സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Feb 5th, 2019

ശരാശരി നിലവാരത്തിലൊതുങ്ങിയ അന്താരാഷ്ട്ര നാടകോത്സവം

Share This
Tags

the well

കേരളത്തിന്റെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ പതിനൊന്നാം പതിപ്പ് ജനുവരി 20 മുതല്‍ 26വരെ തൃശൂരില്‍ സംഗീതനാടക അക്കാദമിയില്‍ നടന്നു. പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ചിലവുചുരുക്കി സംഘടിപ്പിച്ച നാടകോത്സവത്തില്‍ 13 നാടകങ്ങള്‍ മാത്രമാണ് അവതരിപ്പിച്ചത്. അവയില്‍ ആറെണ്ണം വിദേശനാടകങ്ങലും നാലെണ്ണം മലയാളനാടകങ്ങളും മൂന്നെണ്ണം മറ്റ് ഇന്ത്യന്‍ നാടകങ്ങളുമായിരുന്നു. ചെറിയ രീതിയിലുള്ള നാടകോത്സവം എന്ന മുന്‍കൂര്‍ ജാമ്യം നിലനിന്നിരുന്നതിനാല്‍ തന്നെ കാര്യമായൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എടുത്തുപറയത്തക്ക അവതരണങ്ങലൊന്നും ഉണ്ടായതുമില്ല. എങ്കിലും ചില നാടങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തിയെന്നത് പ്രേക്ഷകര്‍ക്ക് ആശ്വാസമായി.
പൊതുവില്‍ ആവിഷ്‌കാരസ്വാതന്ത്ര്യമോ കലാവിഷ്‌കാരങ്ങളോ കാര്യമായി നിലനില്‍ക്കുന്നില്ല എന്നു പറയപ്പെടുന്ന ഇറാനില്‍ നിന്നുള്ള രണ്ടു നാടകങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത് എന്നതാണ് നാടകോത്സവവുമായി ബന്ധപ്പെട്ട് എടുത്തു പറയേണ്ട സംഗതി. മരണാനന്തരം കണ്ടുമുട്ടുന്ന ദമ്പതികള്‍ ഓര്‍ത്തെടുക്കുന്ന ജീവിതത്തിലെ പ്രണയവും രാഷ്ട്രീയവുമാണ് ദി വെല്‍ എന്ന നാടകത്തെ നീറുന്ന അനുഭവമാക്കിയത്. കവിയും അധ്യാപകനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന ഖലീലിനെ ഭരണകൂടം നിരന്തരം വേട്ടയാടിയിരുന്നു. ഖലിലിനെ തൂക്കിലേറ്റി എന്നു കേട്ട അയാളുടെ പ്രേയസി മറിയം കിണറ്റില്‍ ചാടി മരണത്തെ വരിക്കുകയായിരുന്നു. ജയിലില്‍ നിന്നു തിരിച്ചുവന്ന ഖലിലും അവരെ പിന്തുടരുന്നു. പുനസമാഗമത്തിലെ സംഭാഷണങ്ങള്‍ ഇറാനിലെ സാമൂഹ്യജീവിത്തിന്റെ നേര്‍കാഴ്ചയും ഇരുവരുടേയും പ്രണയത്തിന്റെ തീവ്രതയും പ്രേക്ഷകഹൃദയത്തില്‍ കോറിയിടുന്നു. കാര്യമായ രംഗസജ്ജീകരണമൊന്നുമില്ലാതെ അവതരിപ്പിച്ച നാടകം ഇരുവരുടേയും അഭിനയമികവിലാണ് അവിസ്മരണീയ അനുഭവമായത്.
ഷേക്‌സിപയറിന്റെ വിഖ്യാതമായ മിഡ് സമ്മര്‍ നൈറ്റ്‌സ് ഡ്രീം എന്ന നാടകത്തെ തങ്ങളുടേതായ രീതിയില്‍ ഇറാനില്‍ നിന്നുള്ള മൊസ്താഗല്‍ തിയറ്റര്‍ അവതരിപ്പിച്ചതും കയ്യടി നേടി. ഏഥന്‍സില്‍സ്വതന്ത്രമായി പ്രണയിക്കാന്‍ കഴിയാതെ കാട്ടിലേക്കുപോയ നാലുപേര്‍ നേരിട്ട പ്രതിസന്ധികളാണ് നാടകത്തിന്റെ പ്രമേയം. തികച്ചും നവീനമായ അവതരണശൈലിയാണ് നാടകത്തെ ശ്രദ്ധേയമാക്കിയത്.
ശ്രീലങ്കയില്‍ നിന്നുള്ള തിത്ത കഹാത്ത (കയ്‌പേറിയ അമൃത്) ആയിരുന്നു നാടകോത്സവത്തിലെ ഉദ്ഘാടന നാടകം. സിംഹള/തമിഴ് ഭാഷയിലുള്ള ഈ നാടകം നേരിട്ട് രാഷ്ട്രീയം പറയുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ശ്രീലങ്കയിലെ ചായത്തോട്ടങ്ങളിലേക്ക് അടിമകളെ പോലെ പണിയെടുക്കാന്‍ കൊണ്ടുപോയ പ്രധാനമായും തമിഴ് നാട്ടില്‍ നിന്നുള്ള തൊഴിലാളികളുടെ പരമ്പര ഇപ്പോഴും അനുഭവിക്കുന്ന പീഡനങ്ങളാണ് നാടകത്തിന്റെ പ്രമേയം. ഇന്നും തുടരുന്ന മനുഷ്യകടത്തുകള്‍ നാടകത്തിന്റെ സമകാലീന പ്രസക്തിയെ സൂചിപ്പിക്കുന്നു. പലപ്പോഴും മൂന്നാറിലെ തൊഴിലാളികളേയും നാടകം ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം ആക്ഷേപഹാസ്യരൂപത്തില്‍ അവതരിപ്പിച്ചത് കയ്യടി നേടി.
വിയറ്റ്‌നാമില്‍ നിന്നുള്ള ദി മെയ്ഡ്‌സ് ആയിരുന്നു മറ്റൊരു വിദേശനാടകം. തങ്ങളുടെ സംഘര്‍ഷങ്ങള്‍ അതിജീവിക്കാന്‍ വീട്ടില്‍ ഉടമസ്ഥരില്ലാത്ത നേരത്ത് ഉടമസ്ഥരായി പകടര്‍ന്നാടുന്ന രണ്ടു വീട്ടുജോലിക്കാരുടെ ജീവിതമാണ് ഈ നാടകം. ആ സംഘര്‍ഷം എത്തിചേരുന്നത് കൊലപാതകത്തിലേക്കായിരുന്നു. ജനനം, ജീവിതം, മരണം എന്നീ അവസ്ഥയകള്‍ സൂചിപ്പിക്കുന്ന രംഗസജ്ജീകരണങ്ങളിലൂടെ ഒരു സ്ത്രീയും പുരുഷനും യാത്ര ചെയ്യുന്നതാണ് ദി റിച്ച്വല്‍ എന്ന ഇറ്റാലിയന്‍ നാടകം രംഗത്തവതരിപ്പിച്ചത്.
വിയറ്റ്‌നാമീസ് ഗ്രാമീണജനതയുടെ ജീവിതത്തിന്റേയും സംസ്‌കാരത്തിന്റേയും നേര്‍കാഴ്ചയായി മാറിയിട്ടുള്ള ജലപാവകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു വാട്ടര്‍ പപ്പറ്ററി. വിയറ്റനാമില്‍ കെയ്ത്തുത്വത്തിന്റഎ ഭാഗമായി ആരംഭിച്ച ഈ കലാരൂപം ഇന്ന് ലോകപ്രസിദ്ധമാണ്. വര്‍ണ്ണശബളമായ വേഷങ്ങളോടേയും ജീവിതഗന്ധിയായ ഭാവങ്ങളോടേയുമുള്ള പാവകള്‍ ജലത്തില്‍ നടത്തിയ പ്രകടനങ്ങള്‍ പ്രേക്ഷകരില്‍ ഭൂരിഭാഗത്തിനും ആദ്യാനുഭവമായി.
കാര്യമായ രംഗസജ്ജീകരണങ്ങളോ സാങ്കേതികവിദ്യാകളോ പ്രയോഗിക്കാതെയാണ് മിക്കവാറും വിദേശനാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടതെങ്കില്‍ ഇന്ത്യന്‍ നാടകങ്ങള്‍ തികച്ചും വ്യത്യസ്ഥമായിരുന്നു. ഇരുണ്ട കാലത്തു ജീവിക്കുന്ന മനുഷ്യരെകുറിച്ചും യുദ്ധത്തെ കുറിച്ചും പലായനത്തെ കുറിച്ചും അഭയാര്‍ത്ഥികളെ കുറിച്ചുമൊക്കെ പറയുന്ന ഡാര്‍ക്ക് തിംഗ്‌സ് തന്നെ ഒരുദാഹരണം. ഇറ്റ്‌ഫോക്കില്‍ ശ്രദ്ധേയമായ പല നാടകങ്ങളും ചെയ്തിട്ടുള്ള ദീപന്‍ ശിവരാമനും അനുരാധാ കപൂറുമാണ് സംവിധായകര്‍. ആധുനികമൂലധനത്തിനു മുന്നില്‍ നിസ്സഹായരാകുന്ന മനുഷ്യരെയാണ് നാടകം അവതരിപ്പിക്കാന്‍ ശ്രമിച്ചത്. പോണ്ടിച്ചേരിയില്‍ നിന്നുള്ള കറുപ്പ് എന്ന നാടകമാകട്ടെ ദ്രാവിഡസംസ്‌കാരത്തിന്റെ ജൈവികതയിലൂടെ പുരുഷനും പ്രകൃതിയും തമ്മിലുള്ള സംഗമവും അകല്‍ച്ചയും പുനസംഗമവുമാണ് അവതരിപ്പിച്ചത്. ശരീരം എങ്ങനെയെല്ലാം ഉപയോഗിക്കാനാവുമെന്ന് ഈ നാടകം വ്യക്തമാക്കി. പ്രൈവസി എന്ന ഹിന്ദിനാടകമാകട്ടെ സ്വകാര്യതയില്‍ നിന്നു പുറത്തുവന്ന് ലോകം കാണുന്ന ഒരു പെണ്‍കുട്ടിയുടെ കഥപറയുന്നു.
ശശിധരന്‍ നടുവുല്‍ സംവിധാനം ചെയ്ത ഹിഗ്വിറ്റ, ചന്ദ്രഹാസന്റെ ശാകുന്തളം, ജോയ് പി പി സംവിധാനം ചെയ്ത അലി ബയോണ്ട് ദി റിംഗ്, ജിനോ ജോസഫിന്റഎ നൊണ എന്നിവയായിരുന്നു അവതരിക്കപ്പെട്ട മലയാളം നാടകങ്ങള്‍. എന്‍ എസ് മാധവന്റെ പ്രശസ്ത ചെറുകഥയായ ഹിഗ്വിറ്റതന്നെയാണ് പന്തുകളി ഗ്രൈണ്ടില്‍തന്നെ ശശിധരന്‍ നാടകരൂപത്തില്‍ അവതരിപ്പിച്ചത്. ബിഷപ്പ് ഫ്രാങ്കോവിന്റെ കാലത്ത് ഗീവര്‍ഗ്ഗീസച്ചനെപോലുള്ള പുരോഹിതനെ ഓര്‍മ്മിപ്പിക്കാന്‍ നാടകം സഹായിച്ചു. ശാകുന്തളം നാടകം പ്രേക്ഷകരുടെ കൂക്കുവിളിയോടെയാണ് അവസാനിച്ചത്. ലോകപ്രശസ്ത് ബോക്‌സര്‍ മുഹമ്മദലിയുടെ ജീവിതം തന്നെയാണ് അലി ബയോണ്ട് ദി റിംഗിന്റഎ പ്രമേയം. നൊണയാകട്ടെ നുണപ്രചരണങ്ങളിലൂടെ സംഘപരിവാര്‍ പടുത്തുണ്ടാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയരാഷ്ട്രീയത്തെ കടന്നാക്രമിക്കുന്നു.
ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാന്‍ കാര്യമായൊന്നുമില്ലാതിരുന്ന പതിനൊന്നാമത് ഇറ്റ്‌ഫോക് ശരാശരി നിലവാരം കാഴ്ചവെച്ചു എന്നു പറയാം. മുതിര്‍ന്ന കന്നഡ സംവിധായകന്‍ പ്രസന്നയുടെ സാന്നിധ്യമാണ് ഉദ്ഘാടനസമ്മേളനത്തെ അര്‍ത്ഥവത്താക്കിയത്. നാടകോത്സവത്തിന്റെ ഭാഗമായി മലയാളത്തിലെ പെണ്ണരങ്ങ്, ഇന്ത്യന്‍ തിയറ്ററിന്റെ വര്‍ത്തമാനം, ആവിഷ്‌കാരത്തിന്റെ രാഷ്ട്രീയം തുടങ്ങി പല വിഷയങ്ങളെ കേന്ദ്രീകരിച്ച സെമിനാറുകളും മീറ്റ് ദി ഡയറക്ടേഴ്‌സ് പരിപാടികളും സംഗീതാവിഷ്‌കാരങ്ങളും നടന്നു. അനൗപചാരികമായി പ്രേക്ഷകരില്‍ നിന്നുണ്ടായ പല ആവിഷ്‌കാരങ്ങളും നാടകോത്സവത്തിന്റെ ഭാഗമായി. സംവിധായകന്‍ പ്രിയനന്ദനനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചുള്ള പരിപാടികളും നാടകോത്സവ വേദിയില്‍ നടന്നു.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>