സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Dec 21st, 2018

അയ്യപ്പജ്യോതി’ തെളിയിക്കാന്‍ പോകുന്ന സഹോദരിമാര്‍ ആദ്യം ‘ശാംകരസ്മൃതി’ വായിക്കണം

Share This
Tags

SS

ടി എന്‍ പ്രസന്നകുമാര്‍

ആര്‍ത്തവത്തിന് അശുദ്ധിയും അയിത്തവും കല്‍പിക്കുന്ന പ്രാകൃത ആചാരങ്ങളെ നിലനിര്‍ത്താനും, ലിംഗസമത്വമെന്ന ആശയത്തെതന്നെ എതിര്‍ക്കാനും, സുപ്രീംകോടതി വിധിയെയും ഭരണഘടനയെയും എതിര്‍ക്കാനുമാണല്ലോ യോഗക്ഷേമസഭയും എന്‍.എസ്.എസും ഡിസംബര്‍ 26 ന് സ്ത്രീകളെ അണിനിരത്തി മഞ്ചേശ്വരം മുതല്‍ പാറശാലവരെ ‘അയ്യപ്പജ്യോതി’ തെളിയിക്കാന്‍ പോകുന്നത്!

കല്ലും മുള്ളും ചവുട്ടി സ്ത്രീകള്‍ കടന്നുപോന്ന ചരിത്രത്തിലേക്കുതന്നെ തിരിഞ്ഞുനടക്കാന്‍ സ്ത്രീകളെ ഇവര്‍ ആട്ടിത്തെളിക്കുമ്പോള്‍ ഒരു നൂറ്റാണ്ടു മുന്‍പ് ആര്‍ത്തവത്തെയും സ്ത്രീകളെയും ബ്രാഹ്മണമേധാവിത്വം എങ്ങനെയാണ് കണ്ടിരുന്നതെന്ന് അയ്യപ്പജ്യോതിക്ക് പോകുന്ന സ്ത്രീകളെങ്കിലും അറിഞ്ഞിരിക്കണം.

ഇരുപതാം നൂറ്റാണ്ടുവരെയും ജാതിവാസനകളില്‍നിന്ന് നിന്ന് മുക്തരാകാത്ത ആചാരസമൂഹമായിരുന്നു നമുക്കുണ്ടായിരുന്നത്. ജാതിക്കതീതമായ ഒരു പൊതുമണ്ഡലം പോലും രൂപപ്പെട്ടിട്ടില്ലാത്ത, ജാതിവാസനകളില്‍ നിന്ന് മുക്തമാകാത്ത ആചാരകേരളത്തിലെ നമ്പൂതിരി സമുദായത്തില്‍ സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നുവെന്ന് അവര്‍ മറ്റു ജാതികളിലെ മനുഷ്യരോട് എങ്ങനെയാണ് പെരുമാറിയിരുന്നത് എന്നറിയണമെങ്കില്‍ ‘ശാംകരസ്മൃതി’യെപോലുള്ള ഒരു ഗ്രന്ഥം നോക്കിയാല്‍ മതി.

കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ അവതാരികയെഴുതി, ടി.സി.പരമേശ്വരന്‍ മൂസ്സത് ഭാഷാവ്യാഖ്യാനം ചെയ്ത ഈ കൃതിയുടെ ആദ്യപതിപ്പ് പുറത്തുവരുന്നത് 1905 ല്‍ ആണ്. ഇതിന്റെ കര്‍ത്താവാര് എന്നതിനെപ്പറ്റിയൊക്കെ തര്‍ക്കങ്ങളുണ്ട്. എങ്കിലും ഒരു നൂറ്റാണ്ട് മുന്‍പുള്ള കേരളത്തില്‍, ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതിനുമുന്‍പുള്ള ജാതിവ്യവസ്ഥയുടെയും സ്ത്രീവിരുദ്ധതയുടെയും ബ്രാഹ്മണ ഭരണഘടനയായിരുന്നു ഈ പുസ്തകം. ബ്രാഹ്മണമേധാവിത്വവും അതിന്റെ ശാസനകളും നിയമവും നീതിയുമായിരുന്ന ഒരു കാലഘട്ടത്തില്‍നിന്നും തുല്യനീതിയും പൗരാവകാശങ്ങളും രേഖപ്പെടുത്തിയ ഭരണഘടനയിലേക്ക് സ്വാതന്ത്ര്യബോധമുള്ള മനുഷ്യര്‍ നടന്നുതീര്‍ത്ത ദൂരം അറിഞ്ഞാലേ അയ്യപ്പജ്യോതിയും കത്തിച്ച് നില്‍ക്കുന്ന നിങ്ങളുടെ അടിമത്തവും പരിഹാസ്യതയും അശ്ലീലതയും സ്വയം മനസ്സിലാകൂ.

ശാംകര സ്മൃതി സംസ്‌കൃതത്തിലെഴുതിയ ശ്ലോകങ്ങളാണ്. ടി.സി. പരമേശ്വരന്‍ മൂസ്സതിന്റെ സംസ്‌കൃത ശ്ലോകത്തിന്റെ ഭാഷാവ്യാഖ്യാനം മാത്രമേ ഇവിടെ എഴുതുന്നുള്ളു.

”പകല്‍ സമയം രജസ്സു സ്രവിച്ചാല്‍ (തീണ്ടായിരുന്നാല്‍) തല്‍ക്ഷണംതന്നെ ഒന്നും മിണ്ടാതെയും, തനിക്കു തൊടാമെന്നുള്ള വസ്തുക്കളൊഴിച്ചു മറ്റൊന്നും തൊടാതെയും അകത്തുനിന്നു പുറത്തുപോയിരിക്കണം. (‘അഹന്യേവ’ എന്നു പറഞ്ഞതുകൊണ്ടു, രാത്രിസമയമാണെങ്കില്‍ പുറത്തേക്കു പോകേണ്ടതില്ലെന്നു സിദ്ധിക്കുന്നു. അപ്പോള്‍ അകത്തുതന്നെ ഒന്നും തൊടാതെ ഒരേടത്തിരുന്നാല്‍ മതി) *

”പുര തൊടരുത്. പിന്നെ അകത്തു രജസ്വലയ്ക്കിരിപ്പാനുള്ള സ്ഥലത്തു ചെന്നിരിക്കണം. പല്ലുതേക്കുകയും എണ്ണതേച്ചു കുളിക്കുകയും കണ്ണെഴുതുകയും ചെയ്വാന്‍ പാടില്ല ”

”തനിക്കുപയോഗിക്കേണ്ടതായ ജലപാത്രവും മറ്റുമൊഴിച്ചു മറ്റൊന്നും തൊട്ടുകൂട. മുലകുടിയുള്ള തന്റെ കുട്ടിയെ ഒഴിച്ചു മറ്റാരേയും തൊടരുത്”

”രജസ്വലയ്ക്കു മൂന്നാം ദിവസം ഏതായാലും കുളിപ്പാന്‍ പാടില്ല. കുളിച്ചു ചെയ്യേണ്ടതായ ഏതെങ്കിലും നൈമിത്തികകര്‍മ്മങ്ങള്‍ ആ ദിവസം വന്നാല്‍ അന്നു ഭക്ഷണം തന്നെ ഉപേക്ഷിക്കണം.”

”സന്ധ്യാസമയങ്ങളില്‍ വെളിയില്‍ ചെന്നിരിക്കരുത്. ദൂരയാത്ര ചെയ്കയും ഇണപ്പുടവയുടുക്കുകയും പൂച്ചൂടുകയുമരുത്”

‘ഓട്ടുപാത്രത്തില്‍ (കിണ്ണത്തില്‍) ഉണ്ണരുത്. ഇലയിലാണ് ഉണ്ണേണ്ടത്. മൂന്നു ദിവസവും ബ്രഹ്മചര്യവ്രതത്തെ അനുഷ്ഠിക്കണം. വെറും നിലത്തു കിടക്കുകയും പകലുറങ്ങുകയുമരുത്”

‘തീണ്ടായിരിക്കുമ്പോള്‍ പൂച്ചൂടിയാല്‍ അവളിലുണ്ടാകുന്ന പുത്രനും പുത്രിയും കഷണ്ടിക്കാരായിത്തീരും. കണ്ണെഴുതിയാല്‍ പുത്രന്മാര്‍ ജാത്യന്ധന്മാരായിത്തീരും. ചന്ദനം മുതലായതു കുറിയിട്ടാല്‍ പുത്രന്മാര്‍ ശ്വിത്രരോഗമുള്ളവരായും, തേച്ചുകുളിച്ചാല്‍ ശോഭയില്ലാത്തവരായും തീരും”

” (നാലാം ദിവസം) കുളിക്കുന്നതിന്നുമുമ്പു പല്ലുതേച്ചാല്‍ പുത്രന്മാര്‍ കരുവാളിച്ച പല്ലുള്ളവരോ ദന്തരോഗികളോ കൊന്തറമ്പല്ലുള്ളവരോ ആയിത്തീരും. സന്ധ്യാസമയം പുറത്തിരുന്നാല്‍ കുട്ടികള്‍ അപസ്മാരബാധിതന്മാരും, വഴി നടന്നാല്‍ മുടന്തന്മാരും, ഇണപ്പുടവയുടുത്താല്‍ കുഷ്ഠരോഗികളും, ഓട്ടുപാത്രത്തിലുണ്ടാല്‍ ഭിക്ഷയെടുത്തുപജീവനം കഴിക്കുന്നവരുമായിത്തീരും”

‘സ്ത്രീകള്‍ക്കു വേദോച്ചാരണം കേള്‍പ്പാന്‍ പാടില്ല. അധികമായ വിദ്യാഭ്യാസം ആവശ്യമില്ല. പാട്ടുപാടുകയും കളിക്കുകയുമരുത്’ (12.2.26)

”ബ്രാഹ്മണസ്ത്രീ വെളുത്ത വസ്ത്രമേ ഉടുക്കാവു. കൈ രണ്ടിന്മേലും ഓടുകൊണ്ടുള്ള വളകള്‍ ധരിക്കണം. വെള്ളിവളയായാലും വിരോധമില്ല. സ്വര്‍ണ്ണംകൊണ്ടുള്ള വള പാടില്ല. മൂക്കുത്തി ധരിക്കരുത്. തലമുടി മടഞ്ഞു കെട്ടരുത്. ശൃംഗാരപ്പൊട്ടുതൊടുരുത്. വസ്ത്രത്തെ അരഞ്ഞാള്‍കൊണ്ടു കെട്ടരുത്”

”യുദ്ധം ഉത്സവം കഥകളി പൂങ്കാവിലുള്ള കളി സദിര് പന്തുകളി ജലക്രീഡ ഇവ കാണുക, അങ്ങാടിയില്‍ ചെല്ലുക, കോടതികയറുക, മ്ലേച്ഛന്മാര്‍ അധികമുള്ള വഴിയില്‍കൂടി നടക്കുക, ഇതിനൊന്നും അനുവദിക്കരുത്.”

”കാലിന്റെ വിരലിന്മേല്‍ മോതിരമിടുക, കാല്‍ചിലമ്പു തള ചൂഡാരത്നം മുതലായതു ധരിക്കുക ഇവയൊന്നും പാടില്ല. ഔപാസനാദികര്‍മ്മങ്ങള്‍ക്കിരിക്കുമ്പോള്‍ തലമുടി അകത്തേക്കു തിരുകീട്ടാകുന്നു ഇരിക്കേണ്ടത്. ഇങ്ങിനെ ഉത്തമ ബ്രാഹ്മണ സ്ത്രീകള്‍ക്കുള്ള ആചാരങ്ങള്‍തന്നെയാകുന്നു അവാന്തരകുലസ്ത്രീകളുടേയും ആചാരം.”

”ഈ ലോകത്തിന്റെ സ്ഥിതി മുഴുവനും സ്ത്രീകളുടെ പാതിവ്രത്യനിഷ്ഠയിലാകുന്നു.”

”ബ്രാഹ്മണശിശുവിന്നു ശൂദ്രസ്ത്രീയെക്കൊണ്ടു മുല കൊടുപ്പിക്കരുത്. അതു സുകൃതത്തെ നശിപ്പിച്ചുകളയും ശൂദ്രസ്ത്രീയെ തൊട്ടാല്‍ കുളിക്കുന്നതിന്നു മുമ്പെ ബ്രാഹ്മണസ്ത്രീ മുല കൊടുത്താല്‍ ആ ശിശുവിന്റെ ബ്രഹ്മതേജസ്സു നശിക്കും”

”കുലസ്ത്രീ കുലടയായിത്തീരുന്നതു സ്വര്‍ഗ്ഗത്തിന്നും യശസ്സിന്നും ഹാനികരമായിത്തീരുന്നു. എന്നുമാത്രമല്ല അതുനിമിത്തം അനേകം കുലങ്ങള്‍ നശിക്കുവാന്‍കൂടി കാരണമായിത്തീരും. അതിനാല്‍ അതിന്ന് (വ്യഭിചാരത്തിന്ന്) ഒരിക്കലും ഇടവരുത്തരുത്. അവള്‍ അന്യപുരുഷനോടുകൂടി സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടോ എന്നും മറ്റും എല്ലാ സമയവും മനസ്സിരുത്തി നോക്കണം”

‘പതിവ്രതയായ സ്ത്രീ ഭര്‍ത്താവു മുതലായ ഈശ്വരവിഗ്രഹങ്ങളെ നിത്യവും പൂജിക്കണം. കുലസ്ത്രീ തീര്‍ത്ഥയാത്ര ചെയ്യരുത്. ഭര്‍ത്താവിന്റെ കാല്‍ കഴുകിയ വെള്ളം അവള്‍ക്കു ഗംഗാതീര്‍ത്ഥത്തോടു തുല്യമാകുന്നു: മറ്റൊരു തീര്‍ത്ഥം അവള്‍ക്കാവശ്യമില്ല’ (12.2.21).

‘ബ്രാഹ്മണരൊഴിച്ചു മറ്റാരുടെ എങ്കിലും കൈ കഴുകിയ വെള്ളം കുലുക്കുഴിഞ്ഞ വെള്ളം കാല്‍ കഴുകിയ വെള്ളം ഇതു മൂന്നും ബ്രാഹ്മണന്റെ നടുമിറ്റം സഹിക്കുന്നതല്ല.”

‘ശൂദ്രനെ തൊട്ടാല്‍ കുളിപ്പിക്കണം. ശൂദ്രനെ തൊട്ടുകൊണ്ടു വല്ലതും ഭക്ഷിക്കരുത്”

”തന്റെ ഭാര്യ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവളെ കാണരുത്. നഗ്‌നയായ സ്ത്രീയേയും രജസ്വലയേയും മുല മറയ്ക്കാത്തവളേയും കാണരുത്
തീണ്ടാര്‍ന്നിരിക്കുന്നവളോടു സംസാരിക്കരുത്.”

”ഭര്‍ത്താവ് ഉണ്ണുന്നതിന്നു മുമ്പോ ഭര്‍ത്താവിന്നൊരുമിച്ചോ ഉണ്ണരുത്. പത്നി ഭര്‍ത്താവുണ്ട ഇലയില്‍തന്നെ ഉണ്ണണം. ഭര്‍ത്താവിന്നനുകൂലയല്ലാതെ ഒരു മിനിട്ടുപോലും ഒരുകാര്യവും ചെയ്യരുത് *”

”ഭര്‍ത്താവിന്നു വിരോധമായി ഒരു വാക്കുപോലും പറയരുത്. വ്രതാര്‍ത്ഥമായി ഭര്‍ത്താവു മൌനമായിരിക്കുമ്പോള്‍ ഓരോന്നു ചെന്നു പറയരുത്. അവന്‍ ശുണ്ഠിയെടുത്താല്‍ പത്നി മന്ദസ്മിതത്തോടെ നില്‍ക്കണം. ഒരു കാര്യത്തിലും അസൂയകൂടാതെ അവനവന്റെ ശക്തിക്കു തക്കവണ്ണം ഏതു കാര്യവും ഭംഗിയായി നടത്തണം. ഭര്‍ത്താവിന്നു വേറേയും ഭാര്യമാരുണ്ടെങ്കില്‍ അവരെ തന്റെ സഖികളെപ്പോലെ വിചാരിക്കണം”

”സ്ത്രീകള്‍ക്കു വേദോച്ചാരണം കേള്‍പ്പാന്‍ പാടില്ല. (‘സ്ത്രീശൂദ്രദ്വിജബന്ധൂനാം ത്രയീ ന ശ്രുതിഗോചരാ’ എന്നു ഭാഗവതത്തിലും പറഞ്ഞിട്ടുണ്ട്). അധികമായ വിദ്യാഭ്യാസം ആവശ്യമില്ല. പാട്ടുപാടുകയും കളിക്കുകയുമരുത് * 27, II- ബ്രാഹ്മണസ്ത്രീകള്‍ക്കു ഭര്‍ത്താവൊഴിച്ചു മറ്റൊരു പുരുഷനെ കാണ്മാന്‍ പാടില്ല. അവര്‍ പുറത്തിറങ്ങി സഞ്ചരിക്കുമ്പോള്‍ മറക്കുടയും തുണയും വേണം. തക്ക സഹായികളുമുണ്ടായിരിക്കണം. രാത്രി ഏതായാലും വഴി നടക്കരുത്. ഉത്സവകാലങ്ങളില്‍ അമ്പലത്തില്‍ പോവരുത് *”

ശുദ്ധിയെ ആഗ്രഹിക്കുന്ന ബ്രാഹ്മണാദിജാതികള്‍ തന്നില്‍ താണ ശൂദ്രാദികളെ തൊട്ടാല്‍ കുളിക്കണം. തീണ്ടിയാല്‍ കുളിയുള്ള ജാതിക്കാരെ അടുത്താലും കുളിക്കണം * 6- താണജാതിക്കാര്‍ തൊട്ട കുളം കിണറു മുതലായതു തൊട്ടാലും, ചൂലുകൊണ്ടടിച്ച ദിക്കില്‍ തളിക്കുന്നതിന്നു മുമ്പായി ചവിട്ടിയാലും കുളിക്കണം *”

‘ബ്രാഹ്മണസ്ത്രീകളെ ഭര്‍ത്താവൊഴിച്ചു മറ്റൊരു പുരുഷനും കാണ്മാന്‍ പാടില്ല.”

‘ബ്രാഹ്മണര്‍ക്കു മാത്രമേ സന്യാസം പാടുള്ളു’ (9.4.8).’
(ഈ വിലക്ക് ഭേദിച്ചാണ് നാരായണഗുരുവും ചട്ടമ്പിസ്വാമികളും കേരളത്തില്‍ ഉണ്ടായത്. ഇന്ന് ചാനലില്‍ വന്നിരുന്ന് സന്ദീപാനന്ദഗീരിയെ ‘ഷിബു’ എന്നു വിളിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആ പഴയ ബ്രാഹ്മണ്യബോധമാണ്.

‘ബ്രാഹ്മണഗൃഹത്തില്‍ നാലുകെട്ടിന്നുള്ളില്‍ ക്ഷത്രിയര്‍ മുതലായവരുടെ രേതസ്സേകത്തിന്ന് (സ്ത്രീസംസര്‍ഗ്ഗത്തിന്ന്) ഇടവരുത്തരുത്’ (7.1.30).
(പക്ഷേ, ഇതേ നായന്മാരാണ് അവരുടെ വീടുകളിലെ പെണ്ണുങ്ങള്‍ക്ക് നമ്പൂതിരി സംബന്ധം കിട്ടാന്‍ മത്സരിച്ചിരുന്നത്.)

‘ശൂദ്രന്‍ എല്ലാ സമയവും ബ്രാഹ്മണരുടെ കാര്യങ്ങള്‍ക്കുവേണ്ടി തെയ്യാറായിനിന്നുകൊണ്ടു ബ്രാഹ്മണരെ സന്തോഷിപ്പിക്കണം. അവര്‍ ശകാരിച്ചാല്‍പോലും മറുത്തുപറയരുത്. തന്റെ അപരാധങ്ങള്‍ പൊറുക്കേണമെന്നു കൂടെക്കൂടെ അവരോടപേക്ഷിക്കണം. സംസ്‌കൃതവാക്കു സംസാരിക്കരുത്.”

(ശബരിമല വിഷയത്തില്‍ സുകുമാരന്‍ നായരും എന്‍.എസ്.എസും ഇപ്പോള്‍ ഇതാണ് ചെയ്തുകൊണ്ടിരിക്കുത്. ആരുടെയും തെഴുത്തില്‍ ഒതുങ്ങുന്നതല്ല നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന് സുകുമാരന്‍ നായര്‍ പറയുന്നത് ശരിയായിരിക്കും. ബ്രാഹ്മണ്യത്തിന്റെ ഇല നക്കിമാത്രമാണ് പരിചയം.)

ഭരണഘടനയുണ്ടാകുന്നതിനുമുന്‍പുള്ള ഇത്തരം ‘ആചാര’ങ്ങളെ ലംഘിച്ചാണ് സമത്വസങ്കല്‍പങ്ങള്‍, പൗരാവകശങ്ങള്‍, നീതി, മാനുഷികമായ അന്തസ്സ് അതൊക്കെ സംരക്ഷിക്കുന്ന ഒരു ഭരണഘടന നമുക്കുണ്ടായതെന്ന് അയ്യപ്പജ്യോതി തെളിയിക്കുന്നതിന് മുന്‍പ് നിങ്ങള്‍ സ്ത്രീകളെങ്കിലും ഓര്‍ക്കണം.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>