സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jan 14th, 2019

പ്രാതിനിധ്യ ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോവുക

AMBEDഎം ഗീതാനന്ദന്‍

ഇന്ത്യന്‍ ഭരണഘടന അട്ടിമറിക്കുന്ന ഒരു ചതി പാര്‍ലമെന്റില്‍ അരങ്ങേറിയിരിക്കുകയാണ്. ഇന്ത്യയിലെ വര്‍ഗ്ഗീയ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന സംഘപരിവാറാണ് അതിന് നേതൃത്വം നല്‍കിയതെങ്കിലും, സംഘപരിവാറിന്റെ വര്‍ഗ്ഗീയ ഭൂരിപക്ഷത്തെ രാഷ്ട്രീയ ഭൂരിപക്ഷമാക്കാന്‍ കോണ്‍ഗ്രസ്, സി.പി.ഐ – സി.പി.എം, ബി.എസ്.പി തുടങ്ങിയ എല്ലാ ദേശീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരന്നു. ജാതി വിഭജിതമായ ഇന്ത്യയില്‍ സാമൂഹികവും, വിദ്യാഭ്യാസവുമായി പിന്നോക്കം നില്‍ക്കുന്ന ദലിത് – ആദിവാസി – പിന്നോക്ക – മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനം ഇല്ലായ്മ ചെയ്യാനും, സമത്വം ഉറപ്പാക്കാനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16 വകുപ്പുകള്‍ ഉറപ്പുനല്‍കുന്ന പ്രാതിനിധ്യവും സംവരണവുമാണ് പാര്‍ലമെന്റിലെ നിയമനിര്‍മാണത്തിലൂടെ അട്ടിമറിച്ചിരിക്കുന്നത്. ഇതോടെ, പേരിന് വോട്ടവകാശമുണ്ടെങ്കിലും രാജ്യത്തെ ഭരണവ്യവസ്ഥയിലും അധികാരത്തിലും പ്രാതിനിധ്യമില്ലാത്തവരായി പാര്‍ശ്വവല്‍കൃതര്‍ പുറന്തള്ളപ്പെട്ടിരിക്കുകയാണ്.
ജാതി ശ്രേണിയിലൂടെടെ ദലിത് – ആദിവാസി – പിന്നോക്ക – മതന്യൂനപക്ഷ – സ്ത്രീ ജനവിഭാഗങ്ങളെ അധികാരം, ഭൂമി, സമ്പത്ത്, പൊതുഇടങ്ങളിലും തൊഴില്‍മേഖലകളിലും ലഭിക്കേണ്ട അവസരങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം മാറ്റിനിര്‍ത്തപ്പെടുകയും മര്‍ദ്ദനബോധന സംവിധാനത്തിലൂടെ മേല്‍പറഞ്ഞ വിഭാഗങ്ങളുടെ സാമൂഹികമായ പിന്നോക്കാവസ്ഥ ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒന്നാണ് ബ്രാഹ്മണ്യം. അസമത്വത്തെ ശാശ്വതമായി നിലനിര്‍ത്തുന്ന ഈ സാഹചര്യം നിലനില്‍ക്കുന്നിടത്തോളം പാര്‍ശ്വവല്‍കൃതര്‍ക്ക് അധികാരത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും, അതിന് കാരണം ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്ന വര്‍ഗ്ഗീയ ഭൂരിപക്ഷമായി ഇന്ത്യയിലെ രാഷ്ട്രീയ ഭൂരിപക്ഷം പെരുമാറുന്നതാണെന്നും ഡോ. ബി.ആര്‍. അംബേദ്കര്‍ നിരീക്ഷിക്കുകയുണ്ടായി. സാര്‍വ്വത്രിക വോട്ടവകാശം നിലവില്‍ വന്നതുകൊണ്ടുമാത്രം പാര്‍ശ്വവല്‍കൃതര്‍ക്ക് അധികാരത്തില്‍ പങ്കാളിത്തമുണ്ടാകില്ല. പൗരത്വം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മേല്‍പറഞ്ഞ വിഭാഗങ്ങള്‍ക്ക് പ്രത്യേക പ്രാതിനിധ്യം ഉറപ്പാക്കണം. ഭൂമിയും വിഭവങ്ങളുടെയും പുനര്‍വിതരണം, തൊഴിലുകളിലെ അവസരസമത്വം, ജനപ്രാതിനിധ്യത്തിനായി പൊതുമണ്ഡലത്തിലെ വോട്ടവകാശത്തോടൊപ്പം പ്രത്യേകനിയോജകമണ്ഡലം തുടങ്ങിയവയെല്ലാം അനിവാര്യമാണെന്ന് ഡോ. ബി.ആര്‍. അംബേദ്ക്കര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ ഹിന്ദുവര്‍ഗ്ഗീയ ഭൂരിപക്ഷത്തിന്റെ സമ്മര്‍ദ്ദത്താല്‍ പ്രത്യേക നിയോജകമണ്ഡലമെന്ന ആവശ്യം പൂനാപാക്റ്റിലൂടെ നിരാകരിക്കപ്പെട്ടെങ്കിലും, പൂനാപാക്റ്റിന് ശേഷം അധികാരത്തിലെ പങ്കാളിത്തത്തിനായി സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് സമത്വം ഉറപ്പാക്കാനുള്ള വകുപ്പുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ജാതീയമായ വിവേചനത്തെ മറികടക്കാന്‍, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് പ്രത്യേക പ്രാതിനിധ്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16 എന്നീ വകുപ്പുകള്‍ ഇതില്‍ സുപ്രധാനമാണ്. ഈ വകുപ്പ് ഭേദഗതി ചെയ്താണ് ജാതീയമായ അസമത്വത്തിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്ന മുന്നോക്ക സമുദായങ്ങള്‍ക്ക് 10% സംവരണം ഉറപ്പാക്കുന്നത്. ഇതോടെ ആര്‍ട്ടിക്കിള്‍ 15, 16 ദുര്‍ബലപ്പെടുത്തപ്പെടും. ഇന്ത്യയിലെ ദലിത് – ആദിവാസി – പിന്നോക്ക – ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് രാഷ്ട്രത്തില്‍ പ്രത്യേക പ്രാതിനിധ്യം പരിരക്ഷ എന്നത് റദ്ദാക്കപ്പെടും രാഷ്ട്ര വ്യവഹാരത്തില്‍ പ്രാധിനിത്യം, പരിരക്ഷ എന്നത് റദ്ദാക്കപ്പെടും. രാഷ്ട്രവ്യവഹാരത്തില്‍ പ്രാതിനിധ്യമില്ലാത്തവരായി മാറും. ‘പൗരത്വം’ പേരിന് മാത്രമായി മാറും. പൂനാപാക്റ്റിലൂടെ ദേശീയ നേതാക്കള്‍ ഉണ്ടാക്കിയ കരാര്‍ റദ്ദാക്കപ്പെടും. ദലിത് – പിന്നോക്ക വിഭാഗങ്ങളും ഇന്ത്യന്‍ ഭരണഘടനയും തമ്മിലുള്ള കരാറും റദ്ദാക്കപ്പെടും.

സംവരണ വ്യവസ്ഥകളുണ്ടായിട്ടും, ഇന്ത്യയിലെ ആദിവാസി – ദലിത് – പിന്നോക്ക – മതന്യൂനപക്ഷ – സ്ത്രീ ജനവിഭാഗങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ആദിവാസികളുടെ സ്വയംഭരണം തകര്‍ത്ത് വനമേഖലയില്‍ കോര്‍പ്പറേറ്റ് തുടരുകയാണ്. ജാതികോളനികളിലേക്ക് ഒതുക്കപ്പെട്ട ദലിതര്‍ കൂട്ടക്കൊലകള്‍ക്ക് വിധേയമാക്കപ്പെടുന്നു. ദലിതര്‍ക്കുള്ള സാമ്പത്തിക വികസനനയം അട്ടിമറിക്കപ്പെടുന്നു. ഗോസംരക്ഷണത്തിന്റെ പേരില്‍ മുസ്ലീം മതന്യൂനപക്ഷങ്ങള്‍ രാജ്യമെമ്പാടും വേട്ടയാടപ്പെടുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷവും ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം നിഷേധിക്കപ്പെടുന്നു. സ്ത്രീകള്‍ ഓരോ നിമിഷവും അതിക്രമത്തിന് ഇരയാകുന്നു എന്നു മാത്രമല്ല, ഭരണത്തില്‍ പങ്കാളിത്തമേ ഇല്ല. ജനസംഖ്യയില്‍ 85% വരുന്ന ദലിത് – പിന്നോക്ക – ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഭൂമിയിലും (6%) വ്യവസായത്തിലും (3%) തൊഴിലിലും (15%) പരിമിതമായ പങ്കാളിത്തം മാത്രമേയുള്ളൂ. എന്നാല്‍ 15% മാത്രം വരുന്ന ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ വിഭാഗക്കാര്‍ ഭൂമിയുടെ 94% വും തൊഴിലവസരങ്ങളില്‍ 85% വും കൈയ്യടക്കിവെച്ചിരിക്കുകയാണെന്ന് ചൂണ്ടികാട്ടപ്പെട്ടിട്ടുണ്ട്. 78% വിദ്യാസമ്പന്നരായ ഇവര്‍ രാഷ്ട്രീയാധികാര ശ്രേണിയുടെ 65% വും കയ്യടക്കിവച്ചിരിക്കുകയാണ്. ജനസംഖ്യയില്‍ 3% മാത്രമുള്ള ബ്രാഹ്മണരാകട്ടെ ലോക്‌സഭയില്‍ 40%, രാജ്യസഭയില്‍ 36%, ഗവര്‍ണര്‍മാരില്‍ 60%, ക്യാബിനറ്റ് മന്ത്രിമാരില്‍ 54%, അഡീ. ചീഫ് സെക്രട്ടറിമാരില്‍ 62%, മന്ത്രിമാരുടെ പി.എ മാരില്‍ 70%, ഐ.എ.എസ് 70% ഐ.പി.എസ് 61%, സുപ്രീംകോടതി ജഡ്ജിമാരില്‍ 40% എന്നിങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നതായും ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ജാതിയുടെ പേരിലുള്ള അസമത്വം അവസാനിപ്പിക്കാനുള്ള വകുപ്പുകളായ ആര്‍ട്ടിക്കിള്‍ 15, 16 ഭേദഗതി ചെയ്ത് 10% സംവരണം ജാതീയമായി അസമത്വമുണ്ടാക്കുന്നവര്‍ക്ക് കൂടി മാറ്റിവെക്കുന്നു. 8 ലക്ഷം വാര്‍ഷിക വരുമാനവും 5 ഹെക്ടര്‍ ഭൂമിയുമുള്ള ഗ്രാമീണമേഖലയിലെ മുന്നോക്ക ‘ദരിദ്രര്‍’ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും ഫലമായി നിരവധി സവര്‍ണ്ണ – സമ്പന്നര്‍ പണക്കാരായി എന്നത് ഒരു വസ്തുതയാണ്. അതോടൊപ്പം കോര്‍പ്പറേറ്റ് രാജ് ഗ്രാമീണ മേഖലയിലെ കുലാക്കുകളായ പട്ടേലുകള്‍, ജാട്ടുകള്‍, മാറാത്തകള്‍ എന്നിവര്‍ക്ക് ദോഷം ചെയ്തിട്ടുമുണ്ട്. 60 വര്‍ഷമായി തുടരുന്ന മുതലാളിത്തഭരണം സ്വകാര്യവല്‍ക്കരണത്തിലേക്ക് വഴിമാറിയപ്പോള്‍, ഇന്ത്യന്‍ സവര്‍ണ്ണ ഇടത്തരം വിഭാഗങ്ങളുടെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇതിന് പരിഹാരം കാണാന്‍ ദലിത് – ആദിവാസി – പിന്നോക്ക സംവരണം അട്ടിമറിക്കുകയാണ്. പാര്‍ശ്വവല്‍കൃതര്‍ക്ക് നല്‍കുന്ന സാമുദായിക പരിരക്ഷയാണ് മറ്റുള്ളവരുടെ ദാരിദ്ര്യത്തിന് കാരണമെന്നാണ് കോര്‍പ്പറേറ്റുകളും സംഘികളും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്ന ഈ വര്‍ഗ്ഗീയ ഭൂരിപക്ഷ ആശയത്തോടൊപ്പം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും, സി.പി.ഐ – സി.പി.എം പാര്‍ട്ടികളും, ബി.എസ്.പി ഉള്‍പ്പെടെയുള്ളവരും അണിനിരക്കുന്നതോടെ സംഘപരിവാറിന് ഭരണഘടന അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഭൂരിപക്ഷം കരഗതമായിരിക്കുകയാണ്.
ഭരണഘടനയുടെ അടിസ്ഥാനശില തകര്‍ക്കുക എന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത അജണ്ടയാണ്. മൗലികാവകാശത്തിന്റെ ഭാഗമായ ആര്‍ട്ടിക്കിള്‍ 15, 16 എന്നിവ ദുര്‍ബലപ്പെടുത്തുന്നത് അതിന്റെ ഭാഗമാണ്. സുപ്രീം കോടതിയിലെ സവര്‍ണ്ണ ലോബികള്‍ അട്ടിമറിച്ച പട്ടികജാതി – പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം ദലിത് പ്രസ്ഥാനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിലൂടെയാണ് പുനഃസ്ഥാപിച്ചത്. പൂനാപാക്റ്റ് ഉടമ്പടിയും, ഭരണഘടന വകുപ്പുകളും ദുര്‍ബലപ്പെടുത്തപ്പെട്ട സാഹചര്യത്തില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സാമൂഹ്യജനാധിപത്യസങ്കല്പം ഏറ്റെടുത്തുകൊണ്ടുള്ള ഒരു നവ രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുക മാത്രമേ രാജ്യത്തെ ദലിത് – ആദിവാസി – പിന്നോക്ക – ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പോംവഴിയുള്ളു. സമത്വത്തിന് വേണ്ടിയുള്ള ഭരണഘടനാ അവകാശത്തിന് പാര്‍ലമെന്റില്‍ വോട്ടുചെയ്ത മൂന്ന് അംഗങ്ങളുടെ ശബ്ദം മര്‍ദ്ദിതവര്‍ഗ്ഗങ്ങള്‍ക്ക് പ്രചോദനമേകുന്നതാണ്.
കേരളത്തിലെ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരായി അവകാശപ്പെടുന്ന സി.പി.ഐ – സി.പി.എം പ്രസ്ഥാനം വര്‍ഗ്ഗീയ ഭൂരിപക്ഷ അജണ്ട നടപ്പാക്കുന്ന സംഘികളുടെ രാഷ്ട്രീയ ഭൂരിപക്ഷത്തിന് പാര്‍ലമെന്റില്‍ പിന്‍തുണ നല്‍കി എന്നതില്‍ ആര്‍ക്കും ഞെട്ടലില്ല. സി.പി.എം നെ സംബന്ധിച്ചിടത്തോളം, ഇ.എം.എസിന്റെ ബ്രാഹ്മണ്യവീക്ഷണങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ പ്രാപ്തിയുള്ള ഒരു നേതൃത്വം നാളിതുവരെ ഉണ്ടായിട്ടില്ല. തൊഴിലാളി – കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും, കേരളത്തിലും ഇന്ത്യയിലും നടന്ന ബ്രാഹ്മണ വിരുദ്ധ – ജാതി വിരുദ്ധ നവോത്ഥാന പാരമ്പര്യത്തെ ഉള്‍ക്കൊള്ളാന്‍ ഇ.എം.എസിന് കഴിഞ്ഞിരുന്നില്ല. മഹാത്മ അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങിയവരുടെ സ്വാതന്ത്ര്യപോരാട്ടങ്ങളുടെ പ്രാധാന്യം അംഗീകരിച്ചിരുന്നില്ല. ബ്രാഹ്മണ – ശൂദ്രവിഭാഗങ്ങള്‍ക്ക് മേധാവിത്വമുള്ള ‘മലയാളികളുടെ മാതൃഭൂമി’ യാണ് ഇ.എം.എസ് സൃഷ്ടിച്ചത്. ഇതേ ചരിത്ര കാലഘട്ടത്തില്‍ ഡോ. ബി.ആര്‍. അംബേദ്ക്കറും, ഗാന്ധിയും തമ്മില്‍ നടന്ന സംവാദത്തെക്കുറിച്ചോ, പാര്‍ശ്വവല്‍കൃതരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഒരു സാമൂഹ്യജനാധിപത്യ ഭരണ സംവിധാനം എങ്ങിനെ ആവിഷ്‌കരിക്കാം എന്നതിനെ സംബന്ധിച്ചോ ഇ.എം.എസിന് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിന്റെ ഫലമാണ് ദലിത് – ആദിവാസികളെ ചേരികളിലേക്കും കോളനികളിലേക്കും ആട്ടിയോടിച്ച കേരളമാതൃക. മാത്രവുമല്ല, സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കി സമത്വം ഉറപ്പാക്കാനുള്ള ഭരണഘടനയുടെ 15, 16 വകുപ്പിനെ ആദ്യമായി എതിര്‍ക്കുന്നതും ഇ.എം.എസാണ്. ഭരണഘടന ഭേദഗതി സാധ്യമായില്ലെങ്കിലും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ മുഖംമൂടി ഇട്ട് മുന്നോക്കക്കാരില്‍ പാവപ്പെട്ടവരുടെ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനുള്ള ഒറ്റമൂലിയായി സാമ്പത്തിക സംവരണ വാദമുന്നയിച്ചതും ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ദേവസ്വം ബോര്‍ഡില്‍ 10% സാമ്പത്തിക സംവരണം ഇടതുപക്ഷം നടപ്പാക്കിയത്. ഇപ്പോള്‍ കെ.എ.എസിലും സംവരണം നിഷേധിക്കുകയാണ്. കേരളത്തില്‍ ഇത് ലക്ഷ്യം വെച്ചത് നവബ്രാഹ്മണരായി പെരുമാറുന്നവരെയാണ് ; എന്‍.എസ്.എസിനെയാണ്. എന്‍.എസ്.എസ് പോലെ ദേശീയതലത്തില്‍ ശക്തമായ വിഭാഗമാണ് ജാട്ടുകളും, പട്ടേലുകളും, മറാത്തകളും. ഇവരെ തൃപ്തിപ്പെടുത്താന്‍ എന്ന വ്യാജേനെയാണ് ഇ.എം.എസിന്റെ സിദ്ധാന്തം സംഘപരിവാര്‍ ദേശീയതലത്തില്‍ വ്യാപിപ്പിക്കുന്നത്. സാമ്പത്തിക സംവരണം നടപ്പാക്കി ഭരണഘടന ആരാണ് അട്ടിമറിച്ചതെന്ന തര്‍ക്കം മാത്രമേ സംഘികളും സി.പി.ഐ -സി.പി.എ ഉം തമ്മിലുള്ളു.
ദലിത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട പലരെയും ഞെട്ടിച്ചത് ബി.എസ്.പി എടുത്ത സംഘപരിവാര്‍ അനുകൂലനിലപാടാണ്. ബി.എസ്.പി ഒരിക്കലും അംബദ്കറിസം അംഗീകരിച്ച പ്രസ്ഥാനമല്ല. ദലിത് – പിന്നോക്ക – മതന്യൂനപക്ഷ ഐക്യത്തിന്റെ പേരില്‍ രാഷ്ട്രീയ ഭൂരിപക്ഷം സ്ഥാപിക്കാന്‍ ശ്രമിച്ച പ്രസ്ഥാനം മാത്രമാണ് ബി.എസ്.പി. ദലിത് – ആദിവാസി സമൂഹത്തിന് പ്രത്യേക പ്രാതിനിധ്യമെന്ന ആവശ്യം അംഗീകരിക്കാത്ത ഏത് പ്രസ്ഥാനം അധികാരത്തില്‍ വന്നാലും, ജാതി വ്യവസ്ഥയിലധിഷ്ഠിതമായ വര്‍ഗ്ഗീയ ഭൂരിപക്ഷമായി മാറും എന്നതാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ നല്‍കുന്ന പാഠം. പ്രാതിനിധ്യ ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോവുക എന്നതാണ് പാര്‍ശ്വവത്കൃതരുടെ മുന്നിലെ പോംവഴി.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>