സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Jan 11th, 2019

ഒരു ഗ്രാമം ഭൂപടത്തില്‍ നിന്നു മായുമ്പോള്‍

Share This
Tags

alappad

കൊല്ലം കരുനാഗപ്പള്ളിയിലെ കടല്‍ത്തീര ഗ്രാമം ആലപ്പാട് പതുക്കെ പതുക്കെ ഭൂപടത്തില്‍ നിന്നു മായുകയാണ്. അതിനു കാരണം ആഗോളതാപനമാണെന്നു ആരെങ്കിലും കരുതിയാല്‍ അവര്‍ക്ക് തെറ്റി. മറിച്ച് അനിയന്ത്രിതമായി തുടരുന്ന കരിമണല്‍ ഖനനമാണ് ഈ ഗ്രാമത്തെ കടലെടുക്കുന്നിതിനു കാരണം. 60 വര്‍ഷമായി അതു തുടരുന്നു. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിനാവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന റയര്‍ എര്‍ത്ത്, കേരള സര്‍ക്കാരിന്റെ കേരള മിനറല്‍ ആന്റ് മെറ്റല്‍സ് എന്നീ സ്ഥാപനങ്ങളാണ് ഇവിടെ പ്രതികൂട്ടില്‍. ഇവ സ്വകാര്യസ്ഥാപനങ്ങളല്ല എന്നതിനാല്‍ ഖനനത്തെ ന്യായീകരിക്കാന്‍ വലിയൊരു വിഭാഗവും രംഗത്തുണ്ട്. ഇത്തരെമാരു വിഷയത്തില്‍ സ്വകാര്യമേഖലയാണെങ്കിലും പൊതുമേഖലയാണെങ്കിലും എന്താണാവോ വ്യത്യാസം?
ഖനനം പ്രകൃതിക്കും വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് വരുത്തുന്നത്. കണ്ടല്‍ക്കാടുകള്‍ ഏറെക്കുറെ പൂര്‍ണമായും നഷ്ടമായി. തീരങ്ങളില്‍ ഉണ്ടായിരുന്ന മരങ്ങള്‍ നശിച്ചു. സുനാമി തിരമാലകള്‍ മൂലം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവനും സ്വത്തിനും നാശമുണ്ടായത് ആലപ്പാട് പഞ്ചായത്തിലാണ് എന്നത് യാദൃച്ഛികമല്ല. സമീപത്തെ നിരവധി ശുദ്ധജല സ്രോതസ്സുകള്‍ നശിച്ചു. തണ്ണീര്‍ത്തടങ്ങളും ഉറവകളും കിണറുകളും വറ്റിവരണ്ടു. നാലായിരത്തിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് തൊഴിലും ഭൂമിയും ഉപേക്ഷിച്ച് പാലായനം ചെയ്തത്. ബാക്കിയുള്ള തുണ്ട് മണ്ണില്‍ ജീവിക്കാനും തൊഴില്‍ തിരിച്ചുപിടിക്കാനുമാണ് ഇപ്പോള്‍ ആലപ്പാട്ടുകാരുടെ സമരം.
1955ല്‍ ലിത്തോ മാപ്പിന്റെ കണക്കനുസരിച്ച്, 89.5 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് പ്രദേശം ഇന്ന് വെറും 7.9 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമായി നാമാവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ഖനനം ഏറുന്നതിനനുസരിച്ച് കടല്‍ കരയിലേക്ക് കയറികൊണ്ടിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ അവരുടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുകയാണ്. മത്സ്യ ബന്ധനം മാത്രമല്ല, അവരുടെ മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗമായ കയര്‍ നിര്‍മാണവുല്ലാതാകുകയാണ്. ചകിരിയില്‍ നിന്നും പിരിച്ചെടുക്കുന്ന കയര്‍ മണലില്‍ ഉരുട്ടിയെടുക്കുമ്പോളാണ് എഴകള്‍ നന്നായി അടുക്കുകയും കയറിന് നല്ല ബലം കിട്ടുകയും ചെയ്യുന്നത്. മണല്‍ ഇല്ലാതാകുന്നതോടെ അതും ഇല്ലാതാകുകയാണ്.
1911 ല്‍ ജര്‍മന്‍ സായിപ്പ് ഹര്‍ഷന്‍ ബര്‍ഗാണത്രെ വന്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇവിടെയെത്തി ഖനനം ആരംഭിച്ചത്. പിന്നീട് 1932ല്‍ എഫ്എക്‌സ് പെരേരാ & സണ്‍സ് എന്ന സ്വകാര്യ കമ്പനി അതേറ്റെടുത്തു. കാലക്രമേണ സ്വകാര്യ കമ്പിനികള്‍ മാറി പൊതു മേഖല സ്ഥാപനങ്ങള്‍ തന്നെ രംഗത്തുവന്നി. ഇല്‍മനൈറ്റ്, മോണോസൈറ്റ്, തോറിയം തുടങ്ങിയ ധാതുക്കളും ടൈറ്റാനിയവും സിന്തറ്റിക് റൂട്ടയിന്‍ പോലെയുള്ള അസംസ്‌കൃത വസ്തുക്കളും അടങ്ങിയ മണലില്‍ നിന്നുള്ള വരുമാനം കോടികളാണ്. ദിനം പ്രതി ആയിരക്കണക്കിന് ലോഡ് മണല്‍ ഇവിടെനിന്നുപോകുമ്പോള്‍ തീരം ചുരുങ്ങി ചുരുങ്ങി ഇല്ലാതാവുകയല്ലാതെ എന്താണ് സംഭവിക്കുക? 20000 ഏക്കറോളം കര ഭൂമിയാണ് ഈ പ്രദേശത്ത് വര്‍ഷങ്ങളായി തുടരുന്ന കരിമണല്‍ ഖനനം മൂലം കടലിനടിയിലായത്. ഇന്ന് ഇവിടം ദേശീയ ജലപാതയും ലക്ഷദ്വീപ് കടലും വേര്‍തിരിക്കുന്ന ഒരു വരമ്പ് മാത്രമാണ്. എന്നിട്ടും നിര്‍ത്താതെ ഖനനം തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. CRZ നിയമം പോലും പാലിക്കാതെ മെഷിനറികള്‍ ഉപയോഗിച്ച് കുഴിച്ചെടുക്കുമ്പോള്‍ പഞ്ചായത്തിന്റെ മുഴുവന്‍ കടല്‍ തീരവും, ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരവും നഷ്ടപ്പെടുന്നു. മൂന്ന് കൃഷിവരെ ഇറക്കിയിരുന്ന മൂക്കുംപ്പുഴ പാടവും പനക്കടപ്പാടങ്ങളും കേരവൃക്ഷങ്ങളുമെല്ലാമെല്ലാം. ഓരോ മേഖലയും തകര്‍ന്നു കഴിയുമ്പോള്‍ തൊട്ടടുത്ത പ്രദേശത്തേക്ക് ഖനനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. കായലിന്റെയും കടലിന്റെയും ഇടയില്‍ ഒരു വരമ്പു പോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ബഫള്‍ സോണാണ്. ഈ മണല്‍ ബണ്ട് തകര്‍ന്നു കഴിഞ്ഞാല്‍ കടല്‍വെള്ളം കയറി ആലപ്പാട് മാത്രമല്ല അടുത്ത പ്രദേശമായ കരുനാഗപ്പള്ളി താലൂക്ക്, ശാസ്താംകോട്ട തടാകം , അപ്പര്‍കുട്ടനാട് തുടങങിയ പ്രദേശങ്ങളേയും കടല്‍ വിഴുങ്ങാം. പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്നവു വിശേഷിക്കപ്പെട്ട മത്സ്യതൊഴിലാളികളോട് നാമിത് ചെയ്യുന്നതെന്നതാണ് ക്രൂരമായ തമാശ. മറ്റൊരു ഗുരുതരമായ വിഷയം രാസമാലിന്യങ്ങളുടേതാണ്. കമ്പനികളില്‍ നിന്നും പുറം തള്ളുന്ന രാസമാലിന്യങ്ങള്‍ കടലിന്റെ ആവാസവ്യവസ്ഥയേയും മത്സ്യസമ്പത്തിനേയും നശിപ്പിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
മറ്റെല്ലായിടത്തുമെന്ന പോലെ പ്രദേശത്തെ കുറച്ചുപേര്‍ക്ക് താത്ക്കാലികമായി ജോലി നല്‍കിയാണ് ആദ്യഘട്ടത്തില്‍ ഇവിടേയും ഖനനത്തിന് അനുകൂലമായ പൊതുജനാഭിപ്രായമുണ്ടാക്കിയത്. തീരദേശത്തുനിന്നും നീക്കം ചെയ്യുന്ന മണല്‍ തലച്ചുമടായി വള്ളങ്ങളില്‍ എത്തിക്കുന്ന ജോലിയായിരുന്നു തുടക്കത്തില്‍ നാട്ടുകാര്‍ക്ക് നല്‍കിയത്. ഖനനം നാടിന് വലിയ തോതില്‍ ലാഭമുണ്ടാക്കിക്കൊടുക്കുന്നു എന്ന അവകാശവാദവും തെറ്റാണ്. പല ഘട്ടങ്ങളിലായി നടക്കുന്ന പ്രോസിസിങ്ങില്‍ രണ്ടോ മൂന്നോ ഘട്ടങ്ങള്‍ മാത്രമാണ് ഇവിടെ നടക്കുന്നത്.
കരിമണല്‍ ഖനനത്തിന്റെ ദുരന്തങ്ങള്‍ വ്യക്തമായതോടെ ജനങ്ങള്‍ രംഗത്തിറങ്ങുകയായിരുന്നു. ജോലിയല്ല, കിടപ്പാടമാണ് വേണ്ടത് എന്ന മുദ്രാവാക്യമുയര്‍ത്തി നേരത്തെതന്നെ പല സമരങ്ങളും ഇവിടെ നടന്നു. 1970 ലാണ് ആദ്യമായി ജനങ്ങള്‍ രംഗത്തിറങ്ങിയത്. എന്നാജനകീയ സമര മുദ്രാവാക്യം ആലപ്പാട് മുഴക്കിയത്. എന്നാല്‍ പ്രസ്ഥാനങ്ങളെല്ലാം മറുചേരിയിലായിരുന്നു. 1992 ല്‍ നടന്ന ‘ ജല പരിസ്ഥിതി സംരക്ഷണ ജാഥ ‘യിലാണ് ‘ ഇനി വരുന്നൊരു തലമുറയ്ക്കിവിടെ വാസം സാധ്യമൊ ‘ എന്ന ഇഞ്ചക്കാട് ബാലചന്ദ്രന്റെ പരിസ്ഥിതി ഗാനം ആദ്യമായി ഉയര്‍ന്നത്. തുടര്‍ന്നും പല തവണ നാട്ടുകാര്‍ രംഗത്തിറങ്ങിയെങ്കിലും അവരെ പരാജയപ്പെടുത്താന്‍ കരുത്തുള്ള ശക്തിയായിരുന്നു മറുവശത്ത്. എന്നാല്‍ പ്രളയത്തിലും ഓഖിയിലും പോലും തളരാത്ത ആലപ്പാട് ജനത വീണ്ടും പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്. stop mining, save alappad, save kerala എന്നതാണ് അവരുടെ ഏക മുദ്രാവാക്യം. സംഘടിത പ്രസ്ഥാനങ്ങളുടെ നിലപാടില്‍ ഇത്തവണയും കാര്യമായ മാറ്റമില്ലെങ്കിലും കേരളത്തിലെ മനുഷ്യാവകാശ – പരിസ്ഥിതി – മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണ ഇക്കുറി ഈ പോരാട്ടത്തിനുണ്ടെന്നത് ശ്രദ്ധേയമാണ്. വിജയം അല്ലെങ്കില്‍ മരണം എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നു പ്രഖ്യാപിച്ചു നടക്കുന്ന ഈ ജീവന്മരണ പോരാട്ടത്തോട് ഐക്യപ്പെടാന്‍ ഭാവിതലമുറക്കുവേണ്ടിയെങ്കിലും നാം തയ്യാറാകണം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>