സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Dec 12th, 2018

ഇനി തോറ്റാല്‍ വിജയിക്കാനായി മറ്റൊരു യുദ്ധം ഉണ്ടായെന്നു വരില്ല

Share This
Tags

cc

രാജസ്ഥാനിലും മധ്യപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്സുമായി ഐക്യപ്പെടാന്‍ ബിഎസ്പി തയ്യാറായിരുന്നെങ്കില്‍ എന്ന് ആശിക്കാത്ത ഒരു ജനാധിപത്യ വിശ്വാസി പോലും ഇന്ത്യയിലുണ്ടാകില്ല. ഇപ്പോഴത്തെ സാഹചര്യത്തിലും ഈ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സ് ഭരിക്കാനാണ് സാധ്യത എങ്കിലും അത്തരമൊരു സഖ്യം വിജയത്തിന്റെ തിളക്കം കൂട്ടുമായിരുന്നു. മാത്രമല്ല തെരഞ്ഞെടുപ്പിനു മുമ്പു തന്നെ പ്രഖ്യാപിക്കുന്ന സഖ്യത്തിനാണല്ലോ വിശ്വാസ്യതയും ആദര്‍ശവുമുള്ളത്. എന്നിരിക്കിലും ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നത്. ഇന്ത്യയെപോലുള്ള ഒരു മഹാരാജ്യത്ത് ജാധിപത്യം, മതേതരത്വം, സാമൂഹ്യനീതി, ഫെഡറലിസം തുടങ്ങിയ മൂല്യങ്ങളെ ഇല്ലാതാക്കാന്‍ ഒരു ശക്തിക്കുമാകില്ലെന്ന പ്രഖ്യാപനമാണ് ഈ ഫലങ്ങള്‍. ഇതു തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് വരും ദിവസങ്ങളില്‍ പ്രതിപക്ഷത്തുനിന്നും ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.
വന്‍ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ 2014ലെ തെരഞ്ഞെടുപ്പില്‍ പോലും ബിജെപിയുടെ വോട്ടുവിഹിതം 40 ശതമാനത്തേക്കാള്‍ താഴെയായിരുന്നല്ലോ. പ്രതിപക്ഷപാര്‍ട്ടികളുടെ ഭിന്നിപ്പായിരുന്നു വന്‍ വിജയത്തിനു കാരണമായത്. ഇനിയെങ്കിലും ആ തെറ്റു സംഭവിച്ചുകൂടാ. പ്രതിപക്ഷം ഈ പാഠം പഠിച്ചു എന്നതിന്റെ സൂചന തന്നെയാണ് കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം. പാര്‍ലമെന്റിനകത്തും പുറത്തും സര്‍ക്കാരിനെതിരേ യോജിച്ച നീക്കം നടത്താാണ് യോഗത്തിലെ ധാരണ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
നേരത്തെ നടന്ന യോഗങ്ങളില്‍ പങ്കെടുക്കാതിരുന്ന ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ യോഗത്തിനെത്തിയത് ശ്രദ്ധേയമായി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,
യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, എ.കെ ആന്റണി, ഗുലാംനബി ആസാദ്, ശരദ്പവാര്‍, സീതാറാം യെച്ചൂരി, പി.കെ കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി, എന്‍.കെ. പ്രേമചന്ദ്രന്‍, തേജസ്വി യാദവ്, ഡി. രാജ, ഫാറൂക്ക് അബ്ദുള്ള, ദേവഗൗഡ, സുധാകര്‍ റാവു, ടി.ആര്‍. ബാലു തുടങ്ങിയവരും പങ്കെടുത്തു. ബിഎസ്പി, എസ് പി പാര്‍ട്ടികളുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പു ഫലങ്ങളുടെ പശ്ചാത്തലത്തില്‍ അവരതിനു തയ്യാറാകുമെന്നു കരുതാം. ഒപ്പം യുപിയില്‍ അവരൊന്നിച്ചു മത്സരിക്കാനും തയ്യാറാകുമെന്നും.
5 വര്‍ഷത്തെ ഭരണം ബിജെപിയുടെ ജനപ്രീതിയില്‍ വളരെയധികം കുറവുണ്ടാക്കിയെന്നു വ്യക്തമാണ്. നോട്ടുനിരോധനം, ജിഎസ്ടി, അംബാനി – അദാനിമാര്‍ക്കായുള്ള സാമ്പത്തിക നയങ്ങള്‍, കോര്‍പ്പറേറ്റ് കടങ്ങള്‍ എഴുതിതള്ളല്‍, പാചകഗ്യാസ് – ഇന്ധനവില വര്‍ദ്ധനവ്, അവസാനം റിസര്‍വ്വ് ബാങ്കുമായുള്ള ഭിന്നതകള്‍.. ഇവയെല്ലാം രാജ്യത്തെ സാധാരണക്കാരുടെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിക്കാതിരിക്കുന്നതെങ്ങിനെ? അതിന്റെ പ്രകടമായ ഉദാഹരണമാണ് വര്‍ദ്ധിച്ചുവരുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍. റഫാല്‍ കഥകളോടെ അഴിമതി വിരുദ്ധ മുഖവും നഷ്ടപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തെ മറികടക്കാനാണ് വീണ്ടും അയോധ്യ കുത്തിപൊക്കാനുള്ള നീക്കമെന്ന് പകല്‍ പോലെ വ്യക്തമാണ്. ഇനിയുള്ള ദിവസങ്ങൡ അതു രൂക്ഷമാകും. എന്നാലതിനു കര്‍ഷകരിലൂടെ മറുപടി പറയാനാണ് പ്രതിപക്ഷ നീക്കം. അതേസമയം കര്‍ണ്ണാടകയെപോലെ മധ്യപ്രദേശിലും മൃദുഹിന്ദുത്വ കാര്‍ഡിറക്കി കളിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിച്ചതായി ആരോപണമുണ്ട്. എങ്കിലത് രാജ്യത്തിനു ഗുണകരമാകില്ല. മറുവശത്ത് റഫാലിനു പകരമായി ക്രിസ്ത്യന്‍ മിഷേലിനെയും റോബര്‍ട്ട് വദ്രയേയും ഉയര്‍ത്തി കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.
കോണ്‍ഗ്രസ്സ് എളുപ്പം വിജയിക്കുമെന്നു പറഞ്ഞിരുന്ന രാജസ്ഥാനിലെ വിജയം അത്രമാത്രം തിളക്കമുള്ളതല്ല. ബിജെപി കടുത്ത മത്സരംതന്നെ കാഴ്ചവെച്ചു എന്നത് ചെറുതായി കാണാനും പറ്റില്ല. മധ്യപ്രദേശില്‍ പക്ഷെ കോണ്‍ഗ്രസ്സ് പ്രതീക്ഷിച്ചതിനേക്കാള്‍ മികവുകാട്ടി. കുതിരകച്ചവടമൊന്നും നടക്കില്ലെങ്കില്‍ അവിടേയും കോണ്‍ഗ്രസ്സ് ഭരിക്കും. ഈ രണ്ടു സംസ്ഥാനങ്ങളിലെ നേട്ടങ്ങള്‍ യുപി, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ചാല്‍ 2019 രചിക്കുന്നത് പുതിയ ചരിത്രമായിരിക്കും. തീര്‍ച്ചയായും അതിനുള്ള സാധ്യതയുണ്ട്. ഛത്തിസ് ഗഡിലാകട്ടെ പ്രതീക്ഷിക്കാത്തത്ര വന്‍ വിജയമാണ് കോണ്‍ഗ്രസ്സ് നേടിയത്. അതേസമയം അഖിലേന്ത്യാതലത്തില്‍ പ്രതിപക്ഷ മഹാസഖ്യത്തിനു മുന്‍കൈ എടുക്കുന്ന ചന്ദ്രബാബു നായിഡു സ്വന്തം തട്ടകത്തില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതും മിസോറാമിലെ പരാജയത്തോടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നു കോണ്‍ഗ്രസ്സ് തൂത്തുവാരപ്പെട്ടതും നിസ്സാരമായി തള്ളാവുന്നതല്ല. നായിഡുവിന്റെ മുന്‍കൈയെ ഈ പരാജയം പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.
തീര്‍ച്ചയായും ജനാധിപത്യ – മതേതരവാദികള്‍ സ്വപ്‌നം കാണുന്ന ഐക്യമുന്നണി നേരിടുന്ന പ്രധാന പ്രതിസന്ധി വിജയിച്ചാല്‍ ആരായിരിക്കും പ്രധാനമന്ത്രി എന്നതുതന്നെയാണ്. സാധാരണനിലയില്‍ അത് രാഹുല്‍ ഗാന്ധിയാകണം. എന്നാല്‍ പ്രസ്തുതപദവി സ്വപ്‌നം കാണുന്ന അരഡസന്‍ പേരെങ്കിലുമുണ്ട.് അതിനാല്‍ തന്നെ അക്കാര്യം പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുന്നതായിരിക്കും ഉചിതം. അതേസമയം പഴയ രാഹുലല്ല താനെന്നും വേണണെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ കഴിവുണ്ടെന്നും രാഹുല്‍ തെളിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. നെഞ്ചളവല്ലല്ലോ അതിനുള്ള യോഗ്യത. മറ്റൊരു പ്രധാന തര്‍ക്കം സീറ്റു വിഭജനം തന്നെയായിരിക്കും. തീര്‍ച്ചയായും അഖിലേന്ത്യാപാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സ് കൂടുതല്‍ സീറ്റു ചോദിക്കും. എന്നാല്‍ പല സംസ്ഥാനങ്ങളിലും വലിയ ശക്തികളായ പാര്‍ട്ടികള്‍ സ്വാഭാവികമായും അതംഗീകരിക്കില്ല. ആ കടമ്പ കടക്കലാണ് ഏറ്റവും പ്രധാനം. അതിനായി ഇരു കൂട്ടരും വിട്ടുവാഴ്ചക്കു തയ്യാറാകണം. മാത്രമല്ല, തുടക്കത്തില്‍ സൂചിപ്പിച്ച പോലെ തെരഞ്ഞെടുപ്പിനു മുമ്പാകണം സഖ്യം. കഴിഞ്ഞിട്ടാകരുത്.
2025 വളരെ പ്രധാനപ്പെട്ട വര്‍ഷമാണ്. 1925ല്‍ രൂപീകരിക്കുമ്പോള്‍ 100 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമെന്നാണ് ആര്‍ എസ് എസ് പ്രഖ്യാപിച്ചിട്ടുള്ളത്. ആ വര്‍ഗ്ഗീയ ലക്ഷ്യം തകര്‍ക്കേണ്ടത് ജനാധിപത്യ – മതേതരവിശ്വാസികളുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. പ്രതേകിച്ച് അതുയര്‍ത്തിപിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ. ഇവിടെ അവര്‍ പരാജയപ്പെട്ടാല്‍ ഒരു പക്ഷെ വിജയിക്കാനായി മറ്റൊരു യുദ്ധം ഉണ്ടായെന്നു വരില്ല എന്നോര്‍ത്താല്‍ നന്ന്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>