സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Dec 9th, 2018

കെ എസ് ആര്‍ ടി സി രക്ഷപ്പെടണമെങ്കില്‍…

Share This
Tags

KSലാഭം ഉണ്ടാക്കി വാര്‍ത്ത സൃഷ്ടിക്കാന്‍ ഒരു കാലത്തും കെ എസ് ആര്‍ ടി സിക്കാവില്ലെന്ന് ആര്‍ക്കുമറിയാം. എന്നാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കാര്യത്തില്‍ മറ്റേതൊരു സ്ഥാപനത്തേക്കാള്‍ മുമ്പിലാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി യില്‍ ജോലി ചെയ്യുന്ന മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവുമായി ബന്ധപ്പെട്ട കോലാഹലങ്ങളാണ് ഇപ്പോളത്തെ വാര്‍ത്ത. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് തീരുമാനമെന്ന് എംഡി തച്ചങ്കിരി പറയുന്നു.
കെഎസ്ആര്‍ടിസിയിലെ ഒഴിവുകളിലേക്കുള്ള പിഎസ്സി പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയേ തുടര്‍ന്നാണ് കോടതി ഉത്തരവ്. കോടതി ഉത്തരവ് പ്രകാരം ഏതാണ്ട് 4,000 തോളം കരാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. വര്‍ഷത്തില്‍ 120 ദിവസത്തില്‍ കുറഞ്ഞ് കരാര്‍ ജോലി ചെയ്തവരെ പിരിച്ച് വിടാനാണ് കോടതി ഉത്തരവ്. ഒരാഴ്ചക്കകം ഉത്തരവ് നടപ്പാക്കണമെന്നാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളിലേക്ക് പിഎസ്സി ലിസ്റ്റില്‍ നിന്നും നിയമനം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു. അതേസമയം ഇത്രയും ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടാന്‍ കഴിയില്ലെന്ന് കോടതിയെ അറിയിക്കുമെന്നാണ് തച്ചങ്കിരി പറയുന്നത്. പിഎസ് സി ലിസ്റ്റില്‍ നിന്ന് ഇത്രയും നിയമനം നടത്തുന്നത് കെഎസ്ആര്‍ടിസിക്ക് താങ്ങാനാകില്ലെന്നും കോടതിയെ അറിയിക്കും.
തീര്‍ച്ചയായും കറെ പേരുടെ ജോലി പോകുന്നത് ദുഖകരമാണ്. എന്നാല്‍ അതുപോലെ ന്യായമാണ് പരീക്ഷ പാസ്സായി പുറത്തു നില്‍ക്കുന്നവരുടെ കാര്യവും. അതിനേക്കാളെല്ലാം പ്രധാനം ഏതൊരു തീരുമാനവും ഇപ്പോള്‍ തന്നെ തകര്‍ന്നു തരിപ്പണമായിരിക്കുന്ന ഈ സ്ഥാപനത്തെ കൂടുതല്‍ തകര്‍ക്കുന്നതാകരുത് എന്നതാണ്. ടോമിന്‍ തച്ചങ്കരി എംഡിയായി ചുമതലയേറ്റ ശേഷം നടപ്പിലാക്കിയ സിംഗിള്‍ ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി നിരവധി എം പാനല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായിരുന്നു. പരിഷ്‌കാരത്തിനെതിരെ യൂണിയനുകള്‍ ശക്തമായി രംഗത്തുവന്നിരുന്നു. എന്നാല്‍ ഒരു ബസിന് ശരാശരി പത്തു ജീവനക്കാര്‍ കെ എസ് ആര്‍ ടി സി യിലുണ്ടെന്നാണ് കണക്ക്. ഒരു ബലസിന് ഇപ്പോള്‍ നിലനില്‍ക്കുന്ന കടം ഒരു കോടിയും. ഇനിയും ബാധ്യത തലയിലേറ്റാന്‍ ഒരു സ്ഥാപനത്തിനാകുമോ? ആത്യന്തകമായി അതെല്ലാം ബാധിക്കുക ജനങ്ങളെയല്ലാതെ മറ്റാരെയാണ്? ഇപ്പോള്‍ തന്നെ സ്വകാര്യബസുകളേക്കാള്‍ ചാര്‍ജ്ജ് കൂടുതല്‍ കെ എസ് ആര്‍ ടി സിയിലാണ്. ഇനിയും ബാധ്യത കൂട്ടുന്നതിനേക്കാള്‍ ഭേദം കെ എസ് ആര്‍ ടി സി പിരിച്ചു വിടുന്നതോ സ്വകാര്യവല്‍ക്കരിക്കുന്നതോ ആണ്.
വാസ്തവത്തില്‍ അന്ധമായ എന്തൊക്കേയോ പ്രത്യയശാസ്ത്രങ്ങളാണ് കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്നത്. അതില്‍ ആദ്യത്തേത് ജോലിക്കാര്‍ക്കു വേണ്ടിയാണ് ഈ സ്ഥാപനമെന്ന ധാരണതന്നെ. അവര്‍ക്കു വേതനവും വേതനവര്‍ദ്ധനവുമൊക്കെ കൃത്യമായി ലഭിക്കാനാണ് കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടതെന്നാണ് ന്മമുടെ നേതാക്കളും ധരിച്ചുവെച്ചിരിക്കുന്നത്. ആത്യന്തികമായി ജനങ്ങള്‍ക്കുവേണ്ടിയാണ് ഈ സ്ഥാപനമെന്ന ധാരണയാണ് സ്ഥാപിക്കേണ്ടത്. എങ്കില്‍ അതിനനുസൃതമായി തീരുമാനങ്ങളെടുക്കാനാകും.
അടുത്ത് യാത്രക്കാരെയെല്ലാം വെല്ലുവിളിച്ച് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കുതന്നെ നോക്കുക. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിച്ചതിനെതിരെയാണ് ഒക്ടോബര്‍ 16 ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 4 മണിക്കൂര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. ഒരാളുടേയും ജോലി പോകാതെതന്നെ വരുമാനം കൂട്ടാനാകുന്ന പദ്ധതിയായിരുന്നു അത്. കാര്യമായ ജോലിയൊന്നും ചെയ്യാതെ ടിക്കറ്റ് കൗണ്ടറുകള്‍ക്കുമുന്നിലിരിക്കുന്ന പല യൂണിയന്‍ നേതാക്കളും മെയ്യനങ്ങി പണിയെടുക്കേണ്ടി വരുമായിരുന്നു എന്നതിനാലിയിരുന്നു മിന്നല്‍ പണിമുടക്ക് നടത്തിയത്. പക്ഷെ ഘട്ടംഘട്ടമായി മറ്റ് ജോലികളും കുടുംബശ്രീയെ ഏല്‍പ്പിക്കുമെന്നും ഇത് കോര്‍പ്പറേഷനെ സ്വകാര്യവല്‍ക്കാരിക്കാനുള്ള നീക്കമാണെന്നും പറഞ്ഞായിരുന്നു പണിമുടക്ക്. അതിലൂടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. എന്തായാലും മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സിക്ക് സ്വമേധയാ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടുണ്ട്. അതിനായി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കെ.എസ്.ആര്‍.ടി.സി തേടേണ്ടതില്ലന്നും കോടതി നിര്‍ദേശിച്ചു. പണിമുടക്കില്‍ ഏര്‍പ്പെട്ട 102 ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. തീര്‍ച്ചയായുമത് സ്വാഗതാര്‍ഹമാണ്.
കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ യാത്രാ പാസുകള്‍ നിര്‍ത്തലാക്കണമെന്ന തീരുമാനത്തേയും നിഷേധാത്മകമായല്ല കാണേണ്ടത്. വിദ്യാര്‍ത്ഥികളുടെ സൗജന്യം നിലനിര്‍ത്തണം. എന്നാല്‍ അതിനേക്കാള്‍ എത്രയോ കൂടുതലാണ് മറ്റനവധി സൗജന്യങ്ങള്‍. ഈ സാഹചര്യത്തില്‍ അവയില്‍ പരമാവധിയും അവസാനിപ്പിക്കണം. ന്യായമായ സൗജന്യയാത്രകള്‍ മാത്രമേ നിലനിര്‍ത്താവൂ. എംഡിയുടെ റിപ്പോര്‍ട്ടില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറയുന്നത്. അതുപോലെതന്നെയാണ് വരുമാനം കുറഞ്ഞ 40 ഡിപ്പോകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനവും. ഈ ഡിപ്പോകളുടെ സ്ഥലം വാണിജ്യ ആവശ്യത്തിന് പാട്ടത്തിന് കൊടുക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ എടത്വ, കട്ടപ്പന ഡിപ്പോകളാണ് പൂട്ടുന്നത്. പിന്നാലെ കൂത്താട്ടുകുളം, പിറവം ഡിപ്പോകളും പൂട്ടും. അതുതന്നെയാണ് ശരി. പതിവുപോലെ കെഎസ്ആര്‍ടിസിയെ സ്വകാര്യവത്ക്കരിക്കനാണ് മാനേജ്മെന്റ് നീക്കമെന്നാണ് നേതാക്കളുടെ പ്രതികരണം. സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത ഈ നേതാക്കളുടെ അഭിപ്രായങ്ങളെ അവജ്ഞയോടെ തള്ളുകയാണ് വേണ്ടത്. ഭരണസൗകര്യത്തിനും വികസനത്തിനുമായി കെ എസ് ആര്‍ ടി സിയെ വിഭജിക്കാനും വികേന്ദ്രീകരിക്കാനുമുളള നീക്കത്തേയും ഈ സ്വാര്‍ത്ഥ മോഹികള്‍ തകര്‍ക്കുകയാണ്. എന്തിനേറെ, ബസുകളില്‍ പരസ്യം പ്രദര്‍ശിപ്പിച്ച് വരുമാനം കൂട്ടാനുള്ള നീക്കത്തേയും സ്വകാര്യവല്‍ക്കരണത്തിന്റെ പേരു പറഞ്ഞ് എതിര്‍ക്കുന്ന നേതാക്കളും ഉണ്ടത്രെ. സ്വകാര്യബസുകള്‍ വാടകക്കെടുത്ത് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താനുള്ള നീക്കത്തേയും ഇവര്‍ തകര്‍ത്തു.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്ന്. ഇത്രയും വലിയ ഒരു സ്ഥാപനം സ്വകാര്യമേഖലയിലാണെങ്കില്‍ അതിന്റെ തലപ്പത്തു വരുന്നയാള്‍ എത്രയോ യോഗ്യതയും പരിചയ സമ്പത്തുമുള്ളയാളായിരിക്കും. എത്രയോ കര്‍ക്കശമായ നടപടികളിലൂടെയായിരിക്കും അയാളെ നിയമിക്കുക. എന്നാല്‍ നമ്മുടെ പൊതു സ്ഥാപനങ്ങളുടെ കാര്യം എല്ലാവര്‍ക്കുമറിയാവുന്നതാണല്ലോ. ആനത്തലവട്ടം ന്ദനെപോലുള്ളവര്‍ പറയുന്നത് ആരാണ് എം ഡിയാകുക എന്ന് തങ്ങള്‍ തീരുമാനിക്കുമെന്നാണ്. ഇപ്പോള്‍ തന്നെ ചില ചെറിയ തീരുമാനങ്ങളെങ്കിലും ശക്തമായി സ്വാകരിച്ച് തച്ചങ്കിരിയെ എത്രമാത്രം മോശപ്പെട്ട രീതിയിലായിരുന്നു ആനത്തലവട്ടം ആക്ഷേപിക്കുന്നത് കേട്ടത്. ചുമതലയേറ്റെടുത്ത ആദ്യമാസങ്ങളില്‍ വരുമാനം കൂട്ടാന്‍ തച്ചങ്കിരിക്കായി. മേയ് മാസം 207.35 കോടിയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം മേയില്‍ ഇത് 185.61 കോടി ആയിരുന്നു. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയും ബസുകള്‍ റൂട്ട് അടിസ്ഥാനത്തില്‍ ക്രമീകരിച്ച് ഇന്‍സ്‌പെക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിച്ചതുമെല്ലാം വരുമാന വര്‍ധനയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ അതിനാല്‍ തന്നെ തച്ചങ്കിരിക്കെതിരായ കരുക്കള്‍ നീക്കുന്നതിന്റെ തിരക്കിലാണത്രെ പല യൂണിയന്‍ നേതാക്കളും. മുഖ്യമന്ത്രി പക്ഷെ തച്ചങ്കിരിക്കൊപ്പമാണെന്നു പറയപ്പെടുന്നു.
ശക്തമായ നടപടി സ്വീകരിക്കുന്ന നേതൃത്വവും അതിനെ പിന്തുണക്കുന്ന സര്‍ക്കാരുമാണ് കെഎസ്ആര്‍ടിസി ഇന്നാവശ്യപ്പെടുന്നത്. ഒപ്പം ആത്യന്തികമായി ഈ സ്ഥാപനം ജനങ്ങള്‍ക്കുവേണ്ടിയാണെന്ന അവബോധവും.

 

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>