സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Dec 6th, 2018

ബാബറി മസ്ജിദ് തകര്‍ക്കല്‍ മുതല്‍ സുബോധ്കുമാര്‍ സിങ് വധം വരെ

Share This
Tags

ppഗാന്ധിവധത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും ധ്വംസനമായ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം ഭയാനകമായ ഒരു കൊലപാതകത്തിലൂടെയാണ് വര്‍ഗ്ഗീയശക്തികള്‍ ആഘോഷിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുമ്പാണ് യുപിയില്‍ തന്നെ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം പശുവിന്റെ പേരില്‍ നടന്ന ആദ്യ കൊലപാതകത്തില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് പ്രതികളെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങിനെ ആസൂത്രിതമായി വകവരുത്തിയത്. ദാദ്രിയില്‍ മുഹമ്മദ് അഖ്ലാക്കിനെ തല്ലിക്കൊന്ന സംഘപരിവാറുകാര്‍ക്കെതിരെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ശക്തമായ നടപടിയെടുത്ത സുബോധ്കുമാര്‍ കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് കൊല്ലപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. മലേഗാവ് , മക്കാ മസ്ജിദ് ,അജ്മീര്‍ ദര്‍ഗ്ഗ, സംജോത്താ എക്‌സ്പ്രസ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രജ്ഞാസിംങ് താക്കൂറും അസീമാനന്ദയും കേണേല്‍ പുരോഹിതും അടങ്ങുന്ന ഹിന്ദുത്വ ഭീകരവാദികളാണെന്ന് കണ്ടെത്തിയ ഹേമന്ദ് കര്‍ക്കരെ എന്ന പോലീസ് ഉദ്ദ്യോഗസ്ഥനെ മുംബൈ ആക്രമണത്തിന്റെ മറവില്‍ കൊന്നുകളഞ്ഞ അതേ സംഘ്പരിവാര്‍ കുബുദ്ധി തന്നെയാണ് ആവര്‍ത്തിച്ചിരിക്കുന്നത്.

അയോദ്ധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമാകാശതര്‍ക്കം കോടതിയില്‍ അനന്തമായി നീളുമ്പോളാണ് ഒരു ഡിസംബര്‍ ആറുകൂടി കടന്നു വരുന്നത്. ഓരോവര്‍ഷവും കടന്നു പോകുമ്പോള്‍ ആ ജനാധിപത്യധ്വംസനത്തിന്റെ കഥ നമ്മള്‍ മറക്കുന്നു. എന്നാല്‍ ഈ വര്‍ഷം മറ്റൊരു പ്രതേകത കാണാതിരുന്നുകൂട. ലോകസഭ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ പരാജയഭീതി കടന്നു കൂടിയ സംഘപരിവാര്‍ ശക്തികള്‍ വിഷയം വീണ്ടും സജീവമാക്കാനും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തന പരിപാടികള്‍ ആരംഭിച്ചു എന്നതുമാണത്. 5 വര്‍ഷത്തെ ഭരണം ഏറെക്കുറെ പരാജയമാണെന്നു ബോധ്യമാകുകയും ജനങ്ങളും പ്രതിപക്ഷപ്രസ്ഥാനങ്ങളും ഇക്കുറി തങ്ങള്‍ക്ക് ഈസി വാക്കോവര്‍ നല്‍കില്ലെന്നും തിരിച്ചറിഞ്ഞ ഈ ശക്തികള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു വിജയിക്കാനെളുപ്പം വര്‍ഗ്ഗിയതയെ കയറൂരി വിടുന്നതാണെന്ന മുന്‍ അനുഭവം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമാണ് അയോധ്യവഷയം കുത്തിപ്പൊക്കല്‍ മുതല്‍ സുബോധ്കുമാര്‍ സിങ് വധം വരെ എന്നതാണ് യാഥാര്‍ത്ഥ്യം. ഇതൊന്നും യാദൃശ്ചികമായി സംഭവിക്കുന്നതല്ല എന്നും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുന്നതാണെന്നുമാണ് നാം തിരിച്ചറിയേണ്ടത്.
നുണപ്രചരണങ്ങളും ചരിത്രത്തെ തോണ്ടിയെടുക്കലും വളച്ചൊടിക്കലുമാണ് എന്നും ഫാസിസ്റ്റുകള്‍ പ്രയോഗിക്കുന്ന തന്ത്രം. ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ അതു ഭംഗിയായി ഉപയോഗിച്ചു. ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്ജിദായി പരിവര്‍ത്തിപ്പിക്കപ്പെട്ടതാണെന്ന ചിലരുടെ വിശ്വാസത്തെയായിരുന്നു അധികാരത്തിലേക്കുള്ള ചവിട്ടുപടികളായി ഉപയോഗിക്കാന്‍ ഈ ശക്തികള്‍ക്കു കിഞ്ഞത്. മസ്ജിദ് എന്നതിനു പകരം തര്‍ക്കമന്ദിരം എന്ന വാക്കുപയോഗിക്കാന്‍ മതേതരവാദികള്‍ എന്നു കരുതപ്പെടുന്നവര്‍ പോലും തയ്യാറായി എന്നതില്‍ നിന്നുതന്നെ ഈ നുണപ്രചരണത്തിന്റെ ശക്തി മനസ്സിലാക്കാവുന്നത്. തകര്‍ന്നത് ജനാധിപത്യവും മതേതരത്വവുമല്ല, ഒരു കെട്ടിടം മാത്രമാണെന്നു വാദിച്ച പുരോഗമനവാദികള്‍ കേരളത്തില്‍ പോലും നിരവധിയുണ്ടായിരുന്നല്ലോ. അവിടെ മ്യൂസിയമാക്കാന്‍ ഇ എം എസ് പറഞ്ഞതായിപോലും വാര്‍ത്തയുണ്ടായിരുന്നു.
1992 ഡിസംബര്‍ 6 ലെ ബാബരി മസ്ജിദ് ധ്വംസനവും അയോധ്യയിലുണ്ടായ കലാപവും അന്വേഷിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മന്‍മോഹന്‍ സിംഗ് ലിബര്‍ഹാന്‍ മേധവിയായി 1992 ഡിസംബര്‍ 16 ന് രൂപവത്കരിക്കപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 17 വര്‍ഷത്തിനു ശേഷമാണ്. രാഷ്ട്രീയ സ്വയം സേവക് സംഘിനെ മസ്ജിദ് ധ്വംസനത്തിന്റെ മുഖ്യ സൂത്രധാരകരായി റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. എന്നിട്ടും ആ ദിശയില്‍തന്നെ ചരിത്രം ആവര്‍ത്തിക്കാന്‍ അവര്‍ക്കു പറ്റുന്നു എന്നത് വിരല്‍ ചൂണ്ടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ദൗര്‍ബ്ബല്ല്യങ്ങളിലേക്കാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകവും ആക്രമണങ്ങളും നടക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണെന്നും ഇത്തരം കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് യോഗി ആദിത്യനാഥന്റെ കാലത്താണെന്നുമുള്ള ഫാക്ട്ചെക്കര്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് മറ്റെന്തിന്റെ സൂചനയാണ്? ഈ യോഗിയാണ് മോദിയുടെ പിന്‍ഗാമിയായി വരാന്‍ പോകുന്നതെന്നും വാര്‍ത്തകളുണ്ട്.
ഇപ്പോള്‍ ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന്ു ഉറപ്പിക്കാവുന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. പോലീസുദ്യോഗസ്ഥര്‍ തന്നെ അതിനു കൂട്ടുനിന്നതായും സംശയിക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി യുപിയില്‍ വന്‍ കലാപത്തിനാണ് ലക്ഷ്യമിട്ടതെന്നും കരുതാം. മഹാവ് ഗ്രാമത്തില്‍ കന്നുകാലി അവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അക്രമികള്‍ അഴിഞ്ഞാടിയത്. കരിമ്പിന്‍തോട്ടത്തില്‍ എല്ലാവരും കാണുംവിധം അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചത് ദുരൂഹമാണെന്ന് തഹസില്‍ദാറും നാട്ടുകാരും പറയുന്നു. പോലീസ് വരുന്നതിനുമുമ്പെ പുറത്തുനിന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തി ബലം പ്രയോഗിച്ച് അവശിഷ്ടങ്ങള്‍ ട്രാക്ടറില്‍ കയറ്റി മൂന്ന് കിലോമീറ്റര്‍ അപ്പുറം ബുലന്ദ്ശഹര്‍-മൊറാദാബാദ് ദേശീയപാതയില്‍ സ്ഥിതിചെയ്യുന്ന ചിന്ദ്വാഡി പൊലീസ് പോസ്റ്റിനു മുന്നിലെത്തിക്കുകയായിരുന്നു. തബ്ലീഗി ജമായത്തെ മതസമ്മേളനം കഴിഞ്ഞ് ലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ മടങ്ങിപോകുന്ന ദേശീയപാതയോരത്തേക്കാണ് അവശിഷ്ടം എത്തിച്ചത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായിരുന്നു എന്നു വ്യക്തം. കൂടുതല്‍ പേരെത്തി ദേശീയപാത ഉപരോധിച്ചതോടെ സുബോദ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം അവരെ നീക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് പശുവിനെ കൊല്ലുന്നവര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് പരിവാര്‍ പ്രവര്‍ത്തകര്‍ പൊലീസിനെ കല്ലും വടിയും ഉപയോഗിച്ച് ആക്രമിച്ചത്. പലരുടെയും കൈയില്‍ തോക്കുകളുമുണ്ടായിരുന്നു. കല്ലേറില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ സുബോധ്കുമാറിനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ വളഞ്ഞ് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇത് കൃത്യമായ ആസൂത്രണമാമെന്നതില്‍ സംശയമില്ല. യോഗി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ സുബോദിനെ പരിവാര്‍ സംഘടനകള്‍ ലക്ഷ്യമിട്ടിരുന്നതായി വാര്‍ത്തകളുണ്ടായിരു്‌നനു. ‘എന്റെ അച്ഛന്‍ എന്നെ മതേതര മൂല്യങ്ങള്‍ പഠിപ്പിച്ചു. ഞങ്ങള്‍ നല്ലൊരു പൗരനായി ജീവിക്കാനാണ് അച്ഛന്‍ ആഗ്രഹിച്ചത്. മതത്തിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാക്കുന്നവരായി ഞങ്ങള്‍ മാറരുതെന്ന് അച്ഛന്‍ ആഗ്രഹിച്ചു. ഹിന്ദുവാകട്ടെ മുസ്ലിമാവട്ടെ ക്രിസ്ത്യന്‍ ആകട്ടെ എല്ലാവരും ഇവിടെ തുല്യരാണ്” -എന്നായിരുന്നു സുബോദ്കുമാറിന്റെ മകന്‍ അഭിഷേക് പറഞ്ഞത് എന്നതില്‍ നിന്നുതന്നെ കൊലപാതകകാരണം വ്യക്തം.
അവസാനമായി, പെട്ടന്നുണ്ടായ പ്രകോപനമല്ല, ബാബറി മസ്ജിദ് തകര്‍ത്തപോലെ ആസൂത്രിതമായ പദ്ധതിയായിരുന്നു ഈ കൊലപാതകമെന്നത് ഇന്ത്യയുടെ യാത്ര ഫാസിസത്തിന്റെ പാതയിലേക്കാണെന്ന പ്രഖ്യാപനമാണ്. അതിന് തടയിടാന്‍ ഇന്ത്യക്കാകുമോ എന്ന ചോദ്യം തന്നെയാണ് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം എന്നതും ഈയവസരത്തില്‍ തിരിച്ചറിയാനുള്ള ഉത്തരവാദിത്തം മതേതര ജനാധിപത്യ വിശ്വാസികള്‍ക്കുണ്ട്..

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>