സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Dec 24th, 2018

മനിതി പ്രവര്‍ത്തകരും കിളിനക്കോട് പെണ്‍കുട്ടികളും ‘നവോത്ഥാന’ കേരളവും

Share This
Tags

PPP

ലിംഗനീതിയില്‍ കേരളം എവിടെയത്തിയിരിക്കുന്നു എന്നതിന് ഉദാഹരണങ്ങളാണ് വര്‍ഷാവസാനം നടന്ന രണ്ടു സംഭവങ്ങള്‍. ഒന്ന് സുപ്രികോടതി വിധിയേയും കേരള സര്‍ക്കാരിനേയും വിശ്വസിച്ച് ശബരിമല കയറാനെത്തിയ മനിതി പ്രവര്‍ത്തികര്‍ക്ക് ആക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടേണ്ടി വന്നത്. രണ്ടാമത്തേത് സുഹൃത്തിന്റെ വിവാഹത്തിനായി കിളിനക്കോടെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടിവന്ന മോശം അനുഭവങ്ങള്‍. ആദ്യത്തേത് കാലഹരണപ്പെട്ട വിശ്വാസത്തിന്റെ പേരില്‍ കാലത്തെ പുറകോട്ടു വലിക്കുന്നവരില്‍ നിന്നാണെങ്കില്‍ രണ്ടാമത്തേത് ന്യൂ ജെന്‍ തലമുറയില്‍ നിന്നാണെന്നതാണ് കൗതുകകരം. ഏതു തലമുറയാണെങ്കിലും കേരളത്തിന്റെ യഥാര്‍ത്ഥ മുഖമാണ് ഈ സംഭവങ്ങള്‍ വെളിവാക്കുന്നത്.
എത്രയോ ദിവസങ്ങള്‍ക്കു മുമ്പ് കേരള സര്‍ക്കാരിനെയും പോലീസിനേയും അറിയിച്ചാണ് മനിതി സംഘം ശബരിമല ദര്‍ശനത്തിനെത്തിയത്. ഡിജിപിയില്‍ നിന്ന് അവര്‍ക്കനുകൂലമായ മറുപടിയും ലഭിച്ചിരുന്നു. എന്നാല്‍ സംഭവിച്ചതെന്താണ്? സുപ്രിംകോടതിയില്‍ കാണിക്കാന്‍ യുവതീപ്രവേശനം നടപ്പാക്കാന്‍ ശ്രമിച്ചതായുള്ള ചില ക്ലിപ്പുകള്‍ മാത്രമായിരുന്നു പോലീസിനാവശ്യം. അതവര്‍ ഭംഗിയായി ഉണ്ടാക്കുകയും ചെയ്തു. പ്രതിഷേധക്കാരെ കബളിപ്പിച്ച് മനിതി പ്രവര്‍ത്തകരെ പമ്പയില്‍ പോലീസ് എത്തിച്ചത് അതിനുവേണ്ടി മാത്രമായിരുന്നു എ്ന്നു വ്യക്തമാകുന്ന രീതിയിലായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. പുലര്‍ച്ച അവരെത്തുമ്പോള്‍ പമ്പയിലുണ്ടായിരുന്നത് വിരലിലെണ്ണാവുന്ന പ്രതിഷേധക്കാരായിരുന്നു. ആവശ്യമുള്ള പോലീസിന് നിയോഗിച്ച് യുവതികളെ സന്നിധാനത്തെത്തിക്കാനുള്ള ശ്രമം പോലീസിനു നടത്തമായിരുന്നു. എന്നാല്‍ അതിനു പോലീസ് തയ്യാറായില്ല. ദേവസ്വം മന്ത്രിയും പ്രസിഡന്റുമാകട്ടെ മനീതിക്കെതിരായ പരോക്ഷ പ്രസ്താവനകള്‍ ഇറക്കി കൊണ്ടുമിരുന്നു. ആഭ്യന്തരവകുപ്പിന്റെ ചാര്‍ജ്ജുള്ള മുഖ്യമന്ത്രി പതിവുപോലെ മുനിയുടെ മൗനത്തിലും. സംഘപരിവാര്‍ ശക്തികള്‍ക്ക് സംഘടിക്കാന്‍ ആവശ്യാനുസരണം സമയം നല്‍കിയശേഷം 11.30നാണ് പോലീസ് യുവതികളെ മല കയറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ ലിംഗനീതിയെ കുറിച്ചും നവോത്ഥാനത്തെ കുറിച്ചും ഘോരഘോരം സംസാരിക്കുന്ന പ്രബുദ്ധ കേരളം കണ്ടതെന്താണ്? ഭക്തരുടെ വേഷയില്‍ അവിടെയെത്തിയ ഗുണ്ടകളുടെ ആക്രമണത്തില്‍ ചെന്നൈയില്‍ നിന്നെത്തിയ മനിതിയിലെ യുവതികള്‍ ഭയപ്പെട്ടോടുന്ന കാ്ചയാണ് നമ്മള്‍ കണ്ടത്. ലിംഗനീതിക്കായി വനിതാ മതില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഭരിക്കുമ്പോളാണ് ഇതു സംഭവിക്കുന്നതെന്നതാണ് ഏറ്റവും ഗൗരവപരം. അവസാനം മനിതി പ്രവര്‍ത്തകരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാനാണ് പോലീസ് ശ്രമിച്ചത്. മനിതി സംഘത്തിലെ യുവതികള്‍ സ്വമനസാലെ തിരികെ പോകുന്നു എന്നാണ് എസ്പി പറയുന്നത്. ഏത് വിധേനയുമുള്ള സുരക്ഷ ഒരുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് യുവതികളെ അറിയിച്ചുവെന്നും എന്നാല്‍ അവര്‍ മടങ്ങാന്‍ തയ്യാറാവുകയായിരുന്നെന്നും പോലീസ് പറയുന്നു. എന്നാല്‍ അതു നുണയാണെന്നും പോലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കുകയാണെന്ന് മനിതി സംഘം നേതാവായ ശെല്‍വി പറയുന്നു. ഇക്കാര്യത്തില്‍ ആരും വിശ്വസിക്കുക ശെല്‍വിയുടെ വാക്കുകളാണ്.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തികച്ചും കപടമായ നിലപാടാണ് സര്‍ക്കാരും പ്രമുഖരാഷ്ട്രീയ പ്രസ്ഥാനങ്ങളും മുഖ്യധാര കേരളീയ സമൂഹവും ആദ്യം മുതലെ തുടര്‍ന്നത്. അതിന്റെ ക്ലൈമാക്‌സാണ് ഈ യുവതികളുടെ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടം. അവരോടുന്നത് പ്രബുദ്ധ കേരളത്തിന്റെ കാപട്യങ്ങളില്‍ നിന്നു കൂടിയാണ്. ഒരു വശത്ത് സുപ്രിംകോടതി വിധി അംഗീകരിക്കുമെന്നും നടപ്പാക്കുമെന്നും പറയുന്ന, അതിനു മേമ്പൊടിയായി നവോത്ഥാനത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന സര്‍ക്കാര്‍ വളരെ തന്ത്രപൂര്‍വ്വം വിധി അട്ടിമറിക്കുന്നു. അതുതന്നെയാണ് ഇപ്പോളും ആവര്‍ത്തിച്ചത്. ഇതേ സര്‍ക്കാരാണ് മറുവശത്ത് ശബരിമല വിഷയം മിണ്ടാതെ, സുപ്രിംകോടതി വിധിക്കെതിരാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരാളെ ചെയര്‍മാനാക്കി, നവോത്ഥാനത്തിനും ലിംഗനീതിക്കുമെന്നു പറഞ്ഞ് വനിതാ മതില്‍ നിര്‍മ്മിക്കുന്നത്. നവോത്ഥാനത്തിന്റെ നേര്‍ അവകാശികളെന്ന് പ്രഖ്യാപിക്കുന്ന സിപിഎമ്മും സിപിഎമ്മിനെ കണ്ണടച്ച് പിന്താങ്ങുന്ന പുരോഗമനവാദികളെന്നു നടിക്കുന്നവരും സാഹിത്യകാരന്മാരും വനിതാ പ്രവര്‍ത്തകരുമൊക്കെ എത്ര തന്ത്രപരമായാണ് മൗനം പാലിക്കുന്നത്. മറുവശത്ത് അയ്യപ്പജ്യോതിയും വനിതാസംഗമവുമൊക്കെ സംഘടിപ്പിച്ച് കേരളത്തെ പരമാവധി പുറകോട്ട് തള്ളാനാണ് ബിജെപിയും കോണ്‍ഗ്രസ്സും മറ്റും ശ്രമിക്കുന്നത്. പ്രളയത്തേക്കാള്‍ എത്രയോ വലിയ ദുരന്തചിത്രമാണ് വര്‍ഷാവസാനം മലയാളി കാണുന്നത്.വാസ്തവത്തില്‍ ആരാണ് നമ്മെ ഭരിക്കുന്നതെന്നും ഏതാണ് നമ്മുടെ ഭരണ ഘടന എന്നുമുള്ള ചോദ്യം തന്നെയാണുയരുന്നത്. നമ്മെ ഭരിക്കുന്നത് രാജാവും തന്ത്രിയുമാണെന്നും നമ്മുടെ ഭരണഘടന മനുസ്മൃതി തന്നെയാണെന്നുമുള്ളതിന്റെ ഒരു തെളിവു കൂടിയാണ് ഈ സംഭവങ്ങള്‍. അവിടെയാണ് രാജാവിനേയും തന്ത്രിയേയും പടിയിറക്കി ശബരിമല അതിന്റെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക എന്ന ആവശ്യം പ്രസക്തമാകുന്നത്.
തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ശബരിമലയിലെ സംഭവം ആചാരങ്ങളിലുളള അന്ധവിശ്വാസത്തിന്റെ പേരിലുള്ള ഒറ്റപ്പെട്ട പ്രശ്‌നവും കേരളീയസമൂഹം പൊതുവില്‍ ലിംഗനീതിയിലധിഷ്ഠിതവുമാണെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന നമ്മുടെ പുതുതലമുറ പോലും എത്രമാത്രം സ്ത്രീവിരുദ്ധമാണെന്നാണ് കിളിനക്കോടുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കല്ല്യാണവീട്ടില്‍ വച്ച് സഹപാഠികള്‍ക്കൊപ്പം സെല്‍ഫിയെടുത്തതിന്റെ പേരിലായിരുന്നു ആ പെണ്‍കുട്ടികളെ അവിടെത്തെ ചെറുപ്പക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ ഭയാനകമായി അധിക്ഷേപിച്ചത്. എന്നാല്‍ എല്ലാം സഹിക്കുന്ന അടിമകളല്ല തങ്ങള്‍ എന്നു പ്രഖ്യാപിച്ച് അതേ സോഷ്യല്‍ മീഡിയയിലൂടെ മറുപടി പരഞ്ഞ പെണ്‍കുട്ടിള്‍, തങ്ങളെ അപമാനിച്ചവര്‍ക്കെതിരെ നിയമനടപടിയുമായി നീങ്ങുകയാണ്. പക്ഷെ മുഖ്യധാരയെന്നു സ്വയം വിശേഷിപ്പിക്കുന്ന കേരളത്തിലെ വലിയൊരു ജനവിഭാഗം ആ കുട്ടികള്‍ക്കെതിരായ പ്രചരണം തുടരുകയാണെന്നതാണ് ഭയപ്പെടുത്തുന്നത്.
കേരളത്തെ കുറിച്ച് നമ്മള്‍ തന്നെ സൃഷ്ടിച്ചിട്ടുള്ള കുറെയേറെ മിത്തുകളാണ് അനുദിനം ഇവിടെ തകര്‍ന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യചിന്തയിലും ലിംഗനീതിയിലും എത്രയോ പുറകിലാണ് നമ്മള്‍. അതംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. എങ്കിലേ തിരിച്ചു നടക്കുന്ന ഒരു ജനതയെ മുന്നോട്ടു നയിക്കാവൂ. യഥാര്‍ത്ഥ വിഷയങ്ങള്‍ മറച്ചുവെച്ച്, കാപട്യത്തിന്റെ മതില്‍ നിര്‍മ്മിച്ച് നേടാവുന്ന ഒന്നല്ല നവോത്ഥാനം.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>