല്‍ഡിഎഫ് ജയിച്ചാലും അങ്ങനെതന്നെയല്ലേ എന്ന ചോദ്യം ഉയരാം. ആകാം. എന്നാല്‍ അഖിലേന്ത്യാരാഷ്ട്രീയം ശ്രദ്ധയോടെ പഠിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന ഒന്നാണ് ബിജെപിയെ പ്രതിരോധിക്കണമെങ്കില്‍ ആദ്യസാധ്യത കോണ്‍ഗ്രസ്സിനു പരമാവധി സീറ്റു കിട്ടലാണെന്നത്. പ്രസിഡന്റ് മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കലും മറ്റും അതിനെയാണ് ആശ്രയിച്ചിരിക്കുക. മാത്രമല്ല കോണ്‍ഗ്രസ്സ്് ബന്ധത്തില്‍ ഇടതുപക്ഷം ഇപ്പോളും ഉരുണ്ടു കളിക്കുകയാണ്. കോണ്‍ഗ്രസ്സുകാര്‍ വിജയിച്ചാല്‍ ബിജിപിയിലേക്കു ചേക്കാറുമെന്ന ചില സംസ്ഥാനങ്ങളുടെ ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടി സിപിഎം വാദിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നു വിജയിക്കുന്നവര്‍ അത്തരം നിലപാടെടുക്കാനുള്ള സാധ്യത തീരെയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ശബരിമലയാണ് മുഖ്യവിഷയമെന്നു പറയുമ്പോളും എന്‍ഡിഎക്കുപകരം യുഡിഎഫിനു കൂടുതല്‍ സാധ്യത നല്‍കിയ നടപടി ആശ്വാസകരമാണെന്നു പറയാതിരിക്കാനും ആകില്ല.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>