സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Dec 14th, 2018

വില്ലുവണ്ടിയാത്രയുടെ രാഷ്ട്രീയം

Share This

vv

ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി

ശബരിമല സ്ത്രീ പ്രവേശന സുപ്രീം കോടതി വിധിയുടെ മറവില്‍ മാതൃത്വ ത്തിന്റെയും മാനവരാശിയുടെയും നിലനില്‍പ്പിനു ആധാരമായ ആര്‍ത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിച്ച് വര്‍ഗ്ഗീയത ശക്തിപ്പെടുത്താനുള്ള ബ്രാഹ്മണ്യ ശക്തികളുടെ നീക്കമാണ് കേരളത്തെ സംഘര്‍ഷ ഭൂമി ആക്കിയിരിക്കുന്നത്. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെയും അവരെ പിന്തുണക്കുന്നവരെയും ആക്രമിക്കുകയും സാമൂഹികമായി ഒറ്റപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ ഈ സംഘര്‍ഷം വളര്‍ത്തുകയാണ് ഹിന്ദുത്വ ശക്തികള്‍.

ശബരിമലയിലെ ആചാര അനുഷ്ഠാനവുമായി ബന്ധപ്പെട്ട അന്തിമവാക്ക് താന്ത്രികളുടേത് ആണെന്നും, ‘തന്ത്ര സമുച്ചയം’ ഭരണഘടനയ്ക്ക് മുകളിലാണെന്നുമുള്ള വാദമാണ് ഹൈന്ദവത്വ ശക്തികള്‍ ഉയര്‍ത്തുന്നത്. ആര്‍ത്തവം അശുദ്ധമാണെന്നും ആര്‍ത്തവമുള്ള സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവര്‍ ആണെന്നും കരുതുന്നത് ബ്രാഹ്മണിക് പുരുഷാധിപത്യ വ്യവസ്ഥിതി ഇവിടെ നിലനില്‍ക്കുന്നതു കൊണ്ടാണ്. കേരളം നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ജാതീയ വേര്‍തിരിവുകളും അധികാരങ്ങളും വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും വന്‍തോതില്‍ സ്വാധീനം ചെലുത്തുകയാണ്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതോടൊപ്പം ജാതീയമേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുകയും പാര്‍ശ്വവത്കൃതരുടെ വിഭവാധികാരങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുന്ന സവര്‍ണ്ണമേല്‍ക്കോയ്മക്കെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങേണ്ടതുണ്ട്.

പ്രാചീനകാലം മുതല്‍ ശബരിമലയുടെ ഗോത്രാചാര അനുഷ്ഠാനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ശബരിമല ഉള്‍പ്പടെയുള്ള പതിനെട്ടു മലകളുടെയും യഥാര്‍ത്ഥ ഉടമകളായിരുന്ന ആദിവാസികളെ തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് താന്ത്രിസമൂഹവും സവര്‍ണ്ണ ജനങ്ങളും മറ്റ് അധികാര വര്‍ഗ്ഗങ്ങളും മാറ്റി നിര്‍ത്തുകയായിരുന്നു. ആദിവാസി ദലിത് പിന്നോക്ക പാര്‍ശ്വവത്കൃത സമൂഹങ്ങളുടെമേല്‍ ജാതിമേല്‍ക്കോയ്മയുള്ള സവര്‍ണ്ണ ഫാസിസം അടിച്ചേല്പിക്കുവാനുള്ള ഒരു വിശ്വാസ സ്ഥാപനമായി ശബരിമലയെ തരംതാഴ്ത്തുകയും ഭരണഘടനയെ വെല്ലുവിളിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. ആദിവാസി ദലിത് ജനതയുടെ കാവുകളും ഗോത്രാരാധന കേന്ദ്രങ്ങളും അവരുടെ സംസ്‌കാരത്തിന് അന്യമായ ബ്രാഹ്മണാചാരം അടിച്ചേല്‍പ്പിച്ച് തട്ടിയെടുക്കുകയാണ് തന്ത്രി സമൂഹവും ജാതിവാദികളും ചെയ്യുന്നത്. സവര്‍ണ്ണ ഫാസിസത്തിന്റെ തന്ത്രമാണിത്. വനാവകാശവും ഭൂമിയും വിഭവങ്ങളും പൊതുവിടങ്ങളും തട്ടിയെടുക്കപ്പെട്ട ആദിവാസി ദലിത് സമൂഹങ്ങളെ വംശീയമായും സാംസ്‌കാരികമായും തുടച്ച് നീക്കുന്ന മേല്‍പ്പറഞ്ഞ പദ്ധതിയുടെ ഭാഗമാണ് ശബരിമലയിലും കാണുന്നത്.

ശബരിമലയിലെ യാഥര്‍ത്ഥ അവകാശികള്‍ ആദിവാസികള്‍ ആണെന്നും ശബരിമലയും ദേവസ്വംബോര്‍ഡ് തട്ടിയെടുത്ത മറ്റ് ക്ഷേത്രങ്ങളും വിട്ടുകിട്ടാന്‍ മലഅരയ സമുദായം ദശകങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതോടൊപ്പം ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ പരിപാലിച്ചു വന്നിരുന്ന ആദിവാസികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനുള്ള ശക്തമായ ഒരു ജനകീയപ്രസ്ഥാനം ഈ അവസരത്തില്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. പാര്‍ശ്വവത്കൃതരായ ആദിവാസി – ദലിത് വിഭാഗങ്ങളുടെയും സ്ത്രീകളുടെയും മറ്റു ലൈംഗിക ന്യൂനപക്ഷങ്ങളുടെയും വിഭവാധികാരം,വനാവകാശം, ഭരണഘടനാ അവകാശങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കൂട്ടായ്മയാണ് ഉയര്‍ന്നു വരേണ്ടത്. ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി എന്ന പേരില്‍ ഒരു സംയുക്ത സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.

രാജ്യത്തെമ്പാടും ജനാധിപത്യ സമൂഹങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയിരിക്കുന്ന സവര്‍ണ്ണ ഫാസിസത്തെ പ്രതിരോധിക്കുന്നതിനും ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും ശബരിമലയിലെ ആദിവാസികളുടെ വിഭവാധികാരവും വനാവകാശങ്ങളും ആചാരങ്ങളും പുനഃസ്ഥാപിക്കുന്നത് സുപ്രധാനമാണ്. 2006 ലെ കേന്ദ്ര വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ശബരിമലയില്‍ ദേവസ്വം ബോര്‍ഡും തന്ത്രി കുടുംബവും നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ നിയമവിരുദ്ധമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്

‘തന്ത്രികള്‍ പടിയിറങ്ങുക’
‘ശബരിമല ആദിവാസികള്‍ക്ക്’
‘ഭരണഘടന സംരക്ഷിക്കാനും ലിംഗനീതി ഉറപ്പിക്കാനും സ്ത്രീ പ്രവേശനവിധി നടപ്പിലാക്കുക’

തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് ഡിസംബര്‍ 13 നു മഹാത്മ അയ്യന്‍കാളി സ്മൃതിമണ്ഡപമായ വെങ്ങാനൂരില്‍ നിന്ന് എരുമേലിയിലേക്ക് വില്ലുവണ്ടി യാത്രയും സാംസ്‌കാരിക യാത്രയും സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ നവോത്ഥാന കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന വില്ലുവണ്ടികളും കലാജാഥകളും ഡിസംബര്‍ 16 നു എരുമേലിയില്‍ എത്തിച്ചേരും. തുടര്‍ന്ന് വൈകിട്ട് 3 മണിയ്ക്ക് പൊതുസമ്മേളനവും സംഘടിപ്പിക്കും. വില്ലുവണ്ടി യാത്രയ്ക്ക് മുന്നോടിയായി ഡിസംബര്‍ 9 നു പത്തനംതിട്ട കോപ്പറേറ്റിവ് കോളേജ് ഓഡിറ്റോറിയത്തില്‍ ‘ശബരിമലയുടെ യഥാര്‍ത്ഥ അവകാശികള്‍ ആര് ?’ എന്ന വിഷയത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംവാദം നടന്നു. ചരിത്രകാരന്മാര്‍, നിയമജ്ഞര്‍, സ്ത്രീവാദ പ്രവര്‍ത്തകര്‍, മലഅരയ സമുദായ പ്രതിനിധികള്‍,സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.
ശബരിമലയുടെ മറവില്‍ നടക്കുന്ന നവബ്രാഹ്മണിക്യല്‍ – ശൂദ്രകലാപത്തെ പ്രതിരോധിക്കുന്നതിനും നാവോത്ഥാന പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിനും ആദിവാസികളുടെ അവകാശത്തെ പുനഃസ്ഥാപിക്കുന്നതിനുമുള്ള ഈ യാത്രയില്‍ മുഴുവന്‍ ജനാധിപത്യവാദികളും ജാതിവിരുദ്ധ പ്രവര്‍ത്തകരും സഹകരിക്കേണ്ടതാണ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>