സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jan 21st, 2019

പ്ലാച്ചിമട വീണ്ടും പോരാട്ടത്തിന്…??

Share This

CCC
ഐതിഹാസികമായ പോരാട്ടത്തിലെ ലോകകുത്തകഭീമനായ കൊക്കക്കോളയെ മുട്ടുകുത്തിച്ച പാലക്കാട് ജില്ലയിലെ പ്ലാച്ചിമട നിവാസികള്‍ക്ക് വീണ്ടും ഭീഷണി. കമ്പനി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് മറ്റൊരു വ്യവസായ സംരംഭത്തിന് കമ്പനി ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്തു കമ്പനിയാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. എന്നാല്‍ ജലം ധാരാളം ഉപയോഗിക്കുന്നതോ ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നതോ ആയ ഒരു കമ്പനിയും അവിടെ അനുവദിക്കില്ലെന്ന് പ്രധാനമായും ആദിവാസികളും ദരിദ്രരുമായ നാട്ടുകാര്‍ പ്രഖ്യാപിച്ചു കിഞ്ഞു. പ്രധാനമായും മാമ്പഴ ഉല്‍പ്പാദന മേഖലയാണ് പ്ലാച്ചിമടയും പരിസരങ്ങളുമെന്നതിനാല്‍ മാമ്പഴ ജ്യൂസ് നിര്‍മ്മാണ യൂണിറ്റാകും കൊക്കക്കോളയുടെ മനസ്സിലെന്നു കരുതാം. ഒരിക്കല്‍ അത്തരമൊരു വാര്‍ത്തയും പുറത്തുവന്നിരുന്നു.

തദ്ദേശീയര്‍ക്ക് ജോലി എന്ന പതിവു അവകാശവാദവുമായിട്ടായിരിക്കും വീണ്ടും കൊക്കക്കോള രംഗത്തു വരാന്‍ സാധ്യത. എന്നാല്‍ ഫാക്ടറിയുടെ സ്വഭാവമറിയാതെ അത്തരത്തിലുള്ള വഞ്ചനയില്‍ ഇനി തങ്ങള്‍ വീഴില്ല എന്നാണ് നാട്ടുകാരുടെ തീരുമാനം. മറ്റൊരു പ്രധാന പ്രഖ്യാപനവും അവര്‍ നടത്തുന്നു. കൊക്കക്കോള കമ്പനി പൂട്ടിയെങ്കിലും കമ്പനിയുടെ പ്രവര്‍ത്തനഫലമായി മേഖലയിലുണ്ടായിട്ടുള്ള പാരിസ്ഥിതിക നാശങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ ഒരു തരത്തിലുള്ള സംരംഭവും അനുവദിക്കില്ല എന്നതാണത്. 2011ല്‍ നിയമസഭ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിലെ വ്യവസ്ഥകള്‍ നടപ്പാക്കിയ ശേഷം മാത്രം മതി ഇനിയൊരു സംരംഭം എന്നാണ് നാട്ടുകാരുടെ തീരുമാനം.
ലോകസമരചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ പ്ലാച്ചിമട സമരം കേവലമൊരു പരിസ്ഥിതി സമരമായിരുന്നില്ല. മറിച്ച് ചൂഷണത്തിലൂടെ തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിച്ച ഒരു ആഗോള കുത്തക കമ്പനിക്കെതിരെ ഒരുപറ്റം പാവപ്പെട്ട മനുഷ്യരുടെ അവകാശപോരാട്ടമായിരുന്നു. ആ പോരാട്ടത്തിലൂടെ പ്ലാച്ചിമട എന്ന ഗ്രാമം ചരിത്രത്തിലിടം നേടി. ശിവഗംഗ, ഈറോഡ്, മെഹ്ദിഗഞ്ച്, പൂന, കാലെധാരെ തുടങ്ങി രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ കോളക്കെതിരായ സമരങ്ങള്‍ക്ക് പ്ലാച്ചിമട സമരം പ്രചോദനമായി. ശിവഗംഗയിലെ പ്ലാന്റ് പിന്നീട് പൂട്ടി. അതേസമയം കൊക്കക്കോള പ്ലാച്ചിമടയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും കമ്പനി അവിടത്തെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വരുത്തിവെച്ച നഷ്ടങ്ങള്‍ ഇന്നും അതുപോലെ നിലനില്‍ക്കുന്നു. നഷ്ടപരിഹാരം വേണമെന്ന ശക്തമായ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് 2009ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തുകയും പ്രദേശവസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കൊകോള കമ്പനിയില്‍ നിന്നും ഈടാക്കാവുന്നതാണെന്ന ശുപാര്‍ശ ചെകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള നിയമസഭ 2011ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് പാസ്സാക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം സംഭവിച്ച പരിസ്ഥിതിനാശം, മലിനീകരണം, ആരോഗ്യനഷ്ടം തുടങ്ങിയവ കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് കമ്പനിയില്‍ നിന്ന് 216.25 കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്‍. എന്നല്‍ ബില്ല് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാറിന് തിരിച്ചയക്കുകയായിരുന്നു. കേന്ദ്രം ഉന്നയിച്ച കാര്യങ്ങള്‍ക്ക് 2011ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. ഏപ്രില്‍, മെയ് മാസങ്ങളിലായി കേന്ദ്രഗ്രാമവികസന വകുപ്പ്, കൃഷിവകുപ്പ്, നിയമ വകുപ്പ്, പരിസ്ഥിതി വകുപ്പ് എന്നിവയെല്ലാം ബില്ലിന് അംഗീകാരം നല്‍കി. എന്നാല്‍ ആഭ്യന്തര വകുപ്പാണ് തടസ്സം നിന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരത്തിനു കൊക്കകോളയുമായുള്ള ബന്ധം പരസ്യമാണ്. തുടര്‍ന്നുവന്ന അരുണ്‍ ജെറ്റ്‌ലിയും കോളകമ്പനികള്‍ക്കായി കേസുകള്‍ വാദിച്ചിട്ടുണ്ട്. 2011 ജൂലൈയില്‍ കൊക്കക്കോളയുടെ വാദങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരവകുപ്പ് ബില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് ഇതിനുള്ള മറുപടിയും നല്‍കിയെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പ് അംഗീകരിച്ചില്ല. ഒടുവില്‍ അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീര്‍പ്പോടു കൂടി ബില്ല് 2015 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചയച്ചു. മാത്രമല്ല, പകരം കോളക്ക് 5.26 കോടി നികുതിയിളവ് നല്‍കുകയും ചെയ്തു. പിന്നീട് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം വീണ്ടും പരിഗണിക്കുകയോ ആവശ്യമായ ഭേദഗതികള്‍ ഉള്‍പ്പെടുത്തി പുനരവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രപതി തിരിച്ചയച്ചതോടെ ബില്ലില്‍ ഭേദഗതി വരുത്തി നിയമസഭ വീണ്ടും പാസാക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ അനങ്ങാപ്പാറനയം തുടരുകയാണ്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ട്രൈബ്യൂണല്‍ ബില്‍ വീണ്ടും പാസ്സാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണുണ്ടായത്. തുടര്‍ന്ന് കൊക്കകോളവിരുദ്ധ സമരസമിതി 2017 ഏപ്രില്‍ 22 മുതല്‍ പാലക്കാട് അനിശ്ചിതകാല സത്യഗ്രഹം നടത്തി. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകള്‍ക്കു സര്‍ക്കാര്‍ അടിയന്തരമായി ഇടക്കാല സാമ്പത്തികസഹായം അനുവദിക്കുക, പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം എടുത്ത കേസില്‍ കോളക്കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുകയും കൊക്കകോളയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്ലാച്ചിമട സമരത്തിന്റെ 15ാം വാര്‍ഷികദിനമായ ഏപ്രില്‍ 22ന് സമരമാരംഭിച്ചത്. ആവശ്യം പരിഗണിക്കാമെന്ന ഉറപ്പില്‍ പിന്നീട് സമരം പിന്‍വലിക്കുകയായിരുന്നു. എന്തായാലും ഇരകളുടെ ഈ ആവശ്യം കൂടി അംഗീകരിക്കാതെ പ്ലാച്ചിമട സമരം പൂര്‍ണ്ണമായും വിജയിച്ചു എന്നു പറയാനാകില്ല. ഭോപ്പാലില്‍ കൂട്ടക്കൊല നടത്തി യൂണിയന്‍ കാര്‍ബൈഡും മാവൂരില്‍ ആദിത്യബിര്‍ളയും രക്ഷപ്പെട്ട പോലെ കൊക്കകോള ഭീമന്‍ രക്ഷപ്പെടാന്‍ അനുവദിച്ചുകൂട. അതിനായുള്ള പോരാട്ടങ്ങള്‍ വീണ്ടും തുടരേണ്ട സമയത്താണ് പുതിയ സംരംഭവുമായി കൊക്കക്കോള വീണ്ടും രംഗപ്രവേശം ചെയ്യുന്നതായുള്ള വാര്‍ത്ത വന്നിരിക്കുന്നത്. ഒരിക്കല്‍ കൂടി ഒരു ജീവന്മരണ പോരാട്ടത്തിന് ഇറങ്ങേണ്ടി വന്നാല്‍ ഇറങ്ങുെമന്നുതന്നെയാണ് പ്ലാച്ചിമട നിവാസികളുടെ തീരുമാനം.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>