സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Jan 10th, 2019

സംവരണത്തെ രക്ഷിക്കാന്‍ കൈകോര്‍ക്കുക

ppp

പുന്നല ശ്രീകുമാര്‍

‘സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും സംവരണം നിഷ്‌കര്‍ഷിക്കുന്ന ഭരണഘടനയുടെ 15,16 ആര്‍ട്ടിക്കിളുകള്‍ ഭേദഗതി ചെയ്തു കൊണ്ട് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നു. അതിനു വേണ്ടിയുള്ള ബില്ല് ലോകസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നു. സാമ്പത്തിക സംവരണത്തിനു വേണ്ടി തെരെഞ്ഞെടുപ്പിന് മുന്‍പ് തിടുക്കത്തില്‍ നടത്തുന്ന ഈ പരിശ്രമം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് എന്നത് സാമാന്യമായി ചിന്തിക്കുന്നവര്‍ക്ക് ബോധ്യപ്പെടും.കേന്ദ്രം ഭരിക്കുന്ന ഗവണ്‍മെന്റോ അതിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോ സാമ്പത്തിക സംവരണം
ഒരജണ്ഡയായി പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. Rss മേധാവി ശ്രീ മോഹന്‍ ഭഗവത് സംവരണം പുനപരിശോധിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന പരാമര്‍ശം ഇതിനു മുന്‍പ് നടത്തിയപ്പോള്‍ രാജ്യത്തിന്റെ ബഹു: പ്രധാനമന്ത്രി നിലവിലുള്ള സംവരണ നയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്ന വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായാണ് ഇപ്പോള്‍ തിരക്കുപിടിച്ച് സാമ്പത്തിക സംവരണം നടപ്പില്‍ വരുത്തുന്നതിനു വേണ്ടിയുള്ള പരിശ്രമം കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്നത്.
ഭരണഘടനയുടെ പതിനാറാം അനുഛേദത്തിലുള്ള സാമൂഹിക സംവരണത്തെ കുറിച്ചുള്ള പരിരക്ഷ തിരുത്താന്‍ മാത്രം മുന്നാക്ക വിഭാഗങ്ങളിലെ ഏതു സമുദായമാണ് സമൂഹത്തില്‍ നിന്ന് ബഹിഷ്‌കൃതരായിട്ടുള്ളത് എന്ന് ഗവണ്‍മെന്റ് വെളിപ്പെടുത്തേണ്ടതുണ്ട്
നിലവിലെ സംവരണ സമൂഹങ്ങളുടെയും, മുന്നാക്ക സമുദായങ്ങളുടെയും അധികാര പങ്കാളിത്തത്തെക്കുറിച്ചും, സാമൂഹിക അവസ്ഥയെ കുറിച്ചുമുള്ള പഠനവും അതിന്റെ വെളിപ്പെടുത്തലുകളും ഉണ്ടാവേണ്ടതുണ്ട്. സാമ്പത്തിക സംവരണം നടപ്പാക്കും മുന്‍പ് സാമൂഹിക രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിലെ ഈ വിഭാഗങ്ങളുടെ ജാതി തിരിച്ചുള്ള കണക്ക് വ്യക്തമാക്കുകയും ജനസംഖ്യാനുപാതികമായി അധികാര നഷ്ടം ഏത് വിഭാഗങ്ങള്‍ക്കാണ് സംഭവിച്ചിട്ടുള്ളത് എന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പരിരക്ഷ എര്‍പ്പെടുത്തുകയുമാണ് നിലവില്‍ ചെയ്യേണ്ടത്.ഭരണഘടനാ ഭേദഗതി സാധ്യമാവണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടു കൂടി ഇരുസഭകളിലും ഈ ബില്ല് അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ട്.നിലവില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക്, സര്‍ക്കാരിന് അതിന് സാധ്യമല്ല! പ്രതിപക്ഷ കക്ഷികളുടെ സഹകരണത്തോടു കൂടി മാത്രമെ ഈ ബില്ല് അവതരിപ്പിച്ച് പാസാക്കാന്‍ കഴിയുകയുള്ളൂ. ഇന്ന് ലോക് സഭ പിരിയാനിരിക്കെ കാര്യപരിപാടിയില്‍ ഇല്ലാതെ ഇരുന്ന ഈ ഒരിനം സഭയില്‍ അവതരിപ്പിക്കുകയും സമവായമോ ആവശ്യമായ ചര്‍ച്ചകളോ ഇല്ലാതെ ഒരു രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിന്‍മേല്‍ പ്രതിപക്ഷ കക്ഷികളെ സമ്മര്‍ദ്ദത്തിലാക്കി മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരായ ആളുകള്‍ക്ക് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തങ്ങള്‍ തയ്യാറായിട്ടും പ്രതിപക്ഷ കക്ഷികള്‍ സഹകരിച്ചില്ല എന്ന വിമര്‍ശനത്തിലേക്ക് തെരെഞ്ഞടുപ്പ് ഘട്ടത്തില്‍ ഇത് ഒരു പ്രചരണ ആയുധമാക്കി മാറ്റാന്‍ , മുന്നാക്കക്കാരെ സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറായി എന്ന യശസ്സുയര്‍ത്തുന്നതിനു വേണ്ടിയുള്ള രാഷ്ട്രീയമായ സമീപനമാണ് കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത് !
ഒരു ഗവണ്‍മെന്റിനെ സംബന്ധിച്ച്, ഈ ഗവണ്‍മെന്റിന് ഇനി ഒരു ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുന്ന ഗവണ്‍മെന്റല്ല. താല്‍ക്കാലിക ചെലവുകള്‍ക്കു വേണ്ടി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാന്‍ വേണ്ടി മാത്രമാണ് ഇനി സഭകള്‍ സമ്മേളിക്കുക. അങ്ങനെ ഇരിക്കെ നിലവില്‍ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ വേണ്ടി അവതരിക്കപ്പെട്ട ഈ ബില്ല് പാസാകില്ല എന്ന് തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.
നടക്കാന്‍ സാധ്യതയില്ലാത്ത ഒരു കാര്യം അവതരിപ്പിക്കുകയും തങ്ങള്‍ മുന്നാക്ക വിഭാഗങ്ങളുടെ സംരക്ഷകരാണ് എന്ന് പ്രഖ്യാപിക്കുകയും അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് എതിരായി എന്ന വിലയിരുത്തലും നിലവില്‍ രാജ്യത്ത് ഭരണകൂടത്തിനെതിരെ ഉയര്‍ന്നു വരുന്ന റാഫേല്‍ ,അലോക് വര്‍മ്മ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റിനെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളും നിലനില്‍ക്കുന്നു. പ്രീണിപ്പിച്ച് അധികാരത്തില്‍ തുടരുന്നതിനു വേണ്ടിയുള്ള മുതലെടുപ്പാണ് കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ നടപ്പില്‍ വരുത്തുന്നത്
ഈ സാഹചര്യത്തില്‍ സംവരണ വിഭാഗങ്ങളെ സംബന്ധിച്ച് യോജിച്ച പ്രക്ഷോഭവും , നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ , ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗങ്ങളുടെ ഇടയില്‍നിന്നുയര്‍ന്നു വന്നിട്ടുള്ള രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ബില്ലിനെ സ്വാഗതം ചെയ്ത പാശ്ചാത്തലത്തില്‍, രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ബില്ലിനെ സ്വാഗതം ചെയ്ത പശ്ചാത്തലത്തില്‍ , അവരുടെ നയം മാറ്റുന്നതിനായുള്ള സമര്‍ദ്ദം രാജ്യത്തുയര്‍ന്നു വരേണ്ടതുണ്ട്.സംവരണ വിഭാഗങ്ങള്‍ യോജിച്ച് നിന്ന് രാജ്യത്ത് ഈ സംവരണത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ഒരു ഘട്ടമാണിത്.സംവരണ വിഭാഗങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ ആശ്രയിക്കാന്‍ കഴിയുന്നത് കോടതിയെയാണ്. മണ്ഢല്‍ കേസിലും ഇന്ദിരാ സാഹ്നി കേസ്സിലും ഭരണഘടനാവിരുദ്ധമാണ് എന്ന് രാജ്യത്തെ പരമോന്നത നീതിന്യായപീഠം പ്രഖ്യാപിച്ചിട്ടുണ്ട്
സാമൂഹികമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് സംവരണം നല്‍കേണ്ടത്. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിന്ന് ബഹിഷ്‌കൃതരായ ഒരു വിഭാഗം ആളുകള്‍ക്ക് അവസരസമത്വത്തിനും രാഷ്ട്രിയ തുല്യതക്കും വേണ്ടി നല്‍കിയിട്ടുള്ള ഈ സിദ്ധാന്തത്തെ , സാമ്പത്തിക മായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നല്‍കാന്‍ ശ്രമിക്കുന്നത് സംവരണത്തിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കുന്നതാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരല്ല. സമൂഹത്തില്‍ അവര്‍ക്ക് ഉന്നതമായ സ്ഥാനം നേടിയിട്ടുള്ളവരാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവരല്ല
ഇവിടെ സാമൂഹികമായി മൂന്നാക്കം നില്‍ക്കുന്നവര്‍ക്ക്, വിദ്യാഭ്യാസപരമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തികമായി പിന്നാക്കാവസ്ഥയുണ്ട് എന്ന ഒന്നു കൊണ്ടു മാത്രം ഈ പരിരക്ഷ കൂടി എര്‍പ്പെടുത്തിയാല്‍ നമ്മുടെ സമൂഹത്തില്‍ സ്ഥാനാന്തരങ്ങളും അതുപോലെത്തന്നെ സംവരണത്തിലൂടെ അവസരസമത്വം എന്ന മഹത്തായ ലക്ഷ്യത്തെയും അട്ടിമറിക്കുന്ന നീക്കത്തിലേക്കാണ് നിങ്ങുന്നത്. രാജ്യത്ത് സ്വകാര്യവത്കരണം സാര്‍വത്രികമാവുകയും, കോര്‍പറേറ്റ് വികസനത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ സ്വകാര്യ മേഖലയിലേക്ക് കൂടി സംവരണം വ്യാപിപ്പിച്ച് സാമൂഹ്യനീതി ഉറപ്പു വരുത്തേണ്ടുന്ന ഘട്ടത്തിലാണ് നിലവില്‍ സമൂഹത്തില്‍ കൂടുതല്‍ സ്ഥാനാന്തരങ്ങള്‍ സൃഷ്ടിക്കുന്ന ഈ സാമ്പത്തിക സംവരണ നീക്കം എന്നത് സംവരണ വിഭാഗങ്ങള്‍ ജാഗ്രതയോടു കൂടി കാണേണ്ടതുണ്ട്!
കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക സംവരണ പ്രഖ്യാപനം വന്നയുടന്‍ തങ്ങളുടെ നിലപാടാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് സ്വാഗതം ചെയ്ത സംസ്ഥാനത്തെയും, ദേശീയ തലത്തിലെയും രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യഗ്രതയെ സംവരണ സമൂഹം ജാഗ്രതയോടു കൂടി കാണേണ്ടതുണ്ട് . കേരളത്തില്‍ ജനാധിപത്യത്തിലെ അവഗണിക്കപ്പെട്ടൊരു വിഭാഗത്തിന്റെ പരിരക്ഷയായിട്ടുള്ള ഈ സംവരണത്തെ, സാമൂഹിക സംവരണത്തെ, അട്ടിമറിക്കാനുള്ള നീക്കങ്ങളെ ജാഗ്രതയോടു കൂടി കാണണം എന്ന ശ്രീ.വി.എസിന്റെ നിലപാട് ഈ അവസരത്തില്‍ ശ്രദ്ധേയമായി നാം കാണേണ്ടതുണ്ട്.. മഹാഭൂരിപക്ഷം വരുന്ന സമൂഹങ്ങളുടെ അവസരതുല്യതയും, അവരുടെ ഭരണപങ്കാളിത്തവും ഉറപ്പു വരുത്തുന്ന ചരിത്രപരമായിട്ടുള്ള ഈ ഭരണഘടനാ തത്വത്തെ അട്ടിമറിക്കാനുള്ള പരിശ്രമങ്ങള്‍ക്കെതിരെ സംവരണ വിഭാഗം ദേശീയ തലത്തില്‍ ചിന്തിക്കുകയും സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിക്കുകയും ചെയ്യേണ്ടുന്ന ഒരു ഘട്ടമാണിത്.
ആ യോജിപ്പിനോടൊപ്പം തന്നെ രാജ്യത്തെ ഈ സംവരണത്തെ സംരക്ഷിക്കാന്‍ തയ്യാറായി വരുന്ന എല്ലാ വിഭാഗം ജനങ്ങളോടുമൊപ്പം ചേര്‍ന്നു നിന്നു കൊണ്ട് പാര്‍ട്ടികളുടെ നയം തിരുത്തുന്നതിനും, സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള നിലവിലെ സംവരണവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും സാമൂഹിക സമത്വവും, നീതിയും ഉറപ്പു വരുത്തുന്നതിനുമുള്ള പരിശ്രമങ്ങളില്‍ കൈകോര്‍ക്കണം എന്ന് ആഹ്വാനം ചെയ്യുന്നു.
ഒപ്പം തന്നെ സാമ്പത്തിക സംവരണത്തെ എതിര്‍ത്തിട്ടുള്ള രാജ്യത്തെ പരമോന്നത നീതിന്യായ പീഠത്തിനു മുന്നില്‍ ഈ സവിശേഷമായ അവസ്ഥയില്‍ പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സമീപനവും നാം സ്വീകരിക്കേണ്ടതുണ്ട്. നീതിന്യായ പീoത്തെ സമീപിക്കേണ്ടുന്ന സാഹചര്യത്തെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. അങ്ങനെ ഭരണഘടന വിവക്ഷിക്കുന്ന അവസര സമത്വത്തിനും, രാഷ്ട്രീയതുല്യതക്കും വേണ്ടിയുള്ള ഈ മാര്‍ഗ്ഗത്തെ, ഈ മന്ത്രത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളില്‍ സംവരണ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും , എല്ലാ രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്കും അതീതമായി കൈകോര്‍ത്ത് അതിനെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളില്‍ അണിനിരക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

(കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്തു കൊണ്ട് കെപിഎംഎസ് ജനറല്‍ സെക്രട്ടറി ശ്രീ പുന്നല ശ്രീകുമാറിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം. – ടൈപ്പിംഗ് കടപ്പാട്: ദീപിക പി കെ)

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>