സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Jan 5th, 2019

നവോത്ഥാന ചരിത്രത്തെ റദ്ദ് ചെയ്യരുത്

Share This

ppp

ഹമീദ് വാണിയമ്പലം

കേരളീയ നവോത്ഥാനം കേരളത്തിലെ ജാതീയതക്കെതിരെയുള്ള പോരാട്ടമായിരുന്നു. അയിത്താചരണത്തിനും സാമൂഹ്യാസമത്വങ്ങള്‍ക്കുമെതിരെ കീഴാള ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പായിരുന്നു. വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളായിരുന്നു. സാമൂഹ്യ നീതിക്കുവേണ്ടി പിന്തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ ഉജ്വലമായ ഉണര്‍വായിരുന്നു. സ്ത്രീ സമത്വത്തിനും സ്ത്രീ വിരുദ്ധ ആചാരങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങളായിരുന്നു. മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും പോലുള്ള പോരാട്ടങ്ങളിലൂടെ ഉദ്വോഗങ്ങളിലെ പങ്കാളിത്തത്തിനു വേണ്ടിയായിരുന്നു.

കേരളീയ നവോത്ഥാനത്തിന് പക്ഷേ പിന്നീട് തുടര്‍ച്ചകളുണ്ടായില്ല. നവോത്ഥാനത്തിന്റെ ഉണര്‍വുകളിലൂടെ വന്ന സാമഹ്യമാറ്റത്തെ സമര്‍ഥമായി ഉപയോഗപ്പെടുത്തി കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയതോടെ അതിന്റെ പിന്തുടര്‍ച്ച നിലക്കുകയായിരുന്നു. നവോഥാനത്തിന്റെ നേരവകാശികളായ ദലിത് ജനവിഭാഗങ്ങളുടെ കര്‍ഷകത്തൊഴിലാളികളുടെ ഭൂഅവകാശം എന്നെന്നേക്കുമായി നിഷേധിക്കപ്പെട്ടത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണം ജന്‍മികളുടെ ഭൂമിയില്‍ കൈവെച്ചെങ്കിലും ചാതുര്‍വണ്യത്തിലൂടെ ഭൂവിഭവ പങ്കാളിത്തത്തില്‍ നിന്ന് പുറം തള്ളപ്പെട്ട ദലിത് ജനതക്ക് ഒരിഞ്ച് ഭൂമിയും ലഭിച്ചില്ല. ഇന്നും കേരളത്തില്‍ ആ ജനത ഭൂരഹിതരായി തുടരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് 1964ല്‍ സി.പി.എം രൂപപ്പെട്ടതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ന്ന കീഴാള വിരുദ്ധത അതിന്റെ മൂര്‍ധന്യത്തില്‍ നടപ്പാക്കിയത് സി.പിഎമ്മാണ്.
നവോഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരായ ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തെ ഉറപ്പ് വരുത്തുന്ന സംവരണത്തെ അട്ടിമറിക്കാന്‍ സാമ്പത്തി സംവരണം എന്ന വാദമാണ് എക്കാലവും സി.പി.എം ഉയര്‍ത്തിയിട്ടുള്ളത്. ഭൂപരിഷ്‌കരണത്തിലൂടെ ലാന്റ് സീലിംഗില്‍ ഇളവ് നേടിയ തോട്ടം മേഖലയിലെ ഭൂമി സമ്പൂര്‍ണമായി കോര്‍പറേറ്റുകളുടെ കയ്യിലേക്കു വരികയും കയ്യേറ്റക്കാര്‍ക്കുവേണ്ടി ഭൂനിയമങ്ങള്‍ പരിഷികരിച്ചുകൊണ്ടിരിക്കുകയും ചെയ്യുക വഴി ദലിത് ജനതയുടെ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകര്‍ ഉയര്‍ത്തിയ ഭൂഅവകാശം എന്നത് സ്വപ്നമായി അവശേഷിക്കുകയും ചെയ്തു.

പിണറായി വിജയന്‍ അധികാരത്തിലേറിയപ്പോഴാകട്ടെ ദലിത് ജനത നടത്തിയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയായിരുന്നു. വടയമ്പാടിയിലെ ജാതി മതില്‍ വിരുദ്ധ സമരത്തോടും ദലിത് പീഢനത്തിനെതിരെയുള്ള നിയമം ഇല്ലാതാകുന്നതിനെതിരെ ദലിത് ഹര്‍ത്താല്‍ കേരളത്തില്‍ നടന്നപ്പോളുള്ള സമീപനവും എല്ലാം ഈ ഇടതു സര്‍ക്കാരിന്റെ കാലത്തായിരുന്നു. നവോത്ഥാനത്തിന്റെ അവകാശികളായ ദലിത്-മുസ്ലിം-ഈഴവ-പിന്നാക്ക ജനതയെ കേരളത്തിലെ ഉന്നതാധികാരങ്ങളില്‍ നിന്ന് പുറംതള്ളുന്ന കെ.എ.എസിലെ സംവരണ നിഷേധത്തിന് വാശിയോടെ നേതൃത്യം നല്‍കുന്നത് കേരളത്തിലെ സി.പി.എമ്മിന്റെ സര്‍ക്കാരാണ്.

ശബരിമല വിഷയത്തിലെ കോടതി വിധിയുടെ പേരില്‍ പുതിയ നവോത്ഥാന സംരഭം എന്ന നിലയില്‍ വനിതാ മതില്‍ വമ്പിച്ച പബ്ലിക് റിലേഷനോടെ വാഴ്ത്തപ്പെടുമ്പോള്‍ അതേ വനിതാ മതിലില്‍ പങ്കെടുത്ത എസ്.എന്‍.ഡി.പി ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ തൊട്ടടുത്ത ദിവസം തന്നെ നിലപാടെടുക്കുകയാണ്. വനിതാ മതിലിലെ പ്രധാന സംഘാടകനായ ഒരു വ്യക്തിയാകട്ടെ ശബരിമലയില്‍ സ്ത്രീകളെയും മാധ്യമ പ്രവര്‍ത്തകരേയും ആക്രമിക്കുന്നതില്‍ മുന്നില്‍ നിന്നയാളുമായിരുന്നു.

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ വെച്ച് ഒരു വ്യക്തിയേയും ഒരു പാര്‍ട്ടിയേയും ഉയര്‍ത്തിക്കാട്ടാന്‍ പെയ്ഡ് ന്യൂസുകളുടെ പിന്‍ബലത്തോടെ നടക്കുന്ന വലിയ പ്രചരണമാണ് ഇപ്പോഴുള്ള നവോത്ഥാന നായക വേഷം. സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കാളിത്തവുമില്ലാത്ത ആര്‍.എസ്.എസ് നേതാക്കളെ സ്വാതന്ത്ര്യസമര നായകരായി ചിത്രീകരിക്കുന്നതുപോലെ തന്നെയാണ് കേരളീയ നവോത്ഥാനത്തില്‍ യാതൊരു പങ്കുമില്ലാത്ത ഇപ്പോഴും നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ അധികാരവും മസില്‍പവറും ഉപയോഗിക്കുന്ന സി.പി.എമ്മിനേയും അതിന്റെ നേതാവിനേയും നവോത്ഥാന നായകരായി ഉയര്‍ത്തിക്കാട്ടുന്നത്. കേരള രാഷ്ട്രീയത്തില്‍ ധ്രൂവീകരണം സൃഷ്ടിച്ച് സംഘ്പരിവാറിനെ രണ്ടാം സ്ഥാനത്ത് നിര്‍ത്തി സ്ഥിരമായി ദലിത് ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങിയെടുക്കാനുള്ള അപകടകരമായ നീക്കമാണിത്. ഈ നീക്കം പ്രബുദ്ധ കേരള ജനത തിരിച്ചറിയണം.
കേരളത്തിലെ കോണ്‍ഗ്രസിന്റെ നയനിലപാടുകള്‍ ഫാസിസത്തിനും ഫാസിസ്റ്റ് വര്‍ഗീയ കക്ഷികള്‍ക്കും ഗുണകരമാകില്ല എന്നതില്‍ കോണ്‍ഗ്രസും ജാഗ്രത പാലിക്കണം. ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിന്റെ ചില നിലപാടുകള്‍ അത്തരത്തിലുള്ളതല്ല; അത് തിരുത്തണം. സംഘ്പരിവാറിനെ ചെറുത്തg തോല്‍പിക്കേണ്ടത് മതേതര കക്ഷികളുടെ പരസ്പര സഹകരണത്തിലൂടെയാണ്. പരസ്പരം ദുര്‍ബലപ്പെടുത്തി ഫാസിസ്റ്റുകളും തങ്ങളുമെന്ന ദ്വന്ദം സൃഷ്ടിപ്പ് കേരളത്തെ തൃപുരയാക്കുകയേ ഉള്ളൂ. കോണ്‍ഗ്രസും സി.പി.മ്മും ഇക്കാര്യത്തില്‍ ഒരു പോലെ ജാഗ്രത പാലിക്കുകയാണ് മതേതര കേരളത്തെ പരിരക്ഷിക്കുന്നതിനുള്ള പോംവഴി.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>