സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Jan 31st, 2019

രാഹുല്‍ പറഞ്ഞതും കേരളത്തിലെ വിദ്യാഭ്യാസ – ആരോഗ്യ മേഖലകളും

rr

കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെ വിദ്യാഭ്യാസരംഗത്തേയും ആരോഗ്യമേഖലയേയും ആക്ഷേപിച്ചു എന്നതാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. മറ്റു പല സംസ്ഥാനങ്ങളിലേയും സ്‌കൂളുകളും ആശുപത്രികളുമായി കേരളത്തെ താരതമ്യം ചെയ്ത് രാഹുലിനുള്ള മറുപടിയുമായി നൂറുകണക്കിനു പേര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ആരോഗ്യമന്ത്രി ഷൈലജ ടീച്ചറും രാഹുലിനു ശക്തമായ ഭാഷയില്‍ തന്നെ മറുപടി നല്‍കി. അതെല്ലാം നടക്കട്ടെ. പക്ഷെ കേരളത്തിലെ ആരോഗ്യ – വിദയാഭ്യാസ മേഖലകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ആരുംതന്നെ അഭിമുഖീകരിക്കുന്നില്ല എന്നതാണ് വസ്തുത. കേരളത്തിലെ പ്രാഥമിക വിദ്യാലയങ്ങളുടേയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും ചിത്രങ്ങള്‍ കാണിച്ചാണ് മിക്കവാറും പേര്‍ രാഹുലിനു മറുപടി നല്‍കുന്നത്. അതു ശരിയുമാണ്. എന്നാല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അവസ്ഥയെന്താണ്? അക്കാര്യത്തില്‍ നമ്മുടെ സ്ഥാനം എത്രാമത്തേതാണ്? അതുപോലെ ആരോഗ്യമേഖലയില്‍ നടക്കുന്നതെന്താണ്? കണ്ണില്‍ ചോരയില്ലാത്ത കച്ചവടതാല്‍പ്പര്യമല്ലേ അവിടെ നിലനില്‍ക്കുന്നത്? ഈ വിഷയങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കേണ്ടതും കേരളം മറുപടി പറയേണ്ടതും. എന്നാലതല്ല സംഭവിക്കുന്നത്. കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന അതേ കാര്യങ്ങളാണ് നാമിപ്പോളും ആവര്‍ത്തിക്കുന്നത്.
ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ നേട്ടങ്ങളേയും കോട്ടങ്ങളേയും കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നതുതന്നെ തെറ്റാണ്. കാരണം ഇരുമുന്നണികളും മാറിമാറി ഭരിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ഇരുകൂട്ടര്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. കൂടുതല്‍ കാലം ഭരിച്ചത് യുഡിഎഫാണെന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെ നോക്കിയാല്‍ നേട്ടത്തിനും കോട്ടത്തിനും കൂടുതല്‍ ഉത്തരവാദിത്തം അവര്‍ക്കാണ്. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ പ്രസ്താവനയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും അതു മറക്കുന്നു.
വാസ്തവത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ തമ്മില്‍ ഈ രീതിയിലുള്ള താരതമ്യം തന്നെ അര്‍ത്ഥരഹിതമാണ്. ഇന്ത്യയെന്നത് വൈവിധ്യമാര്‍ന്ന നിരവധി ദേശീയതകളുടെ സമുച്ചയമാണ്. കൊളോണിയല്‍ കാലഘട്ടമില്ലായിരുന്നെങ്കില്‍ വ്യത്യസ്ത രാഷ്ട്രങ്ങള്‍ തന്നെ ഇവിടെ ഉണ്ടാകുമായിരുന്നു. കൊളോണിയല്‍ ആധിപത്യം ചരിത്രഗതിയെ വഴിമാറ്റിവിട്ടു. പിന്നീട് കൊളോണിയല്‍ വിരുദ്ധ സമരത്തിലുണ്ടായ ഐക്യമാണ് ഇന്ത്യയെന്ന രാജ്യത്തിന്റെ രൂപീകരണത്തിന്റെ അടിത്തറയായത്. പക്ഷെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ചരിത്രപരമായ വളര്‍ച്ച വളറെയധികം വ്യത്യസ്ഥമാണ്. ഇന്നും അങ്ങനെതന്നെ. അവ തമ്മില്‍ താരതമ്യം ചെയ്ത് നമ്മള്‍ മുന്നിലാണ്, അവര്‍ പിന്നിലാണ് എന്ന വാദം അര്‍ത്ഥരഹിതമാണ്. വേണ്ടത് മറ്റൊന്നാണ്. പരസ്പരമുള്ള താരതമ്യത്തിനു പകരം വര്‍ഷാവര്‍ഷം ഓരോ സംസ്ഥാനത്തിന്റേയും വളര്‍ച്ചയെയാണ് വിലയിരുത്തേണ്ടത്. ഇന്നത്തെ അവസ്ഥയില്‍ കേരളം പുറകോട്ടും ബീഹാര്‍ മുന്നോട്ടുമാണ് പോകുന്നതെങ്കിലും താരതമ്യത്തില്‍ കേരളമാകും മുന്നില്‍. ഉന്നതവിദ്യാഭ്യാസത്തില്‍ ഇതു പ്രകടമാണല്ലോ. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല എത്ര പുറകിലാണ് ഏതു റാങ്കിംഗ് നിലവാരമെടുത്താലും മനസസിലാവും. അവിലേന്ത്യാ റാങ്കിങ്ങില്‍ മുന്നിലുള്ള ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമുക്കുണ്ടോ? നമ്മുടെ മിടുക്കരായ കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നത് നമ്മളേക്കാല്‍ പുറകിലെന്ന് നാം വിശ്വസിക്കുന്ന സംസ്ഥാനങ്ങലിലേക്കല്ലേ? ഈ വിഷയത്തെ അഭിമുഖീകരിക്കാനും പരിഹരിക്കാനും തയ്യാറാകാതെ സാക്ഷരതയിലും പ്രാഥമിക വിദ്യാഭ്യാസത്തിലും മുനന്നിലെന്നു പറയാന്‍ തുടങ്ങി കാലമെത്രയായി..!!
ഉല്‍പ്പാദനമേഖല വികസിക്കാതെ പോലും ഒരു സമൂഹത്തിനു മുന്നോട്ടുപോകാമെന്ന് കേരളത്തിലെ ആരോഗ്യ – വിദ്യാഭ്യാസ മേഖലകളെ ചൂണ്ടികാട്ടി ലോകമാസകലം പ്രചരണം നടതതിയവരാണ് നാം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വന്‍തോതില്‍ ഈ മേഖലയില്‍ നിക്ഷേപം നടത്തിയതിന്റെ ഗുണകള്‍ പ്രകടമായിരുന്നു. സംസ്ഥാനത്തിന്റെ മിക്കവാറും മേഖലകളില്‍ പ്രാഥമിക ചികിത്സാ സൗകര്യങ്ങളും പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളും എത്തിയെന്നത് ശരിയാണ്. അവിടെതീര്‍ന്നു ഈ മുന്നേറ്റം. പിന്നീട് രണ്ടുമേഖലകളിലും സംഭവിച്ചതെന്താണ്? യാതൊരു നിയന്ത്രണവുമില്ലാത്ത സ്വകാര്യവല്‍ക്കരണം. ഫലമോ? ചൂഷണത്തിന്റെ ഏറ്റവും വലിയ മേഖലകളായി ഇവ മാറി. നേടിയ നേട്ടങ്ങളെല്ലാ നഷ്ടപ്പെടുകയും ചെയ്തു. ഒരു മഴ പെയ്യുമ്പോഴേക്കും പനി പിടിക്കുകയും പനി പിടിച്ചാല്‍ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിഖ്യാതമായ കേരളമോഡല്‍ മാറി. ഒരിടത്തുമില്ലാത്ത രീതിയിലുള്ള പുതിയ രോഗങ്ങള്‍. ജീവിതശൈലി രോഗങ്ങളെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. അവയുടെ ചികിത്സയുടെപേരില്‍ തീവെട്ടിക്കൊള്ള. മനുഷ്യ ജീവനു അല്‍പ്പം പോലും വില കല്‍പ്പിക്കാത്ത ആശുപത്രികളും ഡോക്ടര്‍മാരും മരുന്നു കമ്പനികളും നമ്മുടെ ആരോഗ്യമേഖലയെ കൈപിടിയിലൊതുക്കിയിരിക്കുന്നു. മലയാളികളുടെ ശരാശരി ആയുസ്സ ഉയര്‍ന്നിരിക്കാം. പക്ഷെ വൃദ്ധരില്‍ ഭൂരിഭാഗവും കിടപ്പിലാണ്. ചികിത്സിച്ച് കടക്കെണിയിലാവുന്നവരാണ് മലയാളികളില്‍ വലിയൊരു വിഭാഗവും. മാനസികാരോഗ്യത്തിലും ഏറെ പുറകിലാണെന്ന് വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ വെളിവാക്കുന്നു.
വിദ്യാഭ്യാസത്തിലോ? സാക്ഷരത നേടി. മംഗളവും മനോരമയുമൊക്കെ നന്നായി വായിക്കാം. ഉന്നതവിദ്യാഭ്യാസത്തില്‍ മുകളില്‍ സൂചിപ്പിച്ച പോലെ നാം ബീഹാറിനും പുറകില്‍. പഠിക്കാന്‍ മാത്രമല്ല ജോലിക്കും പുറ്ത്തുപോകേണ്ട അവസ്ഥ ഇപ്പോളും തുടരുന്നു. നമ്മുടെ സ്വകാര്യ മേഖലയുടെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ ജിഷ്ണു പ്രണോയ് പുറത്തു കൊണ്ടുവരുകയും ചെയ്തു. ഒരര്‍ത്ഥത്തില്‍ സര്‍ക്കാര്‍ തന്നെ ഇതംഗീകരിച്ചിട്ടുണ്ട്. അതാണല്ലോ ഉന്നതവിദ്യാഭ്യാസത്തിന് പ്രതേക വകുപ്പുണ്ടാക്കിയത്. പ്രത്യേക മന്ത്രിയെ ഏല്‍പ്പിച്ചത്. എന്നാലതിന്റെ ഗുണഫലം ഇതുവരേയും കാണാന്‍ തുടങ്ങിയിട്ടില്ല. അതുപോലെ വിദ്യാഭ്യാസത്തിലൊക്കെ മുന്നിലാണെങ്കിലും സ്ത്രീകളുടെ ഇവിടെ സാമൂഹ്യപദവി വളരെ മോശമാണെന്നതും പ്രസക്തമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ആദിവാസികളുടെ ജീവിതത്തെ പരാമര്‍ശിച്ച് നരേന്ദ്രമോദി തുടങ്ങിവെച്ച സോമാലിയ വിവാദത്തോടെയാണ് നമ്മള്‍ ഒന്നാം സ്ഥാനത്താണെന്നു സമര്‍ത്ഥിക്കാനുള്ള മലയാളികളുടെ പ്രവണത കൂടുതല്‍ ശക്തമായത്. മോദി എന്തുലക്ഷ്യത്തില്‍ പറഞ്ഞാലും ആദിവാസിവിഭാഗങ്ങളിലെ ശിശുമരണനിരക്കിനെ പരാമര്‍ശിച്ച് മോദി പറഞ്ഞതില്‍ ശരിയുണ്ടോ എന്നു പരിശോധിക്കാതെ ഗുജറാത്തുമായി താരതമ്യം ചെയ്ത് സ്വയം ന്യായീകരിക്കുകയാണ് എല്ലാവരും ചെയ്തത്. അതിനുശേഷം പോയ വര്‍ഷവും അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് എത്രയോ കൂടുതലാണ്. കേരളത്തിലെ ആദിവാസികള്‍, ദളിതര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ഭിന്നലിംഗക്കാര്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍ തുടങ്ങിയ പല വിഭാഗങ്ങളുടേയും അവസ്ഥ എത്രയോ പരിതാപകരമാണ്. അതുപോലെതന്നെ നഴ്സുമാര്‍, പീടികത്തൊഴിലാളികള്‍, അണ്‍ എയ്ഡഡ്് അധ്യാപകര്‍ തുടങ്ങി നിരവധി അസംഘടിതമേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരുടേയും. അതൊക്കെ മറച്ചുവെച്ചാണ് അര്‍ത്ഥരഹിതമായ നമ്മള്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് കുറെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതും മറ്റുള്ളവരെ പരിഹസിക്കുന്നതും. ഏതാനും വര്‍ഷങ്ങളായി ആദ്യകാലത്തെ നേട്ടങ്ങളില്‍ നിന്ന് നമ്മുടെ യാത്ര പുറകോട്ടാണെന്ന് അംഗീകരിക്കാനുള്ള വിനയമാണ് നമുക്കാവശ്യം. അതിനു കാരണം കണ്ടെത്തി പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഇതുപോലെ എല്ലാ വിഷയങ്ങളേയും കക്ഷിരാഷ്ട്രീയ കണ്ണടകളിലൂടെ മാത്രം കാണുകയല്ല.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>