സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Jan 25th, 2019

നിര്‍ണ്ണായകമാകുക സാമുദായിക രാഷ്ട്രീയം

eee

പതുക്കെ പതുക്കെയാണങ്കിലും കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പുരംഗവും സജീവമാകുകയാണ്. പ്രധാനപ്പെട്ട മൂന്നു മുന്നണികളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച പൊടിപൊടിക്കുകയാണ്. സാധാരണ യുഡിഎഫിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ രൂക്ഷമാകുക. അത് ഇക്കുറിയും ആവര്‍ത്തിക്കാതിരിക്കില്ല. അപ്പോളും പ്രചരണം സജീവമാകുമ്പോള്‍ അതെല്ലാം മറന്ന്് എല്ലാവരും സടകുടഞ്ഞ് രംഗത്തിറങ്ങുകയാണ് പതിവ്. എല്‍ ഡി എഫില്‍ എന്തായാലും അത്തരം പ്രശ്‌നങ്ങള്‍ കുറയും. ഒരു സീറ്റെങ്കിലും ജയിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും എന്‍ ഡി എയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. അക്കാര്യത്തില്‍ ബിജെപിയും എന്‍ഡിഎയും തമ്മില്‍ തര്‍ക്കമുണ്ട്. ബിജെപിക്കകത്തും തര്‍ക്കമുണ്ട്.
ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായ രാഷ്ട്രീയമാണ് പൊതുവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലും തമി് നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലുമൊക്കെ നിലനില്‍ക്കുന്നത്. മിക്കവാറും സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ശക്തി ബിജെപിയായതിനാല്‍ അവരെ പരാജയപ്പെടുത്താന്‍ മറ്റുള്ളവര്‍ ഐക്യപ്പെടുന്ന രീതി കേരളത്തില്‍ നടക്കില്ല. ഇവിടെ അങ്ങനെ ഐക്യപ്പെട്ടാല്‍ ബിജെപിക്കായിരിക്കും ഗുണം. യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് കേരളത്തിലെ പ്രധാന പോരാട്ടം. അതങ്ങിനെ തുടരുകയും വേണം. എല്ലാതെരഞ്ഞെടുപ്പിലും ആഗ്രഹിക്കാറുള്ള പോലെ ഇക്കുറിയും അക്കൗണ്ട് തുറക്കാന്‍ തന്നെയാണ് ബിജെപിയുടെ ആഗ്രഹം. അതത്ര എളുപ്പമല്ല എന്നറിയാമെങ്കിലും ശബരിമല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ പ്രകടനം നടത്താന്‍ തന്നെയാണ് പാര്‍ട്ടിനീക്കം.
മോദി അധികാരത്തില്‍ തുടരണോ വേണ്ടയോ എന്നു തന്നെയാണ് രാജ്യത്തെ മറ്റു പ്രദേശങ്ങളെ പോലെ ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ഉയരുന്ന പ്രധാന ചോദ്യം. അക്കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒരേ അഭിപ്രായക്കാരാണെങ്കിലും തങ്ങള്‍ക്ക് വോട്ടുചെയ്താലാണ് ആ ലക്ഷ്യം ഫലപ്രദമായി സാധ്യമാകുക എന്നായിരിക്കും ഇരുകൂട്ടരും അവകാശപ്പെടുക. കേരളത്തിലെങ്കിലും കോണ്‍ഗ്രസ്സ് ബിജെപിയുടെ ബി ടീമാണെന്നും ശബരിമല സംഭവവികാസങ്ങളില്‍ അതു പകല്‍ പോലെ പ്രകടമായെന്നും അതിനാല്‍ തന്നെ ബിജെപി ഭരണത്തെ ഇറക്കാന്‍ തങ്ങള്‍ക്ക് വോട്ടുചെയ്യാനായിരിക്കും എല്‍ഡിഎഫ് വാദം. എന്നാല്‍ ബിജെപിക്കെതിരായ വിശാലമുന്നണിയില്‍ ഐക്യപ്പെടാന്‍ ഇനിയും തയ്യാറാകാത്ത സിപിഎമ്മിനും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കും ലഭിക്കുന്ന സീറ്റുകള്‍ ബിജെപിയെ സഹായിക്കുക മാത്രമേയുള്ളു എന്നും രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തിയേകുകയാണ് ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ലക്ഷ്യമെന്നും അതിനായി യുഡിഎഫിനു പരമാവധി സീറ്റുകള്‍ ലഭിക്കണമെന്നുമായിരിക്കും കോണ്‍ഗ്രസ്സിന്റെ മറുപടി.
സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ബിജെപിക്കും ഈ തെരഞ്ഞടുപ്പ് ജീവന്മരണ പോരാട്ടം തന്നെയാണ്. രാജ്യത്ത് മറ്റെവിടെനിന്നും കാര്യമായ നേട്ടമൊന്നും ലഭിക്കാനിടയില്ലാത്ത സിപിഎമ്മിന് കേരളത്തില്‍ നിന്ന് രണ്ടക്ക സംഖ്യ സംഘടിപ്പിക്കാനായില്ലെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ അവശേഷിക്കുന്ന പ്രസക്തികൂടി നഷ്ടപ്പെടും. സമീപകാലത്തു നടന്ന കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ പാര്‍ട്ടി അഖിലേന്ത്യാതലത്തില്‍ വാര്‍ത്തയിലിടം പിടിച്ചെങ്കിലും സീറ്റു ലഭിക്ക്ാന്‍ കേരളം തന്നെ വേണമെന്ന അവസ്ഥ മാറിയിട്ടില്ല. ബംഗാളില്‍ നിന്ന് കാര്യമായ സാധ്യതെയാന്നും കാണാനില്ല. അവിടെ രൂപം കൊണ്ട ബിജെപി വിരുദ്ധ മഹാസഖ്യത്തിന്റെ നേതൃത്വം മമതക്കായതിനാല്‍ സിപിഎമ്മിന് ഐക്യപ്പെടാനുമാവില്ല. അതിനാല്‍ തന്നെ അവര്‍ നടത്തുക നിലനില്‍പ്പിനായുള്ള പോരാട്ടം തന്നെയാണ്. ഇതേ അവസ്ഥ തന്നെയാണ് കോണ്‍ഗ്രസ്സിനും. പ്രതിപക്ഷത്ത് ഏറ്റവും കൂടുതല്‍ സീറ്റുള്ള പാര്‍ട്ടിയാകുക എന്നത് അവര്‍ക്കും ജീവന്മരണ പ്രശ്‌നമാണ്. അല്ലാത്ത പക്ഷം പ്രതിപക്ഷത്തിന്റെ സര്‍ക്കാരിനു സാധ്യത വന്നാല്‍ അതിന്റെ നേതൃസ്ഥാനത്തിന് അവകാശവാദമുന്നയിക്കാനാവില്ല. യുപിയില്‍ എസ് പി – ബി എസ് പി സഖ്യത്തില്‍ ഉള്‍പ്പെടുത്താതിരുന്നത് കോണ്‍ഗ്രസ്സിനു വലിയ ക്ഷീണം തന്നെയാണ്. പത്തില്‍ കൂടുതല്‍ സീറ്റുകള്‍ കേരളത്തില്‍ നിന്നു ലഭിക്കാത്ത സാഹചര്യം അവര്‍ക്കും ചിന്തിക്കാനാവാത്തതാണ്. ബിജെപിക്കാകട്ടെ ഇതവസാന അവസരമാണ്. ശബരിമല വിഷയത്തോടെ കേരള രാഷ്ട്രീയം നീങ്ങുന്നത് ബിജെപിയെ ചുറ്റിപ്പറ്റിയാണെങ്കിലും അത് വോട്ടായി മാറുമോ എന്ന ആശങ്കയിലാണവര്‍. ശബരിമല സംഭവവികാസങ്ങളുടെ ആദ്യഘട്ടത്തില്‍ ലഭിച്ച മുന്‍കൈ പിന്നീട് നഷ്ടപ്പെട്ടതായി അവര്‍ മനസ്സിലാക്കുന്നു. സെക്രട്ടറിയേറ്റ് സമരം അപഹാസ്യമായതും ഹര്‍ത്താലുകള്‍ അക്രമാസക്തമായതും നിരവധി പ്രവര്‍ത്തകര്‍ കേസുകളില്‍ കുടുങ്ങിയതും മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചതുമൊക്കെ വലിയ ക്ഷീണമാണ് പാര്‍ട്ടിക്കുണ്ടായതെന്നാണ് വിലയിരുത്തല്‍. ഇതൊക്കെയായിട്ടും യുവതികള്‍ മല കയറിയത് കനത്ത തിരിച്ചടിയാകുകയും ചെയ്തു. സിപിഎം എന്ന പാര്‍ട്ടിയേക്കാള്‍ പിണറായി വിജയന്‍ എന്ന വ്യക്തിയെയാണ് അവരിപ്പോള്‍ ഏറ്റവും ഭയക്കുന്നത്. കെപിഎംഎസിന്റേയും എസ് എന്‍ ഡി പിയുടേയും മറ്റും പങ്കാളിത്തത്തോടെ വനിതാമതിലിന്റെ സംഘാടനവും ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അവസാനം അമൃതാനന്ദമിയയെ രംഗത്തു കൊണ്ടുവരാന്‍ പറ്റിയതും വെള്ളാപ്പള്ളിയുടെ നിലപാടില്ലായ്മകളും എന്‍എസ്എസിന്റെ ശക്തമായ പിന്തുണയുമൊക്കെ വീണ്ടുമവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. സംഘടനക്കുള്ളിലെ ഗ്രൂപ്പിസവും ബിഡിജെഎസുമായുള്ള തര്‍ക്കങ്ങളും പരിഹരിച്ച് കരുത്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനാണ് അവരുടെ ലക്ഷ്യം. തങ്ങള്‍ക്ക് സ്വാധീനം കുറഞ്ഞ കേരളം, തമിഴ്നാട്, ഒഡിഷ, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നും ഏതാനും സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള പദ്ധതിക്കാണ് കേന്ദ്ര ബിജെപി നേതൃതവം രൂപം നല്‍കുന്നത്. 2014ല്‍ രാജഗോപാല്‍ മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരത്തിനു പുറമെ കാസര്‍ഗോഡ്, പാലക്കാട്, തൃശൂര്‍ പോലുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിക്കാനാണ് ബിജെപി ലക്ഷ്യം.
ശബരിമല സംഭവവികാസങ്ങളില്‍ ബിജെപിക്ക് എന്തുനേട്ടമുണ്ടെങ്കിലും അതിന്റെ നഷ്ടം കോണ്‍ഗ്രസ്സിനായിരിക്കുമെന്നും അതിന്റെ ആത്യന്തികഗുണം തങ്ങള്‍ക്കായിരിക്കുമെന്ന് സിപിഎം കരുതുന്നു. സംഘപരിവാര്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷവോട്ടുകള്‍ വര്‍ദ്ധിക്കുമെന്നും അവര്‍ കണക്കു കൂട്ടുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ ആദ്യഘട്ടത്തിലെ തിരിച്ചടികള്‍ തങ്ങള്‍ മറികടന്നു എന്നും ബിജെപിയുടെ ആക്രമണ സമരത്തെയല്ല, തങ്ങളുടെ സമാധാന സമരങ്ങളെയാണ് ഭക്തര്‍ പിന്തുണക്കുന്നതെന്നും ലോകസഭാതെരഞ്ഞെടുപ്പായതിനാല്‍ ന്യൂനപക്ഷങ്ങള്‍ കൈവിടില്ല എന്നുമാണ് കോണ്‍ഗ്രസ്സിന്റെ വിശ്വാസം. പല സീറ്റുകളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനും അവര്‍ ഉദ്ദേശിക്കുന്നു.
എന്തായാലും മോദി ഭരണം തുടരണോ വേണ്ടയോ എന്ന ആത്യന്തികചോദ്യം നിലനില്‍ക്കുമ്പോളും ശബരിമല സംഭവവികാസങ്ങള്‍ തന്നെയായിരിക്കും കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ അന്തിമമായി തീരുമാനിക്കുക എന്നു കരുതാം. സാമുദായിരാഷ്ട്രീയമായിരിക്കും നിര്‍ണ്ണായകം. അക്കാര്യത്തിലാകട്ടെ വോട്ടര്‍മാരുടെ മനസ്സ് കൃത്യമായി വായിക്കാനാവാതെ തങ്ങളുടെ കണക്കുകൂട്ടലുകളിലാണ് മൂന്നു മുന്നണികളും. സ്ഥാനാര്‍ത്ഥി പട്ടിക കൂടി തയ്യാറാകുന്നതോടെ ഇക്കാര്യത്തില്‍ കുറെ കൂടി വ്യക്തതയുണ്ടാകും. അതിന്റെ ചര്‍ച്ചകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നത്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>