സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jan 1st, 2019

വനിതാ മതില്‍ ധൃതരാഷ്ട്രാലിംഗനമോ

VV

ഷഫീക് സുബൈദ ഹക്കിം

വനിതാ മതിലുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ഒരു ആശങ്കകൂടി പറയട്ടെ. ഇന്ത്യയിലെന്ന പോലെ കേരളത്തിലും കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി സ്വാധീനം ചെലുത്തുന്ന ഒരു ആശയധാരയായി ദലിത്-അംബേദ്ക്കറൈറ്റ് രാഷ്ട്രീയം മാറിത്തീര്‍ന്നിട്ടുണ്ട്. കേരളമൊട്ടാകെയും ചെവികൊടുക്കുന്ന രാഷ്ട്രീയ ധാരയാണത്. കേവല വര്‍ഗസമരമാത്രവാദ ഇടത് രാഷ്ട്രീയ കാര്‍ക്കശ്യങ്ങളെയും മൗലികവാദങ്ങളെയും ഭേദിച്ചതുകൊണ്ടു കൂടിയുണ്ടായ ഉണര്‍വ്വാണത്. ഇന്ന് മാര്‍ക്‌സിസം-ലെനിനിസം-കമ്മ്യൂണിസം രാഷ്ട്രീയങ്ങള്‍ക്ക് അതിന്റെ വാസ്തവികതയില്‍ നിന്നും അടിത്തട്ട് ജനങ്ങളെ സ്വാധീനിക്കാനാവുന്നില്ല. അതേ സമയം കേരളത്തിലെ അടിത്തട്ട് യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ ജാതിനിബിഢമാണ് എന്ന് വ്യക്തമായി മാറിക്കൊണ്ടുമിരിക്കുന്നുണ്ട്. അതിലേക്ക് സംഘപരിവാര്‍ രാഷ്ട്രീയത്തിന് വേരോട്ടം ലഭിക്കുന്നുമുണ്ട്. ഇന്ന് സര്‍ക്കാരാദി അധികാര കേന്ദ്രങ്ങളെ മുട്ടുവിറപ്പിക്കാന്‍ നാമജപക്കാര്‍ക്ക് കഴിയുന്നതിന്റെ പശ്ചാത്തലം ഇതല്ലേ? സുപ്രീം കോടതിയുടെ പിന്തുണയുണ്ടായിട്ടും സര്‍ക്കാര്‍ എന്ന അധികാരമുണ്ടായിട്ടും ഇടതുപക്ഷ സര്‍ക്കാര്‍ സംഘപരിവാര സവര്‍ണ ശക്തികള്‍ക്കു മുമ്പില്‍ മുട്ടിലഴയുകയാണ്. പ്രയോഗത്തിലെ വൈരുധ്യമല്ല, പ്രത്യയശാസ്ത്രത്തില്‍ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിന് അപകടങ്ങളുണ്ട് എന്നും ബ്രാഹ്മണിക പ്രത്യയശാസ്ത്രത്തിന് ഒളിച്ചിരിക്കാന്‍ പറ്റുന്ന ഇടമാണ് വര്‍ഗസമര രാഷ്ട്രീയമെന്നുമുള്ള സണ്ണി എം കപിക്കാടിന്റെ ദീര്‍ഘവീക്ഷണം കൂടുതല്‍ വ്യക്തമാക്കിത്തരുന്നതാണ് കടകംപ്പള്ളി സുരേന്ദ്രന്റെയും പത്മകുമാറിന്റെയുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസ്ഥാവനകള്‍. (ഇത് മുമ്പും പലഘട്ടങ്ങളിലും പലരിലൂടെയും പുറത്തു വന്നിട്ടുള്ളതുമാണ്.)

ഇടത് പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയത്തിനും വന്നുഭവിച്ചിരിക്കുന്ന ജനവിരുദ്ധ സ്വഭാവവും അസ്വീകര്യതയും ഒപ്പം ദലിത്-അംബേദ്ക്കറൈറ്റ്-കീഴാള രാഷ്ട്രീയത്തിനു ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയും അവരുടെ വിമര്‍ശനങ്ങള്‍ക്ക് ലഭിക്കുന്ന ദൃശ്യതയും ഗൗരവമേറിയ കാര്യങ്ങളാണ്. പുരോഗമനമെന്നാല്‍ ഇടത് വാചക കസറത്ത് അല്ലാ എന്നും സ്ത്രീപക്ഷ, LGBTQI പക്ഷ, ദലിത്-ആദിവാസി-മുസ്ലീം പക്ഷ, ഭാഷാന്യൂനപക്ഷാനുകൂല കീഴാള രാഷ്ട്രീയമാണെന്നും അര്‍ത്ഥം വന്നുചേര്‍ന്നിട്ടുണ്ട്. ഇത്തരമൊരു സമസ്യയെ മറികടക്കാനുള്ള ഗിമ്മിക്കുകളും അത്തരം സ്വാധീനങ്ങളെ സമുദായ സംഘടനകളെ കൂട്ടുപിടിച്ചു കൊണ്ട് അട്ടിമറിക്കാനുള്ള ശ്രമവുമല്ലേ ഈ വനിതാ മതില്‍ എന്ന് സംശയിക്കുന്നതില്‍ കാര്യമുണ്ട് എന്ന് വിശ്വസിക്കുന്നു.

ഇന്നലെ വരെ സമുദായ സംഘടനകളെ ഒന്നാകെ തെറി വിളിക്കുകയും വര്‍ഗീയവാദ ചാപ്പകുത്തുകയും സ്വത്വവാദികളെന്നും ജാതിവാദികളെന്നും അധിക്ഷേപിക്കുകയും ചെയ്ത ഇടതുപക്ഷ രാഷ്ട്രീയത്തിന് ഒരു സുപ്രഭാദത്തില്‍ ഇവരെയൊക്കെ സ്വീകരിച്ചാനയിക്കാനും ആണ്‍ നേതൃത്വത്തില്‍ വനിതാ മതില്‍ പ്രഖ്യാപിക്കാനും സംഘടിപ്പിക്കാനും എന്നാലതേസമയം ശബരിമല പോലെ കണ്‍മുന്നില്‍ നില്‍ക്കുന്ന സ്ത്രീ അവകാശ പ്രശ്‌നത്തില്‍ പ്രതിലോമകരമായ പ്രായോഗിക നിലപാടെടുക്കാനും ഇവര്‍ കാണിക്കുന്ന ഇരട്ടത്താപ്പിന് മറ്റൊരര്‍ത്ഥം കാണുന്നില്ല.

മുമ്പ് ട്രാന്‍സ്‌ജെണ്ടര്‍ വിഷയത്തില്‍ അതിശക്തമായ വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ ട്രാന്‍ജെണ്ടര്‍ വിഭാഗത്തെ ഇടത് ഫോള്‍ഡിനുള്ളില്‍ പ്രവേശിപ്പിച്ചു എന്നതില്‍ കവിഞ്ഞ് അവരുടെ ജീവിതത്തിനോ അവരുന്നയിച്ച പ്രശ്‌നങ്ങള്‍ക്കോ പരിഹാരം കാണാന്‍ ഇടത് രാഷ്ട്രീയത്തിനോ സര്‍ക്കാരിനോ കഴിഞ്ഞോ? ഏതാനം ചില ഔദാര്യങ്ങള്‍ ചൊരിഞ്ഞ് അവരെ മൂലക്കിരുത്തുകയാണ് ചെയ്തത്. ഇപ്പോഴും അവര്‍ സ്വജീവിതം തിരിച്ചുപിടിക്കാനായി സമരത്തിലാണ്. തങ്ങള്‍ക്ക് ഒരു കാലത്ത് ലഭിച്ച വിസിബിലിറ്റി പോലും നഷ്ടമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ജീവിതം തകര്‍ക്കുന്ന മര്‍ദ്ദനങ്ങളെയാണ് അവര്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. കോളേജ് മാഗസിന്‍ പ്രകാശനം ചെയ്യാനും നാട മുറിക്കാനും ഏതാനും ചില ട്രാന്‍സ്‌ജെണ്ടര്‍ വ്യക്തിത്വങ്ങളെ ക്ഷണിക്കുന്നതിലും യുവസംഘടനകളില്‍ ചിലരെ പ്രവേശിപ്പിക്കുന്നതിലും ഒതുക്കി ട്രാന്‍സ്‌ജെണ്ടര്‍ വിഷയത്തെ ഞെരുക്കിക്കളയാന്‍ ഇടത്പക്ഷ ഗൂഢാലോചനക്ക് സാധിച്ചിട്ടുണ്ട്.

ഇതേ തന്ത്രം വലിയ തോതില്‍ പരീക്ഷിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായി ഇപ്പോഴത്തെ സമുദായ നേതൃത്വ ഇടത് ഐക്യപ്പെടലിനെയും വനിതാ മതിലിനെയും സംശയിക്കുകയാണ്. തുടക്കത്തില്‍ പറഞ്ഞ പോലെ ഒരു ആശങ്കയാണ് പങ്കുവെച്ചത്. കേരളത്തിലെ ‘ചാണക്യ’തലകളാണ് (ബ്രാഹ്മണിക്കല്‍ കുതന്ത്രനേതൃത്വമാണ്) ഇടത് ബുദ്ധികള്‍. അതുകൊണ്ട് തന്നെ വനിതാ മതില്‍ ഒരു ധൃതരാഷ്ട്രാലിംഗനമല്ലേ?

ഫേസ് ബുക്ക് പോസ്റ്റ്്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>