സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jan 15th, 2019

റോസാ ലക്‌സം ബര്‍ഗ്ഗ് – ലെനിനോടുള്ള വിയോജനങ്ങള്‍

Share This
Tags

rrrപി ജെ ബേബി

തലയോട്ടി അടിച്ചു തകര്‍ക്കപ്പെട്ട് ഒരു കാനാലിലേക്ക് എടുത്തെറിയപ്പെട്ട് ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനം കണ്ട ഏറ്റവും വലിയ വനിതാ നേതാവ് തിരോഭവിച്ചിട്ട് ഈ വരുന്ന ജനുവരി 15ന് നൂറു വര്‍ഷം.
റോസ വെറും വനിതാ നേതാവായിരുന്നില്ല. അക്കാലത്തെ വിപ്‌ളവ ജനാധിപത്യ പക്ഷത്തിന്റെ ഏറ്റവും തലപ്പൊക്കമുള്ള നേതാവ്. പിന്നീട് അത്തരമൊരു വനിതാനേതാവിനെ ലോകം ദര്‍ശിച്ചില്ല എന്നതിന് സോഷ്യലിസത്തിന് പിന്നിട് വന്ന വഴിത്തിരിവുകളും കാരണമായിട്ടില്ലേ? ലെനിന്‍- ട്രോട് സ്‌കി കൂട്ടുകെട്ടിന്റെ സ്വതന്ത്രരാഷ്ട്രീയ ജീവിതത്തെ ഇല്ലായ്മ ചെയ്യുന്ന നയങ്ങക്കെതിരെ റോസ ഉന്നയിച്ച തീക്ഷ്ണവിമര്‍ശനങ്ങള്‍ നൂറു വര്‍ഷം കഴിയുമ്പോള്‍ നമുക്കു മുന്നില്‍ നൂറു മടങ്ങ് തിളക്കത്തോടെ പ്രകാശിച്ചു നില്ക്കുന്നു. അതില്‍ നിന്ന് ചില ഭാഗങ്ങള്‍ കേരള’ ബോള്‍ഷെവിക്കുകള്‍ ‘ക്കു വേണ്ടി ഉദ്ധരിക്കട്ടെ:
‘ സര്‍വ്വാധിപത്യത്തെക്കുറിച്ചുള്ള ലെനിന്‍ – ട്രോട്‌സ്‌കി സിദ്ധാന്തത്തിനിടയില്‍ കിടക്കുന്ന പരോക്ഷ നിഗമനമിതാണ് : സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിനു വേണ്ട റെഡിമെയ്ഡ് ഫോര്‍മുല വിപ്‌ളവ പാര്‍ട്ടിയുടെ കീശയില്‍ പൂര്‍ത്തിയായ നിലയില്‍ കിടക്കുന്നുണ്ട്. അതിനെ ഊര്‍ജസ്വലമായി പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരിക മാത്രമേ ചെയ്യേണ്ടതുള്ളു. നിര്‍ഭാഗ്യമെന്നു പറയട്ടെ (അല്ലെങ്കില്‍ ,ഒരു പക്ഷേ ഭാഗ്യമെന്നു തന്നെ പറയട്ടെ) അതല്ല ശരി’………….’ ഒരു പുനര്‍ജന്മത്തിനുള്ള ഏക വഴി പൊതുജീവിതത്തിന്റെ പാഠശാല തന്നെയാണ്. ഏറ്റവും അപരിമിതമായ വിശാല ജനാധിപത്യവും പൊതുജനാഭിപ്രായവും തന്നെയാണ്. ഭീകരതയിലൂടെയുള്ള ഭരണം ആത്മവീര്യം കെടുത്തുകയേയുള്ളു. ‘….
‘ഇവയെല്ലാം നിര്‍മാര്‍ജനം ചെയ്യപ്പെട്ടു കഴിയുമ്പോള്‍ വാസ്തവത്തില്‍ എന്താണ് ബാക്കിയുണ്ടാവുക? ജനകീയ പൊതു തെരഞ്ഞെടുപ്പുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രാതിനിധ്യ സ്ഥാപനങ്ങളുടെ സ്ഥാനത്ത് സോവിയറ്റുകളെ മാത്രമാണ് രാജ്യത്തെ മൊത്തം രാഷീയ ജീവിതത്തിന്റെ ശരിയായ പ്രാതിനിധ്യമായി ലെനിനും ട്രോട്‌സ്‌കിയും മുന്നോട്ടുവച്ചിരിക്കുന്നത്. സോവിയറ്റുകളിലെ ജീവിതം തന്നെ കൂടുതല്‍ കൂടുതല്‍ ക്ഷീണിതമായിത്തീരും. പൊതു തെരഞ്ഞെടുപ്പുകളില്ലാതെ പത്രസ്വാതന്ത്ര്യവും സംഘം ചേരാനുള്ള അനിയന്ത്രിത സ്വാതന്ത്ര്യങ്ങളില്ലാതെ, അഭിപ്രായങ്ങള്‍ തമ്മിലുള്ള സ്വതന്ത്രമായ പോരാട്ടമില്ലാതെ എല്ലാ പൊതു സ്ഥാപനങ്ങളിലും ജീവിതം അവസാനിക്കുന്നു. ഉംദ്യാഗസ്ഥമേധാവിത്വം മാത്രം സജീവമായിരിക്കുന്ന ഒന്നായി, ജീവിതത്തിന്റെ വെറും ഛായ മാത്രമായി അത് മാറിത്തീരുന്നു.പൊതു ജീവിതം ക്രമേണ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. തീരാത്ത ഊര്‍ജവും അളവറ്റ അനുഭവസമ്പത്തുമുള്ള ഏതാനും ഡസന്‍ പാര്‍ട്ടി നേതാക്കള്‍ മാര്‍ഗനിര്‍ദേശം നല്കുകയും ഭരിക്കുകയും ചെയ്യും. അവര്‍ക്കിടയിലെ ഒരു ഡസന്‍ കൂര്‍മ ബുദ്ധിയുള്ള ശിരസുകളായിരിക്കും കാര്യങ്ങള്‍ നയിക്കുന്നത്. തൊഴിലാളി വര്‍ഗത്തിലെ ഒരു പ്രമാണിവിഭാഗം ഇടക്കിടെ യോഗങ്ങളിലേക്ക് ക്ഷണിക്കപ്പെടുകയും അവര്‍ യോഗങ്ങളില്‍ നേതാക്കന്മാര്‍ക്ക് കൈയ്യടിക്കുകയും പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കുകയും ചെയ്യും. അടിത്തട്ടിലോ ഒരു ഗൂഡസംഘ പ്രവര്‍ത്തനം.”
റോസ ഒരു ഡസന്‍ കൂര്‍മ ബുദ്ധിയുള്ള ശിരസ്യകളെക്കുറിച്ചെഴുതി. പക്ഷേ പലേടങ്ങളിലും വന്നു ഭവിച്ചത് സംഘടനാ കുത്തിത്തിരിപ്പുകളില്‍ ചാമ്പ്യന്മാരായ, മറ്റു കാര്യങ്ങളില്‍ 40 കൊല്ലം മുമ്പ് ജീവിക്കുന്ന, ഒരൊറ്റ നേതാവ് കാര്യങ്ങള്‍ നയിക്കുന്നിടത്തേക്കാണ്. എം.എല്‍ ഗ്രൂപ്പുകളിലത് ഓരോ നേതാവിന് മാത്രം പ്രാമുഖ്യമുള്ള ഓരോ ഗ്രൂപ്പുകള്‍ എന്നിടത്തേക്കെത്തി. അയാള്‍ മരിക്കുകയോ വാര്‍ദ്ധക്യത്തിലെത്തുകയോ ചെയ്താല്‍ മറ്റൊരാള്‍ ഗ്രൂപ്പു ചാമ്പ്യനാകും. മറ്റുള്ളവര്‍ പിളര്‍ന്നു പോകും.
ഇനിയൊരിക്കലും ഇത്തരമൊരു സംഗതിയായി സോഷ്യലിസത്തിന് ലോകത്ത് ഒരിഞ്ചു മുന്നോട്ടു പോകാനാകില്ല എന്ന യാഥാര്‍ത്യം മനസ്സിലാക്കാനെങ്കിലും റോസയുടെ മലയാളത്തില്‍ പ്രസിദ്ധീകൃതമായ ‘ലെനിനോടുള്ള വിയോജനങ്ങള്‍ ‘ എന്ന കൃതിയെങ്കിലും വായിക്കണമെന്ന് ഞാന്‍ റോസയെ ബഹുമാനിക്കുന്ന ഏവരോടും അഭ്യര്‍ത്ഥിക്കട്ടെ.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>