സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Dec 31st, 2018

സണ്ണി കപിക്കാടും രഹ്ന ഫാത്തിമയും – പേഴ്‌സന്‍സ് ഓഫ് ദി ഇയര്‍

sunnnny

മാന്‍ ഓഫ് ദി ഇയര്‍, വുമണ്‍ ഓഫ് ദി ഇയര്‍ തുടങ്ങിയ തെരഞ്ഞെടുപ്പുകള്‍ക്കോ എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു തന്നെ പറയാം. എന്നാലും അത്തരമൊരു പരിശോധനയും ചര്‍ച്ചകളും ഭാവിയെ നിര്‍വ്വചിക്കുന്നതില്‍ സഹായകരമാകുന്നു എങ്കില്‍ അത് പ്രസക്തവുമാണ്. ഈ അര്‍ത്ഥത്തില്‍ കേരളീയ പശ്ചാത്തലത്തില്‍ പോയ വര്‍ഷത്തെ മാന്‍ ഓഫ് ദി ഇയര്‍ ആയി ശ്രീ സണ്ണി കപിക്കാടിനേയും വുമണ്‍ ഓഫ് ദി ഇയര്‍ ആയി ശ്രീമതി രഹ്ന ഫാത്തിമയേയും നിര്‍ദ്ദേശിക്കുകയാണ്.
തീര്‍ച്ചയായും ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുക്കുന്നയാളുടെ നിലപാടുകള്‍ തന്നെയാണ് പ്രതിഫലിക്കുക. ആരോഗ്യകരമായ സംവാദത്തിനും അവിടെ സാധ്യതയുണ്ട്. എന്നാല്‍ എല്ലാ സംവാദത്തേയും കക്ഷിരാഷ്ട്രീയ – ജാതി മത കളളികളില്‍ ഒതുക്കുന്ന കേരളത്തില്‍ ആ സാധ്യത തുലോ തുച്ഛമാണ്. മാന്‍ ഓഫ് ദി ഇയര് ആയി നിരവധി പേര്‍ നിര്‍ദ്ദേശിക്കുന്ന പേര് മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. മൂന്നു കാരണങ്ങളാണ് അതിനു പുറകിലുള്ളത്. ഒന്ന് അന്ധമായ വ്യക്ത്യാരാധന തന്നെ. നമ്മുടെ രാഷ്ട്രീയം അനുദിനം വ്യക്ത്യാധിഷ്ഠിതമാകുന്നതിനു ഉദാഹരണമാണ് മമ്മുട്ടിയേയും മോഹന്‍ലാലിനേയും പോലെ പിണറായിക്കും ലക്ഷകണക്കിനു ഫാന്‍സുകള്‍ ഉണ്ടാകുന്നത്. അതവഗണിക്കാം. പിന്നെ പലരും പിണറായിയെ നിര്‍ദ്ദേശിക്കുന്നത് പ്രളയകാലത്തെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടിയാണ്. സാധാരണ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താത്ത അദ്ദേഹം ആ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു എന്നത് ശരിയാണ്. അതില്‍പരം ഒരു മുഖ്യമന്ത്രി സ്വാഭാവികമായും ചെയ്യുന്ന കാര്യങ്ങളല്ലാതെ മറ്റെന്താണ് അദ്ദേഹം ചെയ്തത്.? അതുപോട്ടെ, പ്രളയത്തിനുശേഷം മാസങ്ങളായിട്ടും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ എവിടെയെത്തി നില്‍ക്കുന്നു എന്ന പരിശോധന നടത്തിയാലോ? ആദ്യഗഡുവായ 10000 രൂപ പോലും കിട്ടാത്തവര്‍ നിരവധി. ഇപ്പോളും ക്യാമ്പുകളില്‍ ജീവിക്കുന്നവര്‍. തകര്‍ന്ന വീടുകളുടെ ലിസ്റ്റ് എടുത്തു തീര്‍ന്നിട്ടില്ല. വ്യാപാരമേഖയിലെ നഷ്ടത്തിനു കണക്കു പോലുമില്ല. പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായൊന്നും മുന്നോട്ടു പോകുന്നില്ല. കേരളത്തിന്റെ ന്യായമായ അവകാശങ്ങള്‍ തള്ളിക്കളഞ്ഞ കേന്ദ്രത്തിനു നേരെ പ്രതീകാത്മക സമരം പോലുമുണ്ടായില്ല. അതിനിടയില്‍ ശബരിമല വിഷയം സജീവമായതോടെയ പ്രളയം പോലും മലയാളി മറന്നത് സര്‍ക്കാരിനു ഗുണകരമായി എന്നതാണ് വസ്തുത.
അടുത്തൊരു വിഭാഗം പിണറായിയെ നിര്‍ദ്ദേശിക്കുന്നത് ശബരിമല വിഷയവുമായി എടുത്ത നിലപാടുകളുടെ പേരിലാണ്. അവിടേയും എന്താണ് സംഭവിച്ചത്? നവോത്ഥാന പ്രസംഗങ്ങളിലൂടെ അദ്ദേഹം കയ്യടി നേടിയെന്നത് ശരിതന്നെ. എന്നാല്‍ പ്രസംഗിക്കുന്നത് പിണറായിയല്ല, മുഖ്യമന്ത്രിയാണെന്നത് അദ്ദേഹവും ഫാന്‍സും മറന്നു. പ്രസംഗമല്ലാതെ മറ്റെന്താണ് നടന്നത്? ഒന്നുമില്ല. അവസാനം ശബരിമലയുമായി ബന്ധമില്ലാത്ത വനിതാമതിലില്‍ നവോത്ഥാനം മുട്ടി നില്‍ക്കുന്നു. താന്‍ മാന്‍ ഓഫ് ദി ഇയര്‍ ആകാന്‍ താന്‍ അര്‍ഹനല്ലെന്ന് പിണറായി തന്നെ തെളിയിച്ചു.
രാഹുല്‍ ഈശ്വറിനേയും ശ്രീധരന്‍ പിള്ളയേയും കെ സുരേന്ദ്രനേയുമൊക്കെ മാന്‍ ഓഫ് ദി ഇയറായി നിര്‍ദ്ദേശിക്കുന്നവരുണ്ട്. നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച് വാര്‍ത്തയാകാന്‍ ശ്രമിക്കുന്നവരല്ലല്ലോ ഈ വിശേഷണത്തിന് അര്‍ഹര്‍. അവിടെയാണ് സണ്ണി കപിക്കാടിന്റെ പ്രസക്തി. ദളിത് – മനുഷ്യാവകാശ – സാമൂഹ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ എത്രയോ കാലമായി സുപരിചിതനാണ് സണ്ണി എങ്കിലും കക്ഷിരാഷ്ട്രീയക്കാരേയും ഏതാനും സാഹിത്യകാരന്മാരേയും മാത്രം അറിയുന്ന പൊതുസമൂഹത്തില്‍ അദ്ദേഹം അത്ര പ്രശസ്തനായിരുന്നില്ല. എന്നാല്‍ ശബരിമല വിഷയത്തില്‍ സംഘപരിവാറിനെതിരെ ഏറ്റവും ശക്തമായ പ്രതിരോധമുയര്‍ത്തിയത് സണ്ണിയാണ്. സുനില്‍ പി ഇളയിടത്തെപോലുള്ളവര്‍ സ്വയം സൃഷ്ടിച്ച സവര്‍ണ്ണ ചട്ടക്കൂടിനകത്തുനിന്നുള്ള സാധ്യതകള്‍ ഉപയോഗിച്ചും രവിചന്ദ്രനെ പോലുള്ളവര്‍ വരട്ടു യുക്തിവാദവുമായും സംഘികളെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നു വ്യത്യസ്ഥമായി തികച്ചും ദളിത് – അംബേദ്കര്‍ – സ്ത്രീ പക്ഷത്തുനിന്നുള്ള അതിശക്തമായ പ്രതിരോധമാണ് സണ്ണി ഉയര്‍ത്തിയത്. കേവലം പ്രഭാഷണങ്ങളില്‍ മാത്രമത് ഒതുങ്ങുന്നുമില്ല. നവവത്സരത്തില്‍ ആദിവാസി – ദളിത് സ്ത്രീകളുടെ നേതൃത്വത്തില്‍ ജനാധിപത്യ – മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പിന്തുണയോടെ യുവതികളുടെ ശബരിമല പ്രവേശനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോളദ്ദേഹം. കേരളത്തില്‍ സമീപകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള യുവ ദളിത് പ്രവര്‍ത്തകരില്‍ സണ്ണി ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. സണ്ണിയുള്ളപ്പോള്‍ മറ്റാരെയാണ് മാന്‍ ഓഫ് ദി ഇയര്‍ ആയി നിര്‍ദ്ദേശിക്കാനാവുക?
സ്ത്രീകളിലേക്കു വരുമ്പോള്‍ മത്സരം കുറെകൂടി ശക്തമാണ്. മുഖ്യധാരയില്‍ നിന്നുള്ള പ്രധാന നിര്‍ദ്ദേശം നിപ കാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെയാണ്. ശരിയാകാം. എന്നാല്‍ അതവരുടെ ഉത്തരവാദിത്തമല്ലാതെ മറ്റെന്താണ്? പോരാട്ടങ്ങളാണ് ഇത്തരമൊരു തെരഞ്ഞെടുപ്പിനെ കൂടുതല്‍ പ്രസക്തമാണെന്നു കരുതുന്നവരുടെ മുന്നില്‍ ഉയര്‍ന്നു വരുക പ്രധാനമായും 2 പേരുകളാണ്. ഒന്ന് ആദ്യമായി കന്യാസ്ത്രീകളെ തെരുവിലിറക്കി നടത്തിയ ചരിത്രപോരാട്ടത്തിനു നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ. തീര്‍ച്ചയായും അവരുടെ ധീരതയേയും ആര്‍ജ്ജവത്തേയും അംഗീകരിക്കുന്നു. എന്നാല്‍ അവര്‍ക്ക് പൊതുസമൂഹത്തില്‍ നിന്നും ശക്തമായ പിന്തുണ ലഭിച്ച കാര്യം മറക്കുന്നില്ല. അതുപോലുമില്ലാത്ത ഒറ്റയാള്‍ പോരാട്ടമാണ് രഹ്ന ഫാത്തിമ നടത്തിയത്. ഭരണഘടനാമൂല്യങ്ങള്‍ക്കും ലിംഗനീതിക്കുമായി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റേയോ മതസംഘടനയുടേയോ മാധ്യമങ്ങളുടേയോ പിന്തുണയില്ലാതെ നടത്തിയ പോരാട്ടം. ഭരണഘടനാപരമായി നിലനില്‍ക്കാത്തതും എന്നാല്‍ പ്രത്യക്ഷത്തില്‍ തന്നെ നിലനില്‍ക്കുന്നതുമായ അയിത്തത്തിനെതിരായ ശകതമായ പോരാട്ടമാണ് രഹ്ന നടത്തിയത്. ഔദ്യോഗികമായി വിലക്കില്ലെങ്കിലും ഫലത്തില്‍ വിലക്കുണ്ടായിരുന്ന തൃശൂരിലെ പുലിക്കളിയില്‍ പെണ്‍പുലിയായി അവരിറങ്ങിയപ്പോള്‍ അഭിനന്ദിച്ചവര്‍ പോലും ഇത്തവണ അവര്‍ക്കെതിരെ തിരിയുകയായിരുന്നു. സിപിഎമ്മിന് അവര്‍ ബിജെപിയുടേയും ബിജെപിക്ക് അവര്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസ്സിന് ഇരുകൂട്ടരുടേയും പ്രതിനിധിയായിരുന്നു. പെണ്ണിന്റെ അസ്തിത്വത്തെയാണ് അതിലൂടെ അവരെല്ലാം നിഷേധിച്ചത്. 2017ല്‍ ഹാദിയ നടത്തിയ പോരാട്ടത്തിനു സമാനമാണ് രഹ്നയുടേയും പോരാട്ടമെന്നു കാണാം. വീടിനുനേരെ ആക്രണമം, ജോലിയില്‍ സസ്‌പെന്‍ഷന്‍, ജയില്‍വാസം. എന്നിട്ടും ലിംഗനീതിക്കായി പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന രഹ്നയെയല്ലാതെ മറ്റാരെയാണ് വുമണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കാനാകുക. പിറന്ന സമുദായത്തിന്റെ പേരില്‍ തന്നെ ജനനം മുതല്‍ നിരവധി പ്രതിബന്ധങ്ങളിലൂടെ നീന്തിയാണ് സണ്ണിയും രഹ്നയും ഇന്ന് കേരള നവോത്ഥാനത്തിന്റെ പുത്തന്‍ പ്രതീക്ഷകളായി മാറിയിരിക്കുന്നത് എന്നതും ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>