സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Dec 16th, 2018

പട്ടികജാതി ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ മാന്തി പുറത്തിടുന്നു

Share This
Tags

ppppരമേഷ് നന്മണ്ട, അംബേദ്കറൈറ്റ്‌സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍

വളരെ ഹൃദയഭേദകമായ സംഗതിയാണ് കഴിഞ്ഞ ദിവസം കാണേണ്ടി വന്നത്. കോഴിക്കോട് ജില്ലയില്‍ ഉണ്ണിക്കുളം പഞ്ചായത്തില്‍ എസ്റ്റേറ്റ് മുക്കിന് സമീപം മൊ കായി പട്ടികജാതി കോളനിക്കു സമീപം 1958 മുതല്‍ ഉണ്ണികുളം പഞ്ചായത്തിലെ പട്ടികജാതിയില്‍പെടുന്ന കള്ളാടി / പുലയന്‍ / വള്ളുവന്‍/പറയര്‍ എന്നീ സമുദായങ്ങള്‍ പരമ്പരാഗതമായി ശവം മറവു ചെയ്തു വരുന്നതും കൈവശം വെച്ചു വരുന്നതുമായ ഒന്നരയേക്കര്‍ വരുന്ന ശ്മശാനഭൂമിയില്‍ ഉണ്ണിക്കുളം പഞ്ചായത്ത് പ്രസിഡണ്ട്, സിക്രട്ടറി, 5-ാം വാര്‍ഡ് മെമ്പര്‍ എന്നിവരുടെ നേതൃത്വത്തില്‍ JCB യുമായി എത്തി, അതിക്രമിച്ച് കടന്ന്,മണ്ണ് മാന്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. 1958 മുതല്‍ നൂറുകണക്കിന് സമുദായാംഗങ്ങളുടെ മൃതശരീരങ്ങളാണ് ഇവിടെ അടക്കം ചെയ്തിരിക്കുന്നത്. പ്രസ്തുത മതദേഹങ്ങളെല്ലാം JCB ഉപയോഗിച്ച് മാന്തിയെടുക്കുകയും അസ്ഥികൂടങ്ങളും തലയോട്ടികളുമെല്ലാം ഒന്നിച്ച് ഒരിടത്ത് കൂട്ടിയിട്ട് മൂടുകയും ചെയ്തിരിക്കുന്നു. പുറത്തായവ തെരുവ് പട്ടികള്‍ കടിച്ചു വലിക്കുന്നു. 6 മാസം മുമ്പ് അടക്കം ചെയ്ത മൃതശരീരമടക്കം പുറത്തായിരിക്കുന്നു. മൃതദേഹത്തെ പുതപ്പിച്ച തുണിയുടെ അവശിഷ്ടങ്ങളടക്കം പുറത്താണ്. അടക്കം ചെയ്ത പ്രസ്തുത മൃതദേഹത്തിന്റെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ബന്ധുക്കളുടെ നെഞ്ചത്തടിച്ചുള്ള നിലവിളി സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. ഏതൊരു മൃതദേഹത്തോടും കാണിക്കേണ്ട ആദരവ് ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്ക് പട്ടികജാതിക്കാരുടെ അടക്കം ചെയ്ത മൃതദേഹത്തോട് കാണിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? പട്ടികജാതിക്കാരായതുകൊണ്ടു മാത്രമാണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നും ഇത്രയും നിന്ദ്യവും നീചവുമായ പ്രവൃത്തി ഉണ്ടായത് എന്ന് കോളണിയിലെയും പഞ്ചായത്തിലെയും പട്ടികജാതിക്കാര്‍ പറയുന്നു. പട്ടികജാതിക്കാരുടെ അടക്കം ചെയ്ത മതദേഹങ്ങള്‍ മാന്തി പുറത്തിടുകയും മൃതദേഹത്തോട് അനാദരവ് കാട്ടുകയും ചെയ്യുക മാത്രമല്ല, ശ്മശാനഭൂമി കൈയ്യേറി കൈവശപ്പെടുത്തുവാനും ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സിക്രട്ടറിയുടെയും വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തില്‍ നടന്ന സമാനതകളില്ലാത്ത ഗുണ്ടായിസം Scheduled Castes and Scheduled Tribes Prevention of Atrocities Act (1989) അനുസരിച്ച് കുറ്റകരമാണ്. പ്രസ്തുത ആക്രമികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും, ഏതു തരത്തിലുള്ള ആക്രമികളുടെയും കയ്യേറ്റത്തെ തടയുമെന്നും കോളണിയില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗം പ്രഖ്യാപിച്ചു. പ്രസ്തുത ശ്മശാനഭൂമി അംബേദ്കറൈറ്റ്‌സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ശിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെയും AFSA യുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കി. ഉണ്ണിക്കുളം ഗ്രാമപ്പഞ്ചായത്തിന്റെ സവര്‍ണ്ണ മാടമ്പിത്ത നിലപാടിനെ എന്തു വില കൊടുത്തും ചെറുക്കുമെന്നും, തങ്ങളുടെ പൂര്‍വ്വീകരെ അടക്കം ചെയ്ത മണ്ണ് ഒരിഞ്ചും വിട്ടുതരില്ലെന്നും പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്തു.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>