സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jan 29th, 2019

രാഷ്ട്രീയപ്രവര്‍ത്തകര്‍ നിയമത്തിന് അതീതരോ…??

Share This
Tags

cc

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തെരേസാ ജോണിനെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയന്‍ തന്നെ രംഗത്തിറങ്ങിയത് നല്‍കുന്ന സൂചന അപകടകരമാണ്. പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡിന് വിധേയമാക്കാറില്ല, പാര്‍ട്ടികള്‍ അന്വേഷണവുമായി സഹകരിക്കാറുണ്ട്, പൊതുപ്രവര്‍ത്തനത്തെ മാനിക്കണം, പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാനായിരുന്നു പരിശോധന എന്നിങ്ങനെയാണ് പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ജനാധിപത്യസംവിധാനത്തിന്റെ ഉന്നതമായ ഘട്ടത്തില്‍ ഇതു ശരിയായിരിക്കാം. രാഷ്ട്രീയപ്രവര്‍ത്തകര്‍ മറ്റെല്ലാവര്‍ക്കും മാതൃകയായിമാറുകയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും കുറ്റവാളികളെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉദ്ദേശിച്ചത്. എന്നാല്‍ നമ്മുടെ ജനാധിപത്യ സംവിധാനം ഇപ്പോഴുമതിന്റെ ശൈശവാവസ്ഥയില്‍ മാത്രമാണ്. കുറ്റകൃത്യങ്ങളിലും അഴിമതിയിലുമെല്ലാം പൊതുവില്‍ സാധാരണക്കാരേക്കാള്‍ വളരെ മുന്നിലാണ് രാഷ്ട്രീയക്കാര്‍. പാര്‍ട്ടി ഓഫീസുകള്‍ കുറ്റവാളികളേയും ആയുധങ്ങളേയും ഒളിപ്പിക്കുന്ന ഇടങ്ങളായി എത്രയോ തവണ മാറിയിരിക്കുന്നു. കൊലപാതകങ്ങള്‍ പോലും നടന്ന പാര്‍ട്ടി ഓഫീസുകള്‍ കേരളത്തില്‍ തന്നെയുണ്ട്. പല കുറ്റാവാളികളേയും പാര്‍ട്ടി ഓഫീസുകൡ നിന്നു പിടികൂടിയിട്ടുണ്ട്. രാഷ്ട്രീയവൈര്യം തീര്‍ക്കാന്‍ പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയയ്ത് അനാവശ്യ അറസ്റ്റുകള്‍ നടത്തിയ സംഭവങ്ങളുമുണ്ട്. ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് നിയമം പാര്‍ട്ടി ഓഫീസുകള്‍ക്ക് ബാധകമല്ല എന്നു പരോക്ഷമായി പറഞ്ഞിരുക്കുന്നത്. സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത വിഷയവുമായി ബന്ധപ്പെട്ടാണെങ്കിലും പാര്‍ട്ടി ഓഫീസുകള്‍ എന്ന് പൊതുവായി പറഞ്ഞത് മറ്റു പാര്‍ട്ടികളുടെ പിന്തുണ നേടാനാണെന്നു വ്യക്തം.
റെയ്ഡ് നടത്തിയ എസ്.പിക്കെതിരെ നടപടി എടുത്താല്‍ അത് സേനയുടെ ആത്മവീര്യത്തെ തകര്‍ക്കുന്നതാണെന്ന സബ്മിഷന്‍ അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതല്ല കേന്ദ്രവിഷയം. നിയമവിരുദ്ധമായി മോവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ പോലീസിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോഴും ഈ വാദം നമ്മള്‍ കേട്ടതാണ്. പോലീസിനാവശ്യം നീതിബോധവും മുഖം നോക്കാതെയുള്ള നടപടിയും ജനാധിപത്യസംസ്‌കാരവുമാണ്. പലപ്പോഴും പോലീസില്‍ നിന്ന് ഇവയൊന്നും കാണാറില്ല. വല്ലപ്പോഴുമാണ് ചൈത്ര തെരേസാ ജോണ്‍ ഇപ്പോള്‍ ചെയ്ത പോലുള്ള ധീരമായ നടപടികള്‍ കാണുന്നത്. എന്നാലതുപോലും അംഗീകരിക്കില്ല എന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. അടുത്തയിടെ തിരുവനന്തപുരത്തുതന്നെ പോലീസിനെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. അതില്‍ പോലീസില്‍ ഇപ്പോള്‍ തന്നെ പ്രതിഷേധമുണ്ട്. ദേശീയപണിമുടക്കുദിവസം ആക്രമണം നടത്തിയവര്‍ക്കെതിരേയും പോലീസ് കര്‍ക്കശനടപടികളെടുത്തതും നേതാക്കള്‍ക്ക് ദഹിച്ചിട്ടില്ല. അതിനു പുറമെയാണ് ഈ സംഭവം. പോലീസ് സംഘടനകളെല്ലാം ഇക്കാര്യത്തില്‍ അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ട്.
കേട്ടാല്‍ ആരും ചിരിക്കുന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ എന്നു പറയാതെ വയ്യ. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യമെന്നും അത്തരം സ്ഥാപനങ്ങളെ സംരക്ഷിച്ച് കൊണ്ടുപോകുക എന്നതാണ് പോലീസിന്റെ ചുമതലയെന്നുമാണ് അദ്ദേഹം പറയുന്നത്. പോലീസ് അന്വേഷണത്തില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളാണെങ്കിലും സഹകരിക്കാറുണ്ടെന്ന അദ്ദേഹത്തിന്റെ വാദം എത്രമാത്രം വാസ്തവവിരുദ്ധമാണെന്ന് ആര്‍ക്കാണറിയാത്തത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ ഇടിച്ചുകയറിയും വാനുകള്‍ തടഞ്ഞും പ്രതികളെ ഇറക്കി കൊണ്ടുവന്ന എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നു. വേണ്ടിവന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ ത്‌ന്നെ ബോംബുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച നേതാവും സ്റ്റേഷന്‍ മതില്‍ ചാടികടന്ന നേതാവുമൊക്കെ ഈ പാര്‍ട്ടിക്കുണ്ട്. മറ്റു പാര്‍ട്ടികളുടെ കാര്യവും കാര്യമായി വ്യത്യസ്ഥമല്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ഓഫീസുകളെ സംരക്ഷിക്കലാണ് പോലീസിന്റെ കടമയെന്നും മുഖ്യമന്ത്രി പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയാകട്ടെ സര്‍ക്കാരിനേക്കാള്‍ വലുതല്ല പോലീസുദ്യാഗസ്ഥ എന്നാണ് പറയുന്നത്. സിപിഎം ഓഫീസാണോ അദ്ദേഹത്തിന് സര്‍ക്കാര്‍..!!
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു പരാതി സി.പി.എം ജില്ലാ സെക്രട്ടറി നല്‍കിയിട്ടുണ്ടെന്നും സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ നല്‍കുന്ന പരാതി ഗൗരവകരമായി പരിശോധിക്കുക എന്നത് ജനാധിപത്യ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ കടമയാണെനന്നും അതുകൊണ്ടാണ് ഈ പരാതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ക്കുമ്പോഴും ചിലത് ചോദിക്കാതെ വയ്യ. ഏതൊരു വ്യക്തിയുടെ പരാതിയും ഇതുപോലെയല്ലേ കാണേണ്ടത്. നിയമത്തിനുമുന്നില്‍ വിവേചനമെന്നത് ഭരണഘടനാവിരുദ്ധമല്ലേ? ഈ മന്ത്രിസഭ വന്നതിനുശേഷം തന്നെ എത്രയോ ലോക്കപ്പ് മര്‍ദ്ദനങ്ങളും കൊലകളും നടന്നു. മര്‍ദ്ദനമേറ്റ വിനായകനെപോലുള്ളവര്‍ ആത്മഹത്യ ചെയ്തു. എത്രയോ സമരങ്ങളെ പോലീസ് മര്‍ദ്ദിച്ചൊതുക്കാന്‍ ശ്രമിച്ചു. അവിടെയൊന്നും കാണാത്ത ധര്‍മ്മരോഷമാണ് പോലീസ് സ്റ്റേഷനു കല്ലെറിഞ്ഞ കേസില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത യുവ വനിതാ പോലീസ് ഓഫീസര്‍ക്കെതിരെ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. പോക്സോ കേസില്‍ അറസ്റ്റിലായ രണ്ടു പ്രവര്‍ത്തകരെ കാണാനനുവദിക്കാത്തതിന്റെ പേരിലായിരുന്നു അമ്പതോളം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ കല്ലെറിഞ്ഞത് എന്നതുതന്നെ രാഷ്ട്രീപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഉദാത്തവല്‍ക്കരിക്കുന്നതിന്റെ അപഹാസ്യത വ്യക്തമാക്കുന്നു.
പരിശോധനയില്‍ അക്രമികളെ കണ്ടെത്താനായില്ല എന്നതാണ് പാര്‍ട്ടിയുടെ ന്യായീകരണം. പോലീസ് എത്തുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് പ്രതികളെ പാര്‍ട്ടി ഓഫീസില്‍നിന്നു മാറ്റിയതായാണു സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിനു ലഭിച്ച വിവരം. റെയ്ഡ് വിവരം ചോര്‍ത്തിയത് ഒരു ഡിവൈ.എസ്.പിയാണെന്നും ഇന്റലിജന്‍സിനു സൂചന ലഭിച്ചു. പോലീസില്‍ എല്ലാ പാര്‍ട്ടികളുടേയും രഹസ്യസെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ആര്‍ക്കാണറിയാത്തത്. മകരവിളക്കിനു പിറ്റേന്ന് ശബരിമല കയറാന്‍ അതിരാവിലെ നിലക്കലില്‍ രേഷ്മയും ഷാനിലയുമെത്തിയ വിവരം 5 മിനിട്ടിനുള്ളില്‍ ജനം ചാനലില്‍ വന്നത് ആര്‍ എസ് എസുകാരായ പോലീസുകാര്‍ നല്‍കിയ വിവരത്തിന്‍െ അടിസ്ഥാനത്തിലായിരുന്നു. ബിജെപിക്ക് അതിനു കഴിയുമെങ്കില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് എന്തു ബുദ്ധിമുട്ട്. മാത്രമല്ല, പരിശോധിച്ച് പ്രതിയെ കിട്ടിയില്ല എന്നത് പോലീസിന്റെ വീഴ്ചയൊന്നുമല്ലല്ലോ. പരമാവധി ഒരു സോറി പറയേണ്ട വിഷയം മാത്രം.
ഇതുമായി ബന്ധപ്പെട്ട് ഐഎഎസുകാരോ ഐപിഎസുകാരോ മറ്റ് ഉദ്യോഗസ്ഥരോ ഒന്നും രാഷ്ട്രീയക്കാരേക്കാളും ജനപ്രതിനിധികളേക്കാളും ഉന്നതരല്ല എന്ന വാദം കേള്‍ക്കാനുണ്ട്. തത്വത്തിലത് ശറിയാണ്. ഒന്നുമല്ലെങ്കില്‍ 5 വര്‍ഷത്തിലൊരിക്കല്‍ ഇവരുടെ പ്രവര്‍ത്തനം ജനകീയ ഓഡിറ്റിങ്ങിനു വിധേയമാകുന്നുണ്ടല്ലോ. ദിനം പ്രതി ഇവര്‍ മാധ്യമവിചാരണക്കും വിധേയരാകുന്നു. എന്നുവെച്ച് നിയമത്തിന് അതീതരല്ല ഇവരും എന്നത് മറക്കരുത്. എന്നാല്‍ അങ്ങനെയാണ് മുഖ്യമന്ത്രി പറയാന്‍ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയവുമുണ്ട്. മുഖം നോക്കാതെ നീതി നടപ്പാക്കാന്‍ ശ്രമിക്കുന്ന നിരവധി യുവ ഐ എസ് – ഐ പി എസുകാര്‍ ഇന്നു കേരളത്തിലുണ്ട്. അവര്‍ക്ക് ശക്തമായ പിന്തുണ നല്‍കാനാണ് ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. മറിച്ച് ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ് അധികാരികളില്‍ നിന്നുണ്ടാകുന്നതെങ്കില്‍ അധികം താമസിയാതെ അവരെല്ലാം മുഖം നോക്കിമാത്രം നടപടികളെടുക്കുന്നവരായി തീരും. അതു നമ്മുടെ സാമൂഹ്യജീവിതത്തെ കൂടുതല്‍ ജീര്‍ണ്ണമാക്കാം. ഈ യുവ ഉദ്യോഗസ്ഥരില്‍ വലിയാരു ഭാഗം യുവതികളാണെന്നതും പ്രതേകം പരാമര്‍ശിക്കേണ്ടതാണ്. സ്ത്രീശാക്തീകരണത്തിനായി മതിലുകള്‍ വരെ നിര്‍മ്മിക്കുന്ന കാലമാണല്ലോ ഇത്. ഈ സ്ത്രീശാക്തീകരണം ഉന്നത ഉദ്യാഗസ്ഥമേഖലകളിലും ഉണ്ടാകണം. പോലീസിലും സിവില്‍ സര്‍വ്വീസിലുമെല്ലാം ഉണ്ടാകണം. എന്നാല്‍ അതിനേയും തുരങ്കം വെക്കുന്ന ഒന്നാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം എന്നു പറയാതെ വയ്യ. തന്റെ നിലപാട് പുനപരിശോധിക്കാനും തിരുത്തനുമാണ് മുഖ്യമന്ത്രി തയ്യാറാകേണ്ടത്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>