സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jan 8th, 2019

stop mining, save alappad

ALA

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത് ഇന്ന് ദേശീയ ജലപാതയെയും ലക്ഷദ്വീപ് കടലിനെയും വേര്‍തിരിക്കുന്ന ഒരു വരമ്പ് മാത്രമാണ്. 20000 ഏക്കറോളം കര ഭൂമിയാണ് ഈ പ്രദേശത്ത് വര്‍ഷങ്ങളായി തുടരുന്ന കരിമണല്‍ ഖനനം മൂലം കടലിനടിയിലായത്. എന്നിട്ടും നിര്‍ത്താതെ ഖനനം തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിംഗ് എന്ന ബാനറുമായി ഇവിടുത്തെ ജനങ്ങള്‍ സമരം നടത്തുന്നത് യുവ സിനിമാ താരം ടോവിനോ തോമസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടും ഇവിടുത്തെ ജനങ്ങളുടെയോ ജനപ്രതിനിധികളുടെയോ ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നത് അവിശ്വസിനീയമാണ്. കണ്ടിട്ടും കാണാത്ത ഭാവം നടിക്കുകയാണ് എല്ലാവരും.
മല്‍സ്യ സമ്പത്ത്കൊണ്ടും കാര്‍ഷിക സമൃദ്ധികൊണ്ടും സമ്പന്നമായിരുന്നു ആലപ്പാട്. എന്നാല്‍ 1965 മുതല്‍ ആലപ്പാടിന്റെ ചിത്രം തന്നെ മാറിമറിയാന്‍ തുടങ്ങി. ഇന്ത്യന്‍ റെയര്‍ എര്‍ത് സ് ലിമിറ്റഡ് (ഐ ആര്‍ ഇ) 1965 മുതല്‍ അതിരൂക്ഷവും മാരകവുമായ കരിമണല്‍ ഖനനം തുടങ്ങിയത് മുതല്‍ ആലപ്പാടിന്റെ തലവര തന്നെ മാറി. പശ്ചിമ തീര ദേശീയ ജലപാതക്കും കടലിനുമിടയിലുണ്ടായിരുന്ന വിശാലമായ ഭൂപ്രദേശവും അതിനെ സംരക്ഷിച്ച് നിര്‍ത്തിയിരുന്ന കരിമണല്‍ കുന്നുകളും മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ മുക്കുംപുഴ പാടവും പാനക്കാട്ടു പാടവും വിവിധ ജലസ്രോതസുകളും ഖനനം മൂലം ഇല്ലാതായി.
തീരത്തിന്റെ പരിസ്ഥിതി എന്നും സംരക്ഷിച്ച് നിര്‍ത്തിയിരുന്ന ചാകര (ാൗറ യമിസ) എന്ന പ്രതിഭാസം തീരത്തിന് നഷ്ടമായതോടെ ഐ ആര്‍ ഇ ഖനനം ചെയ്യുന്ന ഭൂപ്രദേശത്തേക്ക് മണല്‍ നിര്‍ബാധം ഒഴുകിയെത്തുന്ന രീതിയില്‍ ഖനനം ഇപ്പോഴും തുടരുകയാണ്. ഖനനം തുടങ്ങുന്നതിന് മുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതിയുണ്ടായിരുന്ന ആലപ്പാട് വില്ലേജിന്റെ ഇപ്പോഴത്തെ ഭൂവിസ്തൃതി കേവലം 7.6 ചതുരശ്ര കിലോമീറ്റര്‍ ആയി ചുരുങ്ങിയിരിക്കുന്നു. അതായത് 81.5 ചതുരശ്ര കിലോമീറ്റര്‍ കര കടലായി മാറി. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള ഒരു പ്രദേശത്ത് 20000 ഏക്കറോളം ഭൂമി നഷ്ടമായി എന്നത് അത്യന്തം ഗൗരവതരമായ കാര്യമാണ്.
ഇക്കാലത്തിനിടക്ക് ഏകദേശം 5000 ത്തോളം കുടുംബങ്ങള്‍ ഭൂരഹിതരാവുകയോ സ്ഥലം മാറിപോവുകയോ ഉണ്ടായിട്ടുണ്ട്. മല്‍സ്യ മേഖല ഉപജീവമാരാഗമാക്കിയിരുന്ന ഇവരില്‍ പലരും സ്ഥലം മാറി പോയതോടെ തൊഴില്‍ രഹിതരും ആയി.
ഖനനം പ്രകൃതിക്ക് വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് വരുത്തിയത്. ആലപ്പാടിന്റെ തെക്കുഭാഗം മുതല്‍ വടക്കുഭാഗം വരെയുണ്ടായിരുന്ന കണ്ടല്‍ക്കാടുകള്‍ പൂര്‍ണമായും ആലപ്പാടിന് നഷ്ടമായി. കണ്ടല്‍കാടിനോട് ചേര്‍ന്നുള്ള മല്‍സ്യസമ്പത്തിനും ഇതോടെ ശോഷണമുണ്ടായി. തീരങ്ങളില്‍ ഉണ്ടായിരുന്ന മരങ്ങള്‍ നശിച്ചതോടെ തീരം നശിച്ചു. നിരവധി ശുദ്ധജല സ്രോതസ്സുകളും ഖനനം മൂലം നശിച്ചു. തണ്ണീര്‍ത്തടങ്ങളും ഉറവകളും കിണറുകളും വറ്റിവരണ്ടു നശിച്ച് പോയി.
ലക്ഷദ്വീപ് കടല്‍ മേഖലയില്‍ സുനാമി തിരമാലകള്‍ മൂലം കന്യാകുമാരി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവനും സ്വത്തിനും നാശമുണ്ടായത് ആലപ്പാട് പഞ്ചായത്തിലാണ് എന്ന വസ്തുതയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. പ്രകൃതിദത്ത മണല്‍കുന്നുകള്‍ ഖനനം മൂലം നഷ്ടമായതോടെ കടലാക്രമണത്തിനെ പ്രതിരോധിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല. അറബിക്കടലിനും ടി എസ് കനാലിനും ഇടയില്‍ മൂന്നര കിലോമീറ്റര്‍ വീതിയുണ്ടായിരുന്ന നിലവിലെ ഖനന മേഖലയില്‍ കായലും കടലും ഒന്നായി തീര്‍ന്നത് സമീപകാല ദുരന്തമാണ്.
ഖനനം വീണ്ടും തുടര്‍ന്നാല്‍ കൊല്ലം – ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങള്‍ കടലെടുക്കും എന്ന കാര്യം നിസ്തര്‍ക്കമാണ്. ഇത് വീണ്ടും ഒരു മഹാദുരന്തത്തിന് വഴിവെക്കും. അത്കൊണ്ട് തന്നെ വിഷയത്തില്‍ അടിയന്തിരമായി സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ്. നവംബര്‍ ഒന്നുമുതല്‍ പ്രദേശത്ത് ആരംഭിച്ച റിലേ നിരാഹാര സത്യഗ്രഹം ഇനിയും കണ്ടില്ലെന്ന് നടിച്ചുകൂടാ. വിഷയത്തില്‍ പ്രതികരിക്കാന്‍ ഒരു സിനിമാ താരം, കലാകാരന്‍ കാണിച്ച ആര്‍ജ്ജവം ഇവിടുത്തെ ജനങ്ങളും നേതാക്കളും കാണിക്കേണ്ടതുണ്ട്.

green reporter

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>