സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jan 23rd, 2019

രാസ വിഷപ്രയോഗത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുക

Share This
Tags

rrrഅശോക കുമാര്‍ വി.

തിരുവല്ലയില്‍ അപ്പര്‍കുട്ടനാട്ടിലെ പെരിങ്ങരയില്‍ രാസവിഷമേറ്റ് 2 പേര്‍ മരണപ്പെട്ടതില്‍ കേരളാ ജൈവകര്‍ഷക സമിതി അനുശോചിക്കുന്നു.

ഇത്തരം ദുരന്തങ്ങളുണ്ടാക്കുന്ന രാസവിഷങ്ങളുപയോഗിക്കാതെ തന്നെ നെല്‍കൃഷി വിജയകരമായി ചെയ്യുന്ന കേരളാ ജൈവകര്‍ഷക സമിതി അംഗങ്ങള്‍ കൃഷി വകുപ്പിലെ രാസവിഷക്കാരെ ഇനിയും ക്ഷണിക്കുകയാണ്. യാതൊരു വിഷവുമില്ലാതെ, മനുഷ്യനും പ്രകൃതിക്കും ദുരിതങ്ങള്‍ സമ്മാനിക്കാതെ ഞങ്ങള്‍ ചെയ്യുന്ന കൃഷിയെ അംഗീകരിക്കുക. അത് കര്‍ഷകര്‍ക്ക് ഉപദേശിക്കുക. ഈ നാടിനെ രക്ഷിക്കുക. അതല്ല, വീണ്ടും രാസവിഷങ്ങള്‍ ഒഴുക്കുന്നതിന് നിങ്ങള്‍ കണ്ണടച്ചു കൂട്ടുനില്‍ക്കുകയാണെങ്കില്‍, നിങ്ങളെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു, ഞങ്ങളുടെ പാടങ്ങള്‍ നിങ്ങള്‍ക്കു മറുപടി തരുന്നതാണ്. ശാസ്ത്രത്തിന്റെ വക്താക്കള്‍ എന്നവകാശപ്പെടുന്നവര്‍ ഈ വെല്ലുവിളി ഏറ്റെടുക്കുക. നിങ്ങള്‍ കാണിക്കുന്ന പാടത്ത്, ജൈവരീതിയില്‍ തന്നെ വിഷം പൂശാതെ നല്ല വിളവ് ഞങ്ങളുണ്ടാക്കാം.ഒരേക്കറിലല്ല എത്രയേക്കറിലും ഞങ്ങള്‍ റെഡി. തയ്യാറുണ്ടോ?വെറും വാചകമടികള്‍ നിര്‍ത്തി മണ്ണിനെയും മനുഷ്യനെയും രക്ഷിക്കാന്‍ കൃഷി വകുപ്പ് മാറിയേ തീരു.

നിലവില്‍ കേരളം തൂടര്‍ന്നു വരുന്ന കാര്‍ഷിക നയത്തിന്റെ രക്തസാക്ഷികളാണ് കഴിഞ്ഞ ദിവസം പാടത്ത് രാസവിഷം തളിച്ച് മരണപ്പെട്ട രണ്ടു പേര്‍.
കൃഷിയിടങ്ങളിലെത്തി വിഷം വില്‍ക്കുന്ന വിഷ നിര്‍മ്മാണക്കമ്പനികളെ നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും ഇവിടെയില്ല. ഏതു വിഷവും വിഷ വില്പനശാലയോ കമ്പനിയോ പറയുന്ന അളവില്‍ കൃഷിക്കാര്‍ പ്രയോഗിക്കുന്നു. അവരെ കമ്പനികളുടെ ഇരകളാക്കാന്‍ കൃഷി വകുപ്പ് തള്ളിവിട്ടിരിക്കുകയാണ്.
വിഷവില്പന കുറയ്ക്കാനോ മാരകവിഷങ്ങളെ കര്‍ക്കശമായി തടയാനോ യാതൊന്നും ആത്മാര്‍ത്ഥമായി കൃഷി വകുപ്പ് ചെയ്യുന്നേയില്ല. ‘ഇപ്പോള്‍ എല്ലാം ജൈവമാക്കും’ എന്ന പടക്കമടിച്ച് അപ്പപ്പോള്‍ കൈയടി നേടുന്ന തന്ത്രത്തിലേ അധികാരികള്‍ പലരും മിടുക്കു കാട്ടുന്നുള്ളൂ. കൃഷിവകുപ്പിലെ ഉന്നതോദ്യോഗസ്ഥരില്‍ ഏറെപ്പേരും വിഷമരുന്നു കമ്പനികളുടെ ഒത്താശക്കാരാണ്. രാസവിഷങ്ങളില്ലെങ്കില്‍ കൃഷി നശിച്ചുപോകും എന്ന പച്ചക്കള്ളം, വിഷക്കമ്പനികളുടെ ബ്രാന്റ് അംബാസഡര്‍മാരായി വിളമ്പുന്നവരാണവര്‍.
കേരളത്തില്‍, ജൈവകൃഷിയെന്ന പേരില്‍ രാസകൃഷിയെ ഒളിച്ചു കടത്തുന്ന ചതിയാണ് കൃഷിവകുപ്പിലെ ചില ഉന്നതര്‍ ഏറ്റെടുത്തിരിക്കുന്നത്. വിഷം തളിച്ചാലും, അത് ജൈവകൃഷി തന്നെയെന്ന് അവര്‍ കൃഷിക്കാരെ പറഞ്ഞു പഠിപ്പിച്ച് ജൈവകൃഷിക്ക് അടിയോടെ തുരങ്കം വെച്ചു കൊണ്ടിരിക്കുന്നു. ഈ തട്ടിപ്പ് ലോകത്ത് കേരളാ കൃഷിവകുപ്പിനു മാത്രം അവകാശപ്പെട്ടതാണ്.
കുറച്ചു നാള്‍ മുമ്പുവരെ പച്ചക്കറികള്‍ പരിശോധിച്ച് അതിലെ വിഷാംശം കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് പൊതുജനങ്ങളുടെ അറിവിലേക്കായി പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന സദ്കര്‍മ്മം തുടങ്ങിയിരുന്നു. അങ്ങനെ ജനങ്ങളെ പേടിപ്പിക്കേണ്ടെന്നും, ‘ഇവിടെയെല്ലാര്‍ക്കും സുഖം തന്നെ ‘യെന്നും വരുത്തി തീര്‍ത്താല്‍ മതിയെന്നും ചിലര്‍ക്ക് തോന്നിയപ്പോള്‍ അത്തരം അപകട മുന്നറിയിപ്പും നിര്‍ത്തലാക്കി.
വിഷപ്രയോഗത്തിനു മനുഷ്യമുഖം നല്‍കുക, ജൈവകൃഷിയെ വികൃതമാക്കുക, ജൈവ മേഖലയിലെ വിജയഗാഥകളെ മറച്ചു വെയ്ക്കുക, വിഷ വില്പനക്കുമേല്‍ യാതൊരു നിയന്ത്രണവും എടുക്കാതിരിക്കുക, ശാസ്ത്രീയം എന്ന പേരില്‍ കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങള്‍ കൃഷി വകുപ്പിനെ നയിക്കുന്ന ചിലര്‍ ആസൂത്രിതമായി നടപ്പിലാക്കുന്നതിന്റെ പ്രത്യക്ഷ ഇരകളാണ് അപ്പര്‍കുട്ടനാട്ടിലെ രണ്ടു മനുഷ്യര്‍.
പുറ്റിങ്ങല്‍ വെടിക്കെട്ടപകടം അന്വേഷിച്ചതു പോലെ ഈ ദുരന്തത്തിലും അന്വേഷണം വേണം. കുറ്റവാളികളെ പുറത്തു കൊണ്ടുവരണം. അവര്‍ വിചാരണ ചെയ്യപ്പെടണം. ഇത്തരം ദുരന്തങ്ങള്‍ക്ക് തടയിടാന്‍ കര്‍ക്കശ വ്യവസ്ഥകള്‍ പ്രായോഗികമാക്കണം. എന്നാല്‍ വെടിക്കെട്ടപകടം അവിടം കൊണ്ടു തീര്‍ന്നെങ്കില്‍, രാസവിഷ ദുരന്തം 2 മരണങ്ങളില്‍ തീരുന്നതല്ല, മൂന്നു പേര്‍ ജീവനു വേണ്ടി ആശുപത്രിയില്‍ ഉണ്ട്. അവരുടെ ഭാവി സുഖപ്രദമാകട്ടെ എന്ന് ആഗ്രഹിക്കാം. എന്നാല്‍ എത്ര sണ്‍ വിഷമാണ് കുട്ടനാടന്‍ പാടങ്ങളില്‍ വര്‍ഷാവര്‍ഷം വീഴ്ത്തുന്നത്? അത് തളിക്കുന്നവരുടെ ആരോഗ്യസ്ഥിതി എങ്ങനെ? എത്ര പേര്‍ക്ക് കാന്‍സര്‍? വെള്ളത്തില്‍ കലര്‍ന്ന വിഷം എങ്ങോട്ടൊക്കെ ഒഴുകിയെത്തി, എവിടം വരെ കുടിവെള്ളത്തില്‍ കലര്‍ന്നു? അവിടങ്ങളിലെ ജീവജാതികളെ എത്രമാത്രം ഈ വിഷപ്രയോഗം കൊന്നൊടുക്കി? എന്തുകൊണ്ട് കുട്ടനാട് കാന്‍സറിന്റെ കേളീരംഗമായി വിരാജിക്കുന്നു? ‘കുട്ടനാട്ടില്‍ ഞങ്ങള്‍ കാന്‍സര്‍ പരിശോധനാ കേന്ദ്രം തരും’ എന്നു മന്ത്രിയുടെ വാഗ്ദാനമാണോ ശരിയായ പരിഹാരം? കൃഷിയിലെ പിഎച്ഡി കിട്ടാന്‍ എന്താണ് ഈ വക വിഷയങ്ങള്‍ ഗവേഷണത്തില്‍ ഇതേ വരെ വരാത്തത്? അല്ലെങ്കില്‍ ഇത്തരം അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇല്ലാത്തത്? അവിടുത്തെ എം.പി വര്‍ഷങ്ങള്‍ക്കു മുമ്പ് പാര്‍ലമെന്റില്‍ കുട്ടനാട്ടിലെ കാന്‍സര്‍ വിഷയം ഉന്നയിച്ചിരുന്നതും പഠനം വേണമെന്നു പറഞ്ഞതും ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? പാലക്കാട് മുതലമടയിലെ മാവിന്‍ തോട്ടങ്ങളിലെ വിഷമടി ആ പ്രദേശത്തെ മറ്റൊരു എന്‍ഡോസള്‍ഫാന്‍ മോഡല്‍ ദുരന്തമേഖലയാക്കുന്നതും ആരാണ് തടയേണ്ടത്?
സാക്ഷര മലയാളമേ, ഇനിയും വിഷപ്രഹരത്താല്‍ ഇഞ്ചിഞ്ചായി മരിക്കാന്‍, പരിസ്ഥിതിയും ആരോഗ്യവും തകര്‍ക്കാന്‍ തന്നെയാണോ ജീവിക്കുന്നത്? എന്നാണ് നമ്മള്‍ ഈ കൊടും ചതിയന്മാരെ പമ്പ കടത്തുന്നത്? ശാസ്ത്ര വിജ്ഞാനമെന്ന ലേബലില്‍ കുറച്ചു പേര്‍ നമ്മെ പറ്റിക്കുന്ന രാസ വിഷപ്രയോഗത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ സംഘടിക്കുക, ശബ്ദമുയര്‍ത്തുക.
അശോക കുമാര്‍ വി. സെക്രട്ടറി
കേരളാ ജൈവകര്‍ഷക സമിതി

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>