സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Dec 19th, 2018

വനിതാമതിലും സുജ സൂസന്‍ ജോര്‍ജ്ജിന്റെ ഞാണിന്മേല്‍ കളിയും

Share This
Tags

vvv

നവവത്സര ദിനത്തില്‍ സര്‍ക്കാരിന്റെ നേതൃത്തിലുയരുന്ന വനിതാ മതിലില്‍ പങ്കെടുക്കില്ല എന്നു പ്രഖ്യാപിച്ച പ്രൊഫ സാറാ ജോസഫിന്റെ നിലപാടുകളോട് വിയോജിച്ച് സിപിഎം പ്രവര്‍ത്തകയും എഴുത്തുകാരയുമായ സുജ സൂസന്‍ ജോര്‍ജ്ജ് എഴുതിയ തുറന്ന കത്ത് വനിതാ മതിലിനെതിരായി ഉയരുന്ന വിമര്‍നങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കുന്നെങ്കിലും പരാജയപ്പെടുന്നതായാണ് കാണുന്നത്. തുടക്കത്തില്‍ വനിതാ മതിലിനോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുകയും ഇടതുപക്ഷക്കാരുടെ മുന്‍കൈയില്‍ തൃശൂരില്‍ നടന്ന ജനാഭിമാന സമ്മേളനത്തിന്റെ അധ്യക്ഷയായിരിക്കുകയും ചെയ്ത സാറാ ജോസഫ് പിന്നീട് 3 തവണ നിലപാട് മാറിയിരുന്നു. ശബരിമല കയറാന്‍ ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ ജാമ്യമില്ലാത്ത കേസെടുക്കുകയും ജയിലിലിടുകയും ചെയ്തപ്പോള്‍ ഈ സര്‍ക്കാരിന്റെ വനിതാ മതിലിനൊപ്പമില്ല എന്നു പറഞ്ഞ ടീച്ചര്‍, ജാമ്യം ലഭിച്ചപ്പോള്‍ രഹ്നക്കൊപ്പം മതിലില്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചു. അതിനുശേഷം പികെ ശശിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകാത്ത സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന മതിലിലേക്കില്ല എന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്. ഈ സമയത്തുതന്നെ മതിലില്‍ നിന്നു പിന്മാറുന്നതായി ദളിത് ചിന്തകന്‍ സണ്ണി കപിക്കാടിന്റേയും നടി മഞ്ജുവാര്യരുടേയും പ്രസ്താവനകളും വന്നു. ശബരിമലയില്‍ യുവതീപ്രവേശനത്തെ സര്‍ക്കാര്‍ തടയുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സണ്ണി പിന്തുണ പിന്‍വലിച്ചത്. വനിതാമതിലില്‍ രാഷ്ട്രീയമുണ്ടെന്നു ബോധ്യമായപ്പോളാണ് മഞ്ജു പിന്മാറിയത്. ഈ സാഹചര്യത്തില്‍ തന്നെ വനിതാ മതിലിനെ പിന്തുണക്കുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ച പലരും അതിനു തയ്യാറായതുമില്ല. നിരവധി വനിതാപ്രവര്‍ത്തകര്‍ തന്നെ മതിലിനെതിരം രംഗത്തെത്തി. തുടര്‍ന്നാണ് എല്ലാവര്‍ക്കുമുള്ള മറുപടിപോലെ സുജ ഇത്തരമൊരു കത്തെഴുതുന്നത്.
വനിതാ മതില്‍ എന്ന പരിപാടി ശബരിമലയിലെ യുവതി പ്രവേശനം നേരിട്ടുയര്‍ത്തുന്നില്ല എന്ന പ്രധാന ഒരു വിമര്‍ശത്തിനു വ്യക്തമായ മറുപടി പറയാന്‍ സുജക്കാവുന്നില്ല. നേരിട്ട് ശബരിമലയിലെ യുവതി പ്രവേശനം ഉന്നയിക്കുന്നുവോ എന്നതു മാത്രമല്ല പ്രശ്‌നം, യുവതികള്‍ ശബരിമലയില്‍ കയറരുത് എന്ന് സംഘപരിവാരം പതിനെട്ടക്ഷൌഹിണിയും നിരത്തി ആക്രോശിക്കുമ്പോള്‍ അതല്ല വിഷയം, കേരള നവോത്ഥാന മൂല്യങ്ങളാണ് എന്ന് അമ്പല വിശ്വാസികളായ ഈ സ്ത്രീകള്‍ പറയുന്നത് വിപ്ലവകരമാണ് എന്നു പറഞ്ഞ് അവര്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുന്നു. സ്ത്രീകള്‍ക്ക് വിലക്കപ്പെട്ട ശബരിമലയിലാണോ വിലക്കുകളൊന്നുമില്ലാത്ത ദേശീയപാതയിലാണോ മതില്‍ നിര്‍മ്മിക്കേണ്ടത്.? ഇവരെല്ലാം ഇപ്പോള്‍ ഉയര്‍ത്തിപിടിക്കുന്ന അയ്യങ്കാളി വിലക്കപ്പെട്ട വീഥിയിലൂടെയായിരുന്നു വില്ലുവണ്ടിയില്‍ യാത്രചെയ്തത്. വിലക്കപ്പെട്ട വിദ്യാലയത്തിലായിരുന്നു പഞ്ചമി എന്ന പെണ്‍കിടാവിന്റെ കൈപിടിച്ചു കയറിയത്. അടുത്ത കാലത്തുമാത്രം ഇവര്‍ ആഘോഷിക്കാന്‍ തുടങ്ങിയ ക്ഷേത്രപ്രവേശന സമരങ്ങളും ക്ഷേത്രങ്ങള്‍ക്കു സമീപത്തെ നിരത്തുകളിലൂടെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള സമരങ്ങളും നടന്നത് ഇങ്ങനെയായിരുന്നോ? ഇപ്പോള്‍ പറയുന്നത് ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പോകണ്ട, തെരുവിലിറങ്ങിയാല്‍ മതിയെന്ന്. കുറെ സ്ത്രീകള്‍ നാമജപവുമായി രംഗത്തിറങ്ങിയതിനു പകരമാണ് വനിതാ മതിലെങ്കില്‍ അതു തുറന്നു പറയണം. നവോത്ഥാനത്തിന്റെ പേരു പറയരുത്.
വാസ്തവത്തില്‍ ഇപ്പോളുണ്ടായ നവോത്ഥാന വിഷയം ശബരിമലയിലെ യുവതീപ്രവേശനമല്ലാതെ മറ്റെന്താണ്? എന്നാല്‍ നിര്‍മ്മിക്കുന്ന മതിലിന്റെ ചെയര്‍മാന്‍ യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന വെള്ളാപ്പള്ളി. വാദത്തിനു വേണ്ടി ശബരിമല വിഷയത്തിനല്ല, പൊതുവായ നവോത്ഥാനത്തിനാണ് വനിതാ മതിലെങ്കില്‍ എല്ലാ മതവിഭാഗങ്ങളും സംഘാടകസമിതിയില്‍ ആവശ്യമില്ലേ? കേരളത്തില്‍ അടുത്തയിടെ നടന്ന ഏറ്റവും ശക്തമായ നവോത്ഥാന സമരം നടത്തിയ കന്യാസ്ത്രീകളെ എന്തുകൊണ്ട് വിളിക്കുന്നില്ല? പൊതുവായ വിഷയമാണെങ്കില്‍ സ്ത്രീകളുടെ മാത്രം മതിലാണോ ആവശ്യം? എന്നാല്‍ കേരളത്തില്‍ സജീവമായ ഈ ചോദ്യങ്ങള്‍ക്കൊന്നും സുജക്ക് മറുപടിയില്ല. പകരം ”സംഘപരിവാരം കാണിക്കുന്ന ഒരു ഭീഷണകൃത്യം അതിന്റെ ഇരകളെത്തന്നെ അതിന്റെ പോരാളികളായി രംഗത്തിറക്കുന്നു എന്നതാണ്. ഇവരുടെ ഒരു മുഖ്യ ഇര സ്ത്രീകളാണെന്നതില്‍ തര്‍ക്കമില്ലല്ലോ. അതിന്നായി തെരുവിലിറക്കുന്നുതും സ്ത്രീകളെ തന്നെയാണ്. ഈ സ്ത്രീകളെ സംഘപരിവാരപക്ഷത്തേക്ക് വിട്ടുകൊടുക്കുന്നതോടെ കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളുടെ കഥ കഴിഞ്ഞു. അതനുവദിച്ചു കൂട. ഈ സ്ത്രീകള്‍ മാറി നില്ക്കുന്നത് ഉയര്‍ത്തിപ്പിടിക്കേണ്ടത് അതിനാല്‍ തന്നെ പ്രധാനമാണ്.” ഇങ്ങനെയാണ് സുജ പറയുന്നത്. ലളിതമായി പറഞ്ഞാല്‍ സംഘപരിവാറുകള്‍ നാമജപത്തിനു സ്ത്രീകളെ തെരുവിലറക്കുന്നു, ഞങ്ങള്‍ മതിലിനു തെരുവിലിറക്കുന്നു. അല്ലാതെ മറ്റെന്താണ് സുജ പറയാന്‍ ശ്രമിക്കുന്നത്? സംഘപരിവാറും കോണ്‍ഗ്രസ്സും മറ്റു ചില സാമുദായിക – രാഷ്ട്രീയ സംഘടനകളും എതിര്‍ക്കുന്നതിനാല്‍ മാത്രം ഇതെങ്ങനെ ന്യായീകരിക്കപ്പെടും?
സാറാ ജോസറഫ് ഉന്നയിച്ച രഹ്ന ഫാത്തിമയ്ക്ക് നീതി കിട്ടണം,പികെ ശശി പ്രശ്‌നത്തില്‍ യുവതിക്ക് നീതി ലഭിക്കണം എന്നൊക്കെ സുജ പറയുന്നുണ്ട്. എന്നാല്‍ അതു കിട്ടിയിട്ട് മതി എസ് എന്‍ ഡി പി, കെ പി എം എസ് അംഗങ്ങളായ സഹോദരിമാര്‍ തെരുവിലിറങ്ങുന്നതിനെ ഉയര്‍ത്തിപ്പിടിക്കുന്നത് എന്നു പറയുന്നത് ശരിയായ രാഷ്ട്രീയമാണേ?. സാറ ടീച്ചര്‍, മരം കാണുകയും കാടു കാണാതിരിക്കുകയും ചെയ്യരുത് എന്നാണ് അവര്‍ അഭ്യര്‍ത്ഥിക്കുന്നത്. അതിലൊന്നും ടീച്ചര്‍ ഇടപെടേണ്ട എന്നല്ലാതെ അതിനര്‍ത്ഥം എന്താണ്? മാത്രമല്ല എസ് എന്‍ ഡി പി, കെ പി എം എസ് അംഗങ്ങളായ സഹോദരിമാരാണ് മതിലിനായി തെരുവിലിറങ്ങുന്നതെന്ന അവരുടെ വാക്കുകള്‍ ശരിയാണോ? ഈ മതില്‍ സൃഷ്ടിക്കാന്‍ പോകുന്നത് സിപിഎം അല്ലാതെ മറ്റാരാണ്? സര#ക്കാര്‍ മിഷണറികളും സിപിഐ പോലുള്ള പാര്‍ട്ടികളുടേയും കെപിഎംഎസ്, എസ് എന്‍ഡി പി സംഘടനകളുടേയും സഹായമൊക്കെ സ്വീകരിക്കുമെങ്കിലും ഇതൊരു പാര്‍ട്ടി മതിലല്ലാതെ മറ്റെന്താണ്? ഓരോ പ്രദേശത്തും പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരെ മാത്രം അണിനിരത്തിയാല്‍ പോലും മതില്‍ വിജയിപ്പിക്കാമെന്നാണ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കണക്കു കൂട്ടല്‍. സോഷ്യല്‍ മീഡിയയില്‍ പലരുമത് തുറന്നു പറഞ്ഞല്ലോ.
യാഥാര്‍ത്ഥ്യം ഇതാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനില്ല. അത് ശക്തമായി ഉന്നയിക്കാനുള്ള ആര്‍ജ്ജവം സിപിഎമ്മിനുമില്ല. ശബരിമല വിഷയത്തില്‍ വനിതാ മതില്‍ നിര്‍മ്മിച്ചാല്‍ വിജയിക്കില്ല. ഇപ്പോള്‍ പങ്കെടുക്കുന്ന സാമുദായിക സംഘടനകളുടെ മാത്രമല്ല, സിപിഎം അനുഭാവികളായ സ്ത്രീകളില്‍ വലിയൊരു വിഭാഗവും അതില്‍ പങ്കെടുക്കില്ല. ഈ സാഹചര്യത്തില്‍ ബിജെപിക്കും കോണ്‍ഗ്രസ്സിനുമെതിരായ രാഷ്ട്രീയമതില്‍ മാത്രമാണ് വനിതാമതില്‍. ലോകസഭ തെരഞ്ഞെടുപ്പാണ് വനിതാ മതിലിന്റെ അടിയന്തിര ലക്ഷ്യം. അതൊന്നും തുറന്നു പറയാനാകാത്തതിനാലാണ് സൂജ സൂസന്‍ ജോര്‍ജ്ജ് ഈ ഞാണിന്മേല്‍ കളി കളിക്കുന്നത്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>