മല ചവിട്ടിയ സ്ത്രീകള്‍ തകര്‍ത്തത് ഹൈപ്പര്‍ മാസ്കുലിനിറ്റിയെ..
പ്രസാദ് അമോര്‍
നായാടികളായ പുരുഷന്മാരുടെ ലൈംഗിക സ്വഭാവങ്ങളുടെ വ്യത്യസ്തകളാണ് ശബരിമലയില്‍ കണ്ടത്. ആണുങ്ങളുടെ ബലപ്രയോഗവും അധികാരം സ്ഥാപിക്കലുമെല്ലാം അതിന്റെ ബാഹ്യ പ്രകടനങ്ങളാണ്. പെണ്ണുങ്ങളുടെ രതി നിഷേധത്തിന് മുന്പില് ദുര്‍ബലരാകുന്ന പുരുഷന്മാര്, നല്ല ജനിതക ഗുണമില്ലാത്തവര്‍ ഒക്കെ, കരുത്തരായ ജീനുകളുള്ള ആണുങ്ങളിലേയ്ക്ക് പെണ്ണുങ്ങള് ആകര്ഷിക്കപെടുമ്പോള് നിഷേധിക്കപ്പെടുന്ന ആണുങ്ങള്‍ക്ക് അസൂയയും മത്സരവും ഉണ്ടാകുന്നു. ജനിതക സ്വഭാവത്തിന്റെ പ്രദര്‍ശന പോരാട്ടത്തില്‍ പരാജയപ്പെട്ട പുരുഷന്മാര് ബ്രഹ്മചര്യത്തെ പ്രകീര്‍ത്തിക്കുന്നു. ബ്രഹ്മചര്യം ജ്ഞാനദീപ്തിയിലേക്കുള്ള പാതയാണെന്ന് അവര്‍ ഊന്നിപറയും. ബ്രഹ്മചര്യാനുഷ്ടാനങ്ങള്‍ പുരുഷന്മാരുടെ ദൗര്‍ബല്യത്തെ മറച്ചുവെയ്ക്കാനുള്ള ഉപാധികളാകുന്നു. ലൈംഗികതയെ അടിച്ചൊടുക്കുവാന് ശ്രമിക്കുന്ന ആചാരങ്ങള്‍, സ്ത്രീകളെ അകറ്റി നിര്‍ത്തുന്ന അനുഷ്ടാനങ്ങള്‍ എല്ലാം നൈരാശ്യവും ഞരമ്പ് രോഗവും ഉള്ള പുരുഷന്മാര് രൂപം കൊടുത്തതാണ്.
പെണ്ണുങ്ങളെ കിട്ടാന്‍വേണ്ടി ആണുങ്ങള് പരസ്പരം പോരാടുന്നത് മനുഷ്യരുടെ സംഘര്‍ഷത്തിന്റെ ചരിത്രമാണ്. പുരുഷന്മാരുടെ മസ്തിഷ്കം നായാടാന് വേണ്ടി രൂപപ്പെട്ടതാണ് . സ്ത്രീകളുടെത് പരിപാലന ത്തിന്റെയും നിലനില്പിന്റേതുമാണ്. ലക്ഷക്കണക്കിന് വര്‍ഷത്തെ പരിണാമം കൊണ്ട് കൈവന്ന ഉള്‍പ്രേരണയും അടിസ്ഥാനത്വരയുമാണ് അത്. അപകടകരമായ പുരുഷന്മാരെ നീരിക്ഷിക്കുക, അവരുടെ പെരുമാറ്റത്തിലും രൂപത്തിലുമുള്ള മാറ്റങ്ങള്‍ അറിയുക, ശത്രുക്കളെ വശത്താക്കുക, പ്രതിസന്ധികളെ ബുദ്ധിപരമായി അതിജീവിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കുവേണ്ട മസ്തിഷ്കമാണ് സ്ത്രീകളുടേത്. എന്നാല്‍ ശത്രുക്കളോട് യുദ്ധം ചെയ്യുക, വേട്ടയാടുക, പലായനം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ വ്യാപൃതമാവാന്‍ വേണ്ടിയുള്ള മസ്തിഷ്കമാണ് പുരുഷന്മാര്ക്കുള്ളത്. ആണധികാരം കേന്ദ്രികരിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പെണ്ണുങ്ങള് കയറിച്ചെല്ലുമ്പോള്‍ ആണുങ്ങള് ബലപ്രയോഗത്തിലൂടെ എതിര്‍ക്കുന്നു. ഒരു പെണ്ണിനെ നേരിടാന്‍ ആയിരകണക്കിന് പുരുഷന്മാര് സജ്ജമായി വരുന്നത് ആണിന്റെ പ്രാകൃതമായ ഭയത്തിന്റെയും ജീവിസഹജമായ അസൂയയുടെയും മത്സരത്തിന്റെയും സൂചകങ്ങളാണ്. മസിലുകള്‍കൊണ്ട് എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാരെ കണ്ട് പെണ്ണുങ്ങള് ചകിതരായെന്ന് വരാം, പക്ഷെ അന്തിമവിജയം സ്ത്രീകളുടേതാണ്. മസിലുകളെ ബുദ്ധികൊണ്ടാണ് പെണ്ണുങ്ങള് എക്കാലത്തും നേരിട്ടുള്ളത്. പരിണാമപരമായി അത്തരത്തിലുള്ള തന്ത്രങ്ങള്‍ പെണ്ണുങ്ങള്‍ക്ക് വശമുണ്ട്. യഥാര്‍ത്ഥത്തില്‍ മാനവചരിത്രത്തില്‍ പെണ്ണുങ്ങള് ആണുങ്ങളെ ബുദ്ധിപൂര്‍വം ഉപയോഗപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. പരിണാമപരമായി സ്ത്രീകള്‍ ആ കഴിവ് ആര്ജിച്ചെടുത്തിട്ടുണ്ട്. പുരുഷനെ വേട്ടക്കാരനാക്കി മാറ്റി തനിക്കവശ്യമുള്ള വിഭവങ്ങള്‍ നേടിയെടുക്കാനും പുരുഷന്റെ വേട്ടയാടല്‍ ശേഷിയുമായി ബന്ധപ്പെടുത്തി സ്ത്രീ ലൈംഗീക നിര്‍ധാരണം സാധ്യമാക്കുന്നതിനും പ്രാപ്തമായ ജൈവികശേഷി പെണ്ണുങ്ങളിലുണ്ട്. കൈക്കരുത്തും പേശിബലവുമുള്ള ആണുങ്ങള് മെച്ചപ്പെട്ട ജീനുകളെ കണ്ടെത്തുന്ന സ്ത്രീകളുടെ തന്ത്രത്തില്‍ നിസ്സഹായകരാവുകയാണ്. പുരുഷന്മാര് അപഹാസ്യരാവുകയാണ്.
പുരുഷന്റെ ബുദ്ധിയില്ലാത്ത മസിലുകളെ നിസാരമാക്കികൊണ്ട് ശബരിമലയില്‍ കയറിയ ബിന്ദു അമ്മിണി കനകദുര്ഗാ, മഞ്ജു, ഷാനില, രേഷ്മ എന്നിവര്‍ സ്ത്രൈണ കൗശലതയുടെ വിജയികളാകുന്നു. ശബരിമലയിലെ വേട്ടയാടലില്‍ ക്ഷീണിതരായ പുരുഷന്മാരില് ആശയകുഴപ്പങ്ങളും സംശയ ഭീതികളും നിറഞ്ഞുനിന്നിരുന്നു. ബുദ്ധിപരമായ പെരുമാറ്റങ്ങളുമായി ആ പെണ്ണുങ്ങള് അപകടകരമായ ഹൈപ്പര്‍ മാസ്കുലിനിറ്റിയെയും അത് ലാളിച്ചു വളര്‍ത്തിയ നൈഷ്ടീക ബ്രഹ്മചര്യ വികല്പത്തെയും ലളിതമായി ഭേദിക്കുകയായിരുന്നു.