സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Dec 28th, 2018

എന്തിന് ദളിത് – ആദിവാസി സ്ത്രീകളും പുരുഷന്‍മാരും ശബരിമല കയറണം

Share This
Tags

vvvവിഷ്ണു വിജയന്‍

ദളിത് – ആദിവാസി സ്ത്രീകളും, പുരുഷന്‍മാരും എന്തിനാണ് ശബരിമല കയറുന്നും, അവിടെ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് മറികടക്കുമെന്നും ആഹ്വാനം ചെയ്യുന്നത്.! അംബേദ്കറിന്റെയോ, അയ്യങ്കാളിയുടെയോ നിലപാടുകള്‍ക്ക് വിപരീതമായി സംഘപരിവാറിനെതിരെ ക്ഷേത്ര പ്രവേശന എന്നത് ഒരു രാഷ്ട്രീയ വെല്ലുവിളിയായി ഉയര്‍ത്തിയത് എന്തിനു വേണ്ടിയാണ്.! സണ്ണി എം കപിക്കാട് ഉള്‍പ്പെടെയുള്ള ഭൂ അതികാര സംരക്ഷണ സമിതിയുടെ എന്തിനാണ് അത്തരമൊരു നിലപാട് കൈകൊണ്ടത്…!

വ്യക്തിപരമായ അഭിപ്രായം ചിലത് പറയാം. പ്രായഭേദമെന്യേ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്ന് മൂന്നു മാസം തികയുമ്പോള്‍, ഇന്നലെ നടന്ന അയ്യപ്പ ജ്യോതി ഉള്‍പ്പെടെ കേരളത്തില്‍ അരങ്ങേറിയ കാര്യങ്ങള്‍ ഇനിയും ആവര്‍ത്തിച്ചു പറയേണ്ടതില്ലല്ലോ. ശബരിമല ഉയര്‍ത്തിവിട്ടതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യം എന്താണെന്നാല്‍ ബ്രാഹ്മണ്യം അതിന്റെ അധികാരം നിലനിര്‍ത്താന്‍ എപ്പോഴും തുടര്‍ന്നു പോരുന്നത് ചില ചരിത്ര നിഷേധങ്ങളുടെയും, കെട്ടുകഥകളുടെയും മേലാണ്. അത്തരം കെട്ടുകഥകളെ വലിച്ചു കീറിയാണ് മലയരയ സഭയുടെ പ്രതിനിധി സജീവ് ചരിത്ര വസ്തുതകള്‍ മുന്‍നിര്‍ത്തി ആദിവാസി സമൂഹത്തിന്റെ അവകാശ വാദങ്ങള്‍ മുന്‍പോട്ടു വെച്ചത്. കേരള രാഷ്ട്രീയത്തില്‍ മുഖ്യധാരയില്‍ അടുത്ത കാലത്ത് ഇത്രയും വലിയൊരു മൂവ്‌മെന്റ്, ബ്രാഹ്മണ്യവാദികള്‍ക്ക് നേരെ ആദിവാസി സമൂഹത്തിന് നടത്താന്‍ കഴിഞ്ഞിട്ടില്ല, ഇതിനോട് രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ മറുപടിയൊക്കെ അതിന്റെ തെളിവാണ്. മലയര സമൂഹം മുന്‍പോട്ടു വെക്കുന്ന വാദങ്ങളുടെ വിദൂര സാധ്യതകളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.
മറ്റൊന്ന്, എന്‍.എസ്.എസ് ന്റെയും, പന്തളം രാജാവിന്റെയും, തന്ത്രിയുടെയും ഒക്കെ അധികാരങ്ങള്‍ എന്നൊക്കെയുള്ള ലൈനില്‍ ഭരണഘടനാ അവകാശങ്ങള്‍ക്ക് മുകളില്‍ തങ്ങള്‍ക്ക് ചില അവകാശങ്ങളുണ്ട് എന്ന രീതിയില്‍ ബ്രാഹ്മണ്യത്തിന്റെ പ്രചാരകര്‍ കഴിഞ്ഞ നാളുകളില്‍ നടത്തി വന്ന ഗീര്‍വാണങ്ങള്‍ അടക്കമുള്ള കാര്യങ്ങളെ ശൂദ്ര കലാപം എന്നാണ് സണ്ണി എം കപിക്കാട് നിര്‍വചിച്ചത്. കേരളത്തില്‍ അരങ്ങേറുന്ന നവ ബ്രാഹ്മണിക്കല്‍ മൂവ്‌മെന്റുകളെ, ഈ ശൂദ്ര കലാപത്തെ നേരിടുക എന്നത് അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വമാണ്, അതിന്റെ ഭാഗമായാണ് രേഖാ രാജ് , മൃദുലാദേവി ശശിധരന്‍, സണ്ണി എം കപിക്കാട്, സന്തോഷ് കുമാര്‍, പി.കെ.സജീവ് തുടങ്ങിയ ആളുകള്‍ കഴിഞ്ഞ നാളുകളില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വേദികളില്‍ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നത്. മുഖ്യധാരയില്‍ നിഷേധിക്കപ്പെട്ടിരുന്ന അംബേദ്കര്‍ ചിന്തകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും, നാളകളില്‍ അതിന്റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ പോകുന്നതും ഇങ്ങനെ ഒക്കെ തന്നെയാണ്.
ശബരിമല എന്നത്, കേരള ചരിത്രത്തില്‍ ഇപ്പോള്‍ ഹിന്ദുത്വം ഉറഞ്ഞു തുള്ളുന്ന അസമത്വത്തിന്റെയും, അനീതിയുടെയും കേദാരമാണ്, ഉള്ളില്‍ അടക്കിപ്പിടിച്ചിരുന്ന പല ബോധങ്ങളും പുറത്തു ചാടിയതും ഇതേ ശബരിമലയില്‍ തട്ടിയാണ്. അവിടെ ഹിന്ദുത്വ രാഷ്ട്രീയം മനുവാദം ഉയര്‍ത്തി ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നത് അതിനെ നേരിടുക എന്നത് ഭരണഘടനാ/ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വമാണ്. ലിംഗനീതിക്കും, സ്ത്രീ സമത്വത്തിനും, ഭരണഘടനാ മൂല്യങ്ങള്‍ക്കും കൂടുതല്‍ വേരോട്ടം ഉണ്ടാക്കുക, അപരത്വം നേരടുന്ന സമൂഹത്തിന്റെ അവകാശങ്ങള്‍ ഉയര്‍ത്തി പിടിക്കുക, അതിനാല്‍ ശബരിമല ഇപ്പോള്‍ വെറുമൊരു ക്ഷേത്രം എന്നതിനപ്പുറം കീഴടക്കേണ്ട, കേരളത്തില്‍ തിരുത്തി എഴുതേണ്ട ബ്രാഹ്മണ്യ മൂല്യബോധങ്ങളുടെ അടിസ്ഥാനമായാണ് നമുക്ക് മുന്‍പില്‍ നില്‍ക്കുന്നത്. അതിനെ അംബേദ്കര്‍ രാഷ്ട്രീയം ഉയര്‍ത്തി നേരിടുക തന്നെ ചെയ്യണം, ആത്മീയ ഉണര്‍വിനെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്ന സാമൂഹിക ഉണര്‍വ്വിന്റെ ഭാഗമാണത്….

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>