സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Dec 24th, 2018

സമുദായ വിരുദ്ധമായ ട്രാന്‍സ്ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്ല് 2018 പിന്‍വലിക്കാനവശ്യം

tt

ട്രാന്‍സ്ജണ്ടെര്‍, ഇന്റര്‍സെക്സ്, മറ്റു ലിംഗ ലൈംഗിക സമുദായങ്ങളുടെയും ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ആശങ്കകളെയും പ്രതിഷേധങ്ങളെയും ഒട്ടും തന്നെ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ജെണ്ടെര്‍ ബില്‍ (The Transgender Persons (Protection of Rights) Bill, 2018) 2018 ഡിസംബര്‍ 17ന് ലോകസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയിരിക്കുകയാണ്. അടുത്ത ഒരാഴ്ചക്കുള്ളില്‍ തന്നെ പ്രസ്തുത ബില്ല് രാജ്യസഭയുടെ അംഗീകാരത്തിനായി അവതരിപ്പിക്കപ്പെടുകയാണ്. അങ്ങേയറ്റം സമുദായ വിരുദ്ധമായ ഈ ബില്ലുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ചില വസ്തുതകള്‍ നിങ്ങളുടെ ഓരോരുത്തരുടെയും അറിവിലേക്കായി പങ്കുവയ്ക്കട്ടെ.

ഒരാളുടെ ലിംഗപദവി എന്താണെന്ന് നിശ്ചയിക്കാനുള്ള അയാളുടെ സ്വയം നിര്‍ണ്ണയാവകാശം പുതിയ ബില്ല് പ്രകാരം നമ്മുക്കില്ലാതാവും എന്ന് മാത്രമല്ല, പ്രസ്തുത വിഷയത്തിലുള്ള പരമാധികാരം ജില്ലാ സ്‌ക്രീനിങ് കമ്മിറ്റിക്ക് ഈ ബില്ല് അനുവദിച്ച് നല്‍കുന്നു. ശാരീരികമായ സമഗ്രത, സ്വയം നിര്‍ണ്ണയാവകാശം, അന്തസ്സ് എന്നിവ എല്ലാ പൗരന്‍മാര്‍ക്കും ഇന്ത്യന്‍ ഭരണഘടന ജീവിക്കാനുള്ള അവകാശത്തിന്‍ കീഴില്‍ അനുവദിച്ച് നല്‍കുന്നുണ്ട്. ലിംഗ പദവി സ്വയം നിര്‍ണ്ണയാവകാശവുമായി ബന്ധപ്പെട്ട പരമാധികാരം വ്യക്തിയില്‍ അധിഷ്ടിതമാണ് എന്ന സുപ്രീം കോടതി വിധിയും ഈ ബില്ല് തള്ളിക്കളയുന്നു. ലിംഗ പദവിയുടെ സ്വയം നിര്‍ണയാവകാശം എന്നത് അങ്ങേയറ്റം ആഴത്തില്‍ സംങ്കീര്‍ണതയുള്ള വ്യക്തിഗത അനുഭവമാണ്. അത് ഏതെങ്കിലുമൊരു ബ്യൂറോക്രാറ്റിന് നിര്‍ണയിക്കാനാവുന്ന ഒന്നുമല്ല. ആയതിനാല്‍ ബില്ലിലെ ഈ നിര്‍ദ്ദേശം നമ്മുക്കൊരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

നമ്മുക്കെല്ലാം അറിയാവുന്നതു പോലെ തന്നെ നമ്മുടെ സമുദായംഗങ്ങള്‍ പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ബദായ്, മാഗ്തി അടക്കമുള്ള ചില തൊഴിലുകള്‍ ഈ ബില്ല് പ്രകാരം കുറ്റകരമാണ്. ബദല്‍ തൊഴിലവസരങ്ങളോ സംവരണമോ നല്‍കുന്നതിനെ ഒന്നും തന്നെ ഒരു ബദല്‍ നിര്‍ദ്ദേശം എന്ന നിലയില്‍ ബില്ല് മുന്നോട്ടു വയ്ക്കുന്നില്ല. തൊഴില്‍ മേഖലകളില്‍ നിലനില്‍ക്കുന്ന ക്രൂരമനസ്ഥിതിയും വിവേചനവുമാണ് ജീവനോപാധി എന്ന നിലയിലേയ്ക്ക് ഭിക്ഷാടനം, ലൈംഗിക തൊഴില്‍ അടക്കമുള്ള തൊഴിലുകളിലേക്ക് സമുദായാംഗങ്ങള്‍ എത്തിച്ചെരുന്നത് എന്ന് വ്യക്തമായിരിക്കെ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ ഈ നിര്‍ദ്ദേശം നമ്മുക്ക് തരത്തിലും അംഗീകരിക്കാനാവില്ല. ഹിജ്റ സമുദായാംഗങ്ങളുടെ പരമ്പരാഗതമായ കുടുംബ വ്യവസ്ഥകളും ജീവസന്ധാരണവും തകര്‍ക്കുകയും മനുഷ്യാവകാശങ്ങളെ ചോദ്യം ചെയ്യുകയും ജീവിതങ്ങളെ കുറ്റവല്‍ക്കരിക്കുകയും ചെയ്യുന്ന ഇന്ത്യാ ഗവണ്മെന്റിന്റെ ട്രാന്‍സ്ജെന്‍ഡര്‍ അവകാശ ബില്ലിനെ ചോദ്യം ചെയ്യുക തന്നെ വേണം.

2015ല്‍ തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാ മെമ്പര്‍ തിരുച്ചി ശിവ അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് താരതമ്യേന പുരോഗമനപരമായ ഒന്നായിരുന്നു. സംവരണാവകാശങ്ങള്‍, ലിംഗ പദവി സ്വയം നിര്‍ണയാവകാശം, വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ സമുദായാംഗള്‍ക്കായുള്ള പ്രത്യേക കോടതികള്‍, പ്രത്യേക കമ്മീഷനുകള്‍ തുടങ്ങി സമുദായ സംഘടനകള്‍ മുന്നൊട്ടു വച്ച വിവിധ ആലോചനകള്‍ പ്രസ്തുത ബില്ലില്‍ ഉണ്ടായിരുന്നു. പക്ഷെ തിരുച്ചി ശിവയുടെ ബില്ലും അട്ടിമറിക്കപ്പെട്ടു. ഇപ്പോഴത്തെ രൂപത്തിലുള്ള ട്രാന്‍സ്ബില്ലിനോട് ഏതാനും ചില പാര്‍ലമെന്റേറിയന്‍മാര്‍ വിയോജിപ്പ് ഉയര്‍ത്തിയിട്ടുണ്ട്. അവര്‍ നമ്മള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് നമുക്കറിയാം. പക്ഷെ അടിമുടി ട്രാന്‍സ് വിരുദ്ധമായ പിതൃമേധാവിത്ത സംവിധാനത്തില്‍ അധിഷ്ഠിതമായ ഒരു സംവിധാനത്തെ നമ്മുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ബോധ്യപ്പെടുത്തിയാല്‍ മാത്രമേ നമ്മുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ.

ട്രാന്‍സ്ജെന്‍ഡര്‍ സമുദായങ്ങങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ കൃത്യമായി പ്രതിപാദിച്ചിട്ടില്ല എന്നു മാത്രമല്ല അതിക്രമങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ കൈക്കൊള്ളേണ്ടുന്ന നിയമ നടപടികളെക്കുറിച്ചും ബില്ല് നിശ്ശബ്ദത പാലിക്കുന്നു. വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും പോലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ദിനം പ്രതി വിവേചനങ്ങളും അതിക്രമങ്ങളും നാം നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നിരന്തരമായ ഇടപെടലുകള്‍കൊണ്ടുണ്ടായ മാറ്റങ്ങള്‍ ഒഴിച്ചാല്‍ ഇത്തരം അതിക്രമങ്ങള്‍ നിര്‍ബാധം തുടരുകയാണ്. ട്രാന്‍സ്ജെന്‍ഡര്‍ സമുദായാംഗങ്ങള്‍ക്ക് വേണ്ടതായ ആരോഗ്യ പരിരക്ഷ ഉദാ: ലിംഗ നിര്ണയവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, ലിംഗമാറ്റ ശസ്ത്രക്രിയയുടെ ബന്ധപ്പെട്ട സേവനങ്ങള്‍ മറ്റ് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ സര്‍വീസ് നിയമങ്ങളും ഈ ബില്ലില്‍ കൃത്യമായി ചര്‍ച്ച ചെയ്യുന്നില്ല.

മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ട്രാന്‍സ്ജെന്‍ഡര്‍ ഇന്റര്‍സെക്‌സ് സമുദായാംഗങ്ങളും അവരുടെ സമുദായ സംഘടനകളും വിമത ലൈംഗിക പിന്തുണയ്ക്കുന്ന സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും പ്രസ്തുത ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധ പരിപാടികളുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. മാസങ്ങളായി ട്രാന്‍സ് അവകാശപ്രവര്‍ത്തകര്‍ കൂടിയാലോചനകള്‍ നടത്തുകയും പ്രകടനങ്ങള്‍ നടത്തുകയും കത്തുകളെഴുതുകയും തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അയച്ചുകൊടുക്കുകയും ഒക്കെ ചെയ്തുവരികയാണ്. ഈ സമ്മര്‍ദ്ദങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു പുരോഗമനപരമായ ട്രാന്‍സ് ബില്ലിനായുള്ള അവരുടെ ശ്രമഫലങ്ങളെ ശക്തിപ്പെടുത്തുക തന്നെ ചെയ്യും. ഈ ബില്ല് ഇപ്പോഴത്തെ രൂപത്തില്‍ അവതരിപ്പിക്കാതിരിക്കുന്നതിന് രാജ്യസഭാ എം.പി മാരുടെ മുമ്പാകെ നമ്മുടെ ആശങ്കകള്‍ അവതരിപ്പിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ നമ്മുടെ മുന്‍പിലുള്ളു. ആയതിനാല്‍ അടിയന്തിരമായി നാം ഈ വിഷയത്തില്‍ ഇടപെടേണ്ടതുണ്ട്. സമരപരിപാടികള്‍ സംസ്ഥാന തലത്തില്‍ തന്നെ സംഘടിപ്പിക്കേണ്ടതുണ്ട്.

ആയതിനാല്‍ സമുദായാംഗങ്ങളുടെ ജീവിതങ്ങളെയും അവരുടെ ജീവസന്ധാരണത്തെയും മനുഷ്യാവകാശങ്ങളെയും പരിപൂര്‍ണ്ണമായി എതിര്‍ക്കുന്ന ഈ ബില്ല് എത്രയും പെട്ടെന്ന് തന്നെ പിന്‍വലിക്കണമെന്നും സമുദായ സംഘടനകളുമായും പ്രതിനിധികളുമായും കൃത്യമായ ചര്‍ച്ചകള്‍ നടത്തി അവരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് ഈ ബില്ല് മുന്നോട്ടു കൊണ്ടുപോകണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഈ ആവശ്യങ്ങള്‍ മുന്നോട്ടു വച്ചുകൊണ്ടു 2018 ഡിസംബര്‍ 24നു രാവിലെ 10 മണിക്ക് തിരുവനന്തപുരത്തു നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിലേക്കും പ്രതിഷേധ പരിപാടികളിലേക്കും കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ പേരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. ബില്ലിനെതിരെ ദേശീയ തലത്തില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കുചേരണമെന്നും രാജ്യസഭാ മെമ്പര്‍മാര്‍ക്ക് മെയിലുകള്‍ അയച്ച് ക്യാപെയിന്റെ ഭാഗമാകണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഫൈസല്‍ ഫൈസു, ശ്രീക്കുട്ടി, സൂര്യ ഇഷാന്‍, അഹന മേഖല്‍,
ശ്യാമ എസ് പ്രഭ, രഞ്ജിനി പിള്ള, സിസിലി ജോര്‍ജ്ജ്, ദേവൂട്ടി.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>